Forex Rate:

1 usd = 76.25 inr 1 gbp = 94.16 inr 1 eur = 85.23 inr 1 aed = 20.76 inr 1 sar = 20.32 inr 1 kwd = 247.66 inr
Apr / 202419Friday

പന്തിൽ കൃത്രിമം കാണിച്ച സ്റ്റീവ് സ്മിത്ത് രാജ്യത്തെ മൊത്തം അപമാനിച്ചെന്ന വികാരം ഓസ്‌ട്രേലിയയിൽ ശക്തം; ജെന്റിൽമാൻ ഗെയിമിനെ അപമാനിച്ച സ്മിത്തിനും വാർണർക്കും ആജീവനാന്ത വിലക്കിന് സാധ്യത; ഐസിസിയുടെ താൽക്കാലിക വിലക്കിൽ മാത്രം നടപടി ഒതുങ്ങിയേക്കില്ല; അറ്റകൈ പ്രയോഗം നടത്തിയിട്ടും കേപ്ടൗൺ ടെസ്റ്റിൽ തോൽവി; ടീമിനെ അടിമുടി ഉടച്ചു വാർക്കാൻ ശ്രമിക്കുമെന്ന സൂചനയുമായി ക്രിക്കറ്റ് ഓസ്‌ട്രേലിയയും

പന്തിൽ കൃത്രിമം കാണിച്ച സ്റ്റീവ് സ്മിത്ത് രാജ്യത്തെ മൊത്തം അപമാനിച്ചെന്ന വികാരം ഓസ്‌ട്രേലിയയിൽ ശക്തം; ജെന്റിൽമാൻ ഗെയിമിനെ അപമാനിച്ച സ്മിത്തിനും വാർണർക്കും ആജീവനാന്ത വിലക്കിന് സാധ്യത; ഐസിസിയുടെ താൽക്കാലിക വിലക്കിൽ മാത്രം നടപടി ഒതുങ്ങിയേക്കില്ല; അറ്റകൈ പ്രയോഗം നടത്തിയിട്ടും കേപ്ടൗൺ ടെസ്റ്റിൽ തോൽവി; ടീമിനെ അടിമുടി ഉടച്ചു വാർക്കാൻ ശ്രമിക്കുമെന്ന സൂചനയുമായി ക്രിക്കറ്റ് ഓസ്‌ട്രേലിയയും

മറുനാടൻ ഡെസ്‌ക്ക്

കാൻബറ: പന്ത് ചുരണ്ടൽ വിവാദത്തിൽ ഓസ്ട്രേലിയൻ ക്രിക്കറ്റ് താരം സ്റ്റീവ് സ്മിത്തിന് വിലക്കും പിഴയും ഏർപ്പെടുത്തി അന്താരാഷ്ട്ര ക്രിക്കറ്റ് കൗൺസിൽ നടപടി സ്വീകരിച്ചെങ്കിലും കർശന നടപിടികളിലേക്ക് ക്രിക്കറ്റ് ഓസ്‌ട്രേലിയ വീണ്ടും കടക്കുമെന്ന് സൂചന. നിലവിൽ ഒരു ടെസ്റ്റിൽ നിന്നുമാണ് സ്മിത്തിനെ വിലക്കിയത്. ഒരു മത്സരത്തിന്റെ മാച്ച് ഫീയാണ് സ്മിത്ത് പിഴ ഒടുക്കേണ്ടത്. ഓസ്ട്രേലിയൻ ഓപ്പണർ കാമറൺ ബാൻക്രോഫ്റ്റിന് മാച്ച് ഫീയുടെ 75 ശതമാനവും പിഴ ചുമത്തി. അതേസമയം വാർണറെയും സ്മിത്തിനെയും ആജീവനാന്തകാലം വിലക്കണമെന്ന ആവശ്യവും ഒരു വശത്തു നിന്നും ഉയരുന്നുണ്ട്.

ദക്ഷിണാഫ്രിക്കയ്ക്കെതിരായ മത്സരത്തിലാണ് സ്മിത്തും ബാൻക്രോഫ്റ്റും പന്തിൽ കൃത്രിമം കാണിച്ചത്. സംഭവം വിവാദമായതോടെ ഓസ്ട്രേലിയൻ സർക്കാർ തന്നെ താരങ്ങൾക്കെതിരെ രംഗത്ത് വരികയും സ്മിത്ത് ക്യാപ്റ്റൻ സ്ഥാനം ഒഴിയുകയും ചെയ്തിരുന്നു. ഐ.പി.എല്ലിൽ രാജസ്ഥാൻ റോയൽസിന്റെ ക്യാപ്റ്റനായിരുന്ന സ്മിത്തിനെ തൽസ്ഥാനത്ത് നിന്നും പുറത്താക്കിയിരുന്നു. ഇതിന് പിന്നാലെയാണ് ഐ.സി.സിയുടെ അച്ചടക്ക നടപടി.

