Forex Rate:

1 usd = 76.25 inr 1 gbp = 94.16 inr 1 eur = 85.23 inr 1 aed = 20.76 inr 1 sar = 20.32 inr 1 kwd = 247.66 inr
Apr / 202425Thursday

കാബൂൾ ഭീകരാക്രമണത്തിന് പാക്കിസ്ഥാന് അഫ്ഗാന്റെ 'ഇന്ത്യൻ മോഡൽ' തിരിച്ചടി; ഇന്ത്യൻ എംബസിക്ക് സമീപത്തെ ആക്രമണത്തിന് പിന്നിൽ പാക് ഭീകരരെന്ന് വ്യക്തമായതോടെ ക്രിക്കറ്റ് മൽസരങ്ങൾ റദ്ദാക്കി

കാബൂൾ ഭീകരാക്രമണത്തിന് പാക്കിസ്ഥാന് അഫ്ഗാന്റെ 'ഇന്ത്യൻ മോഡൽ' തിരിച്ചടി; ഇന്ത്യൻ എംബസിക്ക് സമീപത്തെ ആക്രമണത്തിന് പിന്നിൽ പാക് ഭീകരരെന്ന് വ്യക്തമായതോടെ ക്രിക്കറ്റ് മൽസരങ്ങൾ റദ്ദാക്കി

കാബൂൾ: ഭീകരവാദത്തെ പ്രോത്സാഹിപ്പിക്കുന്ന പാക്കിസ്ഥാനെ പാഠം പഠിപ്പിക്കാൻ ഇന്ത്യയുടെ സർജിക്കൽ സ്ട്രൈക്ക് മോഡലിൽ അഫ്ഗാനിസ്ഥാന്റെ തിരിച്ചടി. പാക്കിസ്ഥാനുമായുള്ള എല്ലാ ക്രിക്കറ്റ് ബന്ധങ്ങളും അവസാനിപ്പിച്ചു കൊണ്ടാണ് അഫ്ഗാൻ കാബൂൾ ഭീകരാക്രമണത്തിന് തിരിച്ചടി നൽകിയത്. അഫ്ഗാൻ ക്രിക്കറ്റ് ബോർഡിന്റേതാണ് തീരുമാനം. സമൂഹമാധ്യമത്തിലൂടെയായിരുന്നു പരമ്പര റദ്ദാക്കുന്നുവെന്ന പ്രഖ്യാപനം ബോർഡ് നടത്തിയത്.

ഇരുരാജ്യങ്ങളും തമ്മിലുള്ള ബന്ധം വളർത്തുന്നതിന്റെ ഭാഗമായി പാക്കിസ്ഥാൻ ക്രിക്കറ്റ് ടീം ഈ വർഷം അഫ്ഗാനിസ്ഥാൻ സന്ദർശിക്കാൻ തീരുമാനിച്ചിരുന്നു. ജൂലൈയിലോ ഓഗസ്റ്റിലോ ഇരുരാജ്യങ്ങളും തമ്മിൽ ഒരു ട്വന്റി20 മൽസരം നടത്താനായിരുന്നു ധാരണ. തുടർന്ന് കുറച്ചുകൂടി വിപുലമായൊരു പരമ്പരയ്ക്കായി അഫ്ഗാൻ ടീം പാക്കിസ്ഥാൻ സന്ദർശിക്കാനും ധാരണയായിരുന്നു. ഈ മൽസരങ്ങൾ ഉൾപ്പെടെയുള്ള എല്ലാ ബന്ധങ്ങളും റദ്ദാക്കുന്നതായി അഫ്ഗാനിസ്ഥാൻ ക്രിക്കറ്റ് ബോർഡാണ് അറിയിച്ചത്.

അഫ്ഗാൻ തലസ്ഥാനമായ കാബൂളിൽ ബുധനാഴ്ച നടന്ന ഭീകരാക്രമണത്തിൽ 90ൽ അധികം പേർ മരിച്ചിരുന്നു. ഈ ആക്രമണത്തിനു പിന്നിൽ പാക്ക് പിന്തുണയുള്ള ഭീകരരാണെന്ന് അഫ്ഗാൻ രഹസ്യാന്വേഷണ ഏജൻസി കണ്ടെത്തിയിരുന്നു. ഇതിനു പിന്നാലെയാണ് ഇന്ത്യയെ അനുകരിച്ച് പാക്കിസ്ഥാനുമായുള്ള ക്രിക്കറ്റ് ബന്ധങ്ങൾ അവസാനിപ്പിക്കാൻ അഫ്ഗാനിസ്ഥാൻ തീരുമാനിച്ചത്.

