Forex Rate:

1 usd = 76.25 inr 1 gbp = 94.16 inr 1 eur = 85.23 inr 1 aed = 20.76 inr 1 sar = 20.32 inr 1 kwd = 247.66 inr
Apr / 202424Wednesday

ഒന്നര പതിറ്റാണ്ട് വൈകി ബോധം ഉദിച്ചാൽ ഇങ്ങനെയിരിക്കും; അഞ്ജു ബോബി ജോർജ്ജിനും ടോം ജോസഫിനും ജി വി രാജ അവാർഡ് പ്രഖ്യാപിച്ച് സർക്കാർ

ഒന്നര പതിറ്റാണ്ട് വൈകി ബോധം ഉദിച്ചാൽ ഇങ്ങനെയിരിക്കും; അഞ്ജു ബോബി ജോർജ്ജിനും ടോം ജോസഫിനും ജി വി രാജ അവാർഡ് പ്രഖ്യാപിച്ച് സർക്കാർ

തിരുവനന്തപുരം: രണ്ട് പതിറ്റാണ്ട് വൈകി ബോധം ഉദിച്ചാൽ എങ്ങനെ ഇരിക്കും എന്നറിയണമെങ്കിൽ മന്ത്രി തിരുവഞ്ചൂർ രാധാകൃഷ്ണന്റെ ഇന്നത്തെ പ്രഖ്യാപനം അറിയണം. രാജ്യത്തെ പരമോന്നത കായിക പുരസ്‌കാരമായ ഖേൽരത്‌ന കിട്ടിയ അഞ്ജു ബോബി ജോർജിനും ഇന്ത്യകണ്ട ഏറ്റവും മികച്ച വോളിബോൾ കളിക്കാരിൽ ഒരാൾ എന്ന നിലയിൽ അർജുന അവാർഡ് ലഭിച്ച ടോം ജോസഫിനും സംസ്ഥാനത്തെ ഏറ്റവും മികച്ച കായികതാരത്തിനുള്ള ജി വി രാജ അവാർഡ് പ്രഖ്യാപിച്ചാണ് സർക്കാർ വൈകിയുള്ള വിവേകത്തിന് കൈയൊപ്പ് നല്കിയത്. 

അഞ്ജു ബോബി ജോർജ് ആറ് വർഷം മുമ്പ് തന്നെ കായിക മത്സരങ്ങളിൽ നിന്നും വിരമിച്ചിരുന്നു. ഇരുവർക്കും അവാർഡ് നൽകിയത് വഴി വർഷം മികച്ച പ്രകടനം നടത്തിയവരുടെ പേര് ഒഴിവാക്കി എന്ന ആരോപണം ഉയർത്താതിരിക്കാൻ ഒ പി ജയ്ഷയ്ക്കും ജിബിൻ ജോസഫിനും കൂടി അവാർഡ് പ്രഖ്യാപിച്ചിട്ടുണ്ട്. ഒരു ലക്ഷം രൂപ വീതമാണ് അവാർഡ് തുക. ഏറ്റവും മികച്ച പരിശീലകനുള്ള അവാർഡ് പി ടി ഉഷയ്ക്കുമാണ് പ്രഖ്യാപിച്ചത്.

രണ്ടര പതിറ്റാണ്ടായി തമിഴ്‌നാടിനെ പ്രതിനിധീകരിക്കുന്നതു കൊണ്ടാണ് അഞ്ജുവിന് ഇതുവരെ അവാർഡ് നൽകാതിരുന്നത്. ദേശീയ മത്സരങ്ങളിൽ കേരളത്തെ പ്രതിനിധീകരിക്കുന്നവരെ ജി വി രാജ അവാർഡ് നൽകുക എന്നായിരുന്നു നിയമാവലി. അഞ്ജുവിന് അവാർഡ് നൽകാതിരുന്നത് വിവാദമായതിനെ തുടർന്നാണ് മാനദണ്ഡത്തിൽ മാറ്റം വരുത്തിയാണ് ഇപ്പോൾ പ്രഖ്യാപിച്ചിരിക്കുന്നത്. പോയ വർഷത്തെ പ്രകടനത്തിന്റെ അടിസ്ഥാനത്തിൽ വേണം അവാർഡ് എന്ന മാനദണ്ഡവും മാറ്റിയെന്നാണ് സൂചന. ടോസ് ജോസഫിന് ഇതുവരെ അവാർഡ് കൊടുക്കാതിരുന്നതും വിവാദമായി ഉയർന്നു വന്നിരുന്നു.

