Forex Rate:

1 usd = 76.25 inr 1 gbp = 94.16 inr 1 eur = 85.23 inr 1 aed = 20.76 inr 1 sar = 20.32 inr 1 kwd = 247.66 inr
Apr / 202425Thursday

ഏഷ്യൻ ഗെയിംസിൽ മലയാളികളുടെ മെഡൽ കൊയ്ത്ത്; അത്ലറ്റിക്സിൽ അവസാന ദിനം മാത്രം നേടിയത് രണ്ട് സ്വർണമുൾപ്പടെ നാല് മെഡലുകൾ; ജിൻസൺ സ്വർണം ഓടിയെടുത്തപ്പോൾ ചിത്രയ്ക്ക് സ്വർണതിളക്കമുള്ള വെങ്കലം; ടീമിനത്തിൽ വിസ്മയ സ്വർണം നേടിയപ്പോൾ അനസിനും കുഞ്ഞുമുഹമ്മദിനും വെള്ളി; ജക്കാർത്തയിൽ നെഞ്ച് വിരിച്ച് മലയാളി

ഏഷ്യൻ ഗെയിംസിൽ മലയാളികളുടെ മെഡൽ കൊയ്ത്ത്; അത്ലറ്റിക്സിൽ അവസാന ദിനം മാത്രം നേടിയത് രണ്ട് സ്വർണമുൾപ്പടെ നാല് മെഡലുകൾ; ജിൻസൺ സ്വർണം ഓടിയെടുത്തപ്പോൾ ചിത്രയ്ക്ക് സ്വർണതിളക്കമുള്ള വെങ്കലം; ടീമിനത്തിൽ വിസ്മയ സ്വർണം നേടിയപ്പോൾ അനസിനും കുഞ്ഞുമുഹമ്മദിനും വെള്ളി; ജക്കാർത്തയിൽ നെഞ്ച് വിരിച്ച് മലയാളി

സ്പോർട്സ് ഡെസ്‌ക്‌

ജക്കാർത്ത: കോഴിക്കോട് ചക്കിട്ടപ്പാറ സ്വദേശി ജിൻസൺ ജോൺസൺ ജക്കാർത്തയിൽ മലയാളികളുടെ മിന്നൽ ജോൺസനായി മാറുന്ന കാഴ്ചയാണ് കണ്ടത്. അത്‌ലറ്റിക്‌സിന്റെ സമാപന ദിവസമായ ഇന്ന് അക്ഷരാർഥത്തിൽ ഓരോ മലയാളിക്കും അഭിമാനമായിരിക്കുന്നു എന്ന് നെഞ്ച് വിരിച്ച് തന്നെ പറയാം. 1500 മീറ്ററിൽ ഒന്നാം സ്ഥാനത്ത് ഫിനിഷ് ചെയ്ത് ജിൻസൺ ഇന്ത്യക്ക് 12-ാം സ്വർണം സമ്മാനിച്ചു. മൂന്ന് മിനിറ്റ് 44.72 സെക്കന്റിലാണ് ജിൻസൺ ഫിനിഷ് ചെയ്തത്. തന്റെ ജീവിതത്തിലെ ഏറ്റവും വലിയ നേട്ടമെന്നാണ് ദേശിയപതാകയിൽ കെട്ടിപ്പിടിച്ച് ജിൻസൻ പറഞ്ഞത്.

ജക്കാർത്തയിലെ അത്ലറ്റിക്സിന്റെ സമാപന ദിനം മലയാളികൾക്ക് അഭിമാന നേട്ടം ജിൻസനിൽ അവസാനിച്ചില്ല. രണ്ടു സ്വർണവും രണ്ട് വെള്ളിയും ഒരു വെങ്കലവുമാണ് മലയാളി താരങ്ങൾ നേടിയത്. 1500 മീറ്ററിൽ ജിൻസൺ ജോൺസൺ സ്വർണം നേടിയപ്പോൾ 4X400 മീറ്ററിൽ മലയാളി താരം വിസ്മയ ഉൾപ്പെട്ട ടീം സ്വർണം നേടി. 4X400  മീറ്റർ റിലേ പുരുഷ ടീമിനത്തിൽ കുഞ്ഞുമുഹമ്മദും അനസും ഉൾപ്പെട്ട് ടീം ഇന്ത്യക്ക് വെള്ളി സമ്മാനിച്ചു. 1500 മീറ്റർ വനിതാ വിഭാഗത്തിൽ പി.യു ചത്ര വെങ്കലത്തിലേക്കും ഫിനിഷ് ചെയ്തു.

