Forex Rate:

1 usd = 76.25 inr 1 gbp = 94.16 inr 1 eur = 85.23 inr 1 aed = 20.76 inr 1 sar = 20.32 inr 1 kwd = 247.66 inr
Apr / 202420Saturday

ഒടുവിൽ ശനി ശരിക്കും ഭൂഗോളത്തിന്റെ ശനിയാകുമോ അതോ രക്ഷയാകുമോ? ശാസ്ത്രലോകത്തെ ഞെട്ടിച്ചുകൊണ്ട് ശനി ഗ്രഹത്തിൽ ജീവൻ തുടിക്കുന്നതായി കണ്ടെത്തൽ; ശനിയെ ചുറ്റുന്ന ഉപഗ്രഹങ്ങളിലൊന്നിന്റെ വിള്ളലിൽ ജീവിവർഗം പിറവിയെടുത്തെന്ന് നിഗമനം; അടിസ്ഥാന ജൈവവസ്തുക്കൾ കണ്ടെത്തിയതോടെ വൻ പ്രതീക്ഷയിൽ നാസയും ശാസ്ത്രജ്ഞരും

ഒടുവിൽ ശനി ശരിക്കും ഭൂഗോളത്തിന്റെ ശനിയാകുമോ അതോ രക്ഷയാകുമോ? ശാസ്ത്രലോകത്തെ ഞെട്ടിച്ചുകൊണ്ട് ശനി ഗ്രഹത്തിൽ ജീവൻ തുടിക്കുന്നതായി കണ്ടെത്തൽ; ശനിയെ ചുറ്റുന്ന ഉപഗ്രഹങ്ങളിലൊന്നിന്റെ വിള്ളലിൽ ജീവിവർഗം പിറവിയെടുത്തെന്ന് നിഗമനം; അടിസ്ഥാന ജൈവവസ്തുക്കൾ കണ്ടെത്തിയതോടെ വൻ പ്രതീക്ഷയിൽ നാസയും ശാസ്ത്രജ്ഞരും

മറുനാടൻ ഡെസ്‌ക്‌

വാഷിങ്ടൻ: ലോകത്തെ ഞെട്ടിച്ചുകൊണ്ടുള്ള ഒരു കണ്ടെത്തലാണ് ഇന്ന് ശാസ്ത്രലോകം പുറത്തുവിടുന്നത്. ഭൂമിയുടെ പുറത്ത് പ്രപഞ്ചത്തിൽ എവിടെയെങ്കിലും ജീവന്റെ കണികകൾ ഉണ്ടാകാമെന്നും ഭൂമിക്കു തുല്യമായതോടെ അതിലും വികസിച്ചതോ ആയൊരു ജീവവ്യവസ്ഥ രൂപംകൊണ്ടിരിക്കാമെന്നും മനുഷ്യൻ ഏറെ നാളായി പ്രതീക്ഷിക്കുന്നു.

ഭൂമിക്ക് പുറത്തേക്കുള്ള പര്യവേഷണങ്ങൾ തുടങ്ങിയ കാലംമുതൽ ഈയൊരു പ്രതീക്ഷയിൽ ഊന്നിയായിരുന്നു പരീക്ഷണങ്ങളും നിരീക്ഷണങ്ങളും. ഭൂമിക്ക് പുറത്തുനിന്ന് ഇ.റ്റി എന്ന് വിളിക്കുന്ന ഒരു എക്ട്രാ ടെറസ്ട്രിയൽ (ഭൗമേതര) ശബ്ദമോ സന്ദേശമോ സൂചനകളോ പ്രതീക്ഷിച്ച് മനുഷ്യൻ കാതോർത്തു തുടങ്ങിയിട്ട് കാലമേറെയായി. ചൊവ്വയിലുൾപ്പെടെ പഠന ദൗത്യവുമായി ഇന്ത്യയുടെ പേടകങ്ങളുമെത്തി.

