Forex Rate:

1 usd = 76.25 inr 1 gbp = 94.16 inr 1 eur = 85.23 inr 1 aed = 20.76 inr 1 sar = 20.32 inr 1 kwd = 247.66 inr
Apr / 202419Friday

അന്റാർട്ടിക്കയിലെ ഹിമപാളിയിൽ 178 കിലോമീറ്റർ ദൈർഘ്യമുള്ള വിള്ളൽ; വൻപാരിസ്ഥിതിക പ്രത്യാഘാതമുണ്ടാക്കുമെന്ന് ഗവേഷകർ; മഞ്ഞുരുകുന്നതിന് ആനുപാതികമായി സമുദ്രനിരപ്പ് ഉയരുമെന്നും മുന്നറിയിപ്പ്

അന്റാർട്ടിക്കയിലെ ഹിമപാളിയിൽ 178 കിലോമീറ്റർ ദൈർഘ്യമുള്ള വിള്ളൽ; വൻപാരിസ്ഥിതിക പ്രത്യാഘാതമുണ്ടാക്കുമെന്ന് ഗവേഷകർ; മഞ്ഞുരുകുന്നതിന് ആനുപാതികമായി സമുദ്രനിരപ്പ് ഉയരുമെന്നും മുന്നറിയിപ്പ്

അന്റാർട്ടിക്കയിലെ ഏറ്റവും വലിയ ഹിമപാളികളിലൊന്നിൽ ദീർഘമായ വിള്ളൽ രൂപപ്പെട്ടതായി ഗവേഷകർ. ദിനംപ്രതി വികസിച്ചുവരുന്ന വിള്ളൽ ഹിമപാളിയെ രണ്ടായി മുറിയുന്നതിന് ഇടയാക്കുമെന്നും ഇത് വലിയ വലിയ പാരിസ്ഥിതിക പ്രത്യാഘാതങ്ങളുണ്ടാക്കുമെന്നുമുള്ള ഭീതിയിലാണ് ഗവേഷകർ. 

അന്റാർട്ടിക്കയിലെ ഏറ്റവും വലിയ ഹിമപാളികളിലൊന്നായ ലാർസൻ സിയിലാണ് 178 കിലോമീറ്റർ ദൈർഘ്യമുള്ള വിള്ളൽ രൂപപ്പെട്ടിരിക്കുന്നത്. അന്റാർട്ടിക് ഉപഭൂഘണ്ഡത്തിന്റെ കിഴക്കൻ തീരത്തോടു ചേർന്ന് സ്ഥിതിചെയ്യുന്ന ഈ ഭീമാകാരമായ ഹിമപാളിയിൽ 2011 മുതൽ വിള്ളർ പ്രത്യക്ഷപ്പട്ടു തുടങ്ങിയിരുന്നു. പിന്നീട് വിള്ളലിന്റെ നീളം വർധിച്ചുവന്നു. കഴിഞ്ഞ ഡിസംബർ-ജനുവരി മാസങ്ങൾക്കിടയിൽ മാത്രം 27 കിലോമീറ്ററാണ് വിള്ളൽ വർധിച്ചത്.

കഴിഞ്ഞ ഏതാനും മാസങ്ങളായി വിള്ളലിന്റെ ദൈർഘ്യം വർധിക്കുന്നത് നിലച്ചതായി ഗവേഷകർ പറയുന്നു. എന്നാൽ വിള്ളലിന്റെ വീതി ദിവസം മൂന്ന് അടി വീതം വർധിച്ചുവരികയാണ്. ഇപ്പോൾത്തന്നെ 1000 അടിയിലധികം വീതിയിൽ വിള്ളൽ വലുതായിക്കഴിഞ്ഞു. മാത്രമല്ല, അടുത്തിടെ മഞ്ഞു പാളിയിൽ മറ്റൊരു വിള്ളലും രൂപപ്പെട്ടിട്ടുണ്ട്. ആദ്യത്തെ വിള്ളലിനോടു ചേർന്നുള്ള പുതിയ വിള്ളൽ മഞ്ഞുപാളിയെ 14 കിലോമീറ്റർ നീളത്തിൽ ഒരു കഷ്ണമാക്കി തിരിക്കുന്നു.

പ്രൊജക്ട് മിഡാസ് എന്ന പേരിൽ ബ്രിട്ടൺ കേന്ദ്രീകരിച്ച് പ്രവർത്തിക്കുന്ന ഗവേഷകരുടെ സംഘമാണ് മഞ്ഞുപാളിയിൽ സംഭവിക്കുന്ന മാറ്റങ്ങളെക്കുറിച്ച് പഠനം നടത്തുന്നത്. സ്വാൻസിയ യൂണിവേഴ്സിറ്റി, അബരിസ്റ്റ്‌വത്ത് യൂണിവേഴ്സിറ്റി എന്നിവിടങ്ങളിലെ ഗവേഷകരാണ് സംഘത്തിലുള്ളത്. ഉപഗ്രങ്ങളിൽനിന്ന് ലഭിച്ച ചിത്രങ്ങളുടെ സഹായത്തോടെയാണ് ഇവർ വിള്ളലിനെക്കുറിച്ച് പഠനം നടത്തിയത്.