നേരത്തെ 800 മീറ്ററിൽ മലയാളി താരം ജിൻസൺ വെള്ളി നേടിയിരുന്നു. അതേസമയം 800 മീറ്ററിലെ സ്വർണജേതാവ് മൻജീത് സിങ്ങിന് നാലാം സ്ഥാനത്തേ മത്സരം പൂർത്തിയാക്കാനായുള്ളു.വനിതാ വിഭാഗത്തിൽ പി.യു ചിത്ര വെങ്കലം നേടിയത് കേരളത്തിന് ഇരട്ടി അഭിമാനമായി. നാല് മിനിറ്റ് 12.56 സെക്കന്റിൽ ഫിനിഷ് ചെയ്താണ് ചിത്ര മൂന്നാമതെത്തിയത്. ഈ ഇനത്തിൽ ബഹ്റെയ്ൻ താരങ്ങൾക്കാണ് സ്വർണവും വെള്ളിയും. കൽകിദാൻ ബെഫകാഡു സ്വർണം നേടിയപ്പോൾ ടിഗിസ്റ്റ് ബെലായ് വെള്ളി നേടി.

ഈ ഗയിംസിൽ മലയാളികൾ അത്‌ലറ്റിക്‌സിൽ മികച്ച പ്രകടനം തന്നെയാണ് കാഴ്ചവെച്ചത്. ഞായറാഴ്ച കൊല്ലം സ്വദേശി മുഹമ്മദ് അനസ് 400 മീറ്ററിൽ വെള്ളി നേടിയതായിരുന്നു കേരളത്തിന് സ്വന്തമായ ഒന്നാമത്തെ മെഡൽ ഇതിന് പിന്നാലെ ലോങ് ജംപിൽ കോഴിക്കോടുകാരിയായ വി. നീന വെള്ളി നേടിയിരുന്നു. കഴിഞ്ഞ ദിവസം 800 മീറ്ററിൽ വെള്ളി നേടിയ ജിൻസൻ ഇന്ന് 1500 മീറ്ററിൽ സ്വർണം നേടി ഡബിൾ തികച്ചു.പിന്നീട് വനിതകളുടെ റിലേയിൽ മലയാളി താരം വിസ്മയ ഉൾപ്പെട്ട ടീം സ്വർണവും അനസും കുഞ്ഞ് മുഹമ്മദും ഉൾപ്പെട്ട ടീം വെള്ളിയും നേടി. മലയാളി താരങ്ങൾ നേടിയത് 2 സ്വർണവും നാല് വെള്ളിയും ഒരു വെങ്കലവുമാണ്.39 മലയാളികളാണ് ഈ ഗെയിംസിനുള്ള ഇന്ത്യൻ സംഘത്തിൽ ഉണ്ടായിരുന്നത്

അഞ്ചാം ക്ലാസ് മുതൽ തുടങ്ങിയതാണ് ജിൻസൺ ജോൺസണും ചക്കിട്ടപ്പാറ മൈതാനവും തമ്മിലുള്ള പ്രണയം. അന്നു മുതൽ തന്റെ തോൽവിയും വിജയവുമെല്ലാം അവൻ ആദ്യം പറയുന്നത് ആ മലയോര മൈതാനത്തോടായിരുന്നു. അതു കൊണ്ട് തന്നെ സൈനിക ജോലി കഴിഞ്ഞ് വീട്ടിലേക്കെത്തുമ്പോഴെല്ലാം ജിൻസൺ ആദ്യമെത്തുന്നത് ഈ മൈതാനത്തേക്കായിരുന്നു. ഇന്ത്യയുടെ സുവർണ താരമായി ഇന്ന് ജിൻസൺ മാറിയപ്പോൾ ഒരു മലയോരം മുഴുവൻ ആ താരത്തെയോർത്ത് അഭിമാനം കൊള്ളുകയാണ്- അവന്റെ നിശ്ചയ ദാർഢ്യത്തെയും അർപ്പണ ബോധത്തെയും നെഞ്ചോടു ചേർക്കുകയാണ്.

