Forex Rate:

1 usd = 76.25 inr 1 gbp = 94.16 inr 1 eur = 85.23 inr 1 aed = 20.76 inr 1 sar = 20.32 inr 1 kwd = 247.66 inr
Apr / 202419Friday

ലോകത്തിന്റെ ഭാവി ആർട്ടിഫിഷ്യൽ ഇന്റലിജൻസിൽ ആണെന്ന് തിരിച്ചറിഞ്ഞ് കോഴ്സുകളും സ്‌കോളർഷിപ്പുകളുമായി ബ്രിട്ടൻ; ഇന്ത്യ അടക്കമുള്ള രാജ്യങ്ങളിലെ ഏറ്റവും മികച്ച പ്രതിഭകളെ തേടി വമ്പൻ സ്‌കോളർഷിപ്പ് പാക്കേജുകൾ; അതിവേഗം കുതിക്കുന്ന മേഖലയിൽ ഒന്നും ചെയ്യാതെയും അറിയാതെയും കൈയും കെട്ടി നമ്മൾ മാത്രം

ലോകത്തിന്റെ ഭാവി ആർട്ടിഫിഷ്യൽ ഇന്റലിജൻസിൽ ആണെന്ന് തിരിച്ചറിഞ്ഞ് കോഴ്സുകളും സ്‌കോളർഷിപ്പുകളുമായി ബ്രിട്ടൻ; ഇന്ത്യ അടക്കമുള്ള രാജ്യങ്ങളിലെ ഏറ്റവും മികച്ച പ്രതിഭകളെ തേടി വമ്പൻ സ്‌കോളർഷിപ്പ് പാക്കേജുകൾ; അതിവേഗം കുതിക്കുന്ന മേഖലയിൽ ഒന്നും ചെയ്യാതെയും അറിയാതെയും കൈയും കെട്ടി നമ്മൾ മാത്രം

മറുനാടൻ ഡെസ്‌ക്‌

ലണ്ടൻ: ആർട്ടിഫിഷ്യൽ ഇന്റലിജൻസ് (എഐ)കോഴ്സുകൾക്ക് ഇന്ത്യയിൽ നിന്നുള്ള മിടുമിടുക്കന്മാർക്ക് വൻ തോതിൽ സ്‌കോളർഷിപ്പുകൾ വാഗ്ദാനം ചെയ്ത് യുകെ ഗവൺമെന്റ് രംഗത്തെത്തി. ഈ മേഖലയിലെ കഴിവുറ്റവരെ യുകെയിലേക്ക് ആകർഷിക്കുന്നതിനും നിലനിർത്തുന്നതിനുമായി ഇന്ത്യയിൽ നിന്നും യൂറോപ്യൻ യൂണിയനിൽ നിന്നും മറ്റ് നിരവധി രാജ്യങ്ങളിൽ നിന്നുമുള്ള വിദ്യാർത്ഥികൾക്കാണ് യുകെ വ്യാപകമായി സ്‌കോളർഷിപ്പുകളും കോഴ്സുകളും വാഗ്ദാനം ചെയ്ത് മുന്നോട്ട് വന്നിരിക്കുന്നത്. ഇനിയുള്ള കാലത്ത് ലോകത്തിന്റെ ഭാവി ആർട്ടിഫിഷ്യൽ ഇന്റലിജൻസിലാണെന്ന് തിരിച്ചറിഞ്ഞാണ് ഇത് സംബന്ധിച്ച കോഴ്സുകളും സ്‌കോളർഷിപ്പുകളുമായി ബ്രിട്ടൻ മുന്നിട്ടിറങ്ങിയിരിക്കുന്നത്.

കാലത്തിന്റെ സ്പന്ദനം തിരിച്ചറിഞ്ഞ് ബ്രിട്ടനടക്കമുള്ള ചില രാജ്യങ്ങൾ ആർട്ടിഫിഷ്യൽ ഇന്റലിജൻസിൽ നേട്ടം കൊയ്യാൻ അരയും തലയും മുറുക്കി രംഗത്തിറങ്ങുമ്പോൾ ഇതിനെക്കുറിച്ച് ഒന്നും അറിയാതെ കൈയും കെട്ടി ഇന്ത്യ നോക്കി നിൽക്കുകയാണെന്ന ആശങ്കയും ശക്തമായിട്ടുണ്ട്. ബ്രിട്ടൻ ഇതിനായി നടപ്പിലാക്കുന്ന പുതിയ പ്രോഗ്രാമിലൂടെ ഇന്ത്യയിൽ നിന്നും യൂറോപ്യൻ യൂണിയനിൽ നിന്നുമുള്ള 1000 വിദ്യാർത്ഥികൾക്കാണ് പ്രാഥമിക ഘട്ടത്തിൽ ഇതിലേക്ക് അവസരം ലഭിക്കാൻ പോകുന്നത്. ഇതിലൂടെ ഇവർക്ക് ആർട്ടിഫിഷ്യൽ ഇന്റലിജൻസിലുള്ള തങ്ങളുടെ കഴിവിനെ പുഷ്ടിപ്പെടുത്താനും മുന്നേറാനും സാധിക്കും.

