Forex Rate:

1 usd = 76.25 inr 1 gbp = 94.16 inr 1 eur = 85.23 inr 1 aed = 20.76 inr 1 sar = 20.32 inr 1 kwd = 247.66 inr
Apr / 202420Saturday

ഉത്തേജക മരുന്ന് പരിശോധനയിൽ കുടുങ്ങി; ഇന്ത്യൻ ക്രിക്കറ്റിലെ യുവതാരത്തിന് വിലക്ക്; പൃഥ്വി ഷായെ ബിസിസിഐ സസ്‌പെൻഡ് ചെയ്ത് എട്ട് മാസത്തേക്ക്; മാർച്ച് 16 മുതൽ ഈ വർഷം നവംബർ 15 താരം കളത്തിന് പുറത്ത്; സംഭവിച്ചതിനു കാരണം എന്റെ അശ്രദ്ധയെന്ന് ഷാ; താരത്തിന്റെ വിശദീകരണം തൃപ്തികരമെന്ന് ബിസിസിഐ

ഉത്തേജക മരുന്ന് പരിശോധനയിൽ കുടുങ്ങി; ഇന്ത്യൻ ക്രിക്കറ്റിലെ യുവതാരത്തിന് വിലക്ക്; പൃഥ്വി ഷായെ ബിസിസിഐ സസ്‌പെൻഡ് ചെയ്ത് എട്ട് മാസത്തേക്ക്; മാർച്ച് 16 മുതൽ ഈ വർഷം നവംബർ 15 താരം കളത്തിന് പുറത്ത്; സംഭവിച്ചതിനു കാരണം എന്റെ അശ്രദ്ധയെന്ന് ഷാ; താരത്തിന്റെ വിശദീകരണം തൃപ്തികരമെന്ന് ബിസിസിഐ

മറുനാടൻ ഡെസ്‌ക്‌

മുംബൈ: ഉത്തേജക മരുന്ന് ഉപയോഗിച്ചെന്ന് കണ്ടെത്തിയതിനേത്തുടർന്ന് ഇന്ത്യൻ താരം പൃഥ്വി ഷായെ ബിസിസിഐ സസ്‌പെൻഡ് ചെയ്തു. എട്ട് മാസത്തേക്കാണ് സസ്‌പെൻഷൻ. ആന്റി ഡോപിങ് ഏജൻസി നിരോധിച്ച മരുന്നിന്റെ അംശം ഷായുടെ രക്തതിൽ കൂടിയ തോതിൽ കണ്ടെത്തിയതിനേത്തുടർന്നാണ് താരത്തെ സസ്‌പെൻഡ് ചെയ്തത്.വിലക്ക് ലഭിച്ചതിനു പിന്നാലെ ഇക്കാര്യത്തിൽ വിശദീകരണവുമായി താരം രംഗത്തെത്തി.

ട്വിറ്ററിൽ പോസ്റ്റ് ചെയ്ത ഒരു കത്തിലാണ് താരം ഇക്കാര്യത്തിൽ വിശദീകരണം നൽകുന്നത്. നിരോധിത ഘടകം ഉൾപ്പെട്ട കഫ് സിറപ്പ് സയ്യിദ് മുഷ്താഖ് അലി ട്രോഫിയിൽ മുംബൈക്കായി കളിക്കുന്നതിനിടെ കടുത്ത ചുമയും ജലദോഷവും അനുഭവപ്പെട്ടതിനെ തുടർന്ന് കഴിച്ചതാണെന്ന് ഷാ വിശദീകരിച്ചു. '' ഓസീസിനെതിരായ പരമ്പരയ്ക്കിടെ കാലിനേറ്റ പരിക്കിൽ നിന്ന് മുക്തനായി തിരിച്ചുവരവിന് ഒരുങ്ങുകയായിരുന്നു ഞാൻ. വീണ്ടും കളിക്കാനുള്ള അതിയായ ആഗ്രഹം കൊണ്ട് മരുന്ന് കഴിക്കാനുള്ള പ്രോട്ടോകോൾ പാലിക്കാൻ എനിക്കായില്ല. എന്റെ വിധി ഞാൻ ആത്മാർഥതയോടെ സ്വീകരിക്കുന്നു'', ഷാ പറഞ്ഞു.

സയീദ് മുഷ്താഖ് അലി ട്രോഫിക്കിടെ താരത്തിന്റെ മൂത്ര സാംപിൾ പരിശോധനയ്ക്ക് അയച്ചിരുന്നു. അതിന്റെ ഫലമാണ് ഇപ്പോൾ പുറത്തുവന്നത്. മാർച്ച് 16 മുതൽ ഈ വർഷം നവംബർ 15 വരെയാണ് താരത്തിന് വിലേക്കേർപ്പെടുത്തിയത്. ഇക്കാലയളവിൽ പൃഥ്വി ക്രിക്കറ്റിൽ നിന്ന് പൂർണമായും വിട്ടുനിൽക്കണമെന്നാണ് നിർദ്ദേശം.അരങ്ങേറ്റ ടെസ്റ്റിൽ സെഞ്ചുറി നേടി വരവറിയിച്ച ഷായെ ഓസ്‌ട്രേലിയൻ പര്യടനത്തിനുള്ള ടീമിൽ ഉൾപ്പെടുത്തിയിരുന്നു. എന്നാൽ, പരിശീലനത്തിനിടെ പരിക്കേറ്റ ഷായ്ക്ക് പിന്മാറേണ്ടി വന്നിരുന്നു.

