Forex Rate:

1 usd = 76.25 inr 1 gbp = 94.16 inr 1 eur = 85.23 inr 1 aed = 20.76 inr 1 sar = 20.32 inr 1 kwd = 247.66 inr
Apr / 202418Thursday

ചാമ്പ്യൻസ് ട്രോഫിയിൽ രണ്ടാം സന്നാഹ മത്സരവും അത്യുജ്ജ്വലമാക്കി ഇന്ത്യ; ബംഗ്ലാദേശിനെ തുരത്തിയത് 240 റൺസിന്റെ പടുകൂറ്റൻ മാർജിനിൽ

ചാമ്പ്യൻസ് ട്രോഫിയിൽ രണ്ടാം സന്നാഹ മത്സരവും അത്യുജ്ജ്വലമാക്കി ഇന്ത്യ; ബംഗ്ലാദേശിനെ തുരത്തിയത് 240 റൺസിന്റെ പടുകൂറ്റൻ മാർജിനിൽ

ലണ്ടൻ: ഐസിസി ചാമ്പ്യൻസ് ട്രോഫിയിലെ രണ്ടാം സന്നാഹ മത്സരത്തിലും ഉജ്ജ്വല വിജയം നേടി ഇന്ത്യ. നിലവിലെ ചാമ്പ്യന്മാരായ ഇന്ത്യ അയൽക്കാരായ ബംഗ്ലാദേശിനെ 240 റൺസിന് തകർത്തെറിഞ്ഞാണ് വിജയത്തുടക്കം ആവർത്തിച്ചത്. ആദ്യം ബാറ്റു ചെയ്ത ഇന്ത്യ നിശ്ചിത 50 ഓവറിൽ 324 റൺസെടുത്തപ്പോൾ ബംഗ്ലാദേശിന്റെ മറുപടി 23.5 ഓവറിൽ 84 റൺസിലൊതുങ്ങി. ഒരു ഘട്ടത്തിൽ ആറിന് 22 റൺസ് എന്ന നിലയിലായിരുന്നു ബംഗ്ലേദശ്. നേരത്തെ ആദ്യ സന്നാഹ മൽസരത്തിൽ ന്യൂസീലൻഡിനെതിരെ ഇന്ത്യ 45 റൺസിന് ജയിച്ചിരുന്നു. ജൂൺ ഒന്നിന് ആരംഭിക്കുന്ന ചാംപ്യൻസ് ട്രോഫിയിൽ നാലിന് പാക്കിസ്ഥാന് എതിരെയാണ് ഇന്ത്യയുടെ ആദ്യ മൽസരം.

തകർപ്പൻ അർധസെഞ്ചുറികളുമായി വരവറിയിച്ച ഓപ്പണർ ശിഖർ ധവാൻ (67 പന്തിൽ 60), ദിനേശ് കാർത്തിക് (77 പന്തിൽ 94), ഹാർദിക് പാണ്ഡ്യ (54 പന്തിൽ പുറത്താകാതെ 80) എന്നിവരുടെ ഇന്നിങ്‌സുകളാണ് ടോസ് നഷ്ടപ്പെട്ട് ബാറ്റിങ്ങിനിറങ്ങിയ ഇന്ത്യയ്ക്ക് മികച്ച സ്‌കോർ സമ്മാനിച്ചത്. സ്‌കോർ മൂന്നിൽ നിൽക്കെ ആദ്യ വിക്കറ്റും 21ൽ രണ്ടാം വിക്കറ്റും നഷ്ടമായ ശേഷമായിരുന്നു ഇന്ത്യയുടെ തിരിച്ചുവരവ്. മൂന്നു വിക്കറ്റ് വീതം വീഴ്‌ത്തിയ ഭുവനേശ്വർ കുമാർ, ഉമേഷ് യാദവ് എന്നിവർ ബോളിങ്ങിലും തിളങ്ങിയതോടെ ഇന്ത്യയ്ക്ക് സ്വന്തമായത് ചാംപ്യൻസ് ട്രോഫിക്ക് ആത്മവിശ്വാസത്തോടെ തുടക്കമിടാനുള്ള തിളക്കമാർന്ന ജയം.

