Forex Rate:

1 usd = 76.25 inr 1 gbp = 94.16 inr 1 eur = 85.23 inr 1 aed = 20.76 inr 1 sar = 20.32 inr 1 kwd = 247.66 inr
Apr / 202419Friday

ലോകകപ്പിൽ ഇംഗ്ലണ്ടിനെതിരെ ഇന്ത്യൻ ക്രിക്കറ്റ് ടീം ഇറങ്ങുക ഓറഞ്ച് നിറത്തിലുള്ള ജഴ്‌സിയും ധരിച്ച്; കാവിവൽക്കരണമെന്ന് ആരോപിച്ച് കോൺഗ്രസും പ്രതിപക്ഷ പാർട്ടികളും; എന്തുകൊണ്ട് ജഴ്‌സിക്കു കാവി നിറം ആയിക്കൂട, കാവി നിറത്തെ ഭയക്കുന്നതെന്തിനെന്ന് ചോദിച്ച് മറുപടിയുമായി ബിജെപിയും: ക്രിക്കറ്റ് ടീമിന്റെ ജഴ്‌സിയെ ചൊല്ലിയും രാഷ്ട്രീയ വിവാദം

ലോകകപ്പിൽ ഇംഗ്ലണ്ടിനെതിരെ ഇന്ത്യൻ ക്രിക്കറ്റ് ടീം ഇറങ്ങുക ഓറഞ്ച് നിറത്തിലുള്ള ജഴ്‌സിയും ധരിച്ച്; കാവിവൽക്കരണമെന്ന് ആരോപിച്ച് കോൺഗ്രസും പ്രതിപക്ഷ പാർട്ടികളും; എന്തുകൊണ്ട് ജഴ്‌സിക്കു കാവി നിറം ആയിക്കൂട, കാവി നിറത്തെ ഭയക്കുന്നതെന്തിനെന്ന് ചോദിച്ച് മറുപടിയുമായി ബിജെപിയും: ക്രിക്കറ്റ് ടീമിന്റെ ജഴ്‌സിയെ ചൊല്ലിയും രാഷ്ട്രീയ വിവാദം

മറുനാടൻ ഡെസ്‌ക്‌

ലണ്ടൻ: ഈമാസം 30ന് ഇംഗ്ലണ്ടിനെതിരെ ലോകക്കപ്പിൽ ഇന്ത്യ കളിക്കാൻ ഇറങ്ങുമ്പോൾ ധരിക്കുക പതിവ് നീല നിറത്തിലുള് ജഴ്‌സി ആയിരിക്കില്ല. പകരം ഓറഞ്ച് നിറത്തിലുള്ള ജഴ്‌സിയാകും വിരാട് കോലിയും കൂട്ടരും ധരിക്കുക. എന്നാൽ, സംഘപരിവാറിന്റെ നിറത്തിലുള്ള കാവി ക്രിക്കറ്റ് ടീം ധരിക്കുന്നതിനെ ചൊല്ലി രാഷ്ട്രീയ വിവാദവും പിന്നാലെയെത്തി. കാവി വൽക്കരണത്തിന്റെ ഭാഗമായാണ് ഇതെന്ന് ആരോപിച്ചു കൊണ്ടു കോൺഗ്രസും, സമാജ് വാദി പാർട്ടിയുമാണ് രംഗത്തുവന്നത്. ഇതിന് മറുപടിയുമായി ബിജെപിയും രംഗത്തെത്തി. ഇതോടെ വിഷയം രാഷ്ട്രീയ വിവാദമായി മാറുകയും ചെയ്തു.

പ്രധാനമന്ത്രി നരേന്ദ്ര മോദി എല്ലാത്തിനെയും കാവിവൽക്കരിക്കുകയാണെന്ന് സമാജ്‌വാദി പാർട്ടി എംഎൽഎ അബു അസ്മി ആരോപിച്ചു. രാജ്യം മുഴുവൻ കാവി അടിക്കാനാണ് മോദിയുടെ ശ്രമം. ഇപ്പോൾ ജഴ്‌സികൾ കാവിയാക്കുന്നു. ജഴ്‌സികൾക്കായി നിറം തിരഞ്ഞെടുക്കുന്നെങ്കിൽ അത് ത്രിവർണമായിരിക്കണമെന്നും അബു അസ്മി അവകാശപ്പെട്ടു.

