Forex Rate:

1 usd = 76.25 inr 1 gbp = 94.16 inr 1 eur = 85.23 inr 1 aed = 20.76 inr 1 sar = 20.32 inr 1 kwd = 247.66 inr
Apr / 202425Thursday

'പാരമ്പര്യത്തിന്റെയല്ല പരിവർത്തനത്തിന്റെ പരുന്താണ് ഇപ്പോൾ അന്തരീക്ഷത്തിൽ വട്ടമിട്ട് പറന്നുകൊണ്ടിരിക്കുന്നത്; പ്രളയം വന്നത് ഇനിയൊരു ആന്തരിക പുനർനിർമ്മാണത്തിന് വേണ്ടി തന്നെയായിരുന്നു എന്നാണ് എനിക്ക് തോന്നുന്നത്'; ശബരിമല യുവതീ പ്രവേശനവുമായി ബന്ധപ്പെട്ട് വിവാദശരങ്ങൾ ഉയരവേ അഭിപ്രായം തുറന്ന് പറഞ്ഞ് ശാരദക്കുട്ടി

'പാരമ്പര്യത്തിന്റെയല്ല പരിവർത്തനത്തിന്റെ പരുന്താണ് ഇപ്പോൾ അന്തരീക്ഷത്തിൽ വട്ടമിട്ട് പറന്നുകൊണ്ടിരിക്കുന്നത്; പ്രളയം വന്നത് ഇനിയൊരു ആന്തരിക പുനർനിർമ്മാണത്തിന് വേണ്ടി തന്നെയായിരുന്നു എന്നാണ് എനിക്ക് തോന്നുന്നത്'; ശബരിമല യുവതീ പ്രവേശനവുമായി ബന്ധപ്പെട്ട് വിവാദശരങ്ങൾ ഉയരവേ അഭിപ്രായം തുറന്ന് പറഞ്ഞ് ശാരദക്കുട്ടി

മറുനാടൻ ഡെസ്‌ക്‌

തിരുവനന്തപുരം: ശബരിമലയിൽ യുവതികളെ പ്രവേശിപ്പിക്കാമെന്ന സുപ്രീം കോടതി വിധി വന്നതിന് പിന്നാലെ ഭക്തരുടെ ഭാഗത്ത് നിന്നുമുള്ള പ്രതിഷേധങ്ങൾ സംസ്ഥാനത്ത് അലയടിച്ചിരുന്നു. അനുകലിച്ചും പ്രതികൂലിച്ചും പലഭാഗത്ത് നിന്നും പ്രതികരണങ്ങൾ ഉയരുന്നതിനിടെയാണ് ഭക്തർ ക്ഷേത്ര ആചാരങ്ങൾ സംരക്ഷിക്കണമെന്ന് ആവശ്യപ്പെട്ട് തെരുവിലറിങ്ങിയത്. സാമൂഹിക സാംസ്‌കാരിക രംഗത്തെ പലരും ശബരിമല വിഷയത്തിൽ അഭിപ്രായം അറിയിച്ച് രംഗത്തെത്തിയിരുന്നു. ഈ അവസരത്തിലാണ് എഴുത്തുകാരി ശാരദക്കുട്ടി നടത്തിയ അഭിപ്രായവും ഇപ്പോൾ ചർച്ചയാകുന്നത്.