ടോസ് നഷ്ടപ്പെട്ട് ബാറ്റിങ്ങിനിറങ്ങിയ ഇന്ത്യയുടെ തുടക്കം തകർച്ചയോടെയായിരുന്നു. സ്‌കോർ മൂന്നിൽ നിൽക്കെ രോഹിത് ശർമയും (മൂന്നു പന്തിൽ ഒന്ന്), 21ൽ നിൽക്കെ അജിങ്ക്യ രഹാനെയും (21 പന്തിൽ 11) പുറത്തായി. സന്നാഹം ദയനീയമാകുമെന്ന് കരുതിയിരിക്കെ മൂന്നാം വിക്കറ്റിൽ ഒരുമിച്ച ശിഖർ ധവാൻദിനേശ് കാർത്തിക് സഖ്യം ഇന്ത്യയെ കൈപിടിച്ചു കയറ്റി. മൽസരത്തിലെ ഏക സെഞ്ചുറി കൂട്ടുകെട്ട് കണ്ടെത്തിയ ഇരുവരും മികച്ച സ്‌കോറിന് വേണ്ട അടിത്തറയിട്ടു. ധവാൻ നിലയുറപ്പിച്ചു കളിക്കുന്നതിൽ ശ്രദ്ധിച്ചപ്പോൾ, ഐപിഎല്ലിന്റെ ഹാങ്ങോവറിലായിരുന്നു കാർത്തിക്. കൂട്ടുകെട്ട് സെഞ്ചുറിയിൽ തൊട്ടതിനു പിന്നാലെ ധവാൻ മടങ്ങി. 67 പന്തിൽ ഏഴു ബൗണ്ടറികൾ ഉൾപ്പെടെ 60 റൺസെടുത്ത ധവാനെ സൻസാമുൽ ഇസ്ലാമാണ് മടക്കിയത്.

തുടർന്നെത്തിയ കേദാർ ജാദവും കാർത്തിക്കിന് മികച്ച പിന്തുണ നൽകിയതോടെ ഇന്ത്യ നിഷ്പ്രയാസം മുന്നേറി. നാലാം വിക്കറ്റിൽ ജാദവ്കാർത്തിക് സഖ്യം അർധസെഞ്ചുറി കൂട്ടുകെട്ട് (75) തീർത്തു. സ്‌കോർ 196ൽ നിൽക്കെ ജാദവും മടങ്ങി. 38 പന്തിൽ രണ്ടു ബൗണ്ടറിയും ഒരു സിക്‌സുമുൾപ്പെടെ 31 റൺസെടുത്ത ജാദവിനെ റൂബൽ ഹുസൈൻ മടക്കി. സ്‌കോർ 200 കടന്നതിനു പിന്നാലെ സെഞ്ചുറിക്ക് ആറു റൺസ് അകലെവച്ച് കാർത്തിക് ഇന്നിങ്‌സ് അവസാനിപ്പിച്ചു. പിന്നാലെ ഇന്ത്യൻ ഇന്നിങ്‌സിലെ മൂന്നാം അർധസെഞ്ചുറി കൂട്ടുകെട്ടിന് അരങ്ങൊരുങ്ങി. വമ്പൻ അടികളുമായി കളം നിറഞ്ഞ ഹാർദിക് പാണ്ഡ്യയും മികച്ച പിന്തുണയുമായി നിലയുറപ്പിച്ച രവീന്ദ്ര ജഡേജയും ആറാം വിക്കറ്റിൽ കൂട്ടിച്ചേർത്തത് 86 റൺസ്. 36 പന്തിൽ ഒരു സിക്‌സ് ഉൾപ്പെടെ 32 റൺസെടുത്ത ജഡേജയും നാലു പന്തിൽ അഞ്ചു റൺസുമായി അശ്വിനും മടങ്ങിയെങ്കിലും അപ്പോഴേക്കും ഇന്ത്യൻ സ്‌കോർ 300 കടന്നിരുന്നു. 54 പന്തിൽ ആറു ബൗണ്ടറിയും നാലു സിക്‌സുമുൾപ്പെടെ 80 റൺസെടുത്ത ഹാർദിക് പാണ്ഡ്യയുടെ മിന്നും പ്രകടനമാണ് അവസാന ഓവറുകളിൽ ഇന്ത്യയ്ക്ക് തുണയായത്. ഭുവനേശ്വർ കുമാർ ഒരു പന്തിൽ ഒരു റണ്ണെടുത്ത് പുറത്താകാതെ നിന്നു.

