Forex Rate:

1 usd = 76.25 inr 1 gbp = 94.16 inr 1 eur = 85.23 inr 1 aed = 20.76 inr 1 sar = 20.32 inr 1 kwd = 247.66 inr
Apr / 202419Friday

ഗെയിംസ് അഴിമതിയിൽ തെളിവെടുപ്പ് തുടങ്ങി; തെളിവുകൾ നൽകാമെന്ന് സിബിഐയോട് ഗണേശും ശിവൻകുട്ടിയും; രണ്ട് ദിവസത്തിനുള്ളിൽ എംഎൽഎമാർ മൊഴി നൽകും; 18 പരാതിക്കാരിൽ നിന്നും തെളിവെടുക്കും

ഗെയിംസ് അഴിമതിയിൽ തെളിവെടുപ്പ് തുടങ്ങി; തെളിവുകൾ നൽകാമെന്ന് സിബിഐയോട് ഗണേശും ശിവൻകുട്ടിയും; രണ്ട് ദിവസത്തിനുള്ളിൽ എംഎൽഎമാർ മൊഴി നൽകും; 18 പരാതിക്കാരിൽ നിന്നും തെളിവെടുക്കും

മറുനാടൻ മലയാളി ബ്യൂറോ

തിരുവനന്തപുരം: ദേശീയ ഗെയിംസിന്റെ അഴിമതിയിൽ ആരോപണം ഉന്നയിച്ച പൊതു പ്രവർത്തകരിൽ നിന്ന് സിബിഐ തെളിവുകൾ ശേഖരിക്കാൻ തുടങ്ങി. കെബി ഗണേശ് കുമാർ, വി ശിവൻകുട്ടി എന്നീ എംഎൽഎമാർ അടക്കമുള്ളവരിൽ നിന്ന് രണ്ട് ദിവസത്തിനകം സിബിഐ കാര്യങ്ങൾ തിരിക്കും. ദേശീയ ഗെയിംസിന്റെ മറവിൽ നടക്കുന്ന സാമ്പത്തിക ക്രമക്കേടുകളെക്കുറിച്ച് സിബിഐക്ക് ലഭിച്ചത് പതിനെട്ട് പരാതികളാണ് ലഭിച്ചത്. കേന്ദ്രഫണ്ടിന്റെ വിനിയോഗത്തിലെ പാളീച്ചകളായതിനാലാണ് സിബിഐ നേരിട്ട് അന്വേഷണം നടത്തുന്നത്.

കായിക സംഘടനകൾ, പ്രതിപക്ഷ പാർട്ടികൾ തുടങ്ങിയവരിൽ നിന്നും കൂടുതൽ പരാതികൾ ലഭിക്കുന്നുവെന്നാണ് സിബിഐ വൃത്തങ്ങളിൽ നിന്ന് ലഭിക്കുന്ന വിവരം. ഗെയിംസ് നടത്തിപ്പ് സംബന്ധിച്ച പരാതികളും ക്രമക്കേടുകൾ സംബന്ധിച്ച ആരോപണങ്ങളും പത്രവാർത്തകളും സംഘാടക സമിതിയിൽ നിന്ന് പിന്മാറിയ ജനപ്രതിനിധികളുടെ ആരോപണങ്ങളും അന്വേഷണ സംഘം പരിശോധിച്ചുവരികയാണ്. കൂടുതൽ വ്യക്തത വരുത്താനാണ് എംഎൽഎമാരിൽ നിന്ന് മൊഴിയെടുക്കുന്നത്. അന്വേഷണം വഴിതെറ്റാതിരിക്കാൻ ഭരണപക്ഷത്തിലെ എംഎൽഎമാരിൽ നിന്ന് ഉടൻ തെളിവെടുക്കില്ല. രേഖകൾ പരിശോധിച്ച് വ്യക്തത വരുത്തിയ ശേഷം അന്വേഷണത്തിന്റെ രണ്ടാം ഘട്ടത്തിൽ ഈ എംഎൽഎമാരേയും തെളിവെടുപ്പിക്കലിന് വിൡപ്പിക്കാനാണ് സാധ്യത.

ഗണേശ് കുമാറിനേയും ശിവൻകുട്ടിയേയും സിബിഐ ബന്ധപ്പെട്ടിട്ടുണ്ട്. അന്വേഷണവുമായി സഹകരിക്കാമെന്ന് ഇരുവരും അറിയിച്ചിട്ടുണ്ട്. രണ്ട് ദിവസത്തിനുള്ളിൽ സിബിഐ ഉദ്യോഗസ്ഥരെ കാണാമെന്നാണ് അറിയിച്ചിട്ടുള്ളത്. ഗെയിംസുമായി ബന്ധപ്പെട്ട എല്ലാ തെളിവുകളും കൈമാറാമെന്ന് സിബിഐയെ ശിവൻകുട്ടി അറിയിച്ചിട്ടുണ്ട്. മുൻ കായികമന്ത്രികൂടിയായ ഗണേശനിൽ നിന്ന് വിലപ്പെട്ട തെളിവുകൾ ലഭിക്കുമെന്ന പ്രതീക്ഷയിലാണ് സിബിഐ. പരാതി നൽകിയവരിൽ നിന്നും മൊഴിയെടുക്കാനും സിബിഐ തീരുമാനിച്ചിട്ടുണ്ട്.

