Forex Rate:

1 usd = 76.25 inr 1 gbp = 94.16 inr 1 eur = 85.23 inr 1 aed = 20.76 inr 1 sar = 20.32 inr 1 kwd = 247.66 inr
Apr / 202419Friday

'ഇപിക്കില്ലാത്ത സംരക്ഷണമെന്തിന് പാർട്ടി അംഗം പോലുമല്ലാത്ത ജലീലിനെന്ന്' വിടി ബൽറാം; ബന്ധു നിയമന വിഷയത്തിൽ മന്ത്രി നടത്തിയ സ്വജനപക്ഷപാതവും അഴിമതിയും ഗുരുതരമായ നിയമ/ചട്ടലംഘനങ്ങളും അക്കമിട്ട് നിരത്തി എംഎൽഎയുടെ ഫേസ്‌ബുക്ക് പോസ്റ്റ്

'ഇപിക്കില്ലാത്ത സംരക്ഷണമെന്തിന് പാർട്ടി അംഗം പോലുമല്ലാത്ത ജലീലിനെന്ന്' വിടി ബൽറാം; ബന്ധു നിയമന വിഷയത്തിൽ മന്ത്രി നടത്തിയ സ്വജനപക്ഷപാതവും അഴിമതിയും ഗുരുതരമായ നിയമ/ചട്ടലംഘനങ്ങളും അക്കമിട്ട് നിരത്തി എംഎൽഎയുടെ ഫേസ്‌ബുക്ക് പോസ്റ്റ്

തിരുവനന്തപുരം: ബന്ധുനിയമന വിവാദത്തിൽ പ്രതിരോധത്തിലായ മന്ത്രി കെ.ടി.ജലീലിനെ രൂക്ഷമായ ഭാഷയിൽ വിമർശിച്ച് തൃത്താല എംഎൽഎ വി.ടി.ബൽറാം രംഗത്തെത്തി. സിപിഎം കേന്ദ്രകമ്മിറ്റി അംഗമായ ഇ.പി.ജയരാജനെതിരെ ബന്ധുനിയമന ആരോപണം ഉണ്ടായപ്പോൾ അദ്ദേഹത്തോട് രാജി ആവശ്യപ്പെട്ട മുഖ്യമന്ത്രി പാർട്ടി അംഗമല്ലാത്ത കെ.ടി.ജലീലിനെ സംരക്ഷിക്കുന്നതെന്തിനാണെന്ന് ബൽറാം ഫേസ്‌ബുക്ക് പോസ്റ്റിൽ ചോദിച്ചു. കെ.ടി.ജലീലിൽ നടത്തിയ ചട്ടലംഘനങ്ങൾ അക്കമിട്ട് നിരത്തിയായിരുന്നു അദ്ദേഹത്തിന്റെ പോസ്റ്റ്.

ജലീൽ നടത്തിയ സ്വജനപക്ഷപാതവും അഴിമതിയും നിയമ/ചട്ടലംഘനങ്ങളും ചൂണ്ടികാട്ടിയ ബൽറാം മന്ത്രി സ്ഥാനത്ത് തുടരാൻ അദ്ദേഹത്തിന് അവകാശമില്ലെന്നും അഭിപ്രായപ്പെട്ടു. ഇപി ജയരാജൻ എന്ന സിപിഎം കേന്ദ്ര കമ്മിറ്റി അംഗത്തിന് പോലും ലഭിക്കാത്ത പിന്തുണയും സംരക്ഷണവും എന്തുകൊണ്ട് പാർട്ടി അംഗം പോലുമില്ലാത്ത കെ ടി ജലീലിന് മുഖ്യമന്ത്രിയിൽ നിന്ന് ലഭിക്കുന്നുവെന്നും ഫേസ്‌ബുക്കിലൂടെ ബൽറാം ചോദിച്ചു.