വിവാദത്തിൽപ്പെട്ട ഓസീസ് വൈസ് ക്യാപ്റ്റൻ ഡേവിഡ് വാർണർ വൈസ് ക്യാപ്റ്റൻ സ്ഥാനവും ഒഴിഞ്ഞു. ടിം പെയ്നാണ് ഓസീസിന്റെ താൽക്കാലിക ക്യാപ്റ്റൻ. താരങ്ങളുടെ നടപടി രാജ്യത്തിന് അപമാനമുണ്ടാക്കിയെന്ന് ഓസീസ് സ്പോർട്സ് കമ്മീഷൻ തുറന്നടിച്ചു. സ്റ്റീവോ ഉൾപ്പെടെയുള്ള മുൻ താരങ്ങളും ഇവർക്കെതിരെ രംഗത്ത് വന്നു. വിവാദം കത്തിപ്പടരുന്ന സാഹചര്യത്തിൽ പരിശീലകനെതിരെ അടക്കം നടപടിക്കൊരുങ്ങുകയാണ് ഓസീസ് ക്രിക്കറ്റ് ബോർഡ്.

കൃത്രിമം കാണിക്കാൻ നായകൻ കൂട്ടുനിന്നതിന് നടപടിയെടുക്കണമെന്നും സർക്കാർ ക്രിക്കറ്റ് ആസ്‌ട്രേലിയയോട് ആവശ്യപ്പെട്ടു. ക്രിക്കറ്റ് താരം രാജ്യത്തിന് അവമതിപ്പുണ്ടാക്കിയെന്നും ആസ്‌ട്രേലിയൻ സർക്കാർ തുറന്നടിച്ചിരുന്നു. സംഭവത്തെക്കുറിച്ച് അന്വേഷിക്കുമെന്ന് ഓസ്‌ട്രേലിയൻ ക്രിക്കറ്റ് ബോർഡ് വ്യക്തമാക്കിയതിനു പിന്നാലെയാണ് ഓസ്‌ട്രേലിയൻ സർക്കാർ പ്രശ്‌നത്തിൽ ഇടപെടുന്നത്. സംഭവത്തിൽ ഞെട്ടലും നിരാശയും രേഖപ്പെടുത്തി ഓസീസ് പ്രധാനമന്ത്രി മാൽക്കം ടേൺബുളും രംഗത്തുവന്നിരുന്നു.

കേപ്ടൗൺ ടെസ്റ്റിൽ കാമറോൺ ബാൻക്രോഫ്റ്റ് പന്തിൽ കൃത്രിമം കാണിച്ചത് വൻ വിവാദമായതോടെയാണ് നടപടിക്കായി ആസ്‌ട്രേലിയൻ സർക്കാറിന്റെ സമ്മർദ്ദം. ഇത് താനും അറിഞ്ഞു കൊണ്ടാണെന്ന് സ്മിത്ത് വാർത്താ സമ്മേളനത്തിൽ സമ്മതിച്ചിരുന്നു. ദക്ഷിണാഫ്രിക്കക്കെതിരായ മൂന്നാം ടെസ്റ്റിന്റെ മൂന്നാം ദിനത്തിലാണ് ഓസീസ് ഫീൽഡർ കാമറൂൺ ബാൻക്രോഫ്റ്റ് പാന്റ്‌സിന്റെ പോക്കറ്റിൽ ഒളിപ്പിച്ച സാൻഡ് പേപ്പറുപയോഗിച്ച് പന്ത് ചുരണ്ടുന്നത് വിഡിയോയിൽ കുരുങ്ങിയത്. സംഭവം വിവാദമായതോടെ മുൻ താരങ്ങളടക്കം കടുത്ത പ്രതിഷേധവുമായി രംഗത്തെത്തിയിരുന്നു.

