Forex Rate:

1 usd = 76.25 inr 1 gbp = 94.16 inr 1 eur = 85.23 inr 1 aed = 20.76 inr 1 sar = 20.32 inr 1 kwd = 247.66 inr
Apr / 202425Thursday

ആഭ്യന്തര മത്സരത്തിനിടെ ബൗൺസറിൽ തലയ്ക്കു പരിക്കേറ്റ ഓസ്‌ട്രേലിയൻ താരം കോമ അവസ്ഥയിൽ; ഫിലിപ്പ് ഹ്യൂസിന്റെ തിരിച്ചുവരവിനായി പ്രാർത്ഥിച്ച് ക്രിക്കറ്റ് ലോകം

ആഭ്യന്തര മത്സരത്തിനിടെ ബൗൺസറിൽ തലയ്ക്കു പരിക്കേറ്റ ഓസ്‌ട്രേലിയൻ താരം കോമ അവസ്ഥയിൽ; ഫിലിപ്പ് ഹ്യൂസിന്റെ തിരിച്ചുവരവിനായി പ്രാർത്ഥിച്ച് ക്രിക്കറ്റ് ലോകം

സിഡ്നി: നിരവധി മനോഹര മുഹൂർത്തങ്ങൾക്കു സാക്ഷ്യംവഹിച്ച സിഡ്‌നി ക്രിക്കറ്റ് ഗ്രൗണ്ട് ഇന്നു കണ്ടത് ഒരു ദുരന്തചിത്രമായിരുന്നു. ആധുനിക ക്രിക്കറ്റിൽ ഒരിക്കലും സംഭവിച്ചുകൂടാത്ത കാഴ്ച. ആഭ്യന്തര ക്രിക്കറ്റ് മത്സരത്തിൽ ബൗൺസറിൽ തലയ്ക്കു പരിക്കേറ്റു മൈതാനത്തു കുഴഞ്ഞുവീണ ഫിലിപ്പ് ഹ്യൂസിപ്പോൾ കോമ അവസ്ഥയിലാണ്. അടിയന്തര ശസ്ത്രക്രിയക്കു വിധേയനാക്കിയിട്ടും ഹ്യൂസിന്റെ അവസ്ഥ ഗുരുതരമായിത്തന്നെ തുടരുന്നുവെന്നാണ് ഡോക്ടർമാർ പറയുന്നത്. താരത്തിന്റെ ജീവിതത്തിലേക്കുള്ള മടങ്ങിവരവിനായി ഒന്നടങ്കം പ്രാർത്ഥിക്കുകയാണ് ക്രിക്കറ്റ് ലോകം.

ഏറ്റവും മികച്ച ചികിത്സയാണ് ഫിൽ ഹ്യൂസിനായി ക്രിക്കറ്റ് ഓസ്‌ട്രേലിയ സജ്ജമാക്കിയിരിക്കുന്നത്. ഓസ്‌ട്രേലിയൻ നായകൻ മൈക്കൽ ക്ലാർക്കുൾപ്പെടെയുള്ള താരങ്ങളും ക്രിക്കറ്റ് ഓസ്‌ട്രേലിയ അധികൃതരുമെല്ലാം സിഡ്‌നിയിലെ സെന്റ് വിൻസന്റ് ആശുപത്രിയിൽ എത്തിയിട്ടുണ്ട്.

സുരക്ഷയ്ക്കു മുൻഗണന നൽകുന്ന ആധുനിക ക്രിക്കറ്റിൽ ഒരിക്കലും സംഭവിക്കരുതാത്ത ഒന്നാണ് സിഡ്‌നി ക്രിക്കറ്റ് ഗ്രൗണ്ടിൽ സംഭവിച്ചത്്. പേസ് ബൗളർ സീൻ അബോട്ടിന്റെ ബൗൺസർ നേരിടവെയാണ് തലയ്ക്കു പരിക്കേറ്റു ഹ്യൂസ് കുഴഞ്ഞുവീണത്. ന്യൂ സൗത്ത് വെയിൽസും സൗത്ത് ഓസ്‌ട്രേലിയയും തമ്മിലുള്ള മത്സരത്തിനിടെയാണ് സംഭവം.

പന്തു തലയിൽ കൊണ്ടു നിമിഷങ്ങൾക്കകം ഹ്യൂസ് മൈതാനത്തു കുഴഞ്ഞുവീഴുകയായിരുന്നു. ഉടൻ തന്നെ സെന്റ് വിന്റസന്റ് ആശുപത്രിയിലേക്ക് മാറ്റി. ശസ്ത്രക്രിയക്കും വിധേയനാക്കി. എന്നാൽ, ശസ്ത്രക്രിയ കഴിഞ്ഞെങ്കിലും അപകടനില തരണം ചെയ്യാൻ ക്രിക്കറ്റ് താരത്തിന് കഴിഞ്ഞിട്ടില്ലെന്ന് ഡോക്ടർമാർ മെഡിക്കൽ ബുള്ളറ്റിനിൽ വ്യക്തമാക്കി.