വിടിയുടെ ഫേസ്‌ബുക്ക് പോസ്റ്റ്

ബന്ധു നിയമന വിഷയത്തിൽ മന്ത്രി കെ.ടി.ജലീൽ നടത്തിയ സ്വജനപക്ഷപാതവും അഴിമതിയും ഗുരുതരമായ നിയമ/ചട്ടലംഘനങ്ങളും:

1) തന്റെ ബന്ധുവിന് ഗുണകരമാവുന്ന തരത്തിൽ യോഗ്യതാ മാനദണ്ഡങ്ങളിൽ ആദ്യം തന്നെ മാറ്റം വരുത്തി. ആവശ്യത്തിന് എംബിഎക്കാരെ കിട്ടാത്തതുകൊണ്ടാണ് ബിടെക്കുകാരെ കൂടി പരിഗണിച്ചതെന്ന് മന്ത്രി വാദിക്കുന്നു. എന്നാൽ 7 അപേക്ഷകരിൽ 5 പേരും എംബിഎ ഉള്ളവരായിരുന്നു എന്നതാണ് യാഥാർത്ഥ്യം.
2) അപേക്ഷ ക്ഷണിച്ചു കൊണ്ട് നിയമാനുസൃതമായ രീതിയിൽ പത്രപരസ്യം നൽകാതെ പത്രക്കുറിപ്പ് മാത്രം നൽകി പരമാവധി രഹസ്യമായി കാര്യങ്ങൾ നീക്കി.
3) ഇന്റർവ്യൂവിന് പങ്കെടുത്തവരെ വച്ച് റാങ്ക് ലിസ്റ്റ് ഉണ്ടാക്കിയില്ല. അവർക്ക് മതിയായ യോഗ്യത ഇല്ലെങ്കിൽ ആ വിവരം ചൂണ്ടിക്കാട്ടി ഇന്റർവ്യൂ റദ്ദാക്കി വീണ്ടും അപേക്ഷ ക്ഷണിച്ചില്ല.
4) അപേക്ഷകരായ 7 പേരിൽ കെ.ടി.അദീബിനേക്കാൾ യോഗ്യത ഉള്ളവർ ഉണ്ടായിരുന്നില്ല എന്ന് കള്ളം പറയുന്നു. തന്റെ വാദം തെളിയിക്കുന്ന തരത്തിൽ 7 പേരുടേയും യോഗ്യതകൾ ഇതുവരെ മന്ത്രി പുറത്ത് വിട്ടിട്ടില്ല.
5) കൂടുതൽ യോഗ്യത മറ്റൊരു അപേക്ഷന് ഉണ്ടായിരുന്നിട്ടും ഇന്റർവ്യൂവിൽ പങ്കെടുക്കാത്തതിനാൽ അദ്ദേഹത്തിന് രണ്ടാമതൊരവസരം നൽകിയില്ല. എന്നാൽ അദീബും ഇന്റർവ്യൂവിൽ പങ്കെടുത്തിട്ടില്ലെങ്കിലും വീണ്ടും പിന്നാലെച്ചെന്ന് നിർബ്ബന്ധിച്ച് നിയമനം നൽകുന്നു.
6) അദീബിന് ഈ സർക്കാർ ജോലിയിലേക്ക് വരാൻ താത്പര്യമില്ലായിരുന്നു എന്ന് മന്ത്രി ന്യായീകരിക്കുന്നു. എന്നാൽ താത്പര്യമില്ലാത്തയാൾ പിന്നെ എന്തിനാണ് ആദ്യം അപേക്ഷ അയച്ചത് എന്ന ചോദ്യത്തിന് മന്ത്രിക്ക് ഉത്തരമില്ല.
7) നോട്ടിഫിക്കേഷൻ പ്രകാരം ഡപ്യൂട്ടേഷൻ വ്യവസ്ഥയിൽ നിയമനം നടത്തേണ്ടിയിരുന്ന പോസ്റ്റിലേക്ക് ക്രമവിരുദ്ധമായി ബന്ധുവായ അദീബിന് നിയമനം നൽകി. സ്വകാര്യ സ്ഥാപനത്തിലെ ജീവനക്കാരനെ സർക്കാർ സ്ഥാപനത്തിൽ ഡപ്യൂട്ടേഷനിൽ നിയമിക്കാനാവില്ല എന്നാണ് നിയമം.
8. ) നിയമനത്തിന് മുന്നോടിയായി ധനകാര്യ വകുപ്പിന്റെ അനുമതി വേണമായിരുന്നു. എന്നാൽ ധനവകുപ്പിനെ കബളിപ്പിച്ച് നിയമവിരുദ്ധമായി പാർട്ട് ഫയൽ ഇറക്കി ബന്ധു നിയമനം വേഗത്തിലാക്കി.
9) ഇതുപോലുള്ള സ്ഥാപനങ്ങളിലെ നിയമനത്തിന് പേഴ്‌സണൽ ആൻഡ് അഡ്‌മിനിസ്‌ട്രേഷൻ വകുപ്പിന്റെ അനുമതി വേണമെങ്കിലും മന്ത്രിബന്ധുവായ അദീബിന്റെ കാര്യത്തിൽ അത്തരമൊരനുമതി തേടിയിട്ട് പോലും ഇല്ല.
10) സൗത്ത് ഇന്ത്യൻ ബാങ്കിൽ നിന്ന് ഹാജരാക്കേണ്ട എൻ ഒ സി പോലും കെ.ടി.അദീബ് നിയമന സമയത്ത് ഹാജരാക്കിയിട്ടില്ല.

