Forex Rate:

1 usd = 76.25 inr 1 gbp = 94.16 inr 1 eur = 85.23 inr 1 aed = 20.76 inr 1 sar = 20.32 inr 1 kwd = 247.66 inr
Apr / 202419Friday

വെസ്റ്റ് ഇൻഡീസിനെതിരെ ന്യൂസിലൻഡിന് 143 റണ്ണിന്റെ വിജയം; ഈ ലോകകപ്പിലെ രണ്ടാം ഇരട്ട സെഞ്ച്വറി കുറിച്ച മാർട്ടിൻ ഗുപ്റ്റിൽ കളിയിലെ താരം; ആദ്യ സെമിയിൽ ദക്ഷിണാഫ്രിക്കയെ നേരിടും

വെസ്റ്റ് ഇൻഡീസിനെതിരെ ന്യൂസിലൻഡിന് 143 റണ്ണിന്റെ വിജയം; ഈ ലോകകപ്പിലെ രണ്ടാം ഇരട്ട സെഞ്ച്വറി കുറിച്ച മാർട്ടിൻ ഗുപ്റ്റിൽ കളിയിലെ താരം; ആദ്യ സെമിയിൽ ദക്ഷിണാഫ്രിക്കയെ നേരിടും

വെല്ലിങ്ടൺ: ഈ ലോകകപ്പിലെ രണ്ടാം ഇരട്ട സെഞ്ച്വറി കുറിച്ച ന്യൂസിലൻഡിന്റെ മാർട്ടിൻ ഗുപ്റ്റിൽ വെടിക്കെട്ടിൽ കരീബിയൻ പട തകർന്നു. ലോകകപ്പിലെ ഏറ്റവും ഉയർന്ന സ്‌കോറുമായി ഗുപ്റ്റിൽ അരങ്ങുവാണപ്പോൾ വെസ്റ്റ് ഇൻഡീസ് കപ്പൽ നിലയില്ലാക്കയത്തിൽ മുങ്ങിത്താണു. ലോകകപ്പ് നോക്ക് ഔട്ടിലെ ഏറ്റവും ഉയർന്ന സ്‌കോറാണ് ഇന്ന് ഗുപ്റ്റിൽ കുറിച്ച 237 റൺ.

മറുപടിക്കെത്തി വെടിക്കെട്ടു ബാറ്റിങ് തന്നെയാണ് വെസ്റ്റ് ഇൻഡീസും കാഴ്ചവച്ചത്. എന്നാൽ, കൃത്യമായ ഇടവേളകളിൽ വിക്കറ്റുകൾ കൊഴിഞ്ഞതോടെ 50 ഓവർ പോലും തികയ്ക്കാനാകാതെ വിൻഡീസ് മടങ്ങി. 30.3 ഓവറിൽ എല്ലാവരും പുറത്താകുമ്പോൾ 8.19 ശരാശരിയിൽ അവർ 250 റൺ നേടിയിരുന്നു. 143 റണ്ണിന്റെ തോൽവിയുമായി ലോകകപ്പിൽ നിന്ന് വെസ്റ്റ് ഇൻഡീസ് വിടവാങ്ങിയപ്പോൾ അരങ്ങൊരുങ്ങിയത് ന്യൂസിലൻഡ്-ദക്ഷിണാഫ്രിക്ക സെമി ഫൈനലിനാണ്. ഇതുവരെ ലോകകപ്പ് ക്രിക്കറ്റിന്റെ ഫൈനലിൽ എത്താത്ത ടീമുകളാണ് രണ്ടും.

നേരത്തെ, ടോസ് നേടിയ ന്യൂസിലൻഡ് വെസ്റ്റ് ഇൻഡീസിനെതിരെ ബാറ്റിങ് തെരഞ്ഞെടുക്കുകയായിരുന്നു. പുറത്താകാതെ ഇരട്ട ശതകം നേടിയ ഗുപ്റ്റിലിന്റെ ബാറ്റിങ് മികവിൽ ആറിന് 393 റണ്ണാണ് കിവികൾ അടിച്ചുകൂട്ടിയത്. റോസ് ടെയ്‌ലർ 42ഉം വില്യംസൺ 33ഉം എലിയട്ട് 27ഉം റണ്ണെടുത്തു. ക്യാപ്റ്റൻ ബ്രൻഡൻ മക്കല്ലം 12 റണ്ണിന് പുറത്തായി.