കഴിഞ്ഞതവണ ടോമിന് അർജുന അവാർഡ് നൽകാത്തത് വിവാദമായ വേളയിലാണ് കേരളം രാജ്യത്തിന് സമ്മാനിച്ച താരങ്ങളെ ഓർത്തത്. അതുകൊണ്ടാണ് ഇത്തവണ മാനദണ്ഡങ്ങളിൽ ചെറിയ മാറ്റങ്ങൾ വരുത്തി ജിവി രാജ അവാർഡിനായി ടോമിനെ പരിഗണിച്ചത്. മന്ത്രി തിരുവഞ്ചൂർ രാധാകൃഷ്ണൻ വാർത്താസമ്മേളനത്തിലാണ് അവാർഡ് ജേതാക്കളെ പ്രഖ്യാപിച്ചത്. ഇതാദ്യമായാണ് ജി വി രാജ പുരസ്‌ക്കാരം നാലു പേർക്കായി നൽകുന്നത്. വൈകിയാണെങ്കിലും അവാർഡ് കിട്ടിയതിൽ സന്തോഷമുണ്ടെന്ന് അഞ്ജു ബോബി ജോർജ്ജും ടോം ജോസഫും പുരസ്‌ക്കാര നേട്ടത്തോട് പ്രതികരിച്ചു.

മികച്ച കായികഅദ്ധ്യാപകനുള്ള അവാർഡ് കോളേജ് വിഭാഗത്തിൽ കോതമംഗലത്തെ ബാബു പി.ടിയും സ്‌കൂൾ വിഭാഗത്തിൽ പാലക്കാട് മുണ്ടൂരിലെ എൻ.എസ് സിജിനും കരസ്ഥമാക്കി. മികച്ച കായിക ലേഖകനുള്ള അവാർഡ് ദീപകയിലെ തോമസ് വർഗീസിനും മികച്ച വാർത്താ ഫോട്ടോഗ്രാഫർക്കുള്ള അവാർഡ് മലയാള മനോരമയിലെ റിങ്കുരാജ് മട്ടാഞ്ചേരിക്കും ലഭിച്ചു. മികച്ച ദൃശ്യ മാദ്ധ്യമപ്രവർത്തകനുള്ള അവാർഡ് മലയാള മനോരമയിലെ റിപ്പോർട്ടർ ടി.കെ സനീഷിനും ലഭിച്ചു.

കമന്റ് ബോക്‌സില്‍ വരുന്ന അഭിപ്രായങ്ങള്‍ മറുനാടന്‍ മലയാളിയുടേത് അല്ല. മാന്യമായ ഭാഷയില്‍ വിയോജിക്കാനും തെറ്റുകള്‍ ചൂണ്ടി കാട്ടാനും അനുവദിക്കുമ്പോഴും മറുനാടനെ മനഃപൂര്‍വ്വം അധിക്ഷേപിക്കാന്‍ ശ്രമിക്കുന്നവരെയും അശ്ലീലം ഉപയോഗിക്കുന്നവരെയും മറ്റു മലയാളം ഓണ്‍ലൈന്‍ ലിങ്കുകള്‍ പോസ്റ്റ് ചെയ്യുന്നവരെയും മതവൈരം തീര്‍ക്കുന്നവരെയും മുന്നറിയിപ്പ് ഇല്ലാതെ ബ്ലോക്ക് ചെയ്യുന്നതാണ് - എഡിറ്റര്‍

More News in this category+

MNM Recommends +

Go to TOP