325 റൺസ് വിജയലക്ഷ്യവുമായിറങ്ങിയ ബംഗ്ലാദേശ് തുടക്കത്തിലേ തകർന്നു. മൂന്നാം ഓവറിൽ സൗമ്യ സർക്കാർ (ഏഴു പന്തിൽ 2), സാബിർ റഹ്മാൻ (മൂന്നു പന്തിൽ 0) എന്നിവരെ മടക്കിയ ഉമേഷ് യാദവാണ് ബംഗ്ലാദേശിന്റെ തകർച്ചയ്ക്ക് തുടക്കമിട്ടത്. ഇരുവരും മടങ്ങുമ്പോൾ ബംഗ്ലാദേശ് സ്‌കോർ ബോർഡിൽ ഉണ്ടായിരുന്നത് 11 റൺസ് മാത്രം. തൊട്ടടുത്ത ഓവറിൽ ഇതേ സ്‌കോറിൽ ഇമ്രുൽ കയീസും (17 പന്തിൽ 7) മടങ്ങിയതോടെ ബംഗ്ലാദേശ് വീണ്ടും തകർന്നു. ഏഴാം ഓവറിൽ ക്യാപ്റ്റൻ ഷാക്കിബ് അൽ ഹസൻ (ഏഴു പന്തിൽ ഏഴ്), മഹ്മൂദുല്ല (രണ്ടു പന്തിൽ 0) എന്നിവരെയും ഭുവനേശ്വർ മടക്കിയതോടെ ബംഗ്ലാദേശ് അഞ്ചിന് 21 എന്ന നിലയിലായി. തൊട്ടടുത്ത ഓവറിൽ മൊസാദേക് ഹുസൈനെയും (മൂന്നു പന്തിൽ 0) ഉമേഷ് യാദവ് മടക്കി.

തുടർന്ന് ക്രീസിൽ ഒരുമിച്ച മുഷ്ഫിഖുർ റഹിംമെഹ്ദി ഹസൻ സഖ്യം ബംഗ്ലാദേശിനെ കരകയറ്റാൻ ശ്രമിച്ചെങ്കിലും സ്‌കോർ 47ൽ നിൽക്കെ റഹിമിനെ ഷാമി മടക്കി. 18 പന്തിൽ 13 റൺസായിരുന്നു റഹിമിന്റെ സമ്പാദ്യം. എട്ടാം വിക്കറ്റിൽ മെഹ്ദ് ഹസനൊപ്പം ചേർന്ന സൻസാമുൽ ഇസ്‌ലാമും പൊരുതാൻ ശ്രമിച്ചെങ്കിലും സ്‌കോർ 77ൽ നിൽക്കെ ബുംറയ്ക്ക് വിക്കറ്റ് സമ്മാനിച്ച് മെഹ്ദി ഹസൻ മടങ്ങി. 34 പന്തിൽ നാലു ബൗണ്ടറികൾ ഉൾപ്പെടെ ഹസന്റെ സമ്പാദ്യം 24 റൺസ്. 37 പന്തിൽ 18 റൺസുമായി പൊരുതിനിന്ന സൻസാമുൽ ഇസ്‌ലാമിനെ അശ്വിനും മടക്കിയതോടെ ബംഗ്ലാദേശിന്റെ പോരാട്ടം അവസാനിച്ചു.

Stories you may Like

കമന്റ് ബോക്‌സില്‍ വരുന്ന അഭിപ്രായങ്ങള്‍ മറുനാടന്‍ മലയാളിയുടേത് അല്ല. മാന്യമായ ഭാഷയില്‍ വിയോജിക്കാനും തെറ്റുകള്‍ ചൂണ്ടി കാട്ടാനും അനുവദിക്കുമ്പോഴും മറുനാടനെ മനഃപൂര്‍വ്വം അധിക്ഷേപിക്കാന്‍ ശ്രമിക്കുന്നവരെയും അശ്ലീലം ഉപയോഗിക്കുന്നവരെയും മറ്റു മലയാളം ഓണ്‍ലൈന്‍ ലിങ്കുകള്‍ പോസ്റ്റ് ചെയ്യുന്നവരെയും മതവൈരം തീര്‍ക്കുന്നവരെയും മുന്നറിയിപ്പ് ഇല്ലാതെ ബ്ലോക്ക് ചെയ്യുന്നതാണ് - എഡിറ്റര്‍

More News in this category+

MNM Recommends +

Go to TOP