തന്റെ ഔദ്യോഗിക ഫേസ്‌ബുക്ക് പേജിലൂടെയാണ് ശാരദക്കുട്ടി ഇക്കാര്യം തുറന്ന് പറഞ്ഞത്. പാരമ്പര്യത്തിന്റെയല്ല പരിവർത്തനത്തിന്റെ പരുന്താണ് അന്തരീക്ഷത്തിൽ ഇപ്പോൾ വട്ടമിട്ട് പറക്കുന്നത്. പ്രളയം വന്നത് ഇനിയൊരു ആന്തരിക പുനർനിർമ്മാണത്തിന് വേണ്ടി തന്നെയായിരുന്നു എന്നാണ് എനിക്ക് തോന്നുന്നത്. പ്രളയത്തിൽ പ്രകൃതി ഇളക്കി മറിച്ചിട്ടയിടത്ത് അവശേഷിക്കുന്ന കട്ടി കൂടിയ ചില മാലിന്യങ്ങളുണ്ട്. അവയാണിപ്പോൾ തുടച്ചു നീക്കുവാൻ നാം ശ്രമിച്ചു കൊണ്ടിരിക്കുന്നതെന്നും ശാരദക്കുട്ടി അഭിപ്രായപ്പെട്ടു.

ഫേസ്‌ബുക്ക് പോസ്റ്റിന്റെ പൂർണ രൂപം:

പാരമ്പര്യത്തിന്റെയല്ല, പരിവർത്തനത്തിന്റെ പരുന്താണ് ഇപ്പോൾ അന്തരീക്ഷത്തിൽ വട്ടമിട്ടു പറന്നു കൊണ്ടിരിക്കുന്നത്.

സത്യത്തിൽ എനിക്കു തോന്നുന്നത് വലിയ പ്രളയം വന്നത് ഈയൊരു ആന്തരിക പുനർനിർമ്മാണത്തിനു വേണ്ടിത്തന്നെയായിരുന്നു എന്നാണ്. ബാഹ്യ ശുദ്ധീകരണം നൽകിയ വലുതായ ഊർജ്ജമാണ് നാമിപ്പോൾ ആന്തരിക ശുചീകരണത്തിനായി വിനിയോഗിക്കുന്നത്. സമൂഹം പഴഞ്ചനും വ്യക്തി പുരോഗമനേച്ഛുവും ആയിരിക്കുമ്പോൾ അവിടെ സംഘട്ടനം നടക്കും. പ്രകൃതി അവിടെ വ്യക്തിയുടെ ഭാഗത്തായിരിക്കുമെന്ന് വി.ടി.ഭട്ടതിരിപ്പാട് എഴുതിയിട്ടുണ്ട്. എത്ര സത്യം.

പ്രളയത്തിൽ പ്രകൃതി ഇളക്കി മറിച്ചിട്ടയിടത്ത് അവശേഷിക്കുന്ന കട്ടി കൂടിയ ചില മാലിന്യങ്ങളുണ്ട്. അവയാണിപ്പോൾ തുടച്ചു നീക്കുവാൻ നാം ശ്രമിച്ചു കൊണ്ടിരിക്കുന്നത്.

'വിശ്വം ചമയ്ക്കുമുടനേയതു കാത്തഴിക്കും
വിശൈ്വകനാഥനുടെ കളിപ്പുരയെന്ന പോലെ'

അറുപത്തിനാല് അനാചാരങ്ങളുടെ വിളനിലമെന്ന് കേരളത്തിനൊരു വിളിപ്പേരുണ്ടായിരുന്നു.അതു പല രൂപത്തിൽ തിരികെ വന്നുകൊണ്ടിരുന്ന ആപത്ഘട്ടത്തിലാകാം പ്രകൃതി അതിന്റെ ആസൂത്രിത പദ്ധതി നടപ്പിലാക്കിയത്.. അലസരെല്ലാം ഉണർന്നു. ജാഗരൂകരായി.. യഥാർഥ ശുചീകരണ പ്രക്രിയ തുടരുകയാണ് നാം.
ഇളകിയ പല്ലു പോലെ ആടിക്കളിക്കുന്നവയെല്ലാം ഈ ശുചീകരണത്തിനിടയിൽ പറിച്ചു മാറ്റപ്പെടും. കേടുവന്ന നാഴികമണി വീണ്ടും നോക്കിയിരുന്ന് സമയം കണക്കാക്കുന്നവർ തങ്ങളുടെ ബുദ്ധിശൂന്യത തിരിച്ചറിയുക തന്നെ ചെയ്യും. ഏതു മാറ്റത്തിന്റെയും സന്ധിഘട്ടങ്ങളിലുണ്ടാകുന്ന സ്വാഭാവിക സംഘർഷങ്ങൾ മാത്രമാണ് നാം കണ്ടു കൊണ്ടിരിക്കുന്നത്.

