Forex Rate:

1 usd = 76.25 inr 1 gbp = 94.16 inr 1 eur = 85.23 inr 1 aed = 20.76 inr 1 sar = 20.32 inr 1 kwd = 247.66 inr
Apr / 202419Friday

'നരേന്ദ്ര മോദിയുടെ പിടിപ്പുകേടിന് കുട പിടിക്കുമ്പോൾ മോഹൻ ലാൽ മറന്നത് സാധാരണക്കാരന്റെ വേദന'; വിഷയത്തിന്റെ ആഴം മനസിലാക്കാതെ അഭിപ്രായം പറഞ്ഞ സൂപ്പർ താരത്തിന് വി ഡി സതീശന്റെ മറുപടി

'നരേന്ദ്ര മോദിയുടെ പിടിപ്പുകേടിന് കുട പിടിക്കുമ്പോൾ മോഹൻ ലാൽ മറന്നത് സാധാരണക്കാരന്റെ വേദന'; വിഷയത്തിന്റെ ആഴം മനസിലാക്കാതെ അഭിപ്രായം പറഞ്ഞ സൂപ്പർ താരത്തിന് വി ഡി സതീശന്റെ മറുപടി

തിരുവനന്തപുരം: നോട്ട് നിരോധനത്തെ ന്യായീകരിച്ച് നടൻ മോഹൻലാലിനെ വിമർശിച്ച് കോൺഗ്രസ് നേതാവ് വിഡി സതീശൻ. വിയർപ്പൊഴുക്കിയുണ്ടാക്കിയ കാശിനു വേണ്ടി എടിഎമ്മിനു മുമ്പിൽ വരി നിൽക്കുന്ന വരെ മദ്യപരോട് ഉപമിച്ച മോഹൻലാൽ സാധാരണക്കാരെ അവഹേളിക്കുകയാണ് ചെയ്തതെന്ന് സതീശൻ വിമർശിച്ചു. രാജ്യത്ത് വിനിമയത്തിലുണ്ടായിരുന്ന മൊത്തം കറൻസിയുടെ എൺപത്തി ആറു ശതമാനം ഒറ്റ രാത്രി കൊണ്ട് പിൻവലിച്ച് സർജിക്കൽ സ്ട്രൈക്ക് നടത്തിയ നരേന്ദ്ര മോദിക്ക് കുട പിടിക്കുമ്പോൾ ഇവരുടെ വേദന ലാൽ കാണാതെ പോയത് എന്തുകൊണ്ടാണെന്ന് മനസ്സിലാവുന്നില്ല.

മാസങ്ങൾക്ക് മുന്നേ നിശ്ചയിച്ച സ്വന്തം മക്കളുടെ വിവാഹത്തിന് പോലും റേഷൻ പോലെ അനുവദിച്ച രണ്ടര ലക്ഷത്തിനു ക്യൂ നിൽക്കേണ്ടി വന്നവരുടെയും അതിൽ മനം നൊന്തു ബാങ്കിൽ തന്നെ ആത്മഹത്യ ചെയ്യേണ്ടി വന്ന പിതാക്കന്മാരുടെയും വേദന എന്തെ നിങ്ങൾ കണ്ടില്ലെന്നും സതീശൻ ചോദിച്ചു. ജയ്പൂരിലെ ഇരുപത്തി അഞ്ചും അൻപതും കിലോമീറ്റർ യാത്ര ചെയ്തു ബാങ്കിൽ വന്നു തങ്ങളുടെ കഠിനാധ്വാനം ചെയ്ത പണത്തിനു ക്യൂ നിൽക്കുന്നവരെ കണ്ട്, അവരുടെ കൂടെ ഒരു രണ്ടായിരം രൂപയ്ക്ക് ക്യൂ നിന്നിട്ട് ആ അനുഭവം വേണമായിരുന്നു മോഹൻലാൽ കുറിക്കാനെന്നും സതീശൻ പറഞ്ഞു.

സതീശന്റെ ഫേസ്‌ബുക്ക് പോസ്റ്റിന്റെ പൂർണ്ണരൂപം ...