അഞ്ചാം ക്ലാസ് മുതൽ ജിൻസൺ മൈതാനത്ത് ബൂട്ട് കെട്ടാൻ തുടങ്ങിയിരുന്നെങ്കിലും പ്ലസ് വൺ തലം വരെ കാത്തിരിക്കേണ്ടി വന്നൂ കാര്യമായി ഒരു നേട്ടമുണ്ടാക്കാൻ. കൊൽക്കത്തയിൽ നടന്ന സ്‌കൂൾ ഗെയിംസിൽ 1500 മീറ്ററിൽ സ്വർണം. അതു വരെ നിരാശനാവാതെ മൈതാനത്തെ സ്നേഹിച്ചതിന്റെ ആദ്യ പ്രതിഫലം. പിന്നെ നേട്ടങ്ങൾ ഓരോന്നായി കൈപ്പിടിയിൽ ഒതുക്കുകയായിരുന്നു.പഠിച്ചു കൊണ്ടിരിക്കുന്നതിനിടെ പട്ടാളത്തിൽ ജോലി കിട്ടിയപ്പോഴും പുതിയ വേഗം തേടിയുള്ള ജിൻസന്റെ ശ്രമത്തിന് ഒട്ടും കുറവുണ്ടായില്ല. അത് അവനെയെത്തിച്ചത് ഏഷ്യൻ ഗെയിംസിലെ 1500 മീറ്റർ സുവർണ നേട്ടത്തിലേക്ക്.

വെങ്കലമെഡലാണ് നേടിയതെങ്കിലും പി.യു ചിത്രയുടെ നേട്ടത്തിന് സ്വർണത്തോളം തിളക്കമുണ്ട്. കൂലിപ്പണിക്കാരായ മാതാപിതാക്കളുടെ മകൾ. പരിശീലിപ്പിക്കാൻ ഇതിഹാസ താരങ്ങളില്ല.തളരാത്ത ആത്മവീര്യത്തോടെ പോരാടി രാജ്യത്തിന്റെ അഭിമാനമായപ്പോഴും ഒതുക്കാൻ ശ്രമിച്ചത് ഉന്നതർ മാനസികമായി തളർന്നെങ്കിലും കേരളത്തിന്റെ അകമഴിഞ്ഞ പിന്തുണയിൽ പ്രതീക്ഷ വച്ചാണ് പ്രാരാബ്ദങ്ങളുടെ ട്രാക്കിൽ ചിത്ര ഒടിക്കയറിയത്. മുൻപ് ലണ്ടനിൽ നടന്ന വേൾഡ് അത്‌ലറ്റിക് മീറ്റിൽ നിന്ന് തന്നെ ഒഴിവാക്കാൻ കൂട്ട് നിന്നവർക്കുള്ള മറുപടി കൂടിയാണ് ചിത്രയുടെ ഈ നേട്ടം എന്ന് നിസംശയം പറയാം.

ജീവിതത്തിന്റെ കനൽ വഴികൾ താണ്ടിയായിരുന്നു പി യു ചിത്ര എന്ന കായികതാരത്തിന്റെ ഉദയം. സാഹചര്യങ്ങൾ ഉയർത്തിയ വെല്ലുവിളികളെ ഉറച്ച നിശ്ചയദാർഢ്യവും ലക്ഷ്യബോധവും കൊണ്ട് മറികടന്നാണ് ചിത്ര ഉയരങ്ങളിലേക്ക് കുതിച്ചത്. കൃഷിപ്പണി ചെയ്ത് നാല് മക്കളെ വളർത്താൻ നന്നേ പാടുപെട്ട അച്ഛനും അമ്മയ്ക്കും ഓട്ടക്കാരിയായ മകൾ മെഡലുകൾ വാരിക്കൂട്ടുമ്പോൾ സന്തോഷം നൽകിയിരുന്നെങ്കിലും അതിനും അപ്പുറമായിരുന്നു അവളെ കുറിച്ചുള്ള ആശങ്കകൾ. മകൾക്ക് വേണ്ടത് പ്രോത്സാഹനം മാത്രമല്ല മികച്ച പരിശീലനവും നല്ല ഭക്ഷണവും ആണെന്ന തിരിച്ചറിവായിരുന്നു ഈ മാതാപിതാക്കളെ വേദനിപ്പിച്ചത്