ഭീകരവാദത്തെ പ്രോത്സാഹിപ്പിക്കുകയും അവർക്ക് അഭയം നൽകുകയും ചെയ്യുന്ന രാജ്യവുമായി ഒരു തരത്തിലുള്ള ബന്ധവും സാധ്യമല്ലെന്ന് അഫ്ഗാൻ ക്രിക്കറ്റ് ബോർഡ് വ്യക്തമാക്കി. പാക്ക് സൈന്യവുമായും ഭീകരസംഘടനയായ താലിബാനുമായും ബന്ധമുള്ള ഹഖാനി നെറ്റ്‌വർക്കാണ് കാബൂൾ ആക്രമണത്തിന് പിന്നിലെന്നാണ് അഫ്ഗാൻ ഇന്റലിജൻസ് ഏജൻസികളുടെ നിഗമനം. 2009ൽ പാക്കിസ്ഥാനിൽ പരമ്പരയ്ക്കെത്തിയ ശ്രീലങ്കൻ ക്രിക്കറ്റ് ടീമിനുനേരെ ഭീകരാക്രമണം ഉണ്ടായശേഷം അവിടം സന്ദർശിക്കാൻ പ്രമുഖ ടീമുകളൊന്നും തയാറായിട്ടില്ല. ഈ സംഭവത്തിനുശേഷം പാക്കിസ്ഥാനിൽ ക്രിക്കറ്റ് പരമ്പരയ്ക്കായി എത്തിയത് സിംബാബ്വെ മാത്രമാണ്.

ക്രിക്കറ്റ് മൽസരങ്ങളിൽനിന്ന് അഫ്ഗാനിസ്ഥാനും പിന്മാറിയതോടെ അയൽരാജ്യങ്ങൾക്കിടയിൽ പാക്കിസ്ഥാൻ ക്രിക്കറ്റ് ബോർഡ് കൂടുതൽ ഒറ്റപ്പെട്ടു. ഭീകരാവാദത്തിനു പ്രോത്സാഹനം നൽകുന്നതിന്റെ പേരിൽ പാക്കിസ്ഥാനുമായുള്ള എല്ലാവിധ ഉഭയകക്ഷി ക്രിക്കറ്റ് ബന്ധവും ഇന്ത്യ റദ്ദാക്കിയിരുന്നു. 2008ലെ മുംബൈ ഭീകരാക്രമണത്തിനുശേഷമാണ് പാക്കിസ്ഥാനുമായി മുഴുനീള പരമ്പരകൾ കളിക്കുന്നതിൽനിന്ന് ഇന്ത്യ പിന്മാറിയത്. ക്രിക്കറ്റ് ബന്ധം പുനഃസ്ഥാപിക്കുന്നതിന് പാക്ക് ക്രിക്കറ്റ് ബോർഡും ബിസിസിഐയും കഴിഞ്ഞ ദിവസം ദുബായിൽ കൂടിക്കാഴ്ച നടത്തിയിരുന്നെങ്കിലും, തീവ്രവാദം തീർന്നിട്ടുമതി പാക്ക് പരമ്പരയെന്ന് കേന്ദ്ര സർക്കാർ വ്യക്തമാക്കിയതോടെ ഈ നീക്കം പാളി.

 

Stories you may Like

കമന്റ് ബോക്‌സില്‍ വരുന്ന അഭിപ്രായങ്ങള്‍ മറുനാടന്‍ മലയാളിയുടേത് അല്ല. മാന്യമായ ഭാഷയില്‍ വിയോജിക്കാനും തെറ്റുകള്‍ ചൂണ്ടി കാട്ടാനും അനുവദിക്കുമ്പോഴും മറുനാടനെ മനഃപൂര്‍വ്വം അധിക്ഷേപിക്കാന്‍ ശ്രമിക്കുന്നവരെയും അശ്ലീലം ഉപയോഗിക്കുന്നവരെയും മറ്റു മലയാളം ഓണ്‍ലൈന്‍ ലിങ്കുകള്‍ പോസ്റ്റ് ചെയ്യുന്നവരെയും മതവൈരം തീര്‍ക്കുന്നവരെയും മുന്നറിയിപ്പ് ഇല്ലാതെ ബ്ലോക്ക് ചെയ്യുന്നതാണ് - എഡിറ്റര്‍

More News in this category+

MNM Recommends +

Go to TOP