Forex Rate:

1 usd = 76.25 inr 1 gbp = 94.16 inr 1 eur = 85.23 inr 1 aed = 20.76 inr 1 sar = 20.32 inr 1 kwd = 247.66 inr
Apr / 202425Thursday

ഞങ്ങൾ ബോണോബോ ചിമ്പാൻസികളിൽ പെണ്ണുങ്ങൾക്ക് പരസ്പരം സഹകരിച്ച് ആണുങ്ങളുടെ ആധിപത്യം അടിച്ചമർത്താമെങ്കിൽ; അതിലും ബുദ്ധിയും സംസാരശേഷിയുള്ള മനുഷ്യപ്പെണ്ണുങ്ങൾക്ക് എന്തുകൊണ്ട് അത് സാധിക്കില്ല; ശരിക്കും ഗുഹാമനുഷ്യപ്പെണ്ണുങ്ങൾ ആണുങ്ങളുടെ കീഴിൽ തന്നെയായിരുന്നോ; ആർത്തവസമരക്കാരോട് ചിമ്പാൻസികൾക്ക് പറയാനുള്ളത്; ദിലീപ് മമ്പള്ളിൽ എഴുതുന്നു

ഞങ്ങൾ ബോണോബോ ചിമ്പാൻസികളിൽ പെണ്ണുങ്ങൾക്ക് പരസ്പരം സഹകരിച്ച് ആണുങ്ങളുടെ ആധിപത്യം അടിച്ചമർത്താമെങ്കിൽ; അതിലും ബുദ്ധിയും സംസാരശേഷിയുള്ള മനുഷ്യപ്പെണ്ണുങ്ങൾക്ക് എന്തുകൊണ്ട് അത് സാധിക്കില്ല; ശരിക്കും ഗുഹാമനുഷ്യപ്പെണ്ണുങ്ങൾ ആണുങ്ങളുടെ കീഴിൽ തന്നെയായിരുന്നോ; ആർത്തവസമരക്കാരോട് ചിമ്പാൻസികൾക്ക് പറയാനുള്ളത്; ദിലീപ് മമ്പള്ളിൽ എഴുതുന്നു

ഡോ. ദിലീപ് മമ്പള്ളിൽ

ങ്ങൾ ചിമ്പാൻസികൾ രണ്ടുതരമുണ്ട്. സാധാരണ ചിമ്പാൻസികളും (pan troglodyte) കുള്ളൻ ചിമ്പാൻസികൾ എന്ന് നിങ്ങൾ വിളിക്കുന്ന ബോണോബോകളും (ുമി ുമിശരൗ)െ. രണ്ടും 'പാൻ' എന്ന ജെനുസ്സിൽ പെടുന്നവയാണ്. നിങ്ങൾ മനുഷ്യർ 'ഹോമോ' എന്ന ജെനുസിൽ പെട്ടിരിക്കുന്നത് പോലെ. സദാ ചിമ്പാൻസികളും ബോണോബോകളും രണ്ടു വർഗ്ഗങ്ങൾ ആയതിനാൽ തമ്മിൽ ചില കാര്യമായ വ്യത്യാസങ്ങളുണ്ട്.

നിങ്ങൾ മനുഷ്യരെപോലെ തന്നെ ഞങ്ങൾ ചിമ്പാൻസികൾക്കും അവരുടെ സാമൂഹ്യവ്യവസ്ഥകളും നിയമങ്ങളുമുണ്ട്. സാദാ ചിമ്പാൻസികൾ പുരുഷാധിപത്യം ഉള്ളവയാണ്. ആണുങ്ങളാണ് അവിടെ കാര്യങ്ങൾ തീരുമാനിക്കുന്നത്. കൃത്യമായി പറഞ്ഞാൽ ഓരോ ചിമ്പാൻസി കൂട്ടത്തിലും ഒരു പുരുഷ നേതാവ് (alpha male) ഉണ്ടാകും. പുള്ളിയാണ് കാര്യങ്ങൾ തീരുമാനിക്കുന്നത്. പെണ്ണുങ്ങളെ പ്രാപിക്കാനുള്ള അവകാശവും അധികാരവും പുള്ളിക്കാരനാണ്. ഏതെങ്കിലും പയ്യന്മാർ ഇതിനെതിരായി പ്രവർത്തിച്ചാൽ നല്ല അടിയും കിട്ടും. ഈ നേതാവിനെ പിന്തുണയ്ക്കുന്ന ആണുങ്ങളും പെണ്ണുങ്ങളും ആ കൂട്ടത്തിൽ ഉണ്ടാകും. അങ്ങനെ ഭൂരിപക്ഷത്തെ തന്റെ കീഴിൽ നിർത്തി ഈ ആൺചിമ്പാൻസി വിലസും.

