Forex Rate:

1 usd = 76.25 inr 1 gbp = 94.16 inr 1 eur = 85.23 inr 1 aed = 20.76 inr 1 sar = 20.32 inr 1 kwd = 247.66 inr
Apr / 202425Thursday

ഒരു മണിക്കൂർ കൊണ്ട് ന്യൂയോർക്കിൽ നിന്നും ലണ്ടനിൽ എത്താൻ ഇനി എട്ടു വർഷം കൂടി മാത്രം; ഹൈപ്പർസോണിക് വിമാന നിർമ്മിതിയിൽ പുത്തൻകുതിപ്പ്

ഒരു മണിക്കൂർ കൊണ്ട് ന്യൂയോർക്കിൽ നിന്നും ലണ്ടനിൽ എത്താൻ ഇനി എട്ടു വർഷം കൂടി മാത്രം; ഹൈപ്പർസോണിക് വിമാന നിർമ്മിതിയിൽ പുത്തൻകുതിപ്പ്

ലണ്ടൻ: കാത്ത് കാത്തിരുന്നാണ് പലരും വർഷങ്ങൾ കൂടുമ്പോൾ ഉറ്റവരെക്കാണാൻ നാട്ടിലെത്തുന്നത്. നാട്ടിലേക്ക് പോകാൻ തീയതി നിശ്ചയിച്ച് കഴിഞ്ഞാൽ നാളുകളെണ്ണിക്കുറച്ച് അക്ഷമയോടെ കാത്തിരിക്കുന്നതാണ് മിക്കവരുടെയും ശീലം.യാത്രക്കായി വിമാനത്തിൽ കയറിക്കഴിഞ്ഞാൽ അക്ഷമ സ്വാഭാവികമായും വർധിക്കും. കണ്ണിലെണ്ണയൊഴിച്ച് വിമാനത്താവളത്തിൽ സ്വീകരിക്കാൻ കാത്തിരിക്കുന്ന ഉറ്റവരെ ഓർക്കുമ്പോൾ വിമാനത്തിന് വേഗത പോരെന്നും തോന്നും...!. ന്യൂയോർക്കിൽ നിന്നും ലണ്ടനിലേക്ക് വിമാനം കയറുന്നവർ ഒരു മണിക്കൂർ കൊണ്ടെങ്കിലും അവിടെയൊന്ന് എത്തിച്ചേർന്നെങ്കിലെന്ന് സ്വപ്നം കണ്ടു പോയെന്നും വരും. എന്നാൽ അത് വെറും സ്വപ്നമായി ഒതുക്കേണ്ടെന്നും എട്ടുവർഷം കൂടി കഴിഞ്ഞാൽ അത് യാഥാർത്ഥ്യമാവുമെന്നുമാണ് ശാസ്ത്രജ്ഞന്മാർ ഉറപ്പ് നൽകുന്നത്. ഹൈപ്പർസോണിക് വിമാനങ്ങളിലൂടെയാണ് ഈ സ്വപ്നം യാഥാർത്ഥ്യത്തിന്റെ കരയിലേക്ക് പറന്നിറങ്ങുന്നത്.അതായത് ഹൈപ്പർസോണിക് വിമാന നിർമ്മിതിയിൽ പുത്തൻകുതിപ്പുണ്ടായെന്നാണ് ശാസ്ത്രലോകം വെളിപ്പെടുത്തിയിരിക്കുന്നത്.

