Forex Rate:

1 usd = 76.25 inr 1 gbp = 94.16 inr 1 eur = 85.23 inr 1 aed = 20.76 inr 1 sar = 20.32 inr 1 kwd = 247.66 inr
Apr / 202423Tuesday

ചെക്ക് തിരിച്ചയച്ചാൽ കാരുണ്യയിൽ സംഭാവനയിടും; അല്ലെങ്കിൽ മുഖ്യമന്ത്രിയുടെ ദുരിതാശ്വാസ നിധിക്ക് കൈമാറും; എല്ലാം തകർത്തത് ലാലിസമെന്ന തിരുവഞ്ചൂരിന്റെ പ്രസ്താവനയിൽ മനംനൊന്ത് സൂപ്പർതാരം; സർക്കാരുമായി ഇനിയൊരു ഇടപാടുമില്ല

ചെക്ക് തിരിച്ചയച്ചാൽ കാരുണ്യയിൽ സംഭാവനയിടും; അല്ലെങ്കിൽ മുഖ്യമന്ത്രിയുടെ ദുരിതാശ്വാസ നിധിക്ക് കൈമാറും; എല്ലാം തകർത്തത് ലാലിസമെന്ന തിരുവഞ്ചൂരിന്റെ പ്രസ്താവനയിൽ മനംനൊന്ത് സൂപ്പർതാരം; സർക്കാരുമായി ഇനിയൊരു ഇടപാടുമില്ല

മറുനാടൻ മലയാളി ബ്യൂറോ

തിരുവനന്തപുരം: ലാലിസം വിവാദത്തിൽ സർക്കാരുമായി ഇനി ഒത്തുതീർപ്പിനില്ലെന്ന് മോഹൻലാൽ. പണം തിരികെ നൽകുന്ന നിലപാടിൽ മാറ്റമില്ലെന്ന് മോഹൻലാൽ വ്യക്തമാക്കി. ആരുപറഞ്ഞാലും പണം തിരികെ നൽകുന്ന തീരുമാനത്തിൽ മാറ്റമില്ല. മന്ത്രിസഭ എന്തു തീരുമാനിച്ചാലും പണം നൽകും. ദേശീയഗെയിംസിന്റെ ഉദ്ഘാടനചടങ്ങിൽ ലാലിസം മാത്രമാണ് പരാജയമായതെന്ന മന്ത്രി തിരുവഞ്ചൂരിന്റെ പ്രസ്താവന തന്നെ വേദനിപ്പിച്ചെന്നും മോഹൻലാൽ പറഞ്ഞു.

ലാലിൽ നിന്ന് പണം വാങ്ങില്ലെന്ന നിലപാട് മന്ത്രിസഭാ യോഗം എടുത്തിട്ടുണ്ട്. എങ്കിലും നിലപാട് മാറ്റില്ല. ഒരു കോടി 63 ലക്ഷം രൂപയുടെ ചെക്കാണ് സർക്കാരിന് അയച്ചു കൊടുത്തത്. അത് വാങ്ങാതെ മടക്കിയാൽ പണം തിരികെ നൽകാനുള്ള മറ്റ് മാർഗ്ഗവും പരിഗണിക്കുന്നുണ്ട്. സർക്കാരിന് കാശ് കൊടുത്തില്ലെങ്കിൽ തന്റെ വിശ്വാസ്യതയെ ബാധിക്കുമെന്ന നിലപാടിലാണ് മോഹൻലാൽ. സർക്കാരുമായി വീണ്ടും ഒത്തുകളിച്ചു എന്ന ചർച്ചയും സജീവമാകും. അതിനാൽ നിലപാടിൽ ഉറച്ചു നിൽക്കാനാണ് തീരുമാനം.

നടൻ എന്ന നിലയിൽ 35 വർഷത്തെ അഭിനയജീവിതത്തിലേക്കുള്ള സംഗീത സാന്ദ്രമായ തിരിഞ്ഞുനോട്ടവും അതുവഴി പ്രതിച്ഛായ മെച്ചപ്പെടുത്തലുമായിരുന്നു 'ലാലിസം' എന്ന സംഗീത ബാൻഡുകൊണ്ട് മോഹൻലാൽ ഉദ്ദേശിച്ചത്. എന്നാൽ എല്ലാം തകർന്നു. മുഖ്യമന്ത്രി ഉമ്മൻ ചാണ്ടിയുടേയും കായിക മന്ത്രി തിരുവഞ്ചൂർ രാധാകൃഷ്ണന്റേയും വാക്ക് കേട്ട് ഇറങ്ങി പുറപ്പെട്ടിട്ട് അവരും തള്ളിപ്പറഞ്ഞതിലാണ് നിരാശ. ഈ സാഹചര്യത്തിൽ അഭിമാനം വീണ്ടെടുക്കാൻ പണം തിരികെ നൽകുമെന്ന് തന്നെയാണ് ലാൽ വ്യക്തമാക്കുന്നത്. സർക്കാർ പണം വാങ്ങാൻ തയ്യാറായില്ലെങ്കിൽ ഒരു കോടി അറുപത്തി മൂന്ന് ലക്ഷം രൂപ സർക്കാരിന്റെ സേവന പദ്ധതികളിൽ നിക്ഷേപിക്കും. മുഖ്യമന്ത്രിയുടെ ദുരിതാശ്വാസ നിധിയിലേക്കോ കാരുണ്യാ ഫണ്ടിലേക്കോ തുക കൈമാറാനാണ് നീക്കം.