48 മണിക്കൂർ കഴിഞ്ഞാലേ ഹ്യൂസിന്റെ ആരോഗ്യനിലയെക്കുറിച്ച് എന്തെങ്കിലും പറയാനാകൂ എന്നാണ് ഡോക്ടർമാർ അറിയിച്ചത്. എല്ലാ സൗകര്യവുമൊരുക്കി ക്രിക്കറ്റ് ഓസ്‌ട്രേലിയ രംഗത്തുണ്ട്. ബൗൺസർ കൊണ്ടയുടൻ തന്നെ പ്രാഥമിക ചികിൽസ ഗ്രൗണ്ടിൽ നൽകിയെന്നും എല്ലാം ശുഭമായി വരുമെന്നും ക്രിക്കറ്റ് ഓസ്‌ട്രേലിയ സിഇഒ ജെയിംസ് സുതർലണ്ട് പ്രതീക്ഷ പ്രകടിപ്പിച്ചു.

പ്രാദേശിക സമയം ഉച്ചയ്ക്ക് രണ്ടരയോടെയാണ് (ഇന്ത്യൻ സമയം രാവിലെ എട്ടിന്) അപകടമുണ്ടായത്. മികച്ച ഫോമിൽ ബാറ്റ് വീശുമ്പോഴാണ് ബൗൺസറിന്റെ രൂപത്തിൽ ദുരന്തം ഹ്യൂസിനെയും ക്രിക്കറ്റ് ലോകത്തെയും കടന്നാക്രമിച്ചത്. കളിയുടെ ആദ്യ ഇന്നിങ്‌സിൽ 63 റൺസോടെ സൗത്ത് ഓസ്‌ട്രേലിയയുടെ സ്‌കോർ മുന്നോട്ട് കൊണ്ട് പോകുമ്പോഴായിരുന്നു ബൗൺസർ എത്തിയത്. ഫാസ്റ്റ് ബൗളർ സീൻ അബൗട്ടിന്റെ പന്ത് ഹുക്ക് ചെയ്യാനുള്ള ശ്രമത്തിനിടെയാണ് തലയിൽ കൊണ്ടത്. ഗ്രൗണ്ടിൽ തലകറങ്ങി വീണ ഓപ്പണറെ ഉടൻ ആശുപത്രിയിലുമെത്തിച്ചു. താരത്തിന്റെ പരിക്ക് ഗുരുതമാണെന്ന് തിരിച്ചറിഞ്ഞ് മത്സരം ഉപേക്ഷിക്കുകയും ചെയ്തു. എല്ലാ താരങ്ങളും ഹ്യൂസിനൊപ്പം ആശുപത്രിയിൽ എത്തി.

ഓസ്‌ട്രേലിയയ്ക്ക് വേണ്ടി 26 ടെസ്റ്റും 25 ഏകദിനങ്ങളിലും കളിച്ച താരമാണ് ഫിൽ ഹ്യൂസ്. സാങ്കേതികത്തികവുള്ള ഓപ്പണറായാണ് ഈ ഇടംകൈയൻ ബാറ്റ്‌സ്മാൻ അറിയപ്പെടുന്നത്. ആഭ്യന്തര ക്രിക്കറ്റിലെയും മികച്ച റൺവേട്ടക്കാരനാണ് ഹ്യൂസ്.

അപകടവിവരമറിഞ്ഞ് ലോകമെമ്പാടുമുള്ള ക്രിക്കറ്റ് താരങ്ങളും ആരാധകരും ഹ്യൂസിന്റെ തിരിച്ചുവരവും കാത്തിരിക്കുകയാണ്. പൂർണ ആരോഗ്യത്തോടെ ഹ്യൂസ് തിരിച്ചുവരുമെന്ന പ്രതീക്ഷയിലാണ് തങ്ങളെന്ന് ഷെയ്ൻ വാൺ, വി വി എസ് ലക്ഷ്മൺ, അനിൽ കുംബ്ലെ, അജിത് അഗാർക്കർ, ഡേവിഡ് വാർണർ, ടോം മൂഡി, ഗ്രെയിം സ്വാൻ, മഹേല ജയവർധനെ, ഗ്ലെൻ മക്ഗ്രാത്ത് തുടങ്ങിയവരെല്ലാം ട്വിറ്റർ സന്ദേശത്തിൽ കുറിച്ചു.

Stories you may Like

കമന്റ് ബോക്‌സില്‍ വരുന്ന അഭിപ്രായങ്ങള്‍ മറുനാടന്‍ മലയാളിയുടേത് അല്ല. മാന്യമായ ഭാഷയില്‍ വിയോജിക്കാനും തെറ്റുകള്‍ ചൂണ്ടി കാട്ടാനും അനുവദിക്കുമ്പോഴും മറുനാടനെ മനഃപൂര്‍വ്വം അധിക്ഷേപിക്കാന്‍ ശ്രമിക്കുന്നവരെയും അശ്ലീലം ഉപയോഗിക്കുന്നവരെയും മറ്റു മലയാളം ഓണ്‍ലൈന്‍ ലിങ്കുകള്‍ പോസ്റ്റ് ചെയ്യുന്നവരെയും മതവൈരം തീര്‍ക്കുന്നവരെയും മുന്നറിയിപ്പ് ഇല്ലാതെ ബ്ലോക്ക് ചെയ്യുന്നതാണ് - എഡിറ്റര്‍

More News in this category+

MNM Recommends +

Go to TOP