Forex Rate:

1 usd = 76.25 inr 1 gbp = 94.16 inr 1 eur = 85.23 inr 1 aed = 20.76 inr 1 sar = 20.32 inr 1 kwd = 247.66 inr
Apr / 202420Saturday

ദേശീയ ഗെയിംസിൽ കേരളം മെഡൽവേട്ട തുടങ്ങി; നീന്തലിൽ സാജൻ പ്രകാശിന് സ്വർണ്ണവും വെള്ളിയും; ഫ്രീസ്റ്റൈൽ റിലേയിൽ പുരുഷ ടീമിന് റെക്കോർഡോടെ സ്വർണ്ണ നേട്ടം; ഗുസ്തിയിൽ നാല് സ്വർണ്ണവുമായി ഹരിയാന

ദേശീയ ഗെയിംസിൽ കേരളം മെഡൽവേട്ട തുടങ്ങി; നീന്തലിൽ സാജൻ പ്രകാശിന് സ്വർണ്ണവും വെള്ളിയും; ഫ്രീസ്റ്റൈൽ റിലേയിൽ പുരുഷ ടീമിന് റെക്കോർഡോടെ സ്വർണ്ണ നേട്ടം; ഗുസ്തിയിൽ നാല് സ്വർണ്ണവുമായി ഹരിയാന

തിരുവനന്തപുരം: മുപ്പത്തിയഞ്ചാമത് ദേശീയ ഗെയിംസിൽ കേരളം മെഡൽവേട്ട തുടങ്ങി. നീന്തൽകുളത്തിൽ നിന്നും ഇന്ത്യ രണ്ട് സ്വർണം നേടി. വ്യക്തിഗത ഇനത്തിലും ടീമിനത്തിലുമാണ് കേരളത്തിന് സ്വർണം. ഒരു സ്വർണവും ഒരു വെള്ളിയും നേടിയ സാജൻ പ്രകാശാണ് നീന്തൽക്കുളത്തിൽ കേരളത്തിന്റെ അഭിമാനം കാത്തത്. പുരുഷന്മാരുടെ 4 X 400 മീറ്റർ ഫ്രീസ്റ്റൈൽ റിലേയിൽ പുരുഷ ടീം റെക്കോർഡോടെ സ്വർണം നേടി.

പുരുഷന്മാരുടെ 100 മീറ്റർ ബട്ടർഫ്‌ലൈ സ്‌ട്രോക്കിലാണ് സാജൻ പ്രകാശ് ഗെയിംസ് റെക്കാഡോടെ സ്വർണം നേടിയത്. 55:03 സെക്കൻഡിലാണ് നീന്തിയെത്തിയത്. വീർദവാൽ ഘഡേയുടെ പേരിലുണ്ടായിരുന്ന 55:56 സെക്കൻഡ് എന്ന റെക്കോഡാണ് സാജൻ പ്രകാശ് തിരുത്തിയത്. പശ്ചിമ ബംഗാളിന്റെ സുപ്രിയ മൊണ്ടൽ വെള്ളിയും മഹാരാഷ്ട്രയുടെ അരോൺ ഡിസൂസ വെങ്കലവും നേടി.

പുരുഷന്മാരുടെ 200 മീറ്റർ ഫ്രീസ്‌റ്റൈൽ നീന്തലിലാണ് സാജൻ വെള്ളി നേടിയത്. 1:53.27 സെക്കൻഡിൽ ഫിനിഷ് ചെയ്താണ് സാജൻ മെഡൽ നേടിയത്. 1:53.06 സെക്കൻഡിൽ ഫിനിഷ് ചെയ്ത മധ്യപ്രദേശിന്റെ അരോൺ ഡിസൂസയാണ് പുതിയ ഗെയിംസ് റെക്കോഡ് സൃഷ്ടിച്ച് സ്വർണം നേടിയത്. 1:53.91 സെക്കൻഡിന്റെ റെക്കോഡാണ് ആരോൺ പഴങ്കഥയാക്കിയത്. സാജൻ പ്രകാശും പഴയ റെക്കോഡിനെ മറികടന്നുങ്ങ. 1:54.58 സെക്കൻഡിൽ ഫിനിഷ് ചെയ്ത മഹാരാഷ്ട്രയുടെ സൗരവ് ശംഖ്‌വാൾക്കർക്കാണ് വെങ്കലം. വനിതകളുടെ 100 മീറ്റർ ബട്ടർഫ്‌ലൈ സ്‌ട്രോക്കിൽ കേരളത്തിന്റെ പൂജ വെങ്കലം നേടി.

അതേസമയം ആദ്യദിനം ഹരിയാനയാണ് മെഡൽപട്ടികയിൽ മുന്നിൽ നിൽക്കുന്നത്. അഞ്ചു ഫൈനൽ നടന്ന ഒന്നാം ദിനം നാലു സ്വർണമാണ് ഗുസ്തിക്കാർ ഹരിയാണയ്ക്ക് നേടിക്കൊടുത്തത്. വനിതകളുടെ 55 കിലോഗ്രാം ഫ്രീസ്‌റ്റൈലിൽ ഋതു മാലിയും 69 കിലോ ഫ്രീസ്‌റ്റൈലിൽ സുമൻ കുന്ദുവും പുരുഷന്മാരുടെ 74 കിലോ ഫ്രീസ്‌റ്റൈലിൽ ജിതേന്ദറും 85 കിലോ ഗ്രീക്കോ റോമൻ ഗുസ്തിയിൽ മനോജ്കുമാറുമാണ് ഹരിയാണയ്ക്കുവേണ്ടി സ്വർണം നേടിയത്. ആദ്യ ദിനം നടന്ന മൂന്നാമത്തെ ഫൈനലിൽ സർവീസസ് വിജയിച്ചു. സന്ദീപ്കുമാറിനാണ് സ്വർണം. ഈയിനത്തിൽ ഹരിയാണ വെള്ളി നേടി.