ഒരു ജനാധിപത്യ രാജ്യത്ത് അഭിപ്രായം പറയാനുള്ള സ്വാതന്ത്ര്യം എല്ലാ പൗരന്മാർക്കും ഉണ്ട്. അത് പോലെ തന്നെ ദി കംപ്‌ളീറ്റ് ആക്ടർക്കും അഭിപ്രായം പറയാനുള്ള സ്വാതന്ത്ര്യം നിഷേധിക്കുന്നില്ല. എന്നാൽ സമൂഹത്തിൽ സ്വാധീനമുള്ളവർ ഗൗരവതരമായ വിഷയത്തിൽ അഭിപ്രായം പറയുമ്പോൾ അതിന്റെ ആഴം എത്രത്തോളം എന്ന് മനസ്സിലാക്കി അഭിപ്രായം പറയുന്നതാവും ഉചിതം.

ഭാരതത്തിലെ ജനങ്ങൾ ഇന്ന് ബാങ്കുകളുടെയും എടിഎമ്മുകളുടെയും മുന്നിൽ കാവൽ നിൽക്കുന്നത് മദ്യത്തിനും സിനിമാ ടിക്കറ്റിനും വേണ്ടി അല്ല. അവർ കഠിനാധ്വാനം ചെയ്തു സ്വന്തം ബാങ്കിൽ വിശ്വാസത്തോടെ നിക്ഷേപിച്ച പണം റേഷൻ പോലെ ഇരന്നു മേടിക്കുന്നതിനു വേണ്ടിയാണ്. ആ ക്യൂവിൽ നിന്നവരുടെ ലക്ഷ്യം ഒരു ഫുൾ ബോട്ടിൽ ആണെന്ന് മോഹൻലാൽ തെറ്റിദ്ധരിച്ചത് സ്വന്തം ബന്ധുക്കളുടെ ചികിത്സയ്ക്കും, വിവാഹത്തിനുമെല്ലാം സ്വന്തം പണത്തിനു വേണ്ടി ക്യൂ നിന്ന് മരിക്കാൻ പോലും വിധിക്കപ്പെട്ടവരോടുള്ള അവഹേളനം ആണ്.

രാജ്യത്ത് വിനിമയത്തിലുണ്ടായിരുന്ന മൊത്തം കറൻസിയുടെ എൺപത്തി ആറു ശതമാനം ഒറ്റ രാത്രി കൊണ്ട് പിൻവലിച്ച് സർജിക്കൽ സ്‌ട്രൈക്ക് നടത്തിയ നരേന്ദ്ര മോദിക്ക് കുട പിടിക്കുമ്പോൾ ഇവരുടെ വേദന ലാൽ കാണാതെ പോയത് എന്തുകൊണ്ടാണെന്ന് മനസ്സിലാവുന്നില്ല. മാസങ്ങൾക്ക് മുന്നേ നിശ്ചയിച്ച സ്വന്തം മക്കളുടെ വിവാഹത്തിന് പോലും റേഷൻ പോലെ അനുവദിച്ച രണ്ടര ലക്ഷത്തിനു ക്യൂ നിൽക്കേണ്ടി വന്നവരുടെയും അതിൽ മനം നൊന്തു ബാങ്കിൽ തന്നെ ആത്മഹത്യ ചെയ്യേണ്ടി വന്ന പിതാക്കന്മാരുടെയും വേദന എന്തെ നിങ്ങൾ കണ്ടില്ല? ശീതീകരിച്ച ഹാളുകളിലും എയർപ്പോർട്ടിലും നിങ്ങൾ നിന്ന ക്യൂ അല്ല.

