ഭരണഘടന പരിഷ്കരിക്കാനൊരുങ്ങി ബിസിസിഐ; ഇന്ത്യൻ ക്രിക്കറ്റ് ബോർഡിൽ ദാദ യുഗം തുടർന്നേക്കുമെന്ന് സൂചന; നാലിൽ മൂന്ന് അംഗങ്ങളുടെ പിന്തുണയും സുപ്രീം കോടതിയുടെ അംഗീകാരവും പരിഷ്കാരങ്ങൾക്ക് നിർബന്ധം
November 11, 2019 | 09:06 PM IST | Permalink

മറുനാടൻ ഡെസ്ക്
മുംബൈ; ബിസിസിഐയിൽ ദാദ യുഗം തുടരുമെന്ന് സൂചന. ഡിസംബർ ഒന്നിന് ചേരുന്ന ബിസിസിഐ വാർഷിക ജനറൽ ബോഡി യോഗത്തിൽ നിലവിലെ ഭാരവാഹികളുടെ കാലവാധി നീട്ടാൻ ഉതകുന്ന തരത്തിൽ ഭരണഘടന പരിഷ്കരിക്കാനാണ് തീരുമാനം. ലോധ കമ്മിറ്റി റിപ്പോർട്ടിലെ ഈ ശുപാർശയിൽ നിന്ന് ബിസിസിഐയിലെ പ്രസിഡന്റ്, വൈസ് പ്രസിഡന്റ് സ്ഥാനങ്ങൾ ഒഴിവാക്കാനും സെക്രട്ടറി, ജോയിന്റ് സെക്രട്ടറി, ട്രഷറർ തുടങ്ങിയ പദവികളിൽ വരുന്നവർക്ക് തുടർച്ചയായി ഒമ്പതുവർഷവും പ്രസിഡന്റ് വൈസ് പ്രസിഡന്റ് പദവികൾക്ക് ആറ് വർഷവും ഭരണത്തിലിരിക്കാനും ഉതകുന്ന രീതിയിൽ ഭരണഘടന പരിഷ്കരിക്കാനാണ് ബിസിസിഐ ആലോചിക്കുന്നത്.
എന്നാൽ ഇതിന് ബിസിസിഐയിൽ നാലിൽ മൂന്ന് അംഗങ്ങളുടെ പിന്തുണയും സുപ്രീം കോടതിയുടെ അംഗീകാരവും നേടണം.ബിസിസിഐയിലോ സംസ്ഥാന അസോസിയേഷനുകളിലോ തുടർച്ചയായി തുടർച്ചയായി രണ്ടു തവണ(ആറ് വർഷം)അധികാര സ്ഥാനത്തിരുന്നവർക്ക് ആ സ്ഥാനത്ത് തുടരണമെങ്കിൽ മൂന്ന് വർഷത്തെ കൂളിങ് പീരിയഡ് വേണമെന്നാണ് ലോധ കമ്മിറ്റി റിപ്പോർട്ടിലെ നിബന്ധന. കൂളിങ് പീരിയഡിൽ ബിസിസിഐയിലെ സംസ്ഥാന അസോസിയേഷനിലോ ഒരു തരത്തിലുള്ള ചുമതലയും വഹിക്കാനുമാവില്ല. ഈ നിബന്ധ അനുസരിച്ചാണെങ്കിൽ ബിസിസിഐ പ്രസിഡന്റ് സ്ഥാനത്ത് ഗാംഗുലിക്ക് ഒമ്പത് മാസം മാത്രമെ തുടരാനാവു. ബിസിസിഐ പ്രസഡിന്റാവുന്നതിന് മുമ്പ് ബംഗാൾ ക്രിക്കറ്റ് അസോസിയേഷൻ പ്രസിഡന്റ് സ്ഥാനത്ത് അഞ്ച് വർഷം ഗാംഗുലി പൂർത്തിയാക്കിയിരുന്നതിനാലാണിത്.
സംസ്ഥാന അസോസിയേഷനിൽ അധികാര സ്ഥാനത്ത് ഇരുന്നത് പരിഗണിക്കാതെ ബിസിസിഐയുടെ അധികാരസ്ഥാനത്ത് തുടർച്ചയായി രണ്ട് ടേം ഇരുന്നാൽ മാത്രം കൂളിങ് ഓഫ് പീരിയഡ് എന്ന രീതിയിൽ ഭരണഘടന പരിഷ്കരിച്ചാൽ ഗാംഗലിക്ക് ആറ് വർഷത്തോളം പ്രസിഡന്റ് സ്ഥാനത്ത് തുടരാം.ലോധ കമ്മിറ്റി റിപ്പോർട്ടിലെ ശുപാർശ പ്രതിഭാധനരെയും പരിചയ സമ്പത്തുള്ളവരെയും ബിസിസിഐ തലപ്പത്ത് വരുന്നത് തടയുമെന്നാണ് ബിസിസിഐ ഭരണഘടന പരിഷ്കാരത്തിന് പറയുന്ന പ്രധാന കാരണങ്ങളിലൊന്ന്. ഇതിന് പുറമെ ബിസിസിഐയുടെ ദൈനംദിന കാര്യങ്ങളിലും ഉദ്യോഗസ്ഥ തലത്തിലും സെക്രട്ടറിയുടെ അധികാരം വിപുലമാക്കാനും ഭരണഘടന പരിഷ്കാരത്തിൽ നിർദ്ദേശമുണ്ട്.
