Forex Rate:

1 usd = 76.25 inr 1 gbp = 94.16 inr 1 eur = 85.23 inr 1 aed = 20.76 inr 1 sar = 20.32 inr 1 kwd = 247.66 inr
Apr / 202418Thursday

താടിക്കാരെ കണ്ടാലുടൻ തീവ്രവാദിയായും കഞ്ചാവ് വിൽപ്പനക്കാരനായും സംശയിക്കാൻ വരട്ടെ; താടിക്കാർക്കുമുണ്ട് അവരുടേതായ കഥ പറയാൻ; മുടിയിലും താടിയിലും മുൻവിധി എന്തിന്? താടിക്കാരുടെ സമ്മേളനത്തിൽ പങ്കെടുത്ത അനുഭവം പങ്കുവയ്ക്കുന്നു വി.ടി.ബൽറാം

താടിക്കാരെ കണ്ടാലുടൻ തീവ്രവാദിയായും കഞ്ചാവ് വിൽപ്പനക്കാരനായും സംശയിക്കാൻ വരട്ടെ; താടിക്കാർക്കുമുണ്ട് അവരുടേതായ കഥ പറയാൻ; മുടിയിലും താടിയിലും മുൻവിധി എന്തിന്? താടിക്കാരുടെ സമ്മേളനത്തിൽ പങ്കെടുത്ത അനുഭവം പങ്കുവയ്ക്കുന്നു വി.ടി.ബൽറാം

മറുനാടൻ ഡെസ്‌ക്‌

തിരുവനന്തപുരം: താടി വളർത്തൽ എളുപ്പമുള്ള പരിപാടിയല്ല. അതിന് വേണം ഒരുഅച്ചടക്കമൊക്കെ. കുറ്റിത്താടിയും, കട്ടിത്താടിയും എല്ലാം ഉണ്ടെങ്കിലും നീളൻ താടിക്ക് തന്നെയാണ് ഡിമാൻഡ്. രസകരമായ പലതരം പരീക്ഷണങ്ങളും നടക്കുന്നുണ്ട്. അധികം ആരുമറിയാതെ. ഇതൊക്കെ ഒന്നും പ്രദർശിപ്പിക്കാൻ ഒരുവേദി വേണ്ടേ? കേരള ബിയേർഡ് അസോസിയേഷൻ ജില്ലാ സമ്മേളനം പട്ടാമ്പിക്കടുത്ത് കഴിഞ്ഞ ദിവസം നടന്നു. അവിടെ കണ്ട രസകരമായ കാഴ്ചകളാണ് വി.ടി.ബൽറാം എംഎൽഎ ഫേസ്‌ബുക്ക് പോസ്റ്റിൽ വിവരിക്കുന്നത്. മുടി നീട്ടിയതിന്റെയും തൊലി കറുത്തതിന്റേയും പേരിൽ ഏങ്ങണ്ടിയൂരിലെ വിനായകനടക്കമുള്ള ചെറുപ്പക്കാരെ പിടിച്ചുകൊണ്ടുപോയി മൂന്നാം മുറക്ക് വിധേയരാക്കുന്ന പൊലീസ് മുൻവിധികൾ ജനാധിപത്യ കേരളത്തിന് ഒട്ടും ഭൂഷണമല്ലെന്നും ബൽറാം ഓർമിപ്പിക്കുന്നു.

പോസ്റ്റ് വായിക്കാം:

കൗതുകകരമായ ഒരു പരിപാടിയിൽ ഇക്കഴിഞ്ഞ ദിവസം പങ്കെടുത്തു, താടിക്കാരുടെ സമ്മേളനം! Kerala Beard Association എന്ന സംഘടനയുടെ ജില്ലാ സമ്മേളനമായിരുന്നു പട്ടാമ്പിക്കടുത്ത് വച്ച്. ഏതാണ്ട് 100-120 താടിക്കാർ. ചിലരുടെയൊക്കെ താടിക്ക് രണ്ടടി വരെ നീളമുണ്ട്. മുടിയിലും താടിയിലും രസകരമായ പലതരം പരീക്ഷണങ്ങളാണവർ നടത്തിയിരിക്കുന്നത്.