ദക്ഷിണാഫ്രിക്കയുടെ എയ്ഡൻ മർക്രവും എ.ബി. ഡിവില്ലിയേഴ്‌സും ബാറ്റ് ചെയ്യുന്നതിനിടെയാണ് ബാൻക്രോഫ്റ്റിന്റെ പന്ത് ചുരണ്ടൽ. നടപടി ശ്രദ്ധയിൽ പെട്ട ഫീൽഡ് അമ്പയർമാർ താരത്തെ വിളിച്ച് വിശദീകരണം തേടിയെങ്കിലും പന്ത് മാറ്റാതെ കളി തുടർന്നു. മത്സര ശേഷം മാച്ച് റഫറി വിശദീകരണം ആവശ്യപ്പെട്ടിരുന്നു. ഓസീസ് ഇതിഹാസം ഷെയ്ൻ വോൺ ഉൾപ്പെടെ മുൻ താരങ്ങൾ രൂക്ഷമായ ഭാഷയിലാണ് പ്രതികരിച്ചത്. കളികഴിഞ്ഞ ശേഷം മാധ്യമങ്ങൾക്ക് മുമ്പാകെയെത്തിയ ബ്രാൻക്രോഫ്റ്റ് തെറ്റുപറ്റിയതായി സമ്മതിക്കുകയായിരുന്നു.

വിജയിക്കാൻ കുറുക്കുവഴി തേടിയിട്ടും നാണംകെട്ട തോൽവി

അതേസമയം വിജയിക്കാൻ കുറുക്കുവഴി തേടിയ ഓസ്‌ട്രേലിയക്ക് കനത്ത തിരിച്ചടിയാണ് നേരിട്ടത്. പന്തിൽ കൃത്രിമം കാട്ടിയതിനെ തുടർന്ന് വിവാദ കുരുക്കിലായ ഓസ്ട്രേലിയ ദക്ഷിണാഫ്രിക്കയോട് കനത്ത പരാജയം ഏറ്റുവാങ്ങി. മൂന്നാം ക്രിക്കറ്റ് ടെസ്റ്റിൽ ആഥിതേയരോട് 322 റൺസിനാണ് ഓസ്ട്രേലിയ പരാജയപ്പെട്ടത്.

430 റണ്ണിന്റെ ലക്ഷ്യം മറികടക്കാനിറങ്ങിയ ഓസീസ് ബാറ്റ്സ്മാന്മാർ രണ്ടാം ഇന്നിങ്സിൽ 107 റണ്ണിന് ദ.ആഫ്രിക്കൻ ബൗളർമാർക്ക് മുന്നിൽ കീഴടങ്ങി. ആദ്യ ഇന്നിങ്സിൽ നാലും രണ്ടാം ഇന്നിങ്സിൽ അഞ്ചും വിക്കറ്റുകൾ നേടിയ മോൺ മോർക്കലാണ് മത്സരത്തിൽ ഓസ്ട്രേലിയയുടെ മുനയൊടിച്ചത്. ബാൻക്രോഫ്റ്റ്, വാർണർ, മാർഷ് എന്നിവർ മാത്രമേ രണ്ടക്കം കടന്നുള്ളൂ. രണ്ട് ഇന്നിങ്സുകളിലും ടിം പെയിനാണ് പുറത്താകാതെ നിന്നത്. പെയിനാണ് അടുത്ത മത്സരങ്ങളിൽ സ്മിത്തിന് പകരം ഓസ്ട്രേലിയയെ നയിക്കുക. ദക്ഷിണാഫ്രിക്ക ആദ്യ ഇന്നിങ്സിൽ 311 ഉം രണ്ടാം ഇന്നിങ്സിൽ 373 ഉം റണ്ണെടുത്തിരുന്നു. ആദ്യ ഇന്നിങ്സിൽ ഓസ്ട്രേലിയ 255 റണ്ണായിരുന്നു എടുത്തിരുന്നത്. പ്ലെയർ ഓഫ് ദി മാച്ചായി മോൺ മോർക്കലിനെയാണ് തിരഞ്ഞെടുത്തത്.

ഇന്നത്തെ ജയത്തോടെ നാല് മത്സരങ്ങളടങ്ങിയ പരമ്പരയിൽ 2-1ന് ദക്ഷിണാഫ്രിക്ക മുന്നിട്ട് നിൽക്കുകയാണ്. മാർച്ച് 30-നാ്ണ് നാലാം ടെസ്റ്റ് ആരംഭിക്കുക.