ഉഷ്ണത്തിലും ശൈത്യത്തിലും പാതിരാത്രിക്കും നട്ടുച്ച വെയിലിലും പാതയോരത്ത് നിന്ന് തളർന്നു കുഴഞ്ഞു വീഴുന്ന ക്യു അങ്ങ് എത്ര മാത്രം കണ്ടു എന്നത് നിശ്ചയമില്ല. ചുരുങ്ങിയ പക്ഷം ജയ്പൂരിലെ ഇരുപത്തി അഞ്ചും അൻപതും കിലോമീറ്റർ യാത്ര ചെയ്തു ബാങ്കിൽ വന്നു തങ്ങളുടെ കഠിനാധ്വാനം ചെയ്ത പണത്തിനു ക്യൂ നിൽക്കുന്നവരെ കണ്ട്, അവരുടെ കൂടെ ഒരു രണ്ടായിരം രൂപയ്ക്ക് ക്യൂ നിന്നിട്ട് ആ അനുഭവം വേണമായിരുന്നു മോഹൻലാൽ കുറിക്കാൻ. ആ ക്യൂവിൽ ഒരു ധനികനും, കള്ളപ്പണക്കാരനും, സിനിമാതാരവും ഇല്ല. അവിടെ ഉള്ളത് സ്വന്തം ജീവിതത്തിൽ സ്വരുക്കൂട്ടിയ ആയിരങ്ങൾക്ക് വേണ്ടി യാചകരെ പോലെ നിൽക്കുന്ന പാവപ്പെട്ടവർ മാത്രമാണ്. അവരുടെയെല്ലാം ജീവിക്കാനുള്ള അവകാശത്തിലേക്കുള്ള കടന്നു കയറ്റമാണ്.

പ്ലാസ്റ്റിക് മണിയുടെയും, പഞ്ചനക്ഷത്ര ഹോട്ടലുകളുടെയും സുഖലോലുപതയല്ല, സ്വന്തം പണം ഉപയോഗിച്ച് അന്നന്നത്തേക്കുള്ള ഭക്ഷണം മേടിക്കാൻ പാട് പെടുന്ന സാധാരണക്കാരന്റെ രാഷ്ട്രീയമാണ് ഉയർത്തിപ്പിടിക്കേണ്ടത്. നൂറു കോടി ക്ലബ്ബിൽ അംഗമായ സന്തോഷത്തിൽ, സ്വന്തം സിനിമ ഈ വിഷയം മൂലം റിലീസ് പോലും ചെയ്യാൻ പറ്റാതിരുന്ന സഹപ്രവർത്തകരോട് ഒന്ന് അന്വേഷിച്ചാൽ അവരുടെ ദുരിതം മനസ്സിലാവുമായിരുന്നു. സർജിക്കൽ സ്‌ട്രൈക്ക് നടത്തിയ മോദിക്ക് ഇന്നേക്ക് പതിമൂന്നു ദിവസം പിന്നിടുമ്പോൾ സ്വന്തം നാട്ടിൽ അഞ്ഞൂറ് രൂപയുടെ നോട്ട് എത്തിക്കാൻ എങ്കിലും കഴിഞ്ഞുവോ എന്ന് ഈ ബ്ലോഗ് എഴുതുന്നതിനു മുന്നേ അന്വേഷിക്കണമായിരുന്നു. എടുത്തു ചാട്ടമല്ല, വിവേകപൂർണ്ണമായ നടപടികളാണ് ഒരു പ്രധാനമന്ത്രിയിൽ നിങ്ങൾ കാണേണ്ടതും.

Stories you may Like

കമന്റ് ബോക്‌സില്‍ വരുന്ന അഭിപ്രായങ്ങള്‍ മറുനാടന്‍ മലയാളിയുടേത് അല്ല. മാന്യമായ ഭാഷയില്‍ വിയോജിക്കാനും തെറ്റുകള്‍ ചൂണ്ടി കാട്ടാനും അനുവദിക്കുമ്പോഴും മറുനാടനെ മനഃപൂര്‍വ്വം അധിക്ഷേപിക്കാന്‍ ശ്രമിക്കുന്നവരെയും അശ്ലീലം ഉപയോഗിക്കുന്നവരെയും മറ്റു മലയാളം ഓണ്‍ലൈന്‍ ലിങ്കുകള്‍ പോസ്റ്റ് ചെയ്യുന്നവരെയും മതവൈരം തീര്‍ക്കുന്നവരെയും മുന്നറിയിപ്പ് ഇല്ലാതെ ബ്ലോക്ക് ചെയ്യുന്നതാണ് - എഡിറ്റര്‍

More News in this category+

MNM Recommends +

Go to TOP