ശാന്തിയും സമാധാനവും കൈവന്നപ്പോഴൊക്കെ, അതിനു കാരണമായിത്തീർന്ന കലാപങ്ങളെ കൃതജ്ഞതയോടെ സ്മരിച്ചിട്ടുണ്ട് പിൽക്കാലസമൂഹം. ചിട്ടപ്പെടുത്തിയ പുതിയ ഒരു ജീവിതരീതിക്കുവേണ്ടിയുള്ള സമൂഹത്തിന്റെ കുതറലാണ് നാമിപ്പോൾ കാണുന്നത്.

ചരിത്രം നാളെ രേഖപ്പെടുത്തി വെക്കാൻ പോകുന്ന ചിലതൊക്കെ ഈ സമരങ്ങളിൽ നിന്നുണ്ടാവുക തന്നെ ചെയ്യും.
പാരമ്പര്യത്തിന്റെയല്ല, പരിവർത്തനത്തിന്റെ പരുന്താണ് ഇപ്പോൾ അന്തരീക്ഷത്തിൽ വട്ടമിട്ടു പറന്നു കൊണ്ടിരിക്കുന്നത്. പുരോഗമനേഛുക്കൾ നടത്തിയ പോരാട്ടങ്ങൾ പരാജയപ്പെടാറില്ല.

' ഈ രാജ്യം മനുഷ്യരുടേതാണ്. ദേവന്മാരുടേതല്ല. രാഷ്ട്രത്തിന്റെ പൊതുമുതൽ മനുഷ്യാഭിവൃദ്ധിക്കായി വിനിയോഗിക്കപ്പെടാനുള്ളതാണ്. അദൃശ്യ ലോകത്തിലെ സങ്കൽപദേവതകളുടെ പ്രീതിക്കായി ദുർവ്യയം ചെയ്യാനുള്ളതല്ല. വിദ്യാഭ്യാസം, ആരോഗ്യം, ഐശ്വര്യം എന്നീ ഉപാധികളിലൂടെ ജനതയെ മഹത്വത്തിലേക്കുയർത്തുവാൻ ഇവിടുത്തെ ധനശക്തിയും പ്രവർത്തനശേഷിയും തിരിച്ചുവിടുക എന്നതാണ് രാഷ്ട്രീയ ലക്ഷൃം'' (വി.ടി.ഭട്ടതിരിപ്പാട്)

എസ്.ശാരദക്കുട്ടി
29.10.2018

 

Stories you may Like

കമന്റ് ബോക്‌സില്‍ വരുന്ന അഭിപ്രായങ്ങള്‍ മറുനാടന്‍ മലയാളിയുടേത് അല്ല. മാന്യമായ ഭാഷയില്‍ വിയോജിക്കാനും തെറ്റുകള്‍ ചൂണ്ടി കാട്ടാനും അനുവദിക്കുമ്പോഴും മറുനാടനെ മനഃപൂര്‍വ്വം അധിക്ഷേപിക്കാന്‍ ശ്രമിക്കുന്നവരെയും അശ്ലീലം ഉപയോഗിക്കുന്നവരെയും മറ്റു മലയാളം ഓണ്‍ലൈന്‍ ലിങ്കുകള്‍ പോസ്റ്റ് ചെയ്യുന്നവരെയും മതവൈരം തീര്‍ക്കുന്നവരെയും മുന്നറിയിപ്പ് ഇല്ലാതെ ബ്ലോക്ക് ചെയ്യുന്നതാണ് - എഡിറ്റര്‍

More News in this category+

MNM Recommends +

Go to TOP