Forex Rate:

1 usd = 76.25 inr 1 gbp = 94.16 inr 1 eur = 85.23 inr 1 aed = 20.76 inr 1 sar = 20.32 inr 1 kwd = 247.66 inr
Apr / 202425Thursday

വട്ടിയൂർക്കാവിൽ ഈ നെഞ്ചിടിപ്പെങ്കിൽ ഉപതിരഞ്ഞെടുപ്പു നടക്കുന്ന മറ്റു മണ്ഡലങ്ങളിൽ യുഡിഎഫിന്റെയും ബിജെപിയുടെയും അവസ്ഥയെന്തായിരിക്കും? ഇക്കുറി വി കെ പ്രശാന്തിനു മുന്നിൽ ഇരുവരുടെയും മുട്ടിടിക്കുകയാണ്; 2018ലെ പ്രളയകാലത്ത് തിരുവനന്തപുരം മേയർ എവിടെയായിരുന്നു എന്നു ചോദിച്ചാൽ ഞങ്ങൾക്ക് മറുപടി പറയാൻ കഴിയും; ചോദ്യം ഉന്നയിക്കുന്നവർ എവിടെയായിരുന്നു: തോമസ് ഐസകിന്റെ ഫേസ്‌ബുക്ക് പോസ്റ്റ്

വട്ടിയൂർക്കാവിൽ ഈ നെഞ്ചിടിപ്പെങ്കിൽ ഉപതിരഞ്ഞെടുപ്പു നടക്കുന്ന മറ്റു മണ്ഡലങ്ങളിൽ യുഡിഎഫിന്റെയും ബിജെപിയുടെയും അവസ്ഥയെന്തായിരിക്കും? ഇക്കുറി വി കെ പ്രശാന്തിനു മുന്നിൽ ഇരുവരുടെയും മുട്ടിടിക്കുകയാണ്; 2018ലെ പ്രളയകാലത്ത് തിരുവനന്തപുരം മേയർ എവിടെയായിരുന്നു എന്നു ചോദിച്ചാൽ ഞങ്ങൾക്ക് മറുപടി പറയാൻ കഴിയും; ചോദ്യം ഉന്നയിക്കുന്നവർ എവിടെയായിരുന്നു: തോമസ് ഐസകിന്റെ ഫേസ്‌ബുക്ക് പോസ്റ്റ്

മറുനാടൻ ഡെസ്‌ക്‌

 തിരുവനന്തപുരം: വട്ടിയൂർക്കാവിൽ ഉപതിരഞ്ഞെടുപ്പ് പ്രചാരണം ചൂടുപിടിക്കുമ്പോൾ, പതിവ് പോലെ ആരോപണ-പ്രത്യാരോപണങ്ങളും കടുക്കുകയാണ്. 2019 ലെ പ്രളയ ദുരിതാശ്വാസ പ്രവർത്തനങ്ങളിൽ തിരുവനന്തപുരം സിറ്റി മേയറും ഇപ്പോൾ എൽഡിഎഫ് സ്ഥാനാർത്ഥിയുമായ വി.കെ.പ്രശാന്ത് വളരെ സജീവമായിരുന്നു. മേയർ ബ്രോ എന്ന വിളിപ്പേരിലൂടെ പ്രശാന്ത് ജനശ്രദ്ധ പിടിച്ചുപറ്റുകയും ചെയ്യുന്നു. 2018 ലെ പ്രളയ കാലത്ത് മേയർ എവിടെയായിരുന്നു എന്നാണ് എതിരാളികളുടെ ഇപ്പോഴത്തെ ചോദ്യം. ഇതിന് മറുപടിയുമായി എത്തിയിരിക്കുകയാണ് ധനമന്ത്രി തോമസ് ഐസക്. കഴിഞ്ഞ മൂന്നു തിരഞ്ഞെടുപ്പുകളിലും എൽഡിഎഫ് മൂന്നാം സ്ഥാനത്തായിരുന്നു. പക്ഷേ, ഇക്കുറി വി കെ പ്രശാന്തിനു മുന്നിൽ ഇരുവരുടെയും മുട്ടിടിക്കുകയാണെന്ന് ഐസക് തന്റെ ഫേസ്‌ബുക്ക് പോസ്റ്റിൽ പറയുന്നു.