ബോണോബോകളുടെ കാര്യങ്ങൾ നേരെ തിരിച്ചാണ്. അവിടെ പെണ്ണുങ്ങൾക്കാണ് ആധിപത്യം. പെണ്ണ് ഭരിക്കുന്ന കൂട്ടങ്ങളാണവരുടെത്. ശാരീരിക ശക്തിയുടെ കാര്യത്തിൽ ആണുങ്ങൾ ഒരുപടി മുൻപിൽ ആയിരിക്കാം. പക്ഷെ പെണ്ണുങ്ങളുടെ നേരെയുള്ള ഗുസ്തികളി പരിധി വിട്ടാൽ ഞങ്ങടെ പെണ്ണുങ്ങൾ കൂട്ടം ചേർന്ന് ആ ആണിനെ തല്ലിയോടിക്കും.

എന്തുകൊണ്ടാണ് ബോണോബോകൾ പെണ്ണുങ്ങൾക്ക് പ്രാധാന്യമുള്ള വർഗമായത്?

അതിനു ഞങ്ങളുടെ ചരിത്രം ഒരല്പം പറയണം. ഏകദേശം പത്ത് ലക്ഷം വർഷങ്ങൾ മുൻപാണ് ബോണോബോകൾ പരിണമിച്ചുവരുന്നത്. ഇതിനു കാരണമായി പറയുന്നത് കോംഗോ നദി രൂപപ്പെട്ടതുമായി ബന്ധപ്പെട്ടതാണ്. നദിയുടെ അക്കരെയുള്ള ചിമ്പാൻസികൾക്ക് ഭക്ഷണത്തിനു വേണ്ടി ആ ഭാഗത്തുണ്ടായിരുന്ന ഗോറില്ലകളുമായി മത്സരിക്കേണ്ടിവന്നു. അവിടെ ഭക്ഷണത്തിന്റെ ലഭ്യതക്കുറവുണ്ടായിരുന്നു. തന്മൂലം, കൂടുതൽ അക്രമകാരികളായവർക്ക് കൂടുതൽ ഭക്ഷണം ലഭിച്ചു. ഇത്തരം ആണുങ്ങളെ പെൺ ചിമ്പാൻസികൾക്ക് ആശ്രയിക്കേണ്ടിവന്നു. അങ്ങനെ ഇന്നത്തെ ചിമ്പാൻസികൾ പുരുഷാധിപത്യമുള്ള അക്രമകാരികളായവർ മാറി.

എന്നാൽ കോംഗോ നദിക്കിപ്പുറം കാര്യങ്ങൾ വ്യത്യസ്തമായിരുന്നു. അവിടെ ആവശ്യത്തിന് ഭക്ഷണം ലഭ്യമായിരുന്നു. ഭക്ഷണത്തിനു വേണ്ടി ആണുങ്ങളെ ആശ്രയിക്കേണ്ട ആവശ്യം അവിടുത്തെ ഞങ്ങളുടെ പൂർവ്വികർക്ക് ഇല്ലായിരുന്നു. മാത്രമല്ല, പെണ്ണുങ്ങൾ കൂട്ടമായി ആണുങ്ങളുടെ തോന്ന്യവാസങ്ങൾക്കെതിരെ പ്രതികരിച്ചു. ആണുങ്ങൾ അടികൂടി നടന്നപ്പോൾ പെണ്ണുങ്ങൾ പരസ്പരം, ചൊറിഞ്ഞുകൊടുത്തും സഹായിച്ചും അവർക്കിടയിൽ നല്ല സോഷ്യൽ ബന്ധങ്ങൾ ഉണ്ടാക്കി. തങ്ങളുടെ വരുതിക്ക് നിൽക്കുന്ന ആണുങ്ങൾക്കെ പെണ്ണ് കിട്ടിയിരുന്നുള്ളൂ. അക്രമകാരികളായ ആണുങ്ങൾക്ക് പെണ്ണുകിട്ടില്ല. അങ്ങനെ പെണ്ണിനോട് ബഹുമാനത്തോടെ പെരുമാറുന്ന ബോണോബോ ജീനുകൾ കൈമാറിവന്നു.