സാങ്കേതിക വാദങ്ങളുയർത്തി മോഹൻലാലിൽ നിന്ന് പണം തിരികെ വാങ്ങാതിരിക്കാൻ സർക്കാർ തലത്തിൽ നീക്കമുണ്ടെന്ന സൂചനയുണ്ടായിരുന്നു. ഈ സാഹചര്യത്തിൽ കാരുണ്യയിലോ മുഖ്യമന്ത്രിയുടെ ദുരിതാശ്വാസ നിധിയിലോ കാശിടാനുള്ള തീരുമാനം നേരത്തെ എടുത്തിരുന്നു. ഇപ്പോൾ മന്ത്രിസഭയുടെ തീരുമാനം എടുത്തു. അപ്പോൾ തന്നെ ചെക്കും അയച്ചു. ദേശീയ ഗെയിംസിനെതിരെ തുടക്കമുതൽ വിവാദമാണ്. താൻ ലാലിസവുമായെത്തിയ ശേഷമാണ് അതിന് ശമനമുണ്ടായത്. ലാലിസത്തിന്റെ പാളിച്ചയ്ക്ക് കാരണം സർക്കാരും കൂടിയാണ്. എന്നിട്ടും കായിക മന്ത്രി താൻ മാത്രമാണ് എല്ലാ കുഴപ്പത്തിനും കാരണമെന്ന് പറഞ്ഞത് ശരിയായില്ലെന്ന നിലപാടിലാണ് മോഹൻലാൽ.

ദേശീയ ഗെയിംസിന്റെ ഉദ്ഘാടനച്ചടങ്ങിൽ അവതരിപ്പിച്ച സംഗീത പരിപാടിക്ക് ബീജാവാപം നടന്നതുകൊച്ചിയിലാണ്. കഴിഞ്ഞ നവംബർ നാലിനായിരുന്നു 'ലാലിസം' എന്ന സംഗീത ബാൻഡിന്റെ പ്രഖ്യാപനം. തൃപ്പൂണിത്തുറയിലെ ജെ.ടി പെർഫോമിങ് ആർട്‌സ് സെന്ററിലായിരുന്നു പ്രഖ്യാപനച്ചടങ്ങ്. 'മോഹൻലാൽ തന്റെ അഭിനയ ജീവിതത്തിന്റെ 35 വർഷങ്ങൾ പിന്നിടുകയാണെന്നും ജീവിതത്തിന്റെ വിവിധ തുറകളിൽപെട്ട നൂറുകണക്കിന് കഥാപാത്രങ്ങളുടെ ഭാവരൂപങ്ങളും ജീവിതാവസ്ഥകളും ആത്മസംഘർഷങ്ങളും നിറഞ്ഞ അഭിനയ വൈവിധ്യത്തിലേക്കുള്ള തിരിഞ്ഞുനോട്ടത്തെ സംഗീത സാന്ദ്രമായി പുനരാവിഷ്‌കരിക്കുകയാണ് 'ലാലിസം ബാൻഡ്' എന്ന കാവ്യ സംഗീതിക എന്നായിരുന്നു സംഗീത ബാൻഡിന്റെ പ്രഖ്യാപനച്ചടങ്ങിൽ വിശേഷിപ്പിച്ചത്.

മോഹൻലാൽ അഭിനയിച്ച 'റൺ ബേബി റൺ' സിനിമയുടെ സംഗീത സംവിധായകനായിരുന്ന രതീഷ് വേഗയുടെ നേതൃത്വത്തിലായിരുന്നു സംഗീത ബാൻഡ് ആരംഭിച്ചതും. ഈ ചിത്രത്തിൽ മോഹൻലാൽ പാടിയ 'ആറ്റുമണൽ പായയിൽ..' എന്ന് തുടങ്ങുന്ന ഗാനം ഹിറ്റായിരുന്നു. ലാലെന്ന ബ്രാൻഡിനെ സമർത്ഥമായി കൈകാര്യം ചെയ്യുന്ന ബാൻഡാണ് രതീഷ് വേഗ മനസ്സിൽ പദ്ധതിയിട്ടത്. അതൊന്നുമായിരുന്നില്ല കാര്യവട്ടത്ത് അരങ്ങേറിയത്.

