Forex Rate:

1 usd = 76.25 inr 1 gbp = 94.16 inr 1 eur = 85.23 inr 1 aed = 20.76 inr 1 sar = 20.32 inr 1 kwd = 247.66 inr
Apr / 202425Thursday

ആവേശപ്പോരാട്ടത്തിൽ നേരിയ വ്യത്യാസത്തിൽ കന്നിക്കിരീടം കൈവിട്ട് ഇന്ത്യൻ പെൺപട; ലോകകപ്പിൽ ഇന്ത്യയെ  9 റൺസിന് വീഴ്‌ത്തി നാലാം കിരീടം നേടി ഇംഗ്‌ളണ്ട്; പൂനത്തിന്റേയും മൻപ്രീതിന്റേയും അർദ്ധസെഞ്വറികൾ പാഴാക്കി ഇന്ത്യൻ വാലറ്റക്കാർ

ആവേശപ്പോരാട്ടത്തിൽ നേരിയ വ്യത്യാസത്തിൽ കന്നിക്കിരീടം കൈവിട്ട് ഇന്ത്യൻ പെൺപട; ലോകകപ്പിൽ ഇന്ത്യയെ  9 റൺസിന് വീഴ്‌ത്തി നാലാം കിരീടം നേടി ഇംഗ്‌ളണ്ട്; പൂനത്തിന്റേയും മൻപ്രീതിന്റേയും അർദ്ധസെഞ്വറികൾ പാഴാക്കി ഇന്ത്യൻ വാലറ്റക്കാർ

ലോഡ്‌സ്: അവസാന നിമിഷങ്ങൾ വരെ ആവേശത്തിരകളുയർത്തിയ പോരാട്ടത്തിൽ കന്നിക്കിരീടം നേരിയ വ്യത്യാസത്തിൽ ഇന്ത്യക്ക് നഷ്ടമായി. ലോകകപ്പ് വനിതാ ക്രിക്കറ്റ് ഫൈനലിൽ 9 റൺസിന് ഇന്ത്യയെ വീഴ്‌ത്തി ഇംഗ്‌ളണ്ട് കിരീടം ചൂടി. താരതമ്യേന ചെറിയ സ്‌കോറായ 229 റൺസ് എന്ന വിജയലക്ഷ്യം നേടാനുള്ള മുന്നേറ്റത്തിൽ അവസാന ഘട്ടത്തിൽ തുടരെ വിക്കറ്റുകൾ നഷ്ടമായതാണ് ഇന്ത്യക്ക് തിരിച്ചടിയായത്. അവസാന മൂന്ന് ഓവറുകളിൽ 14 റൺസ് മാത്രം നേടിയാൽ മതിയായിരുന്നിട്ടും വാലറ്റക്കാർക്ക് അത് നേടാനായില്ല. ഇതോടെ ഇന്ത്യ തോൽവി വഴങ്ങി.

അത്യന്തം ആവേശകരമായ മത്സരത്തിനാണ് ക്രിക്കറ്റിന്റെ പറുദീസയായ ലോഡ്‌സ് സ്‌റ്റേഡിയം സാക്ഷ്യംവഹിച്ചത്. അവസാന ഓവറുകളിൽ ഇന്ത്യയുടെ വിക്കറ്റുകൾ വീണുവെങ്കിലും ഇന്ത്യക്ക് നേടാവുന്ന ലക്ഷ്യമായിരുന്നു മുന്നിൽ എന്നത് മത്സരം ആവേശകരമാക്കി. ആസ്‌ട്രേലിയയെ തോൽപ്പിച്ച് ഫൈനലിൽ എത്തിയതോടെ തന്നെ വൻ പ്രതീക്ഷയിലായിരുന്നു ഇന്ത്യൻ താരങ്ങളും ആരാധകരും.

ഇതിന് മാറ്റുകൂട്ടാൻ ബിസിസിഐ വൻ പാരിതോഷികവും പ്രഖ്യാപിച്ചിരുന്നു. വിജയിച്ചാലും തോറ്റാലും ഇന്ത്യൻ താരങ്ങൾക്ക് അരക്കോടി പ്രതിഫലമാണ് ബിസിസിഐ പ്രഖ്യാപിച്ചത്. ഇതുവരെ ലഭിക്കാത്ത പ്രചാരവും പിന്തുണയുമാണ് ഇക്കുറി വനിതാ ക്രിക്കറ്റ് ടീമിനും ഇന്ത്യയിൽ ലഭിച്ചത്. പുരുഷ ക്രിക്കറ്റിനെ പോലെ തന്നെ വനിതാ ക്രിക്കറ്റ് സ്‌കോറിലേക്കും ഇന്ത്യൻ ആരാധകർ കണ്ണുനടുന്ന സ്ഥിതിവിശേഷം ഉണ്ടായി.