ഒടുവിലിതാ അമേരിക്കയുടെ ബഹിരാകാശ ഗവേഷണ സ്ഥാപനമായ നാസ ഇതാ ഒരു ശുഭസൂചകമായ, അല്ലെങ്കിൽ ഞെട്ടിക്കുന്ന വാർത്ത പുറത്തുവിടുന്നു. ഭൂമിയിൽ നിന്ന് അധികം ദൂരെയല്ലാതെ ഈ പ്രപഞ്ചത്തിൽ ജീവൻ തുടിക്കുന്നുണ്ടാകും. സൗരയൂഥത്തിൽ ഭൂമിക്കൊപ്പം സൂര്യനെ വലംവയ്ക്കുന്ന ശനിയുടെ അസംഖ്യം ഉപഗ്രഹങ്ങളിൽ ഒന്നായ എൻസൈലദൂസിൽ ജീവൻ നിലനിൽക്കുന്നതിന് ആവശ്യമായ എല്ലാ ഘടകങ്ങളും കണ്ടെത്തി. ശനിയുടെ ഈ ഉപഗ്രഹത്തിന്റെ വിള്ളലുകളിൽ ഒന്നിൽ ഉറപ്പായും ജീവൻ പിറവിയെടുത്തിരിക്കാം എന്നാണ് നാസയുടെ പര്യവേഷണ പേടകം കണ്ടെത്തിയിട്ടുള്ളത്.

ഭൂമിയിലേതിനു സമാനമായി ജീവൻ നിലനിർത്താനാവശ്യമായ എല്ലാ ഘടകങ്ങളും എൻസൈലദുസിലും ഉണ്ടെന്നതിന്റെ തെളിവുകൾ നാസയുടെ പേടകം 'കാസിനി'യുടെ കണ്ടെത്തലായി ശാസ്ത്രലോകത്തിന് മുന്നിൽ അവതരിപ്പിച്ചിരിക്കുകയാണ്. അടുത്തകാലത്തെ ഏറ്റവുംവലിയ കണ്ടുപിടിത്തങ്ങളിൽ ഒന്നെന്ന നിലയിലാണ് നാസയുടെ ഈ വിജയത്തെ വിലയിരുത്തുന്നത്. അതോടൊപ്പം ശനിയേയും അതിന്റെ ഉപഗ്രഹങ്ങളേയും കേന്ദ്രീകരിച്ച് ഭാവിയിൽ വലിയ പഠനത്തിനും പര്യവേഷണത്തിനും സാധ്യതകളും തുറന്നിടുന്നു.

എൻസൈലദുസ് എന്ന ഉപഗ്രഹത്തിലെ വിള്ളലുകളിൽ നിന്നാണു ജീവൻ നിലനിർത്താൻ വേണ്ട എല്ലാ ഘടകങ്ങളും ശരിയായ അളവിൽ നിലനിൽക്കുന്നു എന്നാണ് പര്യവേഷണത്തിൽ വ്യക്തമായിട്ടുള്ളത്. മഞ്ഞുപാളികൾ നിറഞ്ഞതാണ് എൻസൈലദുസിന്റെ ഉപരിതലം. ഇതിനു താഴെ വിശാലമായ ഒരു സമുദ്രം ഒളിഞ്ഞിരിപ്പുണ്ടെന്നതിന്റെ തെളിവ് നേരത്തേ ലഭിച്ചിരുന്നു. ഇതോടെ തന്നെ ഇതിനടിയിൽ ഗർത്തങ്ങളിലോ വിള്ളലുകളിലോ ജീവൻ ഇതിനകം തന്നെ പിറവിയെടുത്തിട്ടുണ്ടോ എന്ന നിലയിൽ ഗവേഷണം മുന്നോട്ടുപോയി.