163 പന്തിലാണ് ഗുപ്റ്റിൽ 237 റണ്ണെടുത്തത്. 11 സിക്‌സും 24 ഫോറും ഈ ഇന്നിങ്‌സിൽ പിറന്നു. ലോകകപ്പിലെ ഏറ്റവും ഉയർന്ന സ്‌കോറാണിത്. സിംബാബ്‌വെയ്‌ക്കെതിരെ ഗെയ്ൽ നേടിയ 215 റണ്ണായിരുന്നു ഇതുവരെയുള്ള മികച്ച സ്‌കോർ.
വിൻഡീസിനായി ജെറോം ടെയ്‌ലർ മൂന്നു വിക്കറ്റെടുത്തു. ആന്ദ്രെ റസൽ രണ്ടുവിക്കറ്റും നേടി.

പരിക്കിൽനിന്നു മുക്തനായ ക്രിസ് ഗെയ്‌ലാണ് മറുപടി ബാറ്റിങ്ങിൽ വിൻഡീസിനായി ആക്രമണം തുടങ്ങിയത്. മോശം ഫോമിലുള്ള ഡ്വെയ്ൻ സ്മിത്തിനെ ഒഴിവാക്കിയാണ് കരീബിയൻ പട ഇന്നിറങ്ങിയത്. ഗെയ്ൽ 33 പന്തിൽ 61 നേടി ആദം മിൽനെയുടെ പന്തിൽ ബൗൾഡാകുകയായിരുന്നു. ബാറ്റിൽ തട്ടി വീണ പന്ത് വിക്കറ്റു തെറിപ്പിക്കുമ്പോൾ തകർന്നു വീണത് കരീബിയൻ പ്രതീക്ഷകളായിരുന്നു. എട്ടു സിക്‌സും രണ്ടു ഫോറും അടങ്ങുന്നതായിരുന്നു ഗെയ്‌ലിന്റെ ഇന്നിങ്‌സ്.

ഓപ്പണർ ജോൺസൺ ചാൾസ് രണ്ടു റണ്ണിനും ലെൻഡൽ സിമൺസ് 12 റണ്ണിനും പുറത്തായപ്പോൾ കൂട്ടത്തകർച്ചയിലേക്കെന്നു കരുതിയ വിൻഡീസിനെ കരകയറ്റിയത് മാർലൺ സാമുവൽസുമായുള്ള ഗെയ്‌ലിന്റെ കൂട്ടുകെട്ടായിരുന്നു. ആക്രമണം തന്നെ ലക്ഷ്യമെന്നു പ്രഖ്യാപിച്ച സാമുവൽസ് ബോൾട്ടിന്റെ പന്തിൽ ബൗണ്ടറി ലൈനിൽ വെട്ടോറിയുടെ മികച്ച ക്യാച്ചിന് ഇരയായി പവലിയനിലേക്കു മടങ്ങുമ്പോൾ 15 പന്തിൽ 27 റൺ നേടിയിരുന്നു.

തുടർന്നു വന്നവർ സ്‌കോർ ശരാശരി ഏഴ്-എട്ട് റണ്ണിൽ നിലനിർത്തിപ്പോന്നെങ്കിലും വിക്കറ്റുകൾ കൃത്യമായി വീണത് തിരിച്ചടിയായി. വാലറ്റക്കാരെ കൂട്ടുപിടിച്ച് ക്യാപ്റ്റൻ ജെയ്‌സൺ ഹോൾഡർ (26 പന്തിൽ 42) നടത്തിയ പോരാട്ടവും തോൽവിയിൽ നിന്ന് വിൻഡീസിനെ കരകയറ്റിയില്ല.

ന്യൂസിലൻഡിനായി ട്രെന്റ് ബോൾട്ട് നാലു വിക്കറ്റെടുത്തു. ഓസ്‌ട്രേലിയയുടെ മിച്ചൽ സ്റ്റാർക്കിനെ മറികടന്ന് ഏഴു മത്സരങ്ങളിൽ 19 വിക്കറ്റുമായി ടൂർണമെന്റിലെ ടോപ് വിക്കറ്റ് ടേക്കറാണിപ്പോൾ ബോൾട്ട്. ടിം സൗത്തിയും ഡാനിയൽ വെട്ടോറിയും രണ്ടുവിക്കറ്റു വീതം വീഴ്‌ത്തി. മിൽനെയും കോറി ആൻഡേഴ്‌സണും ഓരോ വിക്കറ്റെടുത്തു.

