Forex Rate:

1 usd = 76.25 inr 1 gbp = 94.16 inr 1 eur = 85.23 inr 1 aed = 20.76 inr 1 sar = 20.32 inr 1 kwd = 247.66 inr
Apr / 202420Saturday

ഐഫോൺ ഹാക്ക് ചെയ്യൂ; ഒരു മില്യൺ ഡോളർ സ്വന്തമാക്കൂ; പുതിയ ചലഞ്ചുമായി ആപ്പിൾ; ഏറ്റവും സുരക്ഷിതമായ മൊബൈൽ ഫോൺ തങ്ങളുടേതെന്നുറപ്പിക്കാൻ ആപ്പിളിന്റെ അറ്റകൈ പ്രയോഗം

ഐഫോൺ ഹാക്ക് ചെയ്യൂ; ഒരു മില്യൺ ഡോളർ സ്വന്തമാക്കൂ; പുതിയ ചലഞ്ചുമായി ആപ്പിൾ; ഏറ്റവും സുരക്ഷിതമായ മൊബൈൽ ഫോൺ തങ്ങളുടേതെന്നുറപ്പിക്കാൻ ആപ്പിളിന്റെ അറ്റകൈ പ്രയോഗം

സ്വന്തം ലേഖകൻ

സ്മാർട്ട്‌ഫോൺ വിപണിയിൽ മുമ്പൊന്നുമില്ലാത്ത വിധം വെല്ലുവിളി നേരിടുകയാണ് ആപ്പിൾ. ഐഫോണിനെക്കാൾ മികച്ച സംവിധാനങ്ങളുമായി സാംസങ്ങും വൺ പ്ലസ്സുമുൾപ്പെടെ മോഡലുകൾ പുറത്തിറക്കാൻ തുടങ്ങിയതോടെ ഐഫോണിന്റെ ജനപ്രീതിയിൽ ഇടിവുവന്നതായാണ് വിപണി റിപ്പോർട്ടുകൾ. എന്നാൽ, ഇത്തരം വെല്ലുവിളികളെയൊക്കെ നേരിടാൻ അറ്റകൈ പ്രയോഗവുമായി രംഗത്തിറങ്ങിയിരിക്കുകയാണ് ടെക് ലോകത്തെ അതികായർ.

ഐഫോൺ ഹാക്ക് ചെയ്ത് അതിന്റെ സുരക്ഷാ സംവിധാനങ്ങളിൽ നുഴഞ്ഞുകയറുന്നവർക്ക് ഒരു ദശലക്ഷം ഡോളർ സമ്മാനത്തുകയാണ് ആപ്പിൾ പ്രഖ്യാപിച്ചിരിക്കുന്നത്. 2016 മുതൽ ആപ്പിൾ ഈ വെല്ലുവിളി ഉയർത്തുന്നുണ്ട്. അന്ന് രണ്ടുലക്ഷം ഡോളറാണ് സമ്മാനത്തുക പ്രഖ്യാപിച്ചിരുന്നത്. ആ തുകയാണ് ഇപ്പോൾ പത്തുലക്ഷം ഡോളറായി ഉയർത്തിയിരിക്കുന്നത്.

ലാസ് വെഗസ്സിൽനടന്ന ബ്ലാക്ക് ഹാറ്റ് ടെക്‌നോളജി സെക്യൂരിറ്റി കോൺഫറൻസിൽവച്ചാണ് ആപ്പിളിന്റെ സുരക്ഷാവിഭാഗം തലവൻ ഇവാൻ ക്രാസ്റ്റിക് ഈ പ്രഖ്യാപനം നടത്തിയത്. എന്നാൽ, ഉപഭോക്താക്കളെ വിശ്വാസത്തിലെടുക്കുന്നതിനെക്കാൾ, ഏറ്റവും മികച്ച ഹാക്കറെ കണ്ടെത്തി കൂടെച്ചേർക്കുന്നതിനുള്ള ശ്രമമാണ് ആപ്പിൾ നടത്തുന്നതെന്ന ആരോപണവും ഉയർന്നിട്ടുണ്ട്.

മൊബൈൽ ഫോണുകളിൽനിന്നും കംപ്യൂട്ടറുകളിൽനിന്നും വ്യക്തിഗത വിവരങ്ങളും മറ്റും ചോർത്തുന്നത് പതിവായതോടെ, സ്വകാര്യത സംരക്ഷിക്കുന്നത് മനുഷ്യാവകാശമാണെന്നും അത് നിറവേറ്റുന്നതിൽ ആപ്പിൾ പ്രതിജ്ഞാബദ്ധമാണെന്നും കമ്പനി സിഇഒ. ടിം കുക്ക് പ്രഖ്യാപിച്ചിരുന്നു. സ്വകാര്യത സംരക്ഷിക്കുന്നതിനെ ഏറ്റവും ഗൗരവത്തോടെയാണ് കാണുന്നതെന്നും ലോകമെമ്പാടുമുള്ള 200 കോടിയോളം ആപ്പിൾ ഉപഭോക്താക്കളുടെ വിവരങ്ങൾ ഹാക്കർമാർക്ക് അപ്രാപ്യമായിരിക്കുമെന്നും അദ്ദേഹം പ്രഖ്യാപിച്ചിരുന്നു.

ആപ്പിൾ മാത്രമല്ല ഹാക്കർമാർക്ക് വൻതുക പ്രതിഫലം പ്രഖ്യാപിച്ചിട്ടുള്ളത്. എന്നാൽ, ഇത്രയും വലിയ തുക പ്രഖ്യാപിക്കാൻ മറ്റുകമ്പനികളൊന്നും ധൈര്യം കാണിച്ചിട്ടില്ല. ടെക് രംഗത്തെ എതിരാളികളായ ഗൂഗിൾ അടുത്തിടെ ഇത്തരത്തിലൊരു വെല്ലുവിളി പ്രഖ്യാപിച്ചിരുന്നു. ഗൂഗിൾ ക്രോമിലെ വീഴ്ചകൾ തുറന്നുകാട്ടുന്ന ഹാക്കർക്ക് 30,000 ഡോളറാണ് ഗൂഗിൾ പ്രഖ്യാപിച്ചിട്ടുള്ളത്.

കമന്റ് ബോക്‌സില്‍ വരുന്ന അഭിപ്രായങ്ങള്‍ മറുനാടന്‍ മലയാളിയുടേത് അല്ല. മാന്യമായ ഭാഷയില്‍ വിയോജിക്കാനും തെറ്റുകള്‍ ചൂണ്ടി കാട്ടാനും അനുവദിക്കുമ്പോഴും മറുനാടനെ മനഃപൂര്‍വ്വം അധിക്ഷേപിക്കാന്‍ ശ്രമിക്കുന്നവരെയും അശ്ലീലം ഉപയോഗിക്കുന്നവരെയും മറ്റു മലയാളം ഓണ്‍ലൈന്‍ ലിങ്കുകള്‍ പോസ്റ്റ് ചെയ്യുന്നവരെയും മതവൈരം തീര്‍ക്കുന്നവരെയും മുന്നറിയിപ്പ് ഇല്ലാതെ ബ്ലോക്ക് ചെയ്യുന്നതാണ് - എഡിറ്റര്‍

More News in this category+

MNM Recommends +

Go to TOP