സ്വന്തം കഥ മതിയാക്കി, ആർത്തവ സമരക്കാരോട് പറയാനുള്ളത് പറയൂ..

തിരക്കാക്കണ്ട. മേല്ലയെ പറയാനൊക്കൂ.

നിങ്ങൾ മനുഷ്യരിൽ ചില സമൂഹങ്ങളിൽ നിങ്ങളുടെ സ്ത്രീകൾക്ക് പുരുഷനോടൊപ്പം ബഹുമാനം ലഭിക്കുന്നുണ്ടെങ്കിലും മറ്റു ചില സമൂഹങ്ങളിൽ അവൾ പുരുഷന്റെ ലൈംഗികോപകരണം മാത്രമാണ്.

സ്ത്രീയെ ബഹുമാനിക്കുന്ന ഇന്നത്തെ ആധുനീക സമൂഹങ്ങൾ നിലവിലിരിക്കുന്ന സ്ഥലങ്ങളിൽ പോലും ഒരുകാലത്ത് സ്ത്രീകൾ പുരുഷന്റെ താഴെ മാത്രമായിരുന്നു. ഒരുപക്ഷെ നിങ്ങൾ മനുഷ്യൻ അങ്ങനെയാണ് പരിണമിച്ചുവന്നത്. കാട്ടിൽ ജീവിച്ചിരുന്ന ഗുഹാമനുഷ്യരിലും സ്ത്രീകൾക്ക് പുരുഷനെ ആശ്രയിക്കേണ്ടിവന്നു. പ്രത്യേകിച്ചും ഗർഭിണിയായി, പ്രസവിച്ചു കുഞ്ഞിനെ വളർത്തണമെങ്കിൽ പെണ്ണുങ്ങൾക്ക് ആണുങ്ങളെ ആശ്രയിക്കേണ്ടിവന്നു. ഇങ്ങനെ ആശ്രയിച്ചപ്പോൾ ആണിനെ അനുസരിക്കേണ്ടിവന്നു. ആണിനെ അനുസരിച്ച ജീനുകൾ പടർന്നു.

പക്ഷെ ഈ മുകളിൽ പറഞ്ഞത് പൂർണ്ണമായും ശരിയാണോ എന്ന് പറയാൻ കഴിയില്ല. ഞങ്ങൾ ബോണോബോ ചിമ്പാൻസികളിൽ പെണ്ണുങ്ങൾക്ക് പരസ്പരം സഹകരിച്ച്, ആണുങ്ങളുടെ ആധിപത്യം അടിച്ചമർത്താമെങ്കിൽ അതിലും ബുദ്ധിയുള്ള, സംസാരശേഷിയുള്ള, മനുഷ്യപ്പെണ്ണുങ്ങൾക്ക് എന്തുകൊണ്ട് അത് സാധിക്കില്ല? ശരിക്കും ഗുഹാമനുഷ്യപ്പെണ്ണുങ്ങൾ ആണുങ്ങളുടെ കീഴിൽ തന്നെയായിരുന്നോ?

