Forex Rate:

1 usd = 76.25 inr 1 gbp = 94.16 inr 1 eur = 85.23 inr 1 aed = 20.76 inr 1 sar = 20.32 inr 1 kwd = 247.66 inr
Apr / 202423Tuesday

മനസ്സറിയും യന്ത്രം യാഥാർത്ഥ്യമാകുന്നു; ചരിത്രത്തിലെ ആദ്യത്തെ ടെലിപ്പതി സംഭാഷണത്തിൽ കേരളവും! വിസ്മയത്തിന്റെ ഇതൾ വിരിഞ്ഞത് ഇങ്ങനെ

മനസ്സറിയും യന്ത്രം യാഥാർത്ഥ്യമാകുന്നു; ചരിത്രത്തിലെ ആദ്യത്തെ ടെലിപ്പതി സംഭാഷണത്തിൽ കേരളവും! വിസ്മയത്തിന്റെ ഇതൾ വിരിഞ്ഞത് ഇങ്ങനെ

റുത്ത തുണിയാൽ കണ്ണുകെട്ടി, ഇയർ പ്ലഗ്ഗുകളുടെ സഹായത്തോടെ ചെവികളിറുക്കിയടച്ച്, ഇറ്റാലിയൻ ഗവേഷകനായ ഡോ. മൈക്കിൾ ബെർഗ്, വടക്കുകിഴക്കൻ ഫ്രാൻസിലെ സ്ട്രാസ്‌ബർഗ് സർവ്വകലാശാലയുടെ നൂതന ലബോറട്ടറിക്കുള്ളിൽ ഇരുന്ന് മനസ്സ് ഏകാഗ്രമാക്കി ചിന്തിക്കാൻ തുടങ്ങി. അതേ സമയം തന്നെ ഏതാണ്ട് അയ്യായിരം കിലോമീറ്ററുകൾക്കിപ്പുറം, കേരളത്തിൽ ഒരു ഗവേഷണ സ്ഥാപനത്തിലിരുന്ന് ഒരു സ്പാനീഷ് ഗവേഷകൻ ഡോ. അലെജാൻഡ്രോ റിയേറയും ഒരു വെളുത്ത മേശപ്പുറത്ത് ലാപ്‌ടോപ് തുറന്ന്, തന്റെ ഇറുക്കമുള്ള തൊപ്പി ഒന്നനക്കിവച്ച് ചിന്തിക്കാൻ തുടങ്ങി. ബഹുകാതങ്ങളുടെ ദൂരത്തിൽ രണ്ടുവ്യക്തികൾ. രണ്ടുപേരും മറ്റൊന്നുമാലോചിക്കാതെ ഏകാഗ്രമായ ധ്യാനചിന്തയിൽ. പഞ്ചേന്ദ്രിയങ്ങളുടെ സഹായമില്ലാതെ, ബാഹ്യ ഇടപെടലുകളില്ലാതെ ഓരോ ചെറുസന്ദേശങ്ങൾ പരസ്പരം അയയ്ക്കാനും സ്വീകരിക്കാനും കഴിയുമോ എന്നായിരുന്നു, രണ്ടു ഭൂഖണ്ഡങ്ങളിലിരുന്ന് ഈ ഗവേഷകർ പരീക്ഷിച്ചത്. കഴിഞ്ഞ മാർച്ച് 28നായിരുന്നു, സയൻസ് ഫിക്ഷൻ പുസ്തകങ്ങളിൽ മാത്രം വായിച്ചു പരിചയിച്ച ഈ പരീക്ഷണം. മനസ്സിൽ നിന്നു മനസ്സിലേക്ക് നേരിട്ട് സന്ദേശം കൈമാറാനുള്ള ശ്രമം: ടെലിപ്പതി!

രഹസ്യാത്മകമായിട്ടായിരുന്നു, ഈ ചിന്താപരീക്ഷണം നടന്നത്. ഡോ. ബെർഗും ഡോ. റിയെറയും അടക്കം ഒരു ഡസൻ ഗവേഷകർ മാത്രമാണ് ഈ പരീക്ഷണത്തിൽ പങ്കെടുത്തത്. എന്നാൽ PLOS ONE എന്ന ഓൺലൈൻ അക്കാദമിക് ജേണലിൽ ഈ പരീക്ഷണത്തെ കുറിച്ച് വിശദമായ പിയർ റിവ്യൂവ്ഡ് ശാസ്ത്രപ്രബന്ധം പ്രസിദ്ധീകരിച്ചതോടെയാണ്, ലോകം ഞെട്ടിയത്. റിപ്പോർട്ട് നീണ്ടതും മുഷിപ്പനുമാണ്. എന്നാൽ സാധാരണക്കാരനെ സംബന്ധിച്ചിടത്തോളം അതിലെ പ്രധാന വിവരം, ഇരുവർക്കും തങ്ങളുടെ തലച്ചോറുകളിൽ നടന്ന ആലോചനകളെ പരസ്പരം കൈമാറാനായി എന്നതുതന്നെയാണ്. അതായത്, ശാസ്ത്രീയമായി ഡോക്യുമെന്റ് ചെയ്ത ആദ്യ ടെലിപ്പതിക് സംഭാഷണമാണ്, ഇരുവർക്കുമിടയിൽ നടന്നത്. സ്പാനീഷ് ഗവേഷകൻ കേരളത്തിൽ ഇരുന്ന് "ഹോല" (ഹലോ) എന്നും ഇറ്റാലിയൻ ഗവേഷകൻ ഫ്രാൻസിൽ ഇരുന്ന് സിയാവോ (ഗുഡ്ബൈ) എന്നും മാത്രമാണ് പരസ്പരം പറഞ്ഞത്. തിരുവനന്തപുരത്തായിരുന്നു, ഡോ. അലെജാൻഡ്രോ റിയേറ എന്നാണ് സ്ഥിരീകരിക്കാത്ത വിവരം.