ഈ ഹിമപാളിക്ക് സമീപമുള്ള മറ്റൊരു ഹിമപാളിയായ ലാർസൻ ബി 2002ൽ വിള്ളൽ വീഴുകയും പിന്നീട് ശിഥിലമായിത്തീരുകയും ചെയ്തിരുന്നു. 1930 ചതുരശ്ര കിലോമീറ്റർ വ്യാപിച്ചു കിടന്നിരുന്ന ഹിമപാളിയാണ് അന്ന് ഉരുകി ഇല്ലാതായത്. ഈ സ്ഥിതിതന്നെയാണ് ലാർസൻ സിക്കും സംഭവിക്കുകയെന്ന് പ്രൊജക്ട് മിഡാസ് മേധാവി അഡ്രിയാൻ ലുക്മാൻ പറഞ്ഞു. 1995ൽ ലാർസൻ എ ഹിമപാളിയും ഇതുപോലെ ഉരുകി ഇല്ലാതായിരുന്നു.
മഞ്ഞുപാളിയിൽ ഉണ്ടായിരിക്കുന്ന വിള്ളൽ പൂർണമാവുകയും മഞ്ഞുപാളി രണ്ടായിത്തീരുകയും ചെയ്യുന്നതോടെ പരിസ്ഥിതിയിൽ വലിയ പ്രത്യാഘാതങ്ങളുണ്ടാകുമെന്നാണ് ഗവേഷകർ കരുതുന്നത്. ഇതോടെ മഞ്ഞുപാളിയുടെ പത്ത് ശതമാനത്തോളം ഭാഗം ഉരുകി വെള്ളമാകുമെന്ന് ഗവേഷകർ കണക്കുകൂട്ടുന്നു.

ഹിമപാളികൾ ഉരുകിമാറുന്നത് വലിയ പാരിസ്ഥിതികാഘാതമാണ് സൃഷ്ടിക്കുന്നത്. സമുദ്ര ജലനിരപ്പ് വർധിക്കുന്നതിന് ഇത് ഇടയാക്കുന്നു. ധ്രുവപ്രദേശങ്ങൾ ഉൾക്കൊള്ളുന്ന മഞ്ഞിനെ തടുത്തു നിർത്തി മേഖലയുടെ സന്തുലനാവസ്ഥ നിലനിർത്തുന്നതിൽ ഇത്തരം മഞ്ഞുപാളികൾക്ക് വലിയ പങ്കാണുള്ളത്. മഞ്ഞുപാളി ഇല്ലാതാകുന്നത് വലിയ തോതിൽ മഞ്ഞുരുകുന്നതിനും മേഖലയിൽനിന്ന് വലിയ ജലപ്രവാഹത്തിനും വഴിയൊരുക്കും. ലാർസൻ സി ഉരുകുന്നത് സമുദ്രനിരപ്പ് ഒരു സെന്റിമീറ്റർ ഉയരാൻ ഇടയാക്കുമെന്നാണ് ഗവേഷകർ കണക്കുകൂട്ടുന്നത്.

ആഗോള താപനത്തിന്റെ ഫലമായി ധ്രുവപ്രദേശങ്ങളിൽ വലിയ തോതിൽ മഞ്ഞുകൽ സംഭവിച്ചുകൊണ്ടിരിക്കുന്ന സാഹചര്യത്തിൽ ഭൂമിയുടെ പാരിസ്ഥിതിക സംതുലനത്തിൽ വലിയ പ്രത്യാഘാതങ്ങളുണ്ടാക്കുമെന്നാണ് കരുതുന്നത്. അന്റാർട്ടിക് ഉപഭൂഘണ്ഡത്തിന്റെ ഭൂപ്രകൃതിയിൽ അടിസ്ഥാനപരമായ മാറ്റങ്ങൾക്ക് ഇത് കാരണമാകുമെന്ന് ഗവേഷകനായ അഡ്രിയാൻ ലുക്മാൻ ചൂണ്ടിക്കാട്ടുന്നു.

 

Stories you may Like

കമന്റ് ബോക്‌സില്‍ വരുന്ന അഭിപ്രായങ്ങള്‍ മറുനാടന്‍ മലയാളിയുടേത് അല്ല. മാന്യമായ ഭാഷയില്‍ വിയോജിക്കാനും തെറ്റുകള്‍ ചൂണ്ടി കാട്ടാനും അനുവദിക്കുമ്പോഴും മറുനാടനെ മനഃപൂര്‍വ്വം അധിക്ഷേപിക്കാന്‍ ശ്രമിക്കുന്നവരെയും അശ്ലീലം ഉപയോഗിക്കുന്നവരെയും മറ്റു മലയാളം ഓണ്‍ലൈന്‍ ലിങ്കുകള്‍ പോസ്റ്റ് ചെയ്യുന്നവരെയും മതവൈരം തീര്‍ക്കുന്നവരെയും മുന്നറിയിപ്പ് ഇല്ലാതെ ബ്ലോക്ക് ചെയ്യുന്നതാണ് - എഡിറ്റര്‍

More News in this category+

MNM Recommends +

Go to TOP