പോസ്റ്റ് ഇങ്ങനെ:

വട്ടിയൂർക്കാവിൽ ഈ നെഞ്ചിടിപ്പെങ്കിൽ ഉപതിരഞ്ഞെടുപ്പു നടക്കുന്ന മറ്റു മണ്ഡലങ്ങളിൽ യുഡിഎഫിന്റെയും ബിജെപിയുടെയും അവസ്ഥയെന്തായിരിക്കും? വട്ടിയൂർക്കാവിൽ ഒന്നും രണ്ടും സ്ഥാനത്താണവർ, കഴിഞ്ഞ മൂന്നു തിരഞ്ഞെടുപ്പുകളിലായി. പക്ഷേ, ഇക്കുറി വി കെ പ്രശാന്തിനു മുന്നിൽ ഇരുവരുടെയും മുട്ടിടിക്കുകയാണ്. 2018ലെ പ്രളയകാലത്ത് മേയർ എവിടെയായിരുന്നു എന്നാണ് ഇപ്പോഴവർക്ക് അറിയേണ്ടത്. അതിനു മറുപടി പറയാം. അതിനു മുമ്പൊരു കാര്യം.

കഴിഞ്ഞ മൂന്നു തിരഞ്ഞെടുപ്പുകളിലും വട്ടിയൂർക്കാവിൽ ഇടതുപക്ഷം മൂന്നാം സ്ഥാനത്തായിരുന്നു. 2014ൽ 23.38 ശതമാനം, 2016ൽ 29.50, 2019ൽ 21.69 എന്നിങ്ങനെയായിരുന്നു ഈ മണ്ഡലത്തിൽ ഇടതുപക്ഷത്തിന്റെ വോട്ടുവിഹിതം. ഈ മൂന്നു തിരഞ്ഞെടുപ്പുകളിലും ഒന്നും രണ്ടും സ്ഥാനങ്ങളിൽ യഥാക്രമം യുഡിഎഫും ബിജെപിയുമാണ്. എന്നാൽ വിചിത്രമെന്നു പറയട്ടെ, ഇരുകൂട്ടരുടെയും പൊതുശത്രു നിലവിലെ മൂന്നാംസ്ഥാനത്തുള്ള എൽഡിഎഫാണ്. എന്തൊരു ആവേശത്തിലാണ് പ്രശാന്തിനെ ഇരുകൂട്ടരും ചേർന്ന് ആക്രമിക്കുന്നത്? അതിനർത്ഥം രണ്ടു മുന്നണികളുടെയും ക്യാമ്പുകളിൽ പ്രശാന്ത് ഭയം വിതച്ചു കഴിഞ്ഞു എന്നാണ്. അതുകൊണ്ടാണ് രാഷ്ട്രീയം മറന്ന്, പിച്ചും പേയും പറയുന്നത്. സമനില തെറ്റിയതിന്റെ ലക്ഷണമാണ് 2018ലെ പ്രളയകാലത്ത് മേയറെവിടെപ്പോയിരുന്നു എന്നൊക്കെയുള്ള അസംബന്ധ ചോദ്യങ്ങൾ.

2018ലെ പ്രളയകാലത്ത് പ്രശാന്ത് എവിടെ ആയിരുന്നുവെന്നല്ലേ അറിയേണ്ടത്? മറുപടി പറയാം. 410 സന്നദ്ധ പ്രവർത്തകർ , 2 സക്കിങ് മെഷീനുകൾ ,3 ജനറേറ്ററുകൾ , 4 വാട്ടർ പമ്പുകൾ , നിരവധി ഫോഗിങ് മെഷീനുകളും , പവർ സ്‌പ്രേയറുകളും , 2 വാട്ടർ ടാങ്കറുകൾ , 2 ടിപ്പർ ലോറി, ഒരു പിക്അപ് ഓട്ടോറിക്ഷ , ഒരു ലോറി നിറയെ പണിയായുധങ്ങളും ശുചീകരണ സാമഗ്രികളും , അൻപത് പേരടങ്ങുന്ന മെഡിക്കൽ സംഘവും 2 ലോറി നിറയെ മരുന്നുമടങ്ങുന്ന സന്നാഹത്തെ നയിച്ച് തിരുവനന്തപുരം മേയർ വി കെ പ്രശാന്ത് റാന്നി പട്ടണത്തിലെത്തിയത് 2018 ഓഗസ്റ്റ് 22നാണ്. ഒപ്പം, ഡെപ്യൂട്ടി മേയറും ,സ്റ്റാന്റിങ് കമ്മറ്റി ചെയര്മാന്മാരും അടങ്ങുന്ന നേതൃനിര. തിരുവനന്തപുരം കോർപറേഷനിലെ എൽഡിഎഫിന്റെ നേതൃനിര 2018ലെ പ്രളയത്തിലും സജീവമായിരുന്നു.