ക്യാമറകളുടെ കണ്ണുവെട്ടിക്കാനാവാതെ പന്തുചുരണ്ടൽ

മൈതാനമധ്യത്തിൽ ചുറ്റും ക്യാമറകൾ നിരന്നിരിക്കുന്നു എന്നറിഞ്ഞിട്ടും ഇത്തരമൊരു കൃത്രിമം കാണിക്കലിന് ബാൻക്രോഫ്റ്റ് മുതിർന്നതുതന്നെ ക്രിക്കറ്റ് ആസ്വാദകരെ അത്ഭുതപ്പെടുത്തുകയാണ്. ബാൻക്രോഫ്റ്റ് പോക്കറ്റിൽ നിന്ന് എന്തോ എടുക്കുന്നതും പന്തിൽ ചുരണ്ടുന്നതും ടിവി സ്‌ക്രീനുകളിൽ തെളിഞ്ഞിരുന്നു. ഇത് പവലിയനിൽ ഇരുന്ന കണ്ട കോച്ച് സംഭവം ക്യാമറയിൽ പതിഞ്ഞെന്ന് ബാൻക്രോഫ്റ്റിനെ അറിയിക്കാൻ ട്വൽത്ത് മാന് നിർദ്ദേശം നൽകി. ഇതും പക്ഷേ, ക്യാമറകളിൽ പതിഞ്ഞു. തുടർന്ന് വെള്ളം നൽകാനെന്ന മട്ടിൽ ട്വൽത്ത് മാൻ ഗ്രൗണ്ടിലെത്തി ബാൻക്രോഫ്റ്റിന് വിവരം നൽകുന്നതും തുടർന്ന് താരം ഉരയ്ക്കാൻ ഉപയോഗിച്ച വസ്തു പാന്റിന് ഉള്ളിലേക്ക് വയ്ക്കുന്നതുമെല്ലാം ദൃശ്യങ്ങളിൽ പതിഞ്ഞു. ഇതോടെ് സംഭവം ശ്രദ്ധയിൽപ്പെട്ട അംപയർ ദൃശ്യങ്ങൾ പരിശോധിച്ച് ബാൻക്രോഫ്റ്റിനെ വിളിച്ചുവരുത്തി ചോദ്യം ചെയ്തു. അംപയറോട് കുറ്റം സമ്മതിച്ചെന്ന് ബാൻക്രോഫ്റ്റ് പിന്നീട് വാർത്താസമ്മേളനത്തിൽ വ്യക്തമാക്കിയിരുന്നു.

അതിനിടെ ബാൻക്രോഫ്റ്റ് ടീമിലെ സീനിയർ താരങ്ങളുടെ അറിവോടെയാണു പന്തിൽ കൃത്രിമം കാണിച്ചതെന്ന് ക്യാപ്റ്റൻ സ്റ്റീവ് സ്മിത്തും വ്യക്തമാക്കി. ഇതോടെ സ്മിത്തിനും ടീമിനും നേരെ കടുത്ത വിമർശനമാണ് ഉയർന്നത്. ഏതു വിധേനയും ജയിക്കേണ്ട മൽസരമായതിനാലാണു പന്ത് അനുകൂലമാക്കാൻ ശ്രമിച്ചതെന്ന സ്മിത്തിന്റെ വിശദീകരണം എരിതീയിൽ എണ്ണയൊഴിച്ചതുപോലെയായി.

Stories you may Like

കമന്റ് ബോക്‌സില്‍ വരുന്ന അഭിപ്രായങ്ങള്‍ മറുനാടന്‍ മലയാളിയുടേത് അല്ല. മാന്യമായ ഭാഷയില്‍ വിയോജിക്കാനും തെറ്റുകള്‍ ചൂണ്ടി കാട്ടാനും അനുവദിക്കുമ്പോഴും മറുനാടനെ മനഃപൂര്‍വ്വം അധിക്ഷേപിക്കാന്‍ ശ്രമിക്കുന്നവരെയും അശ്ലീലം ഉപയോഗിക്കുന്നവരെയും മറ്റു മലയാളം ഓണ്‍ലൈന്‍ ലിങ്കുകള്‍ പോസ്റ്റ് ചെയ്യുന്നവരെയും മതവൈരം തീര്‍ക്കുന്നവരെയും മുന്നറിയിപ്പ് ഇല്ലാതെ ബ്ലോക്ക് ചെയ്യുന്നതാണ് - എഡിറ്റര്‍

More News in this category+

MNM Recommends +

Go to TOP