സമുദ്രത്തിന്നടിയിൽ നിന്നു രാസപ്രക്രിയകളിലൂടെ വൻതോതിൽ വാതകങ്ങൾ പുറന്തള്ളപ്പെടുന്നതായി കണ്ടെത്തിയതോടെ കൂടുതൽ പ്രതീക്ഷയായി. ജീവിവർഗങ്ങൾ ഉണ്ടെങ്കിൽ ഉണ്ടാകാവുന്ന തരത്തിൽ മീഥെയ്ൻ, ഹൈഡ്രജൻ തുടങ്ങിയ വാതകങ്ങൾ പുറത്തുവരുന്നതായി കണ്ടതോടെയാണ് ഏറെക്കുറെ ജീവനുണ്ടെന്ന നിലയിൽ സ്ഥിരീകരണം നടക്കുന്നത്. മഞ്ഞുപാളികളിലെ വിള്ളലുകളിലൂടെ പുറത്തേക്കു വന്നു കൊണ്ടിരുന്ന ഈ വാതകങ്ങളിൽ നിന്നാണ് 'കാസിനി' സാംപിളുകൾ ശേഖരിച്ചത്.

ശനിയെക്കുറിച്ച് പഠിക്കാനാണ് കാസിനി വിക്ഷേപിക്കപ്പെട്ടതെങ്കിലും ആ ഗ്രഹത്തെ വലയംവയ്ക്കുന്നതിനിടെ അതിനെ ചുറ്റുന്ന ഉപഗ്രഹങ്ങളുടെ സമീപത്തുകൂടെയും ഈ പര്യവേഷണ വാഹനം കടന്നുപോയിരുന്നു. അതിനിടെയാണ് എൻസൈലദുസിന്റെ മഞ്ഞുമൂടിക്കിടക്കുന്ന പ്രതലവും അതിന്റെയുള്ളിലെ സാധ്യതയും ശാസ്ത്രജ്ഞരുടെ ശ്രദ്ധയിൽപ്പെടുന്നത്.

എൻസൈലദുസിന്റെ പ്രതലത്തിലെ വാതക സാംപിളുകളും ഐസുമെല്ലാം ശേഖരിച്ചു വിശകലനം ചെയ്തിരുന്നു. മാസങ്ങളോളം ശേഖരിച്ച ഡാറ്റയും കാസിനി ശനിയിലേക്ക് ഇടിച്ചിറങ്ങി പ്രവർത്തനം നിലയ്ക്കുന്നതിനു തൊട്ടുമുൻപായി ഭൂമിയിലേക്ക് അയച്ചു. 1997ൽ അയച്ച പേടകം കഴിഞ്ഞവർഷം പ്രവർത്തനം അവസാനിപ്പിക്കുകയും ചെയ്തു. ഇതിനകം തന്നെ വിലപ്പെട്ട നിരവധി വിവരങ്ങൾ കാസിനി നൽകി.

ഇതിന്റെ അപഗ്രഥനം പൂർത്തിയായതോടെയാണ് ശനിയുടെ എൻസൈലദുസ് എന്ന ഉപഗ്രഹത്തിൽ ജീവന്റെ തുടിപ്പ് ഉറപ്പായും ഉണ്ടാകാമെന്നുള്ള നിഗമനത്തിലേക്ക് ശാസ്ത്രജ്ഞർ എത്തുന്നത്. നാസയുടെ രാജ്യാന്തര ശാസ്ത്രസംഘമാണ് അന്തിമമായി ഇത്തരമൊരു നിഗമനത്തിലേക്ക് എത്തിയത്. ഡേറ്റ പഠന വിധേയമാക്കിയ സംഘം എൻസൈലദുസിന്റെ എ്റ്റവും പ്രധാന ഭാഗത്തുതന്നെ കാർബൺ സമ്പുഷ്ടമായ വസ്തുക്കൾ ഉൽപാദിപ്പിക്കപ്പെടുന്നു എന്ന് കണ്ടെത്തുകയായിരുന്നു. 'ശരിക്കും ഞെട്ടിച്ച കണ്ടെത്തൽ' എന്നാണ് ഗവേഷകർ ഇതിനെ വിശേഷിപ്പിച്ചത്. ജീവൻ നിലനിർത്താനാവശ്യമായ അടിസ്ഥാന ജൈവ വസ്തുക്കൾ ആണ് ഏൻസൈലദുസിന്റെ ഹൃദയഭാഗത്തുനിന്നുതന്നെ ഉത്പാദിപ്പിക്കപ്പെടുന്നത് എന്ന് വാതകങ്ങളും സാക്ഷ്യപ്പെടുത്തുന്നതായി ഗവേഷണത്തിനു നേതൃത്വം നൽകിയ ഡോ.ഫ്രാങ്ക് പോസ്റ്റ്‌ബെർഗ് പറഞ്ഞു.