ഇംഗ്ലണ്ട്, വെയിൽസ്, സ്‌കോട്ട്ലൻഡ് എന്നിവിടങ്ങളിലെ 16 സെന്റേർസ് ഫോർ റിസർച്ച് ആൻഡ് ഇന്നൊവേഷൻ എഐ സെന്റേർസ് ഫോർ ഡോക്ടറാൾ ട്രെയിനിംഗി(സിഡിടിഎസ്)ലൂടെയാണ് യുകെ ഈ സമഗ്ര പദ്ധതി നടപ്പിലാക്കുന്നത്. 110 മില്യൺ പൗണ്ട് മുടക്കിയുള്ള ഈ പാക്കേജുകളിലൂടെ യുകെ ഗവൺമെന്റ് യുകെ യൂണിവേഴ്സിറ്റികളിലൂടെ 200 എഐ മാസ്റ്റേർസ് പ്ലേസുകളാണ് പ്രദാനം ചെയ്യാൻ ഒരുങ്ങുന്നത്. ഇതിനായി ഇൻഫോസിസ്, ഡീപ് മൈൻഡ്, ക്വാണ്ടംബ്ലാക്ക്, സിസ്‌കോ , ബിഎഇ സിസ്റ്റംസ് തുടങ്ങിയവ ഫണ്ടേകുന്നുമുണ്ട്.

ഈ 16 സെന്ററുകളും അവയുടെ വെബ്സൈറ്റ് വിലാസവും താഴെക്കൊടുക്കുന്നു.

1. The Alan Turing Institute: The Turing AI Fellowship

https://ati.flexigrant.com/areadetail.aspx

2. University of Oxford: The Governance of AI

https://www.fhi.ox.ac.uk/govai-fellowship-app/

3. University of Cambridge

https://ai4er-cdt.esc.cam.ac.uk/about

4. National Minimum Stipend

https://epsrc.ukri.org/skills/students/help/minimumpay/

5. University of Sheffield

https://slt-cdt.group.shef.ac.uk/

6. University of Edinburgh

http://datascience.inf.ed.ac.uk/apply/

എന്താണ് ആർട്ടിഫിഷ്യൽ ഇന്റലിജൻസ്?

ആർട്ടിഫിഷ്യൽ ഇന്റലിജൻസ് അഥവാ മെഷീൻ ഇന്റലിജൻസ് എന്നാൽ മെഷീനുകൾ പ്രകടിപ്പിക്കുന്ന ബുദ്ധി എന്നാണ് ലളിതമായ വ്യാഖ്യാനം. മനുഷ്യരും മറ്റ് മൃഗങ്ങളും പ്രകടിപ്പിക്കുന്ന പ്രകൃതിപരമായ ബുദ്ധിയിൽ നിന്നും തീർത്തും വ്യത്യസ്തമാണിത്. ഇന്റലിജൻസ് ഏജന്റുമാരെക്കുറിച്ചുള്ള പഠനമെന്നാണ് എ ഐ റിസർച്ചിനെ കമ്പ്യൂട്ടർ സയൻസ് വ്യാഖ്യാനിച്ചിരിക്കുന്നത്. അതാതിന്റെ പരിസ്ഥിതിയെ തിരിച്ചറിയുകയും ലക്ഷ്യം വിജയകരമായി നേടുന്നതിനുള്ള സാധ്യത പരമാവധി വർധിപ്പിക്കുകയും ചെയ്യുന്ന ഏത് ഉപകരണത്തെയും ഇന്റലിജന്റ് ഏജന്റ്സ് എന്ന് വിളിക്കാം.

ദൃശ്യസംസാര സംവേദനങ്ങൾ, തീരുമാനമെടുക്കൽ, വിവർത്തനം തുടങ്ങിയവയെ പോലുള്ള മനുഷ്യ ബുദ്ധിയും പ്രതികരണവും ആവശ്യമുള്ള പ്രവർത്തികൾ കമ്പ്യൂട്ടർ സിസ്റ്റത്തെക്കൊണ്ട് ചെയ്യിപ്പിക്കാൻ വേണ്ട അപ്ലിക്കേഷനുകൾ വികസിപ്പിക്കുന്ന വിദ്യയാണ് ആർട്ടിഫിഷ്യൽ ഇന്റലിജൻസ് എന്നൊരു വ്യാഖ്യാനവും നിലവിലുണ്ട്. എക്സ്റ്റേണൽ ഡാറ്റയെക്കുറിച്ച് പഠിക്കുന്നതിനായി അതിനെ ശരിയായി വ്യാഖ്യാനിക്കുകയും അയവുള്ള അനുരൂപീകരണത്തിലൂടെ അഥവാ അഡാപ്റ്റേഷനിലൂടെ പ്രത്യേക ലക്ഷ്യങ്ങളും ടാസ്‌കുകളുടം നേടുന്നതിനും അത്തരം പഠനങ്ങളെ ഉപയോഗിക്കുകയും ചെയ്യുന്നതിനെയും എഐ എന്ന് വിളിക്കാമെന്ന വ്യാഖ്യാനവും ചില വിദഗ്ദ്ധർ പുറത്ത് വിട്ടിട്ടുണ്ട്.