പത്തുറൺസ് നേടുംമുമ്പേ ആദ്യവിക്കറ്റും സ്‌കോർ 43ൽ എത്തിനിർക്കെ രണ്ടാം വിക്കറ്റും നഷ്ടമായതോടെ ഇന്ത്യൻ ക്യാമ്പ് നിരാശയിലായിരുന്നു. എന്നാൽ പിന്നീട് പൂനം റൗട്ടിന്റെ ഹർമൻപ്രീത് കൗറിന്റെയും ബാറ്റിങ് മികവിൽ പൊരുതി മുന്നേറുകയായിരുന്നു. മന്ദാനയുടെയും ക്യാപ്റ്റൻ മിതാലി രാജിന്റെയും വിക്കറ്റുകളാണ് ഇന്ത്യയ്ക്ക് തുടക്കത്തിൽ നഷ്ടമായത്. സ്‌കോർ 138ൽ എത്തിനിൽക്കെ ഇന്ത്യക്ക് ആസ്‌ട്രേലിയക്കെതിരെ തകർപ്പൻ സെഞ്ച്വറി നേടിയ ഹർമൻപ്രീത് കൗറിനെ നഷ്ടമായി. എന്നാൽ മറ്റേയറ്റത്ത് പൂനം റൗട്ട് പിടിച്ചുനിന്നു. പിന്നീടെത്തിയ വേദാ കൃഷ്ണമൂർത്തി സ്‌കോറിംഗിന് വേഗം കൂട്ടി.

എന്നാൽ സ്‌കോർ 191ൽ എത്തിയപ്പോൾ 86 റൺ നേടിയ പൂനം ഔട്ടായതോടെ ഇംഗ്‌ളണ്ടിന് നേരിയ പ്രതീക്ഷയായി. 196ൽ സുഷമ വർമ്മയേയും 200ൽ വേദ കൃഷ്ണമൂർത്തിയേയും ഒരു റണ്ണുകൂടി കൂട്ടിച്ചേർക്കുന്നതിനിടെ ജുലൻ ഗോസ്വാമിയേയും ഇന്ത്യക്ക് നഷ്ടപ്പെട്ടു. ഏഴാം വിക്കറ്റും വീണതോടെ ഇംഗ്‌ളണ്ട് ക്യാമ്പിൽ പ്രതീക്ഷയായി. പക്ഷേ വാലറ്റക്കാർ ഉറച്ചുനിന്ന് പൊരുതി. അവസാന മൂന്ന് ഓവറിൽ ഇന്ത്യക്ക് ജയിക്കാൻ 14 റൺസ് വേണമെന്ന സ്ഥിതിയായതോടെ ആവേശം ഉച്ചസ്ഥായിയിൽ ആയി. പക്ഷേ ലക്ഷ്യത്തിന് ഒമ്പത് റൺഅകലെ ഇന്ത്യയുടെ അവസാന വിക്കറ്റും പിഴുത് ഇംഗ്്‌ളണ്ട് കിരീടത്തിൽ മുത്തമിട്ടു.

നേരത്തെ, ടോസ് നേടി കലാശപ്പോരാട്ടത്തിന് ഇറങ്ങിയ ഇംഗ്‌ളണ്ടിന് നിശ്ചിത 50 ഓവറിൽ 7 വിക്കറ്റ് നഷ്ടത്തിൽ 228 റൺസാണെടുത്തത്. ഇംഗ്ലണ്ടിന് വേണ്ടി നഥാലി സ്‌കൈവർ (51) അർദ്ധ സെഞ്ച്വറി നേടി. ടോസ് നേടി ബാറ്റിങ് തിരഞ്ഞെടുത്ത ഇംഗ്ലണ്ടിന് നല്ല തുടക്കം കിട്ടിയിരുന്നെങ്കിലും സ്‌കോർ 47ൽ നിൽക്കുമ്പോൾ ആദ്യ വിക്കറ്റ് നഷ്ടമായി. ഓപ്പണറായ ലോറൻ വിൻഫീൽഡിന്റെ (24) വിക്കറ്റായിരുന്നു ആദ്യം നഷ്ടമായത്. രാജേശ്വരി ഗായംഗിന്റെ പന്തിൽ വിൻഫീൽഡ് ക്ലീൻ ബൗൾഡാകുകയായിരുന്നു. പിന്നീട് 23 റൺസെടുക്കുന്നതിനിടെ മൂന്ന് വിക്കറ്റ് നഷ്ടമായി വൻ തകർച്ച നേരിട്ട ഇംഗ്ലണ്ടിനെ സ്‌കൈവറും സാറാ ടെയ്‌ലറും (45) ചേർന്ന് ഇംഗ്ലണ്ടിനെ മുന്നോട്ട് നയിക്കുകയായിരുന്നു.