പാലും മുട്ടയും പോഷകാഹാരങ്ങളും മകളിലെ കായികതാരത്തെ വളർത്തി എടുക്കാൻ നൽകണമെന്ന് എല്ലാവരും പറയുമ്പോഴും പാവപ്പെട്ടവരായ തങ്ങൾക്ക് അത് എങ്ങിനെ സാധിക്കും എന്നുള്ള വിഷമമായിരുന്നു ഇവരെ അലട്ടിയിരുന്നത്. ഏഷ്യൻ അത്‌ലറ്റിക്ക് ചാമ്പ്യൻ ഷിപ്പിൽ 44 വർഷത്തെ ചൈനയുടെ ആധിപത്യം അവസാനിപ്പിച്ച് ഇന്ത്യ കിരീടം അണിഞ്ഞ സമയത്ത് അതിൽ തന്റെ മകളുടെ പങ്കും ഉണ്ടെന്ന് ചിത്രയുടെ അമ്മ വസന്തകുമാരി അറിയുന്നത് പണിക്കു പോയ വീട്ടിലെ ടിവിയിലൂടെയാണ്.

പഴങ്ങളും മുട്ടയും പോഷകാഹാരങ്ങളുമൊക്കെ കൊടുക്കണമെന്ന് പരിശീലകൻ പറയുമ്പോൾ ചിത്രയുടെ അച്ഛനമ്മമാർക്ക് കുറ്റബോധമാണ്. രാവിലെ ഒരുഗ്ലാസ് പാൽ മുടക്കാറില്ല. കൂലിപ്പണിചെയ്ത് കുടുംബം പോറ്റുന്നതിനിടെ അന്നത്തെ ജീവിതത്തിനപ്പുറം മറ്റൊന്നുമോർക്കാൻ അവർക്ക് കഴിയില്ല.സ്‌കൂൾ മീറ്റിൽ തുടങ്ങിയ പടയോട്ടം ജീവിതത്തിലെ പല പ്രതിസന്ധിയിലൂം മറികടന്ന് ജീവിതത്തിന്റെ റൈറ്റ് ട്രാക്കിൽ തന്നെ എത്തിക്കുകയായിരുന്നു ഈ മിടുക്കി. പിന്നീട് സംസ്ഥാന സർ്കകാർ ഇടപെട്ടാണ് ചിത്രയ്ക്ക് പോഷകാഹാരം നൽകുന്നതിനുള്ള ചെലവ് പോലും ഏറ്റെടുത്തത്. അതിന് അവൾ രാജ്യത്തോട് പ്രത്യുപകാരം ചെയ്യുന്നത് തന്റെ മെഡൽ നേട്ടങ്ങളിലൂടെയാണ്.

Stories you may Like

കമന്റ് ബോക്‌സില്‍ വരുന്ന അഭിപ്രായങ്ങള്‍ മറുനാടന്‍ മലയാളിയുടേത് അല്ല. മാന്യമായ ഭാഷയില്‍ വിയോജിക്കാനും തെറ്റുകള്‍ ചൂണ്ടി കാട്ടാനും അനുവദിക്കുമ്പോഴും മറുനാടനെ മനഃപൂര്‍വ്വം അധിക്ഷേപിക്കാന്‍ ശ്രമിക്കുന്നവരെയും അശ്ലീലം ഉപയോഗിക്കുന്നവരെയും മറ്റു മലയാളം ഓണ്‍ലൈന്‍ ലിങ്കുകള്‍ പോസ്റ്റ് ചെയ്യുന്നവരെയും മതവൈരം തീര്‍ക്കുന്നവരെയും മുന്നറിയിപ്പ് ഇല്ലാതെ ബ്ലോക്ക് ചെയ്യുന്നതാണ് - എഡിറ്റര്‍

More News in this category+

MNM Recommends +

Go to TOP