പ്രളയം മൂലം ദുരിതത്തിലായവരെ സഹായിക്കുവാനുള്ള ഉത്തരവാദിത്തം ഏറ്റെടുക്കാൻ അന്നും തലസ്ഥാനവാസികൾ ഒന്നടങ്കം തയാറായി. അതിന്റെ ഭാഗമായാണ് മാലിന്യവും ചെളിയും കൊണ്ട് മൂടിയ റാന്നിയിലെ വീടുകൾ വൃത്തിയാക്കാനായി മേയർ പ്രശാന്തിന്റെ നേതൃത്വത്തിൽ മേൽപ്പറഞ്ഞ സംഘമെത്തിയത്തിയത്. പ്രളയ ബാധിത മേഖലകളിൽ ശുചീകരണത്തിനായി സർവ്വ സന്നാഹവുമായി എത്തിയ ആദ്യ സംഘവും ഇതായിരുന്നു . മൂന്നു ദിവസം ക്യാമ്പ് ചെയ്ത് റാന്നി, കോഴഞ്ചേരി, ആറന്മുള എന്നിവിടങ്ങളിലായി 350 വീടുകളും പെരുമ്പുഴ ബസ് സ്റ്റാൻഡും പഞ്ചായത്ത് ഓഫീസും ശുചിയാക്കിയാണ് പ്രശാന്തും സംഘവും മടങ്ങിയത് . ആലപ്പുഴയിൽ നടന്ന മെഗാ ക്ലീനിങ്ങിലും സ്റ്റാന്റിങ് കമ്മിറ്റി ചെയര്മാന് വഞ്ചിയൂർ ബാബുവിന്റെ നേതൃത്വത്തിൽ അൻപതു പേരടങ്ങുന്ന തിരുവനന്തപുരം ടീം എത്തിയിരുന്നു. ഈ ടീമിനെ എസ്ഡി കോളജിൽ ഞാനാണ് സ്വീകരിച്ചത്.

2018ലും പേമാരി പ്രളയമായി മാറിത്തുടങ്ങിയപ്പോൾ തന്നെ തിരുവനന്തപുരം നഗര സഭാ ഓഫീസിനു മുൻവശത്തു ദുരിതാശ്വാസ സാമഗ്രികൾ ശേഖരിക്കുന്നതിനായി 24 മണിക്കൂറും പ്രവർത്തിക്കുന്ന കൗണ്ടർ തുറന്നു. അതിനു പുറമേ നഗരത്തിലെ 18 കേന്ദ്രങ്ങളിൽ പ്രത്യേക ഏക ദിന കൗണ്ടറുകളും ഈ ആവശ്യത്തിലേക്കായി തുറന്നു. ഈ കൗണ്ടറുകളിലൂടെ ശേഖരിച്ച 54 ലോഡ് സാധനങ്ങൾ ദുരിത ബാധിത മേഖലകളിലേക്ക് ആവശ്യാനുസരണം എത്തിച്ചു. തൃശൂർ, കട്ടപ്പന, അടൂർ,ആലപ്പുഴ,ചെങ്ങന്നൂർ, വൈക്കം,ഹരിപ്പാട്, കായംകുളം,ചങ്ങനാശ്ശേരി തുടങ്ങി പ്രളയം ബാധിച്ച എല്ലാ സ്ഥലങ്ങളിലേക്കും നഗര സഭാ വാഹനങ്ങൾ ആശ്വാസവുമായെത്തി . ഏറ്റവും ഒടുവിൽ കുട്ടനാട്ടിൽ ശുചീകരണ സാമഗ്രികളും ബ്ലീച്ചിങ് പൗഡറും ആവശ്യമുണ്ടെന്നറിഞ്ഞു അതും എത്തിച്ചു. അടിയന്തിര സാഹചര്യം മുന്നിൽ വന്നപ്പോൾ ലഭ്യമായ എല്ലാ സാധ്യതയും പ്രയോജനപ്പെടുത്തി സാധ്യമായതെല്ലാം ചെയ്യാൻ അന്നും പ്രശാന്ത് മുൻനിരയിലുണ്ടായിരുന്നു.