താൻ പാടിയ 'ആറ്റുമണൽ പായയിൽ....' എന്ന ഗാനം വ്യാപകമായി സ്വീകരിക്കപ്പെട്ടതിന്റെ ആത്മവിശ്വാസത്തിൽ, 'ലാലിസം' ബാൻഡിൽ പുതുമുഖ ഗായകർക്കൊപ്പം പാടാൻ മോഹൻലാലും തയാറായി. അദ്ദേഹത്തിന്റെ ആദ്യ ചിത്രമായ 'തിരനോട്ടം' മുതൽ ഈയിടെ അഭിനയിച്ച സിനിമകളിലെ വരെ രംഗങ്ങൾ ഹോളോഗ്രാമിലൂടെ രംഗത്തത്തെിക്കുകയായിരുന്നു ലക്ഷ്യം. 'കഥാപാത്രമല്ലാത്ത നടനും നടൻ ജീവൻകൊടുത്ത കഥാപാത്രങ്ങളും രണ്ടും കണ്ടുനിൽക്കുന്ന ആസ്വാദക വൃന്ദവും എന്ന ത്രികോണമിതി' എന്ന സങ്കൽപത്തിലാണ് സംഗീത ബാൻഡ് ആരംഭിച്ചത്. ചുരുക്കത്തിൽ ലാൽ എന്ന നടന്റെ പ്രതിച്ഛായക്കുവേണ്ടിയുള്ള ഒരു സ്വകാര്യ സംരംഭം മാത്രമായാണ് 'ലാലിസം ബാൻഡ്' ആരംഭിച്ചത്. 'ലാലിസംദ ലാൽ ഇഫക്ട്' എന്ന പേരിൽ 2015 ആദ്യമാസങ്ങളിലൊന്നിൽ ഷോ അവതരിപ്പിക്കുകയായിരുന്നു ലക്ഷ്യം.

മാസങ്ങൾ നീളുന്ന പരിശീലനവും തയ്യാറെടുപ്പും കഴിഞ്ഞാണ് ഇത്തരം മെഗാ സംഗീത ബാൻഡുകൾ അരങ്ങിലത്തൊറ്. എന്നാൽ, അപ്രതീക്ഷിതമായാണ് 'ലാലിസം' സംഗീത ബാൻഡിന്റെ അരങ്ങേറ്റത്തിന് ദേശീയ ഗെയിംസ് വേദി തന്നെ ഒത്തുകിട്ടിയത്. ദേശീയ ഗെയിംസിന്റെ ഉദ്ഘാടന ചടങ്ങിൽ നിന്ന് എ ആർ റഹ്മാൻ പിന്മാറിയപ്പോൾ സർക്കാരിന് മുന്നിൽ ലാലിസം എത്തി. മുഖ്യമന്ത്രിയുടെ ആവശ്യ പ്രകാരം റിസ്‌ക് ഏറ്റെടുത്തു. പിന്നീട് ലാലിസം മാത്രം വേണ്ടെന്ന് പറഞ്ഞപ്പോൾ എല്ലാം തെറ്റി. ഹോളോ ഗ്രാം പരിശീനത്തിന് വേദി സമയത്തിന് തയ്യാറായുമില്ല. അങ്ങനെ ലാലിസം ഇന്ത്യാ സിങ്ങിങ്ങ് പരാജയമായി. ഇതിന് തന്നെ മാത്രം കുറ്റപ്പെടുത്തുന്നത് എങ്ങനെ എന്നതാണ് ലാൽ ഉയർത്തുന്ന ചോദ്യം.

Stories you may Like

കമന്റ് ബോക്‌സില്‍ വരുന്ന അഭിപ്രായങ്ങള്‍ മറുനാടന്‍ മലയാളിയുടേത് അല്ല. മാന്യമായ ഭാഷയില്‍ വിയോജിക്കാനും തെറ്റുകള്‍ ചൂണ്ടി കാട്ടാനും അനുവദിക്കുമ്പോഴും മറുനാടനെ മനഃപൂര്‍വ്വം അധിക്ഷേപിക്കാന്‍ ശ്രമിക്കുന്നവരെയും അശ്ലീലം ഉപയോഗിക്കുന്നവരെയും മറ്റു മലയാളം ഓണ്‍ലൈന്‍ ലിങ്കുകള്‍ പോസ്റ്റ് ചെയ്യുന്നവരെയും മതവൈരം തീര്‍ക്കുന്നവരെയും മുന്നറിയിപ്പ് ഇല്ലാതെ ബ്ലോക്ക് ചെയ്യുന്നതാണ് - എഡിറ്റര്‍

More News in this category+

MNM Recommends +

Go to TOP