Forex Rate:

1 usd = 76.25 inr 1 gbp = 94.16 inr 1 eur = 85.23 inr 1 aed = 20.76 inr 1 sar = 20.32 inr 1 kwd = 247.66 inr
Apr / 202425Thursday

ശ്വാസംകൊണ്ട് ആശയവിനിമയം സാധ്യമാക്കാം; ഇന്ത്യൻ വിദ്യാർത്ഥിയുടെ കണ്ടുപിടിത്തം ഗൂഗിൾ സയൻസ് ഫെയറിലേക്ക്; ഏഷ്യയിൽ നിന്നുള്ള ഏക ഫൈനലിസ്റ്റായി പതിനാറുകാരൻ ലോകശ്രദ്ധയിൽ

ശ്വാസംകൊണ്ട് ആശയവിനിമയം സാധ്യമാക്കാം; ഇന്ത്യൻ വിദ്യാർത്ഥിയുടെ കണ്ടുപിടിത്തം ഗൂഗിൾ സയൻസ് ഫെയറിലേക്ക്; ഏഷ്യയിൽ നിന്നുള്ള ഏക ഫൈനലിസ്റ്റായി പതിനാറുകാരൻ ലോകശ്രദ്ധയിൽ

മുംബൈ: സംസാരിക്കാൻ കഴിയാത്തവർക്കും വളർച്ച വൈകല്യമുള്ളവർക്കും ആശയവിനിമയം നടത്താൻ ഉപകരണം കണ്ടുപിടിച്ച് ഇന്ത്യൻ വിദ്യാർത്ഥി ലോകശ്രദ്ധയിൽ. പാനിപ്പത്ത് സ്വദേശി ആർഷ് ഷാ ദിൽബാഗി എന്ന പതിനാറുകാരനാണ് ലോകത്തിന്റെ ശ്രദ്ധയിൽ പതിഞ്ഞത്.

ശ്വാസത്തിലൂടെ ആശയവിനിമയം നടത്താനാകുമെന്ന് കണ്ടെത്തിയ ഈ മിടുക്കന് ഗൂഗിൾ സയൻസ് ഫെയറിൽ പങ്കെടുക്കാൻ ക്ഷണം ലഭിച്ചു. ഏഷ്യയിൽ നിന്നും ഗൂഗിൾ ഫെയറിലെത്തുന്ന ഏക ഫൈനലിസ്റ്റ് ആണ് ദിൽബാഗി.

വ്യക്തിയുടെ ശ്വാസതരംഗങ്ങളെ മോഴ്‌സ് കോഡ് വഴി സെൻസർ പിടിച്ചെടുത്ത് അവയെ ശബ്ദമാക്കി മാറ്റുന്ന ഈ ഉപകരണത്തിന് 'ടോക്ക്' എന്നാണ് ദിൽബാഗി പേരിട്ടിരിക്കുന്നത്. സംസാരിക്കാനാകാത്തവർക്കും തളർന്നു കിടക്കുന്നവർക്കും പാർകിൻസൺസ് രോഗബാധിതർക്കും ആശയവിനിമയം നടത്താൻ ഈ ഉപകരണത്തിലൂടെ സാധിക്കും. പാനിപ്പത്ത് ഡിഎവി ഇന്റർനാഷണൽ സ്‌കൂളിലെ വിദ്യാർത്ഥിയാണ് ദിൽബാഗി.

നിലവിൽ മാർക്കറ്റിൽ ഇത്തരത്തിൽ ഉപകരണങ്ങൾ ലഭ്യമാണെങ്കിലും വില നാലരലക്ഷത്തിന് മുകളിലാണ്. ലോകത്തിലെ ഏറ്റവും വേഗതയേറിയതും അതേസമയം ചെലവുകുറഞ്ഞതുമായ ഓഗ്‌മെന്റേറ്റീവ് ആൻഡ് ഓൾട്ടർനേറ്റീവ് കമ്മ്യൂണിക്കേഷൻ (എഎസി) ഉപകരണമാണ് താൻ നിർമ്മിച്ചതെന്ന് ദിൽബാഗി പറഞ്ഞു. 5000 രൂപ മാത്രമാണ് ഇതിന്റെ വില. എവിടെയും കൊണ്ട് നടക്കാനാകുമെന്നതും പ്രത്യേകതയാണ്.

'ടോക്കി'ലൂടെ രണ്ട് പ്രത്യേക രീതിയിൽ സംസാരിക്കാനാകും. ഒന്നാമത്തെ രീതി ഇംഗ്ലീഷ് സംസാരിക്കാനാണ്. ചില പ്രത്യേക നിർദേശങ്ങളും വാക്യങ്ങളും സംസാരിക്കാനാണ് രണ്ടാമത്തെ രീതി. ഉപയോഗിക്കുന്നവരുടെ പ്രായത്തിനനുസരിച്ച് ഒമ്പത് തരത്തിലുള്ള ശബ്ദങ്ങളിൽ ഇതിലൂടെ കേൾക്കാനാകും.

തന്റെ ഉപകരണത്തെ ഗൂഗിൾ ഗ്ലാസിൽ ഫലപ്രദമായി ഉപയോഗിക്കാനാകുമെന്നും ഗൂഗിൾ സയൻസ് ഫെയർ സമിതിക്ക് സമർപ്പിച്ച റിപ്പോർട്ടിൽ വിവരിക്കുന്നുണ്ട്. വൈകല്യമുള്ളവർക്ക് ഇത് ഏറെ സഹായകരമാണെന്നും ഈ മിടുക്കൻ വ്യക്തമാക്കുന്നു. ജനങ്ങൾക്ക് ഉപകാരപ്രദമായ എന്തെങ്കിലും കണ്ടുപിടിക്കണമെന്ന് കുട്ടിക്കാലം മുതൽക്കുതന്നെ ദിൽബാഗിക്ക് ആഗ്രഹമുണ്ടായിരുന്നതായി പിതാവ് അമിത് പറഞ്ഞു. ശാസ്ത്രരംഗത്തോട് കുട്ടിക്കാലം മുതലേ ദിൽബാഗിക്ക് അഭിനിവേശമുണ്ടായിരുന്നെന്നും അമിത് പറഞ്ഞു.

'ടോക്കി'ന്റെ പ്രവർത്തനരീതി ഈ വീഡിയോയിൽ കാണാം.

Stories you may Like

കമന്റ് ബോക്‌സില്‍ വരുന്ന അഭിപ്രായങ്ങള്‍ മറുനാടന്‍ മലയാളിയുടേത് അല്ല. മാന്യമായ ഭാഷയില്‍ വിയോജിക്കാനും തെറ്റുകള്‍ ചൂണ്ടി കാട്ടാനും അനുവദിക്കുമ്പോഴും മറുനാടനെ മനഃപൂര്‍വ്വം അധിക്ഷേപിക്കാന്‍ ശ്രമിക്കുന്നവരെയും അശ്ലീലം ഉപയോഗിക്കുന്നവരെയും മറ്റു മലയാളം ഓണ്‍ലൈന്‍ ലിങ്കുകള്‍ പോസ്റ്റ് ചെയ്യുന്നവരെയും മതവൈരം തീര്‍ക്കുന്നവരെയും മുന്നറിയിപ്പ് ഇല്ലാതെ ബ്ലോക്ക് ചെയ്യുന്നതാണ് - എഡിറ്റര്‍

More News in this category+

MNM Recommends +

Go to TOP