സന്ദേശം ഹ്രസ്വമായിരുന്നെങ്കിലും അതിന്റെ ചരിത്രപരമായ പ്രാധാന്യം വളരെയേറെയാണെന്നാണ് ഗവേഷകരുടെ മതം. കാഴ്ച, സ്പർശം, ശബ്ദം, രുചി, ഗന്ധം എന്നിവയുടെ സഹായമില്ലാതെ രണ്ടുവ്യക്തികൾക്കിടയിൽ മാനസിക സന്ദേശങ്ങൾ അയയ്ക്കാൻ സാധ്യമാണെന്ന് തങ്ങൾ കാട്ടിയതായി ഡോ. ബെർഗ് അവകാശപ്പെടുന്നു. ഇത് മനുഷ്യവംശത്തിന്റെ സംസ്കാരത്തിൽ തന്നെ വലിയ മുന്നേറ്റങ്ങളുണ്ടാക്കുമെന്നും അവർ പറയുന്നു.

ടെലിപ്പതിയുടെ സാധ്യതകൾ അനന്തമാണ്. മസ്തിഷ്കാഘാതം ബാധിച്ചവരെയും സുഷുമ്നാ നാഡിക്കേറ്റ പരിക്കുമൂലം അരക്കെട്ടിനു താഴെ തളർന്നുപോയവരെയും "ലോക്ക്ഡ് - ഇൻ- സിൻഡ്രോം" ന് അടിപ്പെട്ടവരെയും ഒക്കെ സഹായിക്കാനും അവർക്ക് സംസാരശേഷിയും ചലനശേഷിയും വീണ്ടെടുക്കാനും ഒക്കെ ഇതിലൂടെ കഴിഞ്ഞേക്കുമെന്നാണ് അവരുടെ നിഗമനങ്ങൾ. മറ്റൊരാളുടെ മസ്തിഷ്കമുപയോഗിച്ച് കൈമാറുന്ന നിർദ്ദേശങ്ങൾ ഈ വ്യക്തികളിലേക്കോ അല്ലെങ്കിൽ അവർക്ക് നൽകുന്ന കൃത്രിമ അവയവങ്ങളിലേക്കോ അയയ്ക്കാനും അതനുസരിച്ച് പ്രവർത്തനങ്ങൾ ക്രമീകരിക്കാനുമാവും എന്നാണ് കരുതുന്നത്. കോമയിൽ കിടക്കുന്ന ഒരാൾക്ക് എന്താണ് വേണ്ടതെന്നറിയാനും ഈ മാർഗ്ഗം ഉപകാരപ്പെട്ടേക്കും. റേഡിയോയുടെയോ കൃത്രിമ ഉപഗ്രഹങ്ങളുടെയോ സഹായം കൂടാതെ യുദ്ധമുന്നണിയിലെ രണ്ടുഭടന്മാർക്കിടയിൽ സന്ദേശങ്ങൾ കൈമാറാനും ടെലിപ്പതി ഉപയോഗിക്കാം. ടെലിഫോണിന്റെ സഹായമില്ലാതെ ദൂരദേശങ്ങളിൽ താമസിക്കുന്ന കുടുംബാംഗങ്ങളുമായി കുടുംബത്തിലെ മറ്റുള്ളവർക്ക് സംഭാഷണം നടത്താം. ഓർവേലിയൻ ചിന്തകളുടെ ചുവടുപിടിച്ചുപോയാൽ, കുറ്റവാളികളാകാൻ സാധ്യതയുള്ളവരുടെ മനസ്സുവായിക്കാൻ പൊലീസിനു കഴിഞ്ഞേക്കാം. സാക്ഷികൾ ഉള്ളതാണ് പറയുന്നതെന്ന് കോടതിക്ക് ഉറപ്പാക്കാനായേക്കാം. മസ്തിഷ്കമരണം മാത്രം വൈകിക്കാൻ ഒരു മാർഗം കണ്ടെത്തിയാൽ മറ്റെല്ലാ അവയവങ്ങളും പ്രവർത്തനരഹിതമായി മരിച്ചെന്നു വിധിയെഴുതിയവരുമായിപ്പോലും സംസാരിക്കാൻ സാധിച്ചേക്കാം.