ആർട്ടിഫിഷ്യൽ ഇന്റലിജൻസിന്റെ സാധ്യതകൾ

ഇന്ന് ബഹിരാകാശരംഗം മുതൽ റീട്ടെയിൽ സ്റ്റോറുകൾ വരെ വൈവിധ്യമാർന്ന മേഖലകളിൽ ആർട്ടിഫിഷ്യൽ ഇന്റലിജൻസിനെ ഫലപ്രദമായി ഉപയോഗിച്ച് വരുന്നുണ്ട്. മനുഷ്യ ബുദ്ധിയോട് കിടപിടിക്കുന്ന തരത്തിൽ ബുദ്ധിയും വിവേകവും സ്വയം തീരുമാനമെടുക്കുന്നതിന് ശേഷിയുമുള്ള വിവിധ തരത്തിലുള്ള റോബോട്ടുകൾ ആർട്ടിഫിഷ്യൽ ഇന്റലിജൻസുപയോഗിച്ച് പ്രവർത്തിക്കുന്നുണ്ട്. പലവിധത്തിലും തലങ്ങളിലുമുള്ള വ്യത്യസ്ത വ്യവസായങ്ങളിൽ എണ്ണമറ്റ അപ്ലിക്കേഷനുകളുമായി അനന്ത സാധ്യതകളാണ് ആർട്ടിഫിഷ്യൽ ഇന്റലിജൻസ് തുറന്നിട്ടിരിക്കുന്നത്.ആരോഗ്യസേവനം, വാണിജ്യം, മാനുഫാക്ച്ചറിങ്, ബഹിരാകാശ പര്യവേഷണം എന്നീ മേഖലകൾ അവയിൽ ചിലത് മാത്രമാണ്.

ദിനംപ്രതിയെന്നോണം ആർട്ടിഫിഷ്യൽ ഇന്റലിജൻസിന്റെ പ്രയോഗം നിത്യജീവിതത്തിൽ വർധിച്ച് വരുന്ന പ്രവണതയാണുള്ളത്. എന്നാൽ അത് മിക്കപ്പോഴും നാമാരും ശ്രദ്ധിക്കാത്ത കുറുക്കുവഴികളിലൂടെയാണ് നമ്മളിലേക്കെത്തുന്നത്.2035-ഓടെ 'കൃത്രിമ ബുദ്ധി' വഴി 40% വരെ ഉത്പാദനം സാധ്യമാകുമെന്ന് ഈയിടെ ഒരു സാമ്പത്തിക പഠന ഏജൻസി നടത്തിയ വിശകലനത്തിലൂടെ വ്യക്തമായിരുന്നു. ഇതിന്റെ വ്യാവസായിക സാധ്യത പുതു തലമുറ മനസിലാക്കി മുന്നോട്ട് നീങ്ങിയാൽ അത് പുതിയ സാദ്ധ്യതകൾ നമുക്കു വർധിപ്പിക്കുമെന്നാണ് വെളിപ്പെട്ടിരിക്കുന്നത്. ഇപ്പോൾത്തന്നെ ഗൂഗിൾ, ഐബിഎം, ആപ്പിൾ, ഫേസ് ബുക്, മൈക്രോസോഫ്ട് തുടങ്ങിയ ഭീമന്മാർ ഈ രംഗത്ത് വൻ പരീക്ഷണങ്ങളാണ് നടത്തിക്കൊണ്ടിരിക്കുന്നത്.