നമ്മുടെ ചുറ്റിലുമുള്ള വൈവിധ്യങ്ങളെക്കുറിച്ചാണ് പരിപാടിക്കിടെ ഞാൻ ചിന്തിച്ചതും പ്രസംഗത്തിൽ സൂചിപ്പിച്ചതും. എന്താണ് 'നോർമൽ' എന്താണ് 'അബ്‌നോർമൽ' എന്നതിനേക്കുറിച്ച് ചില ധാരണകൾ നമ്മളോരോരുത്തർക്കുമുണ്ട്. ഈ ധാരണകൾ പലതും മുൻവിധികൾ കൂടിയായി മാറുന്നുണ്ട്. നമ്മളെന്താണോ അത് മാത്രം നോർമൽ, നമ്മിൽ നിന്ന് വ്യത്യസ്തരായവർ എല്ലാം അബ്‌നോർമൽ, ഇതാണ് പൊതുവിലുള്ള കാഴ്ചപ്പാട്. 'നമ്മൾ' എന്നും 'അവർ' എന്നുമുള്ള വേർതിരിവിനെ ശക്തിപ്പെടുത്തുന്നതും ഇത്തരം മുൻവിധികളാണ്. രൂപവും വസ്ത്രധാരണവും മാത്രമല്ല, ഭാഷയും സംസ്‌ക്കാരവും മതവും ജാതിയും തൊലി നിറവുമൊക്കെ ഇത്തരം നമ്മൾ/അവർ ദ്വന്ദ്വങ്ങളിലേക്ക് പലരുടേയും കാഴ്ചപ്പാടുകളെ നയിക്കുന്നുണ്ട്. ഇത്തരം അപരവൽക്കരണങ്ങളുടെ സാമൂഹികമായ ആകത്തുകയാണ് ഫാഷിസം.

പരിപാടിയിലെ താടിക്കാർ അങ്ങനെ വെറും ന്യൂജെൻ അടിച്ചുപൊളിക്കാർ മാത്രമല്ല, സാമൂഹിക പ്രതിബദ്ധതയുള്ള ഒരുകൂട്ടം ചെറുപ്പക്കാർ കൂടിയാണ്. ഇക്കഴിഞ്ഞ പ്രളയകാലത്ത് 'സ്‌നേഹനിലയം' എന്ന അശരണർക്കായുള്ള സ്ഥാപനത്തിന് വേണ്ട സഹായങ്ങളെത്തിച്ചത് ഇവരാണ്. ഇനിയും കുറേയേറെക്കാര്യങ്ങൾ ഈ സ്ഥാപനവുമായിച്ചേർന്ന് ചെയ്യാനുള്ള ഉദ്ദേശ്യവുമുണ്ടത്രേ.

പൊലീസ് സർക്കിൾ ഇൻസ്‌പെക്ടറടക്കമുള്ള ഉദ്യോഗസ്ഥരും പരിപാടിയിൽ പങ്കെടുത്തു എന്നത് സന്തോഷകരമായിത്തോന്നി. മേൽപ്പറഞ്ഞ പ്രെജുഡീസുകളുടെ തടവറയിൽക്കഴിയുന്നവരാണല്ലോ അവരിൽ പ്പലരും. താടിവച്ച ഒരാളെ കാണുന്ന മുറക്ക് അവരെ തീവ്രവാദികളായും കഞ്ചാവു വിൽപ്പനക്കാരായുമൊക്കെ സംശയിക്കുന്ന മനോഘടനയാണ് പൊതുവിൽ നമ്മുടെ പൊലീസ് സംവിധാനത്തിന്റേത്. മുടി നീട്ടിയതിന്റെയും  തൊലി കറുത്തതിന്റേയും പേരിൽ ഏങ്ങണ്ടിയൂരിലെ വിനായകനടക്കമുള്ള ചെറുപ്പക്കാരെ പിടിച്ചുകൊണ്ടുപോയി മൂന്നാം മുറക്ക് വിധേയരാക്കുന്ന പൊലീസ് മുൻവിധികൾ ജനാധിപത്യ കേരളത്തിന് ഒട്ടും ഭൂഷണമല്ല.

Stories you may Like

കമന്റ് ബോക്‌സില്‍ വരുന്ന അഭിപ്രായങ്ങള്‍ മറുനാടന്‍ മലയാളിയുടേത് അല്ല. മാന്യമായ ഭാഷയില്‍ വിയോജിക്കാനും തെറ്റുകള്‍ ചൂണ്ടി കാട്ടാനും അനുവദിക്കുമ്പോഴും മറുനാടനെ മനഃപൂര്‍വ്വം അധിക്ഷേപിക്കാന്‍ ശ്രമിക്കുന്നവരെയും അശ്ലീലം ഉപയോഗിക്കുന്നവരെയും മറ്റു മലയാളം ഓണ്‍ലൈന്‍ ലിങ്കുകള്‍ പോസ്റ്റ് ചെയ്യുന്നവരെയും മതവൈരം തീര്‍ക്കുന്നവരെയും മുന്നറിയിപ്പ് ഇല്ലാതെ ബ്ലോക്ക് ചെയ്യുന്നതാണ് - എഡിറ്റര്‍

More News in this category+

MNM Recommends +

Go to TOP