Forex Rate:

1 usd = 76.25 inr 1 gbp = 94.16 inr 1 eur = 85.23 inr 1 aed = 20.76 inr 1 sar = 20.32 inr 1 kwd = 247.66 inr
Apr / 202420Saturday

ഇന്ത്യയ്‌ക്കെതിരെ എറിഞ്ഞ 'പരാതി ബൗളിങ്' പാക്കിസ്ഥാന്റെ തന്നെ വിക്കറ്റെടുത്തു! പരമ്പരകളിൽ നിന്ന് പിന്മാറിയ ഇന്ത്യ നഷ്ടപരിഹാരം നൽകണമെന്ന ഹർജി തള്ളിയതിന് പിന്നാലെ പാക്ക് ക്രിക്കറ്റ് ബോർഡ് കോടതി ചെലവ് അടയ്ക്കണമെന്ന് ഐസിസി നിർദ്ദേശം; ഇന്ത്യയോട് 447 കോടി നഷ്ടപരിഹാരം ചോദിച്ച പാക്കിസ്ഥാന് കിട്ടിയത് 'വെള്ളിടി'

ഇന്ത്യയ്‌ക്കെതിരെ എറിഞ്ഞ 'പരാതി ബൗളിങ്' പാക്കിസ്ഥാന്റെ തന്നെ വിക്കറ്റെടുത്തു!  പരമ്പരകളിൽ നിന്ന് പിന്മാറിയ ഇന്ത്യ നഷ്ടപരിഹാരം നൽകണമെന്ന ഹർജി തള്ളിയതിന് പിന്നാലെ പാക്ക് ക്രിക്കറ്റ് ബോർഡ് കോടതി ചെലവ് അടയ്ക്കണമെന്ന് ഐസിസി നിർദ്ദേശം; ഇന്ത്യയോട് 447 കോടി നഷ്ടപരിഹാരം ചോദിച്ച പാക്കിസ്ഥാന് കിട്ടിയത് 'വെള്ളിടി'

മറുനാടൻ ഡെസ്‌ക്‌

ദുബായ്:  ക്രിക്കറ്റ് ലോകത്ത് ഇന്ത്യാ-പാക്ക് ബന്ധം വഷളായിരുന്ന ദിനങ്ങളാണ് കടന്നു പോയത്. എന്നാൽ അതിനിയും ദീർഘനാൾ തുടരും എന്ന സൂചനയാണ് കഴിഞ്ഞ ദിവസത്തെ ഐസിസി തീരുമാനത്തിൽ നിന്നും വെളിവാകുന്നത്. മുൻപ് നിശ്ചയിച്ചിരുന്ന പരമ്പരകളിൽ നിന്നും ഇന്ത്യ പിന്മാറിയതിനെ തുടർന്ന് 447 കോടി രൂപ തങ്ങൾക്ക് നഷ്ടപരിഹാരം വേണമെന്ന് പാക്ക് ക്രിക്കറ്റ് ബോർഡ് ഹർജി നൽകിയിരുന്നു. ഇത് ഐസിസി തർക്ക പരിഹാര സമിതി തള്ളിയെന്ന് മാത്രമല്ല നടപടികൾക്ക് ചെലവായ തുക പാക്ക് അടയ്ക്കണമെന്ന നിർദ്ദേശവും വന്നിരിക്കുകയാണ്.

പാക്ക് ക്രിക്കറ്റ് ബോർഡ് നൽകിയ ഹർജികൾക്ക് പിന്നാലെയുള്ള നടപടികൾക്കായി തങ്ങൾക്കു ചെലവായ തുക അവരിൽനിന്നു തന്നെ ഈടാക്കണമെന്ന ബിസിസിഐയുടെ ആവശ്യം ഐസിസി തർക്കപരിഹാര സമിതി ഭാഗികമായി അംഗീകരിച്ചിരിക്കുകയാണ്. കോടതി ചെലവുകൾക്കും മറ്റുമായി ബിസിസിഐ ആവശ്യപ്പെട്ട തുകയുടെ 60 ശതമാനം നൽകാൻ തർക്ക പരിഹാര സമിതി പിസിബിക്ക് നിർദ്ദേശം നൽകി.

പാക്ക് ക്രിക്കറ്റ് ബോർഡിന്റെ ഹർജി തള്ളി ഒരു മാസം പിന്നിടുമ്പോഴാണ് ബിസിസിഐയുടെ ചെലവിന്റെ 60 ശതമാനം നൽകാനുള്ള വിധി. ചെലവിനത്തിൽ ബിസിസിഐ ആവശ്യപ്പെട്ട തുകയെത്രയാണെന്നു വ്യക്തമല്ല. ബിസിസിഐയുടെ ചെലവിനു പുറമെ പാക്കിസ്ഥാന്റെ ഹർജി തീർപ്പാക്കുന്നതിന് ഐസിസിക്കു ചെലവായ തുകയുടെ 60 ശതമാനവും പാക്കിസ്ഥാൻ അടയ്ക്കണം. ഇതിന്റെ ബാക്കി 40 ശതമാനം അടയ്ക്കാൻ ബിസിസിഐയ്ക്കും സമിതി നിർദ്ദേശം നൽകി.