അതേസമയം മരുന്നുകളും മറ്റും ഉപയോഗിക്കുമ്പോൾ കായികതാരങ്ങൾ അതീവ ശ്രദ്ധ പുലർത്തണമെന്നും ഷാ കൂട്ടിച്ചേർത്തു. നേരത്തെ ഡോപ്പിങ് നിയമലംഘനത്തിന്റെ പേരിലാണ് പൃഥ്വി ഷായെ ബി.സി.സിഐയുടെ വിലക്കിയത്. കഫ് സിറപ്പുകളിൽ സാധാരണയായി കാണപ്പെടുന്ന നിരോധിത വസ്തുവാണ് ഷായ്ക്ക് തിരിച്ചടിയായത്. ഇത് അശ്രദ്ധമായി ഉപയോഗിച്ചതിനെ തുടർന്നാണ് നടപടി. 2019 നവംബർ 15 വരെയാണ് ഷായുടെ വിലക്ക്. അടുത്തിടെ വിൻഡീസ് പരമ്പരയ്ക്കുള്ള ടീമിലേക്ക് ഷായെ തിരഞ്ഞെടുത്തിരുന്നില്ല.

ഈ വർഷം ഫെബ്രുവരി 22-ന് നടന്ന സയ്യിദ് മുഷ്താഖ് അലി ട്രോഫി മത്സരത്തിനിടെ ഷാ നൽകിയ മൂത്രസാമ്പിൾ പരിശോധിച്ചതിലാണ് നിരോധിത വസ്തുവിന്റെ സാന്നിധ്യം കണ്ടെത്തിയിരിക്കുന്നത്. ഇതോടെ എല്ലാ മത്സര ക്രിക്കറ്റിൽ നിന്നും താരത്തെ വിലക്കുകയായിരുന്നു. ഇതോടെ ലോക ടെസ്റ്റ് ചാമ്പ്യൻഷിപ്പിന്റെ ഭാഗമായി ബംഗ്ലാദേശിനും ദക്ഷിണാഫ്രിക്കയ്ക്കുമെതിരേ നാട്ടിൽ നടക്കുന്ന പരമ്പരകളും താരത്തിന് നഷ്ടമാകാൻ സാധ്യതയുണ്ട്.

വാഡ നിരോധിത പട്ടികയിൽ ഉൾപ്പെടുത്തിയിരിക്കുന്ന ടെർബുട്ടാലൈൻ ഘടകമാണ് പരിശോധനയിൽ കണ്ടെത്തിയത്. ചുമയ്ക്കായി മരുന്ന് കഴിച്ചിരുന്നുവെന്നും അബന്ധത്തിൽ സംഭവിച്ചതാണ് ഇക്കാര്യമെന്നുമാണ് ഷാ നൽകിയ വിശദീകരണം. മരുന്നിലെ ഘടകങ്ങൾ ശ്രദ്ധിച്ചിരുന്നില്ലെന്നും ഷാ വ്യക്തമാക്കി.അതേസമയം ഷായുടെ വിശദീകരണം തൃപ്തികരമാണെന്നും പ്രകടനം മെച്ചപ്പെടുത്താനായിട്ടല്ല ടെർബുട്ടാലൈൻ ഉപയോഗിച്ചതെന്നും ബി.സി.സിഐ പുറത്തിറക്കിയ പ്രസ്താവനയിൽ പറയുന്നു. നിരോധിത മരുന്ന് ഉപയോഗിച്ചാൽ ബി.സി.സിഐ എ.ഡി.ആർ നിയമപ്രകാരം സാധാരണ എട്ടുമാസമാണ് വിലക്ക് ലഭിക്കുക. എന്നാൽ താരത്തിന്റെ വിശദീകരണം തൃപ്തികരമായതോടെ വിവേചനാധികാരം വെച്ച് മാർച്ച് 16 മുതൽ മുൻകാല പ്രാബല്യത്തോടെ വിലക്ക് നടപ്പാക്കാൻ തീരുമാനിക്കുകയായിരുന്നു.

Stories you may Like

കമന്റ് ബോക്‌സില്‍ വരുന്ന അഭിപ്രായങ്ങള്‍ മറുനാടന്‍ മലയാളിയുടേത് അല്ല. മാന്യമായ ഭാഷയില്‍ വിയോജിക്കാനും തെറ്റുകള്‍ ചൂണ്ടി കാട്ടാനും അനുവദിക്കുമ്പോഴും മറുനാടനെ മനഃപൂര്‍വ്വം അധിക്ഷേപിക്കാന്‍ ശ്രമിക്കുന്നവരെയും അശ്ലീലം ഉപയോഗിക്കുന്നവരെയും മറ്റു മലയാളം ഓണ്‍ലൈന്‍ ലിങ്കുകള്‍ പോസ്റ്റ് ചെയ്യുന്നവരെയും മതവൈരം തീര്‍ക്കുന്നവരെയും മുന്നറിയിപ്പ് ഇല്ലാതെ ബ്ലോക്ക് ചെയ്യുന്നതാണ് - എഡിറ്റര്‍

More News in this category+

MNM Recommends +

Go to TOP