ജീവൻ പിറവിയെടുക്കുന്നതിനോ പിറവിയെടുത്തതിനോ സമാനമായ രാസപ്രക്രിയ എൻസൈലദുസിൽ നടക്കുന്നുണ്ടെന്ന് കൃത്യമായ വിവരം ലഭിച്ചതോടെയാണ് ഇക്കാര്യം ശാസ്ത്രജ്ഞർ വെളിപ്പെടുത്തുന്നത്. ആവർത്തിച്ച് പഠനവിധേയമാക്കി ഇക്കാര്യം ഉറപ്പിച്ച ശേഷം 'നേച്ചർ' ജേണലിലാണ് ഇതു സംബന്ധിച്ച പഠനം പ്രസിദ്ധീകരിച്ചിരിക്കുന്നത്. കൃത്യമായ സൂചന നൽകിയതോടെയാണ് ഇക്കാര്യം വെളിപ്പെടുത്താൻ ശാസ്ത്രജ്ഞർ തീരുമാനിച്ചത്. ജീവന്റെ സാന്നിധ്യം ഉണ്ടാകാമെന്ന് അടുത്തിടെവരെ ശക്തമായ സാഹചര്യങ്ങളും സൂചനകളും ലഭിച്ചത് ചൊവ്വയിൽ നിന്നായിരുന്നു. ഇവിടെനിന്ന് ലഭിച്ച തെളിവുകളേക്കാൾ ജീവസാന്നിധ്യത്തിന് ഏറെ അടുത്ത് എത്തി പര്യവേഷണം എന്ന് വ്യക്തമാക്കുന്നതാണ് എൻസൈലദുസിൽ നിന്ന് ലഭിച്ച വിവരങ്ങളെന്നാണ് ഇപ്പോൾ ശാസ്ത്രലോകത്തിന്റെ വിലയിരുത്തൽ.

Stories you may Like

കമന്റ് ബോക്‌സില്‍ വരുന്ന അഭിപ്രായങ്ങള്‍ മറുനാടന്‍ മലയാളിയുടേത് അല്ല. മാന്യമായ ഭാഷയില്‍ വിയോജിക്കാനും തെറ്റുകള്‍ ചൂണ്ടി കാട്ടാനും അനുവദിക്കുമ്പോഴും മറുനാടനെ മനഃപൂര്‍വ്വം അധിക്ഷേപിക്കാന്‍ ശ്രമിക്കുന്നവരെയും അശ്ലീലം ഉപയോഗിക്കുന്നവരെയും മറ്റു മലയാളം ഓണ്‍ലൈന്‍ ലിങ്കുകള്‍ പോസ്റ്റ് ചെയ്യുന്നവരെയും മതവൈരം തീര്‍ക്കുന്നവരെയും മുന്നറിയിപ്പ് ഇല്ലാതെ ബ്ലോക്ക് ചെയ്യുന്നതാണ് - എഡിറ്റര്‍

More News in this category+

MNM Recommends +

Go to TOP