സ്‌കോർ 146ൽ എത്തി നിൽക്കെ ടെയ്‌ലറെ മടക്കി ഗോസ്വമിയാണ് ഈ കൂട്ടുകെട്ട് പൊളിച്ചത്. പിന്നീടെത്തിയ ഫ്രാൻ വിൽസനെയും മികച്ച രീതിയിൽ കളിക്കുകയായിരുന്ന സ്‌കൈവറെയും മടക്കി ഗോസ്വാമി ഇംഗ്ലണ്ടിന്റെ മുന്നേറ്റത്തെ തടഞ്ഞു. 23 റൺസ് വിട്ടുകൊടുത്ത് മൂന്ന് വിക്കറ്റ് വീഴ്‌ത്തിയ ജുലൻ ഗോസ്വാമിയാണ് ഇന്ത്യയുടെ ബോളിങ് ആക്രമങ്ങൾക്ക് നേതൃത്വം നൽകിയത്. പൂനം യാദവ് രണ്ടും രാജേശ്വരി ഗെയ്ക്‌വാദ് ഒരു വിക്കറ്റും വീഴ്‌ത്തി. ഇംഗ്ലണ്ട് നിരയിൽ സിവർ, ബ്രണ്ട്, ടെയ്‌ലർ എന്നിവർ നല്ല സ്‌കോർ സ്വന്തമാക്കി. 68 പന്തിൽനിന്ന് 51 റൺസെടുത്ത സിവറാണ് ടോപ് സ്‌കോറർ. ടെയ്‌ലർ 45 (62), ബ്രണ്ട് 34 (42) റൺസ് വീതം നേടി.

സെമിയിൽ കളിച്ച ടീമിൽ മാറ്റമില്ലാതെയാണ് ഇരുസംഘവും മത്സരത്തിന് ഇറങ്ങിയത്. ആറുവട്ടം ചാംപ്യന്മാരായിട്ടുള്ള ഓസ്‌ട്രേലിയയെ അട്ടിമറിച്ചെത്തിയ ഇന്ത്യ കന്നിക്കിരീട പ്രതീക്ഷയിലായിരുന്നു തുടക്കം മുതലേ. അതേസമയം, നാലാം കിരീടം ലക്ഷ്യമിട്ടാണ് ഇംഗ്‌ളണ്ട് കലാശപ്പോരാട്ടത്തിന് എത്തിയത്.

ഉദ്ഘാടനമൽസരത്തിൽ ഇംഗ്‌ളണ്ടിനെ തകർത്തതിന്റെ ആവേശത്തിലാണ് ഇന്ത്യ പൊരുതിയത്. ഇക്കുറി ലോകകപ്പിൽ ആദ്യം ഇന്ത്യയോട് തോറ്റെങ്കിലും പിന്നീട് ഇംഗ്ലണ്ട് ഏഴ് തുടർ വിജയങ്ങളുമായാണ് ഫൈനലിലെത്തിയതെന്നതിന്റെ ആവേശത്തിലായിരുന്നു ഇംഗ്‌ളണ്ട്.

Stories you may Like

കമന്റ് ബോക്‌സില്‍ വരുന്ന അഭിപ്രായങ്ങള്‍ മറുനാടന്‍ മലയാളിയുടേത് അല്ല. മാന്യമായ ഭാഷയില്‍ വിയോജിക്കാനും തെറ്റുകള്‍ ചൂണ്ടി കാട്ടാനും അനുവദിക്കുമ്പോഴും മറുനാടനെ മനഃപൂര്‍വ്വം അധിക്ഷേപിക്കാന്‍ ശ്രമിക്കുന്നവരെയും അശ്ലീലം ഉപയോഗിക്കുന്നവരെയും മറ്റു മലയാളം ഓണ്‍ലൈന്‍ ലിങ്കുകള്‍ പോസ്റ്റ് ചെയ്യുന്നവരെയും മതവൈരം തീര്‍ക്കുന്നവരെയും മുന്നറിയിപ്പ് ഇല്ലാതെ ബ്ലോക്ക് ചെയ്യുന്നതാണ് - എഡിറ്റര്‍

More News in this category+

MNM Recommends +

Go to TOP