ഗെയിംസിലെ ആദ്യ സ്വർണവും വെള്ളിയും മണിപ്പൂരാണ് സ്വന്തമാക്കിയത്. വനിതകളുടെ 48 കിലോഗ്രാം ഭാരോദ്വഹനത്തിൽ സഞ്ജിത ചാനുവാണ് സ്വർണം നേടിയത്. 180 കിലോയാണ് ചാനു ഉയർത്തിയത്. സ്‌നാച്ചിൽ 78ഉം ക്ലീൻ ആൻഡ് ജർക്കിൽ 102 ഉം കിലോയാണ് ചാനു ഉയർത്തിയത്. സ്‌നാച്ചിലെ രണ്ടാമത്തെ ശ്രമത്തിലും ക്ലീൻ ആൻഡ് ജെർക്കിലെ മൂന്നാമത്തെ ശ്രമത്തിലുമായിരുന്നു ചാനുവിന്റെ മികച്ച പ്രകടനം.

മണിപ്പൂരിന്റെ തന്റെ മീരാബായ് ചാനു ഈയിനത്തിൽ വെള്ളി നേടി. ആന്ധ്രാപ്രദേശിന്റെ ബി.ഉഷയാണ് വെങ്കല മെഡൽ നേടിയത്. ആകെ 173 കിലോ ഭാരമാണ് സഞ്ജിത ഉയർത്തിയത്. കേരളത്തിന്റെ ലിന്റ തോമസ് ആറാമതും ആൻസി ഡാനിയേൽ ഏഴാമതുമാണ് എത്തിയത്. ഗ്ലാസ്‌ഗോ കോമൺവെൽത്ത് ഗെയിംസിലാണ് ഇരുപത്തിയൊന്നുകാരിയായ സഞ്ജിത സ്വർണം നേടിയത്. അന്ന് 173 (77+96) കിലോയാണ് ഉയർത്തിയത്. ഈ പ്രകടനം മെച്ചപ്പെടുത്തിയാണ് ദേശീയ ഗെയിംസിലെ ആദ്യ സ്വർണം സ്വന്തമാക്കിയത്.

അതേസമയം ദേശീയ ഗെയിംസ് വനിതകളുടെ ടെന്നിസ് ടീമിനത്തിൽ കേരളത്തിന് തോൽവി. ഗുജറാത്തിനോടാണ് കേരളം തോറ്റത്. രണ്ട് സിംഗിൾസിലും തോറ്റതോടെ ഡബിൾസ് മത്സരം ഉപേക്ഷിക്കുകയായിരുന്നു. ഈ ജയത്തോടെ ഗുജറാത്ത് സെമിയിൽ പ്രവേശിച്ചു. ആദ്യ മത്സരത്തിൽ ഗുജറാത്തിന്റെ എത്തി മേത്ത കേരളത്തിിന്റെ റിയയെയും (62, 61) രണ്ടാം സിംഗിൾസിൽ ഗുജറാത്തിന്റെ അങ്കിൽ റെയ്‌ന കേരളത്തിന്റെ സഞ്ജന സുധീറിനെയുമാണ് തോൽപിച്ചത് (61, 62).

അതിനിടെ വനിതാ ഫുട്‌ബോളിൽ കേരളം വിജയത്തോടെ തുടങ്ങി. പൂൾ എയിലെ ആദ്യ മത്സരത്തിൽ പശ്ചിമ ബംഗാളിനെ ഏകപക്ഷീയമായ ഒരു ഗോളിനാണ് കേരളം പരാജയപ്പെടുത്തിയത്. 61ാം മിനിറ്റിൽ സെൻട്രൽ മിഡ്ഫീൽഡർ നിഷിലയാണ് കേരളത്തിന്റെ വിജയഗോൾ നേടിയത്.

കമന്റ് ബോക്‌സില്‍ വരുന്ന അഭിപ്രായങ്ങള്‍ മറുനാടന്‍ മലയാളിയുടേത് അല്ല. മാന്യമായ ഭാഷയില്‍ വിയോജിക്കാനും തെറ്റുകള്‍ ചൂണ്ടി കാട്ടാനും അനുവദിക്കുമ്പോഴും മറുനാടനെ മനഃപൂര്‍വ്വം അധിക്ഷേപിക്കാന്‍ ശ്രമിക്കുന്നവരെയും അശ്ലീലം ഉപയോഗിക്കുന്നവരെയും മറ്റു മലയാളം ഓണ്‍ലൈന്‍ ലിങ്കുകള്‍ പോസ്റ്റ് ചെയ്യുന്നവരെയും മതവൈരം തീര്‍ക്കുന്നവരെയും മുന്നറിയിപ്പ് ഇല്ലാതെ ബ്ലോക്ക് ചെയ്യുന്നതാണ് - എഡിറ്റര്‍

More News in this category+

MNM Recommends +

Go to TOP