2023 ഓടെ ഹൈപ്പർ സോണിക് വിമാനങ്ങളിൽ കയറി രാജ്യങ്ങളിൽ നിന്ന് രാജ്യങ്ങളിലേക്ക് മിനുട്ടുകൾക്കകം പറന്നെത്താമെന്നാണ് എയർഫോഴ്‌സ് തലവന്മാർ പ്രതീക്ഷ പ്രകടിപ്പിക്കുന്നത്. ഇത് യാഥാർത്ഥ്യമാക്കുന്നതിനുള്ള നിരവധി ടെസ്റ്റുകൾ ഹൈപ്പർ സോണിക് പ്രൊജക്ടുകളിൽ നടത്തുകയും അവ ഏറെക്കൂറെ വിജയിച്ച് കൊണ്ടിരിക്കുന്നതിന്റെയും പശ്ചാത്തലത്തിലാണ് ഈ പ്രവചനം നടത്തിയിരിക്കുന്നത്. എയർഫോഴ്‌സും പെന്റഗൺ ഗവേഷണ വിഭാഗമായ ഡിഎആർപിയയും ചേർന്ന് 2023 ഓടെ പുതിയതും മെച്ചപ്പെടുത്തിയതുമായ ഹൈപ്പർ സോണിക് എയർ വെഹിക്കിൾ വികസിപ്പിക്കാൻ പദ്ധതിയിട്ടിട്ടുണ്ടെന്നാണ് എയർഫോഴ്‌സ് ചീഫ് സയന്റിസ്റ്റായ മൈക എന്റെസ്ലി പറയുന്നത്.

എക്‌സ്51 എന്നറിയപ്പെടുന്ന ഈ വിമാനം ഇത്തരം സങ്കൽപങ്ങളുടെ മൂർത്തരൂപമാണെന്നാണ് അദ്ദേഹം പറയുന്നത്.ഒരു സ്‌ക്രാം ജെറ്റ് എൻജിൻ ഒരു എയർക്രാഫ്റ്റിൽ ഘടിപ്പിച്ച് ഹൈപ്പർസോണിക് പറത്തിക്കാൻ സാധിക്കുമെന്ന് ഇതിലൂടെ തെളിഞ്ഞിരിക്കുകയാണെന്നും അദ്ദേഹം പറയുന്നു. മാർച്ച് അഞ്ചിന് ഇത് യാഥാർത്ഥ്യമായിരിക്കുകയാണ്. എയർബോൺ ഹൈപ്പർ സോണിക് വെപ്പൺസിസ്റ്റത്തിന് മുകളിൽ നടത്തിയ വളരെ വിജയകരമായ ടെസ്റ്റായിരുന്നു ഇതെന്നും അദ്ദേഹം വെളിപ്പെടുത്തുന്നു.

പുതിയ എയർവെഹിക്കിൾ സെൻസറുകൾ, ആയുധങ്ങൾ, തുടങ്ങിയവ കടത്താനും ഭാവിയിൽ ഉപയോഗിക്കാനാവും. എത്തരത്തിലാണ് സാങ്കേതികത വികസിപ്പിക്കാൻ കഴിയുന്നത് എന്നതിനെ ആശ്രയിച്ചിട്ടായിരിക്കും ഇതിന്റെ സാധ്യതകൾ നിർണയിക്കപ്പെടുന്നത്. ഹൈപ്പർസോണിക്കുകമായി ബന്ധപ്പെട്ട മിസൈൽ സിസ്റ്റം 2020 ഓടെ പരീക്ഷണത്തിനായി ലഭ്യമാകുമെന്നാണ് പ്രതീക്ഷിക്കുന്നതെന്നാണ് ഇതിന് മുമ്പ് ഗവേഷകർ പറഞ്ഞിരുന്നത്.ചെറുതും പരമ്പരാഗതവുമായ വാർഹെഡ് സഹിതമെത്തുന്ന ഈ ഹൈപ്പർസോണിക് ആയുധം ഒരു സ്റ്റാൻഡ് ഓഫ് മിസൈൽ എന്ന പോലെ ഉപയോഗിക്കാനാവും. ഇതിലൂടെ സുരക്ഷിതമായ ഒരു അകലത്ത് നിന്ന് സൈന്യത്തിന് പൊരുതാൻ സാധിക്കും. പൈലറ്റുകളെയും എയർക്രാഫ്റ്റുകളെയും സുരക്ഷിതമല്ലാത്ത സ്ഥാനങ്ങളിൽ നിന്ന് അകറ്റി നിർത്താനും സാധിക്കും.