ഇനി പറയൂ, ഇങ്ങനെ അധികാര ദുർവ്വിനിയോഗവും സ്വജനപക്ഷപാതിത്തവും നടത്തിയ ഒരു മന്ത്രി ആ സ്ഥാനത്ത് തുടരാൻ അർഹനാണോ? എന്തുകൊണ്ട് മന്ത്രിയെ പുറത്താക്കി ഇടതുപക്ഷ ധാർമ്മികത ഉയർത്തിപ്പിടിക്കാൻ മുഖ്യമന്ത്രിയും പാർട്ടിയും തയ്യാറാകുന്നില്ല? ഇപി ജയരാജൻ എന്ന സിപിഎം കേന്ദ്ര കമ്മിറ്റി അംഗത്തിന് പോലും ലഭിക്കാത്ത പിന്തുണയും സംരക്ഷണവും എന്തുകൊണ്ട് പാർട്ടി അംഗം പോലുമില്ലാത്ത കെ ടി ജലീലിന് മുഖ്യമന്ത്രിയിൽ നിന്ന് ലഭിക്കുന്നു?

Stories you may Like

കമന്റ് ബോക്‌സില്‍ വരുന്ന അഭിപ്രായങ്ങള്‍ മറുനാടന്‍ മലയാളിയുടേത് അല്ല. മാന്യമായ ഭാഷയില്‍ വിയോജിക്കാനും തെറ്റുകള്‍ ചൂണ്ടി കാട്ടാനും അനുവദിക്കുമ്പോഴും മറുനാടനെ മനഃപൂര്‍വ്വം അധിക്ഷേപിക്കാന്‍ ശ്രമിക്കുന്നവരെയും അശ്ലീലം ഉപയോഗിക്കുന്നവരെയും മറ്റു മലയാളം ഓണ്‍ലൈന്‍ ലിങ്കുകള്‍ പോസ്റ്റ് ചെയ്യുന്നവരെയും മതവൈരം തീര്‍ക്കുന്നവരെയും മുന്നറിയിപ്പ് ഇല്ലാതെ ബ്ലോക്ക് ചെയ്യുന്നതാണ് - എഡിറ്റര്‍

More News in this category+

MNM Recommends +

Go to TOP