ബിസിസിഐയ്ക്കു ചെലവായ തുക മുഴുവനായും നൽകാൻ പാക്ക് ബോർഡിനോടു നിർദ്ദേശിക്കുന്നത് നീതികേടാകുമെന്നു ചൂണ്ടിക്കാട്ടിയാണ് ആവശ്യപ്പെട്ട തുകയുടെ 60 ശതമാനം സമിതി അനുവദിച്ചത്. പാക്കിസ്ഥാനുമായി നിശ്ചയിച്ചിരുന്ന ക്രിക്കറ്റ് പരമ്പരകളിൽ നിന്നു ഇന്ത്യ പിന്മാറിയതിനെത്തുടർന്നു നഷ്ടപരിഹാരം ആവശ്യപ്പെട്ടു പാക്കിസ്ഥാൻ ക്രിക്കറ്റ് ബോർഡ് സമർപ്പിച്ച പരാതി രാജ്യാന്തര ക്രിക്കറ്റ് കൗൺസിൽ നവംബർ 20നാണ് തള്ളിയത്. മൂന്നു ദിവസം നീണ്ട വിചാരണയിൽ ബിസിസിഐയുടേയും പിസിബിയുടേയും വാദം കേട്ട ശേഷമായിരുന്നു നടപടി.

2015 മുതൽ 2023 വരെ ടെസ്റ്റും ഏകദിനവും ട്വന്റി20യും ഉൾപ്പടെ ഏഴു പരമ്പരകൾ കളിക്കാമെന്ന് ഇന്ത്യ ഉറപ്പുനൽകിയിരുന്നുവെന്നും എന്നാൽ പിന്നീട് ലംഘിച്ചുവെന്നുമായിരുന്നു പാക് ക്രിക്കറ്റ് ബോർഡിന്റെ പരാതി. ഏഴു കോടി ഡോളർ നഷ്ടപരിഹാരം ആവശ്യപ്പെട്ട് കഴിഞ്ഞവർഷമാണു പരാതി നൽകിയത്. ഈ വർഷം ഒക്ടോബർ ആദ്യ ആഴ്ചയിലായിരുന്നു വാദം കേട്ടത്. കേന്ദ്രസർക്കാരിന്റെ അനുവാദമില്ലാത്തതിനാലാണു പാക്കിസ്ഥാനുമായി ഇന്ത്യയിലോ പാക്കിസ്ഥാനിലോ മൽസരം സംഘടിപ്പിക്കാത്തതെന്നു ബിസിസിഐ വ്യക്തമാക്കി.

2015ൽ ജമ്മു കശ്മീരിലെ ഉധംപൂരിലും ഗുരുദാസ്പൂരിലും ഉണ്ടായ ഭീകരാക്രമണങ്ങളുടെ പശ്ചാത്തലത്തിലാണു കേന്ദ്ര സർക്കാർ അനുവാദം നൽകാതിരുന്നതെന്നും ബിസിസിഐ ചൂണ്ടിക്കാട്ടി. രണ്ടു ബോർഡുകളുടേയും വാദം കേട്ട മൈക്കിൾ ബെലോഫിന്റെ നേതൃത്വത്തിലുള്ള മൂന്നംഗ ഐസിസിസ്വതന്ത്ര അന്വേഷണ സമിതി പാക് പരാതി തള്ളുകയായിരുന്നു. നഷ്ടപരിഹാരം വിധിക്കാനാവില്ലെന്നും വിധിക്കെതിരെ അപ്പീൽ നൽകാനാവില്ലെന്നും സമിതി വ്യക്തമാക്കിയിരുന്നു.

 

Stories you may Like

കമന്റ് ബോക്‌സില്‍ വരുന്ന അഭിപ്രായങ്ങള്‍ മറുനാടന്‍ മലയാളിയുടേത് അല്ല. മാന്യമായ ഭാഷയില്‍ വിയോജിക്കാനും തെറ്റുകള്‍ ചൂണ്ടി കാട്ടാനും അനുവദിക്കുമ്പോഴും മറുനാടനെ മനഃപൂര്‍വ്വം അധിക്ഷേപിക്കാന്‍ ശ്രമിക്കുന്നവരെയും അശ്ലീലം ഉപയോഗിക്കുന്നവരെയും മറ്റു മലയാളം ഓണ്‍ലൈന്‍ ലിങ്കുകള്‍ പോസ്റ്റ് ചെയ്യുന്നവരെയും മതവൈരം തീര്‍ക്കുന്നവരെയും മുന്നറിയിപ്പ് ഇല്ലാതെ ബ്ലോക്ക് ചെയ്യുന്നതാണ് - എഡിറ്റര്‍

More News in this category+

MNM Recommends +

Go to TOP