പേരിട്ടിട്ടില്ലാത്ത ഇത്തരത്തിലൊരു വിമാനം യുഎസ് എയർഫോഴ്‌സിന് വേണ്ടി വികസിപ്പിച്ചെടുത്തിട്ടുണ്ട്. ഇതിനെ ഹൈപ്പർസോണിക് ടെസ്റ്റുകൾക്ക് വിധേയമാക്കിയിട്ടുമുണ്ട്. കാലിഫോർണിയ തീരത്ത് വച്ചായിരുന്നു പരീക്ഷണം. ശബ്ദത്തേക്കാൾ അഞ്ചിരട്ടി വേഗത്തിൽ സഞ്ചരിക്കാൻ ഇതിന് സാധിക്കുമെന്നും തെളിഞ്ഞിട്ടുണ്ട്. പേരിട്ടിട്ടില്ലാത്ത ഈ വിമാനത്തെയാണ് തൽക്കാലം എക്‌സ്51 എന്ന് വിളിക്കുന്നത്. എക്‌സ്51 വേവ്‌റൈഡർ മൂന്ന് മിനുറ്റിലധികം നേരം സ്‌ക്രാംജെറ്റ് എൻജിനിൽ നിന്നും പവർ സ്വീകരിച്ച് കൊണ്ട് പറന്നുവെന്നാണ് എയർഫോഴ ്‌സ് വെള്ളിയാഴ്ച വെളിപ്പെടുത്തിയിരിക്കുന്നത്. കഴിഞ്ഞ വർഷം മാർച്ചിൽ പറന്നതിനേക്കാൾ കൂടുതൽ നേരം പറക്കാൻ ഇപ്രാവശ്യം സാധിക്കുകയും ചെയ്തുവെന്ന് എയർഫോഴ്‌സ് അവകാശപ്പെടുന്നു.

സ്‌ക്രാം ജെറ്റ് സാങ്കേതികതയെക്കുറിച്ച് പഠിക്കാനായി എയർഫോഴ്‌സ് 300 മില്യൺ ഡോളറാണ് ചെലവഴിച്ചിരിക്കുന്നത്. ഇതിനോടനുബന്ധിച്ച് മറ്റ് ഡെമോൻസ്‌ട്രേഷൻ പ്രൊജക്ടുകൾ ഡിഎആർപിഎ വികസിപ്പിച്ചെടുത്തിട്ടുണ്ട്. ഹൈപ്പർ സോണിക് എയർ ബ്രീത്തിങ് വെപ്പൺ കൺസപ്റ്റ് , ടാക്ടിക്കൽ ബൂസ്റ്റ് ഗ്ലൈഡ് എന്നിവ ഇതിൽ ഉൾപ്പെടുന്നുണ്ട്. 2018ലോ 2019ലോ ഇ വപരീക്ഷിക്കാനാകുമെന്നാണ് കരുതുന്നത്. ഇത്തരം ഫലപ്രദമായ പരീക്ഷണങ്ങളിലൂടെ ആർജിക്കുന്ന പുരോഗതികളിലൂടെ എട്ടുവർഷത്തിനുള്ളിൽ ഹൈപ്പർ സോണിക്ക് വിമാനങ്ങളിൽ നമുക്കും പറക്കാമെന്ന പ്രതീക്ഷ ഇപ്പോൾ ശക്തമാവുകയാണ്.

കമന്റ് ബോക്‌സില്‍ വരുന്ന അഭിപ്രായങ്ങള്‍ മറുനാടന്‍ മലയാളിയുടേത് അല്ല. മാന്യമായ ഭാഷയില്‍ വിയോജിക്കാനും തെറ്റുകള്‍ ചൂണ്ടി കാട്ടാനും അനുവദിക്കുമ്പോഴും മറുനാടനെ മനഃപൂര്‍വ്വം അധിക്ഷേപിക്കാന്‍ ശ്രമിക്കുന്നവരെയും അശ്ലീലം ഉപയോഗിക്കുന്നവരെയും മറ്റു മലയാളം ഓണ്‍ലൈന്‍ ലിങ്കുകള്‍ പോസ്റ്റ് ചെയ്യുന്നവരെയും മതവൈരം തീര്‍ക്കുന്നവരെയും മുന്നറിയിപ്പ് ഇല്ലാതെ ബ്ലോക്ക് ചെയ്യുന്നതാണ് - എഡിറ്റര്‍

More News in this category+

MNM Recommends +

Go to TOP