ആർട്ടിഫിഷ്യൽ ഇന്റലിജൻസ് ഇന്ത്യയിൽ

യുകെയും യൂറോപ്യൻ രാജ്യങ്ങളും യുഎസും ചൈന അടക്കമുള്ള അയൽരാജ്യങ്ങളും എഐയിൽ വിപ്ലകരമായി മുന്നേറുന്നതുമായി താരതമ്യപ്പെടുത്തുമ്പോൾ ഇന്ത്യ ഈ മേഖലയിൽ അത്രയ്ക്ക് നല്ല പ്രകടനമല്ല കാഴ്ച വയ്ക്കുന്നതെന്ന് ഏറ്റവും പുതിയ വിശകലനങ്ങൾ എടുത്ത് കാട്ടുന്നു. നിലവിൽ രാജ്യത്തെ എഐ അധിഷ്ഠിത ആപ്ലിക്കേഷനുകളിൽ മിക്കവയും നിയന്ത്രിക്കുന്നത് സ്വകാര്യമേഖലയാണ്. ഇവർ മുഖ്യമായും ശ്രദ്ധ കേന്ദ്രീകരിച്ചിരിക്കുന്നത് കൺസ്യൂമർ ഗുഡ്സുകളിൽ മാത്രമാണ്.

രാജ്യ സുരക്ഷ പോലുള്ള കാര്യങ്ങളിൽ പോലും ചൈന അടക്കമുള്ള രാജ്യങ്ങൾ എഐയെ വൻ തോതിൽ പ്രയോജനപ്പെടുത്തുന്നുണ്ട്. അതിനാൽ ഇന്ത്യയും തന്ത്രപ്രധാനമായ രംഗങ്ങളിൽ എഐയുടെ സാധ്യതകൾ പ്രയോജനപ്പെടുത്തേണ്ടിയിരിക്കുന്നുവെന്ന് ഈ മേഖലയിലെ വിദഗ്ദ്ധർ മുന്നറിയിപ്പേകുന്നു. ഇക്കാര്യത്തിൽ രാജ്യത്തെ പോളിസി മെയ്‌ക്കർമാർ കടുത്ത ജാഗ്രത പുലർത്തണമെന്നും നിർദ്ദേശമുണ്ട്. എഐയുമായി ബന്ധപ്പെട്ട ആദ്യ വിജയപാഠങ്ങൾ യുഎസ്, ചൈന, സൗത്തുകൊറിയ എന്നിവിടങ്ങളിലെ അനുഭവങ്ങളിൽ നിന്നും ഇന്ത്യ മനസിലാക്കേണ്ടിയിരിക്കുന്നു.

ഇവിടങ്ങളിൽ പൊതു-സ്വകാര്യ മേഖലയുടെ സംയുക്ത ഫണ്ടിംഗിലൂടെയാണിത് വികസിച്ചിരിക്കുന്നത്. ഇക്കാര്യത്തിൽ ഗുണകരമാകുന്ന വിധത്തിലുള്ള വിദ്യാഭ്യാസ രീതിയല്ല ഇന്ത്യയിലുള്ളത്. എഐ നിലവിൽ വന്നാൽ ഇവിടുത്തെ തൊഴിലുകൾ കവർന്നെടുക്കപ്പെടുമെന്ന അനാവശ്യമായ ഭയം ഇന്ത്യയിലുണ്ട്. ജനത്തിന്റെ ഇത്തരത്തിലുള്ള തെറ്റിദ്ധാരണകൾ മാറ്റിയാൽ മാത്രമേ ഇന്ത്യയ്ക്ക് ഈ മേഖലയിൽ മുന്നേറാനാവുകയുള്ളൂ. ഇക്കാര്യത്തിൽ പ്രധാനമന്ത്രി നരേന്ദ്ര മോദി നടപ്പിലാക്കാൻ തുടങ്ങിയ പരിഷ്‌കാരങ്ങളുടെ ഫലം വരുന്ന അഞ്ച് വർഷങ്ങൾക്കുള്ളിൽ രാജ്യത്ത് ഈ മേഖലയിൽ പ്രകടമായ മാറ്റങ്ങളുണ്ടാക്കുമെന്ന പ്രതീക്ഷ ശക്തമാണ്.

Stories you may Like

കമന്റ് ബോക്‌സില്‍ വരുന്ന അഭിപ്രായങ്ങള്‍ മറുനാടന്‍ മലയാളിയുടേത് അല്ല. മാന്യമായ ഭാഷയില്‍ വിയോജിക്കാനും തെറ്റുകള്‍ ചൂണ്ടി കാട്ടാനും അനുവദിക്കുമ്പോഴും മറുനാടനെ മനഃപൂര്‍വ്വം അധിക്ഷേപിക്കാന്‍ ശ്രമിക്കുന്നവരെയും അശ്ലീലം ഉപയോഗിക്കുന്നവരെയും മറ്റു മലയാളം ഓണ്‍ലൈന്‍ ലിങ്കുകള്‍ പോസ്റ്റ് ചെയ്യുന്നവരെയും മതവൈരം തീര്‍ക്കുന്നവരെയും മുന്നറിയിപ്പ് ഇല്ലാതെ ബ്ലോക്ക് ചെയ്യുന്നതാണ് - എഡിറ്റര്‍

More News in this category+

MNM Recommends +

Go to TOP