സ്റ്റാർലാബ് എന്ന സ്പാനീഷ് ഗവേഷണ സംഘടനയും ഹാർവാർഡ് സർവ്വകലാശാലയും ആക്സിലം എന്ന റോബോട്ടിക് സ്ഥാപനവും ചേർന്നാണ് പരീക്ഷണം നടത്തിയത്. മനുഷ്യർക്ക് സൈക്കിക് ശേഷി ഉണ്ടെന്നു തെളിയിക്കാൻ പരീക്ഷണത്തിനായിട്ടില്ല. എന്നാൽ മസ്തിഷ്കങ്ങൾ തമ്മിലുള്ള സംഭാഷണം എങ്ങനെ നടക്കാം എന്നാണ് പരീക്ഷിച്ചത്. ശക്തിയേറിയ കമ്പ്യൂട്ടറുകളുടെയും റോബോട്ടുകളുടെയും തലച്ചോറിലെ വൈദ്യുതതരംഗങ്ങൾ അളക്കുന്ന വട്ടത്തൊപ്പിയുടെയും സഹായത്തോടെയാണ് പരീക്ഷണം നടന്നത്.

സന്ദേശമയയ്ക്കുന്നയാൾ തലച്ചോറിലുള്ള നേരിയ വൈദ്യുതിതരംഗങ്ങൾ പിടിച്ചെടുക്കുന്ന ഇലക്ട്രോ എൻസിഫലോഗ്രാഫ് (ഇഇജി) തലയിൽ ധരിക്കുന്നു. ഇഇജി കമ്പ്യൂട്ടറുമായി ബന്ധിപ്പിച്ചിരിക്കും. ഇയാൾ ചിന്തയിൽ മുഴുകുമ്പോൾ തലച്ചോറിലുണ്ടാവുന്ന ഇലക്ട്രോണിക് തരംഗങ്ങൾ പിടിച്ചെടുത്ത് കമ്പ്യൂട്ടർ ഡിജിറ്റൽ ബൈനറികോഡിലേക്ക് സന്ദേശങ്ങൾ പരിഭാഷപ്പെടുത്തുന്നു. ഇന്റർനെറ്റ് വഴി ഈ സന്ദേശം സ്വീകർത്താവുള്ള സ്ഥലത്തേക്ക് അയയ്ക്കുന്നു. അവിടെ ഇലക്ട്രോണിക് സിഗ്നലുകൾ യന്ത്രസഹായത്തോടെ തിരിച്ച് സ്വീകർത്താവിന്റെ തലച്ചോറിലേക്ക് അയയ്ക്കുന്നു. ഇതായിരുന്നു, രീതി. ഡോ. ബെർഗും മറ്റു മൂന്നു ഗവേഷകരും ഒരു ഇരുട്ടുമുറിയിലായിരുന്നു. അവിടെയെത്തിയ സന്ദേശം അവരുടെ കാഴ്ചാഞരമ്പുകളെയാണ് ത്രസിപ്പിച്ചത്. അതുണ്ടാക്കിയ ഫ്ളാഷുകളിൽ നിന്ന് അരമണിക്കൂറിന്റെ പരിശ്രമത്തിനൊടുവിലാണ്, സന്ദേശം ഡീകോഡ് ചെയ്യാനും സാധിച്ചത്.

ഈ സാങ്കേതികവിദ്യ ഉപയോഗിച്ച് എന്തെങ്കിലും ഗുണപരമായി ചെയ്യണമെങ്കിൽ 20 വർഷമെങ്കിലും കാത്തിരിക്കണമെന്നാണ് ഡോ. ബെർഗ് പറയുന്നത്.

Stories you may Like

കമന്റ് ബോക്‌സില്‍ വരുന്ന അഭിപ്രായങ്ങള്‍ മറുനാടന്‍ മലയാളിയുടേത് അല്ല. മാന്യമായ ഭാഷയില്‍ വിയോജിക്കാനും തെറ്റുകള്‍ ചൂണ്ടി കാട്ടാനും അനുവദിക്കുമ്പോഴും മറുനാടനെ മനഃപൂര്‍വ്വം അധിക്ഷേപിക്കാന്‍ ശ്രമിക്കുന്നവരെയും അശ്ലീലം ഉപയോഗിക്കുന്നവരെയും മറ്റു മലയാളം ഓണ്‍ലൈന്‍ ലിങ്കുകള്‍ പോസ്റ്റ് ചെയ്യുന്നവരെയും മതവൈരം തീര്‍ക്കുന്നവരെയും മുന്നറിയിപ്പ് ഇല്ലാതെ ബ്ലോക്ക് ചെയ്യുന്നതാണ് - എഡിറ്റര്‍

More News in this category+

MNM Recommends +

Go to TOP