മോദി സർക്കാരിന്റെ കാവി രാഷ്ട്രീയത്തിന്റെ ഭാഗമാണ് നടപടിയെന്നു കോൺഗ്രസ് എംഎൽഎ നസീം ഖാനും ആരോപിച്ചു. രാഷ്ട്രത്തിന്റെ ഐക്യത്തെ പ്രോൽസാഹിപ്പിക്കണം. ത്രിവർണത്തെയാണു ബഹുമാനിക്കേണ്ടത്. കാവിവൽക്കരണം രാജ്യത്തിന്റെ ഐക്യത്തെ ഇല്ലാതാക്കുമെന്നും അദ്ദേഹം പറഞ്ഞു. അതേസമയം സംഭവത്തിൽ മറുപടിയുമായി ബിജെപി, ശിവസേന നേതാക്കളും രംഗത്തെത്തി. ഇന്ത്യൻ ടീമിന്റെ ജഴ്‌സിയിൽ വരെ രാഷ്ട്രീയം കളിക്കുകയാണ് കോൺഗ്രസ്, എസ്‌പി നേതാക്കൾ ചെയ്യുന്നതെന്ന് ബിജെപി എംഎൽഎ രാം കഥം പറഞ്ഞു.

എന്തുകൊണ്ട് ജഴ്‌സിക്കു കാവി നിറം ആയിക്കൂട?. എന്തുകൊണ്ടാണ് അവർ കാവിയെ ഇത്രയേറെ ഭയക്കുന്നത്?. ബിജെപി പതാകയിൽ കാവിയും പച്ചയുമുണ്ട്. ക്രിക്കറ്റ് ജഴ്‌സിയുടെ നിറം ക്രിക്കറ്റ്താരങ്ങൾ തീരുമാനിക്കട്ടെ. പ്രതിപക്ഷം അതിനു നിൽക്കരുതെന്നും ബിജെപി എംഎൽഎ വാദിച്ചു. പ്രതിപക്ഷത്തിന്റെ നിലപാടു ബാലിശമാണെന്ന് ശിവസേന വക്താവ് മനിഷ കയന്ദെയും പറഞ്ഞു.

ലോകകപ്പ് ക്രിക്കറ്റിൽ ഇന്ത്യയുടെ എവെ ജഴ്‌സിയായി ഓറഞ്ച് നിറത്തിലുള്ള ജഴ്‌സി അവതരിപ്പിക്കുമെന്ന വിവരമാണു രാഷ്ട്രീയ തർക്കത്തിലേക്കു നയിച്ചത്. ആതിഥേയരായ ഇംഗ്ലണ്ടിനെതിരെയും മറ്റ് ഏതാനും മൽസരങ്ങൾക്കും ഇന്ത്യൻ ക്രിക്കറ്റ് ടീം ഓറഞ്ച് ജഴ്‌സി ധരിച്ചു കളിക്കാനിറങ്ങും. ഐസിസിയുടെ പുതിയ നിയമമനുസരിച്ച് എല്ലാ ടീമുകൾക്കും രണ്ടു ജഴ്സി വേണം. ഇംഗ്ലണ്ടും ഇന്ത്യയും നിലവിൽ നീല ജഴ്സിയണിഞ്ഞാണ് കളിക്കുന്നത്. ഇരു ടീമുകളും ഒരുമിച്ച് കളിക്കുമ്പോൾ ഒരു ടീം രണ്ടാം ജഴ്സി അണിയേണ്ടതുണ്ട്. ആതിഥേയ രാജ്യമെന്ന നിലയിൽ ഇംഗ്ലണ്ട് അവരുടെ ഒന്നാം ജഴ്സിയിൽ തന്നെ ഇറങ്ങും. ഇതാണ് ഇന്ത്യയിൽ രാഷ്ട്രീയ വിവാദത്തിനും വഴിവെച്ചത്.

 

Stories you may Like

കമന്റ് ബോക്‌സില്‍ വരുന്ന അഭിപ്രായങ്ങള്‍ മറുനാടന്‍ മലയാളിയുടേത് അല്ല. മാന്യമായ ഭാഷയില്‍ വിയോജിക്കാനും തെറ്റുകള്‍ ചൂണ്ടി കാട്ടാനും അനുവദിക്കുമ്പോഴും മറുനാടനെ മനഃപൂര്‍വ്വം അധിക്ഷേപിക്കാന്‍ ശ്രമിക്കുന്നവരെയും അശ്ലീലം ഉപയോഗിക്കുന്നവരെയും മറ്റു മലയാളം ഓണ്‍ലൈന്‍ ലിങ്കുകള്‍ പോസ്റ്റ് ചെയ്യുന്നവരെയും മതവൈരം തീര്‍ക്കുന്നവരെയും മുന്നറിയിപ്പ് ഇല്ലാതെ ബ്ലോക്ക് ചെയ്യുന്നതാണ് - എഡിറ്റര്‍

More News in this category+

MNM Recommends +

Go to TOP