ഇന്ത്യയെപ്പോലെ തന്നെ ഗ്രൂപ്പ് ഘട്ടത്തിലെ എല്ലാ മത്സരങ്ങളും ജയിച്ചാണ് കിവീസ് ക്വാർട്ടറിലെത്തിയത്. ഓക്‌ലൻഡിൽ 24ന് ഇന്ത്യൻ സമയം പുലർച്ചെ 6.30ന് ആദ്യ സെമിയിൽ ന്യൂസിലൻഡ് ദക്ഷിണാഫ്രിക്കയെ നേരിടും. രണ്ടാം സെമി 26ന് ഇന്ത്യയും ഓസ്‌ട്രേലിയയും തമ്മിലാണ്. സിഡ്‌നിയിലാണ് മത്സരം.

ക്വാർട്ടർ ഫൈനലിൽ വെസ്റ്റ് ഇൻഡീസ് ബൗളർമാരെ അടിച്ചുപരത്തി മാർട്ടിൻ ഗുപ്ടിൽ സ്വന്തം പേരിൽ എഴുതിച്ചേർത്തത് ഒരുപിടി റെക്കോർഡുകളാണ്. ഏകദിനത്തിൽ ഇരട്ടസെഞ്ച്വറി നേടുന്ന അഞ്ചാമത്തെ ബാറ്റ്‌സ്മാനും ലോകകപ്പിൽ ഈ നേട്ടം കൈവരിക്കുന്ന രണ്ടാമത്തെ ബാറ്റ്‌സ്മാനുമാണ് ഗുപ്ടിൽ. ഏകദിനത്തിൽ ഇരട്ടസെഞ്ച്വറി നേടുന്ന ആദ്യ ന്യൂസിലാൻഡ് ബാറ്റ്‌സ്മാനെന്ന നേട്ടവും ഗുപ്ടിലിനു ലഭിച്ചു. ഏകദിനത്തിൽ ഗുപ്ടിൽ നേടിയത് ആറാമത്തെ ഇരട്ടസെഞ്ച്വറിയാണ്.

ഏകദിനത്തിൽ ഏറ്റവും ഉയർന്ന രണ്ടാമത്തെ വ്യക്തിഗത സ്‌കോറാണ് മാർട്ടിൻ ഗുപ്ടിൽ നേടിയത്. 264 റൺസെടുത്ത ഇന്ത്യൻ താരം രോഹിത് ശർമ്മയാണ് പട്ടികയിൽ മുന്നിൽ. ഏകദിനത്തിലെ ആദ്യ ഇരട്ട സെഞ്ച്വറി കുറിച്ച സച്ചിൻ ടെൻഡുൽക്കറിനു പിന്നാലെ വിരേന്ദർ സെവാഗും ഈ നേട്ടത്തിലെത്തിയിരുന്നു. പിന്നാലെ രോഹിത് ശർമ്മയും ക്രിസ് ഗെയ്‌ലും പട്ടികയിൽ ഇടംപിടിച്ചു.

ഇതുവരെ നടന്ന പത്തു ലോകകപ്പുകളിൽ ന്യൂസിലൻഡ് ആറു തവണ സെമി ഫൈനലിൽ പ്രവേശിച്ചിട്ടുണ്ട്. എന്നാൽ, അതിനപ്പുറം മുന്നേറാൻ കിവീസിനായിട്ടില്ല. ഇത്തവണ സ്വന്തം കാണികളുടെ മുന്നിൽ കളിക്കുന്നത് കിവീസിന് കൂടുതൽ ആത്മവിശ്വാസവും ആവേശവും നൽകിയിട്ടുണ്ട്. ദക്ഷിണാഫ്രിക്കയെ മറികടന്ന് ഫൈനലിൽ എത്താമെന്ന പ്രതീക്ഷയിലാണ് കിവികൾ.

Stories you may Like

കമന്റ് ബോക്‌സില്‍ വരുന്ന അഭിപ്രായങ്ങള്‍ മറുനാടന്‍ മലയാളിയുടേത് അല്ല. മാന്യമായ ഭാഷയില്‍ വിയോജിക്കാനും തെറ്റുകള്‍ ചൂണ്ടി കാട്ടാനും അനുവദിക്കുമ്പോഴും മറുനാടനെ മനഃപൂര്‍വ്വം അധിക്ഷേപിക്കാന്‍ ശ്രമിക്കുന്നവരെയും അശ്ലീലം ഉപയോഗിക്കുന്നവരെയും മറ്റു മലയാളം ഓണ്‍ലൈന്‍ ലിങ്കുകള്‍ പോസ്റ്റ് ചെയ്യുന്നവരെയും മതവൈരം തീര്‍ക്കുന്നവരെയും മുന്നറിയിപ്പ് ഇല്ലാതെ ബ്ലോക്ക് ചെയ്യുന്നതാണ് - എഡിറ്റര്‍

More News in this category+

MNM Recommends +

Go to TOP