ആദ്യകാല മനുഷ്യസംസ്‌കാരങ്ങളിൽ നിങ്ങൾ ഉണ്ടാക്കിയ ദൈവങ്ങൾ എന്ന ആളുകൾ (ഇവർ ആരാണെന്നും എന്തിനാണെന്നും ഞങ്ങൾക്ക് അത്ര പിടിയില്ല) മിക്കവാറും സ്ത്രീകൾ ആയിരുന്നു. ആ ഒരു ലൈനിൽ നോക്കിയാൽ നിങ്ങളുടെ സ്ത്രീകൾ അന്ന് സാമൂഹികപരമായി തീർത്തും പുരുഷന് താഴെ ആയിരുന്നിരിക്കാൻ വഴിയില്ല. ദൈവങ്ങളും, അവരുടെ നിയമങ്ങളും മാറിമറിഞ്ഞപ്പോൾ യുദ്ധങ്ങളും യുദ്ധക്കൊതിയന്മാരും ഉണ്ടായപ്പോൾ, സാമൂഹ്യവ്യവസ്ഥകളും നിയമങ്ങളും, മതത്തെ അടിസ്ഥാനപ്പെടുത്തി ആയപ്പോൾ സ്ത്രീയുടെ സ്ഥാനം മെല്ലെ മെല്ലെ താഴേക്ക് പോയി.

പക്ഷെ, ഇതോന്നും ആധുനീക സമൂഹത്തിൽ നിങ്ങളുടെ സ്ത്രീകൾ എന്തുകൊണ്ട് സംഘടിച്ച് ഈ വ്യവസ്ഥകൾ മാറ്റിയില്ല എന്നതിന് ഉത്തരമല്ല. ഞങ്ങൾ ബോണോബോ ചിമ്പാൻസികൾക്ക് സാധിക്കുമെങ്കിൽ ഞങ്ങളെക്കാൾ ബുദ്ധിയും യുക്തിയും ഉണ്ടെന്ന് കരുതുന്ന നിങ്ങൾക്കും അത് സാധിക്കെണ്ടതല്ലേ? പക്ഷെ ഒന്നും നടന്നില്ല. എന്തുകൊണ്ട്?

ബോണോബോകളുടെ സ്വഭാവം ജനിതകമായ പ്രേരണകൊണ്ട് (instinct) നിശ്ചയിക്കപ്പെടുന്നതാണ്. എന്നാൽ മനുഷ്യരിൽ സാമൂഹികമായ സ്വഭാവങ്ങൾ ഭാവനകളിൽ അടിസ്ഥാനപ്പെടുത്തിയാണ്. നിങ്ങൾ സംസ്‌കാരം (culture) എന്ന കൃത്രിമ 'instinct' കൂടി ഉണ്ടാക്കി. അത് വളരെ ശക്തവുമാണ്. അതിനനുസരിച്ച് നിങ്ങൾ നിയമങ്ങളും ഉണ്ടാക്കി.

തങ്ങൾ പറയുന്നത് അനുസരിച്ച് ജീവിച്ചാൽ മരിച്ചു സ്വർഗ്ഗത്തിൽ ചെല്ലുമ്പോൾ ചുള്ളന്മാരായ 72 ബോണോബോ പയ്യന്മാരെ തരാം എന്നൊന്നും പറഞ്ഞാൽ ഞങ്ങടെ ഒരു പെണ്ണുങ്ങളും അത് വിശ്വസിക്കില്ല.എന്നാൽ ഭാവനകളും കെട്ടുകഥകളും മനുഷ്യനെ മറ്റൊരു തലത്തിലേക്ക് നയിക്കുന്നു. നിങ്ങള്ക്ക് സ്ത്രീകളെ ഈ കഥകളുടെ അടിസ്ഥാനത്തിൽ സാമൂഹികമായി പിന്തള്ളാൻ നമുക്ക് കഴിയുന്നു. എന്നുമാത്രമല്ല, സ്ത്രീകളെക്കൊണ്ട് തന്നെ തങ്ങൾ പുരുഷന്റെ കീഴിലാണ് എന്ന് പറയിപ്പിക്കാൻ വരെ ഭാവനകൾക്ക് കഴിയും. നിങ്ങളുടെ മസ്തിഷ്‌കം ഒരു വല്ലാത്ത സംഗതി തന്നെ!