2018ൽ ചെയ്ത അതേ കാര്യം തന്നെയാണ് 2019ലും ചെയ്തത്. ആ മഹാപ്രയത്‌നത്തിൽ മേയറോടൊപ്പം ജനപ്രതിനിധികളും ജീവനക്കാരും ഗ്രീൻ ആർമിയും, സന്നദ്ധപ്രവർത്തകരും സുമനസുകളായ നഗരവാസികളുമെല്ലാമുണ്ടായിരുന്നു. അന്നുണ്ടാക്കിയ കൂട്ടായ്മ 2019ലും തുടരുകയായിരുന്നു.

2018ലെ പ്രളയകാലത്ത് തിരുവനന്തപുരം മേയറെവിടെയായിരുന്നു എന്നു ചോദിച്ചാൽ ഞങ്ങൾക്ക് ഈ മറുപടി പറയാൻ കഴിയും. പക്ഷേ, ഈ ചോദ്യം ഉന്നയിക്കുന്നവരെവിടെയായിരുന്നു? അതിനും വേണമല്ലോ മറുപടി.

പ്രളയകാലത്തു മാത്രമല്ല, മേയർ ഉണർന്നിരുന്നത്. മാലിന്യവിമുക്ത തിരുവനന്തപുരത്തിനു വേണ്ടിയുള്ള പ്രശംസനീയമായ പ്രവർത്തനത്തിനും പ്രശാന്തിന്റെ നേതൃത്വമുണ്ടായിരുന്നു. ഇക്കാര്യത്തിൽ തിരുവനന്തപുരത്തെ എംഎൽഎമാരുടെ പങ്ക് എന്തായിരുന്നു എന്നും വേണമെങ്കിൽ നമുക്കു ചർച്ച ചെയ്യാം. യുഡിഎഫിന്ഡറെ എംഎൽഎമാരാണല്ലോ നഗരത്തിലുള്ളത്. ഇങ്ങനെയൊരു പാർട്ടിസാൻ ചർച്ചയ്ക്ക് താൽപര്യമില്ലെങ്കിലും ഞങ്ങളെ നിർബന്ധിതരാക്കുകയാണ് യുഡിഎഫ്. പ്രളയദുരിതാശ്വാസ പ്രവർത്തനങ്ങളിൽ മാത്രമല്ല, മാലിന്യവിമുക്ത തിരുവനന്തപുരത്തിനു വേണ്ടിയുള്ള യത്‌നങ്ങളിലും തങ്ങളുടെ എംഎൽഎമാരുടെ പങ്കെന്തായിരുന്നു എന്ന് യുഡിഎഫ് വിശദീകരിക്കണം.

Stories you may Like

കമന്റ് ബോക്‌സില്‍ വരുന്ന അഭിപ്രായങ്ങള്‍ മറുനാടന്‍ മലയാളിയുടേത് അല്ല. മാന്യമായ ഭാഷയില്‍ വിയോജിക്കാനും തെറ്റുകള്‍ ചൂണ്ടി കാട്ടാനും അനുവദിക്കുമ്പോഴും മറുനാടനെ മനഃപൂര്‍വ്വം അധിക്ഷേപിക്കാന്‍ ശ്രമിക്കുന്നവരെയും അശ്ലീലം ഉപയോഗിക്കുന്നവരെയും മറ്റു മലയാളം ഓണ്‍ലൈന്‍ ലിങ്കുകള്‍ പോസ്റ്റ് ചെയ്യുന്നവരെയും മതവൈരം തീര്‍ക്കുന്നവരെയും മുന്നറിയിപ്പ് ഇല്ലാതെ ബ്ലോക്ക് ചെയ്യുന്നതാണ് - എഡിറ്റര്‍

More News in this category+

MNM Recommends +

Go to TOP