കോൺഗ്രസിന്റെ കെ മുരളീധരൻ, പാലോട് രവി എന്നീ എംഎൽഎമാരും ദേശീയ ഗെയിംസിനെതിരെ ആക്ഷേപങ്ങൾ ഉന്നയിച്ചിരുന്നു. പ്രാഥമികാന്വേഷണത്തിൽ ദേശീയ ഗെയിംസ് നടത്തിപ്പിന് കേന്ദ്രഫണ്ട് വിനിയോഗിച്ചതിൽ ക്രമക്കേട് നടന്നിട്ടുണ്ടെന്ന് തെളിഞ്ഞിട്ടുണ്ട്. ഗെയിംസ് നീട്ടിക്കൊണ്ടുപോയി കൂടുതൽ അഴിമതിക്ക് കളമൊരുക്കാനായിരുന്നു ചിലർ ശ്രമിച്ചതെന്ന് സിബിഐ കരുതുന്നുണ്ട്. ഗെയിംസ് സമാപിച്ചാലുടൻ അന്വേഷണം പ്രഖ്യാപിക്കാനാണ് സാധ്യത. നേരത്തെ അന്വേഷണം പ്രഖ്യാപിച്ചാൽ തെളിവുകൾ നശിപ്പിക്കാൻ സാധ്യതയുള്ളതിനാലാണ് പരാതി ലഭിച്ച ഉടനെ ഫാക്ട് ഫൈൻഡിങ് റിപ്പോർട്ട് തയ്യാറാക്കിയത്.

മുൻ കായികമന്ത്രിമാരായ എം.വിജയകുമാർ, കെ.ബി. ഗണേശ്‌കുമാർ എന്നിവരും ആർ ബാലകൃഷ്ണപിള്ളയും ഉന്നയിച്ച ആരോപണങ്ങളും സിബിഐ പരിശോധിക്കുന്നുണ്ട്. ഗെയിംസ് സമാപിക്കുന്നതിനുമുമ്പ് തന്നെ പ്രാഥമിക അന്വേഷണം പൂർത്തിയാക്കി റിപ്പോർട്ട് സിബിഐ ഡയറക്ടറേറ്റിന് സമർപ്പിക്കാനാണ് അന്വേഷണ സംഘത്തിന് ലഭിച്ചിരിക്കുന്ന നിർദ്ദേശം. ഡിവൈഎസ്‌പിയുടെ നേതൃത്വത്തിൽ പ്രത്യേക സംഘത്തെ ഇതിനായി നിയോഗിച്ചിട്ടുണ്ട്. ഗെയിംസുമായി ബന്ധപ്പെട്ടുയർന്ന എല്ലാ ആരോപണവും അന്വേഷിക്കും.

ഗെയിംസിന്റെ മറവിൽ ക്രമക്കേട് നടക്കുന്നുവെന്ന് ചൂണ്ടിക്കാട്ടി സിബിഐ കൊച്ചി യൂണിറ്റിലാണ് പരാതികൾ ലഭിച്ചത്. തുടർന്ന് പരാതികൾ ചെന്നൈ യൂണിറ്റിലേക്കയച്ചു. ചെന്നൈ യൂണിറ്റിൽ നിന്ന് സിബിഐ ഡയറക്ടറേറ്റിലേക്കയച്ച പരാതികൾ പരിശോധിച്ചശേഷം ഡയറക്ടറേറ്റിന്റെ നിർദ്ദേശമനുസരിച്ചാണ് ആന്വേഷണം ആരംഭിച്ചിരിക്കുന്നത്. നാഷണൽ ഗെയിംസുമായി ബന്ധപ്പെട്ട് കോടികളുടെ ക്രമക്കേട് നടന്നുവെന്നാണ് പാരാതികളുടെ ഉള്ളടക്കം. ഗെയിംസിന്റെ വിവിധ നടത്തിപ്പുകൾക്ക് ടെണ്ടർ അനുവദിച്ചതിൽ വ്യാപക അഴിമതി നടന്നിട്ടുണ്ടെന്നും സാമ്പത്തിക തട്ടിപ്പ് നടന്നുവെന്നുമാണ് പരാതികളിൽ ചൂണ്ടിക്കാട്ടിയിട്ടുള്ളത്.

ദേശീയ ഗെയിംസ് നടത്തിപ്പിൽ വ്യാപക അഴിമതി നടന്നുവെന്ന് ഇന്റലിജൻസ് ബ്യൂറോയും (ഐബി) കേന്ദ്ര ആഭ്യന്തര മന്ത്രാലയത്തിന് റിപ്പോർട്ട് നൽകിയിരുന്നു. ഈ റിപ്പോർട്ടും സിബിഐ പരിശോധിക്കും.

Stories you may Like

കമന്റ് ബോക്‌സില്‍ വരുന്ന അഭിപ്രായങ്ങള്‍ മറുനാടന്‍ മലയാളിയുടേത് അല്ല. മാന്യമായ ഭാഷയില്‍ വിയോജിക്കാനും തെറ്റുകള്‍ ചൂണ്ടി കാട്ടാനും അനുവദിക്കുമ്പോഴും മറുനാടനെ മനഃപൂര്‍വ്വം അധിക്ഷേപിക്കാന്‍ ശ്രമിക്കുന്നവരെയും അശ്ലീലം ഉപയോഗിക്കുന്നവരെയും മറ്റു മലയാളം ഓണ്‍ലൈന്‍ ലിങ്കുകള്‍ പോസ്റ്റ് ചെയ്യുന്നവരെയും മതവൈരം തീര്‍ക്കുന്നവരെയും മുന്നറിയിപ്പ് ഇല്ലാതെ ബ്ലോക്ക് ചെയ്യുന്നതാണ് - എഡിറ്റര്‍

More News in this category+

MNM Recommends +

Go to TOP