നിങ്ങളുടെ സ്ത്രീകളുടെ ശരീരത്തിൽ സംഭവിക്കുന്ന ആർത്തവമെന്ന ജൈവീകമായ പ്രക്രീയ അശുദ്ധമാണെന്ന് വിശ്വസിക്കുന്നതും അതിനാൽ അവർക്ക് പുരുഷന് തുല്യമായ അവകാശങ്ങൾ നിഷേധിക്കുന്നതും എത്ര അസംബന്ധമാണ്.

സ്വയം അശുദ്ധരാണെന്നും അങ്ങനെ തന്നെ സമൂഹം കരുതണമെന്നും പറഞ്ഞ് തെരുവിൽ ഇറങ്ങി സമരം എന്ന നിങ്ങളുടെ പരിപാടി ചെയ്ത നിങ്ങളുടെ സ്ത്രീകളെയും സമ്മതിക്കണം. നിങ്ങൾ മനുഷ്യനെ സംബന്ധിച്ച് ഇതൊന്നും അത്ര വിചിത്രമല്ല. ഇതിലും വലുത് നിങ്ങളുടെ പെണ്ണുങ്ങൾ ചെയ്തിട്ടില്ലേ. തീയിൽ ചാടാൻ അനുവദിക്കണമെന്നും ആവശ്യപ്പെട്ട് പണ്ട് നിങ്ങൾ സമരം ചെയ്ത കാര്യം ബോണോബോ അമ്മൂമ്മമാർ പറഞ്ഞുകേട്ടിട്ടുണ്ട്.

നിങ്ങൾ ഉണ്ടാക്കിയ കഥകൾ സത്യമാണെന്ന് നിങ്ങൾ തന്നെ വിശ്വസിക്കുന്നതുമാണ് പ്രശ്നം. നിങ്ങളുടെ മസ്തിഷ്‌കം നിങ്ങളെ തന്നെ പറ്റിക്കുന്നു. കെട്ടുകഥകളിൽ വിശ്വസിക്കുന്നതിനാൽ മനുഷ്യപ്പെണ്ണുങ്ങൾക്ക് തങ്ങൾ പുരുഷനോടോപ്പോം സ്ഥാനമുണ്ട് എന്നത് വിശ്വസിക്കാൻ പ്രയാസമുള്ള കാര്യമാണ്. ഞങ്ങൾ ബോണോബോകളെപ്പോലെ സംഘടിക്കാനും സ്വന്തം അവകാശങ്ങൾക്ക് വേണ്ടി പ്രവർത്തിക്കാനും നിങ്ങള്ക്ക് അതുകൊണ്ട് സാധിക്കില്ല.

ഞങ്ങൾ ചിമ്പാൻസികൾക്ക് ഇതൊക്കെ തീർത്തും വിചിത്രമാണ്. നിങ്ങളെ സമ്മതിക്കുന്നു. ഇതൊക്കെ എങ്ങനെ സാധിക്കുന്നു.

പ്രേരണ (Sapiens, Yuval Harari)

( ഗവേഷകനും എഴുത്തുകാരനും പ്രഭാഷകനുമായ ദിലീപ് മമ്പള്ളിൽ ഫേസ്‌ബുക്കിൽ കുറിച്ചത്)

Stories you may Like

കമന്റ് ബോക്‌സില്‍ വരുന്ന അഭിപ്രായങ്ങള്‍ മറുനാടന്‍ മലയാളിയുടേത് അല്ല. മാന്യമായ ഭാഷയില്‍ വിയോജിക്കാനും തെറ്റുകള്‍ ചൂണ്ടി കാട്ടാനും അനുവദിക്കുമ്പോഴും മറുനാടനെ മനഃപൂര്‍വ്വം അധിക്ഷേപിക്കാന്‍ ശ്രമിക്കുന്നവരെയും അശ്ലീലം ഉപയോഗിക്കുന്നവരെയും മറ്റു മലയാളം ഓണ്‍ലൈന്‍ ലിങ്കുകള്‍ പോസ്റ്റ് ചെയ്യുന്നവരെയും മതവൈരം തീര്‍ക്കുന്നവരെയും മുന്നറിയിപ്പ് ഇല്ലാതെ ബ്ലോക്ക് ചെയ്യുന്നതാണ് - എഡിറ്റര്‍

More News in this category+

MNM Recommends +

Go to TOP