Forex Rate:

1 usd = 76.25 inr 1 gbp = 94.16 inr 1 eur = 85.23 inr 1 aed = 20.76 inr 1 sar = 20.32 inr 1 kwd = 247.66 inr
Apr / 202419Friday

ധോണിയുടെ 'ഷോൾഡർ പഞ്ച്' മുസ്താഫിസുറിന് പുതുജീവനായി; ചരിത്രത്തിലാദ്യമായി ഇന്ത്യക്കെതിരെ പരമ്പര നേടി ബംഗ്ലാ കടുവകൾ; തോൽവിക്കു കാരണം താനാണെങ്കിൽ ക്യാപ്റ്റൻ സ്ഥാനം ഒഴിയാമെന്നു ധോണി

ധോണിയുടെ 'ഷോൾഡർ പഞ്ച്' മുസ്താഫിസുറിന് പുതുജീവനായി; ചരിത്രത്തിലാദ്യമായി ഇന്ത്യക്കെതിരെ പരമ്പര നേടി ബംഗ്ലാ കടുവകൾ; തോൽവിക്കു കാരണം താനാണെങ്കിൽ ക്യാപ്റ്റൻ സ്ഥാനം ഒഴിയാമെന്നു ധോണി

മിർപുർ: ലോകകപ്പ് ക്വാർട്ടർ ഫൈനലിൽ തങ്ങളെ തോൽപ്പിച്ച ഇന്ത്യയോട് ബംഗ്ലാദേശ് പ്രതികാരം ചെയ്തു. ചരിത്രത്തിലാദ്യമായി ഇന്ത്യക്കെതിരായ പരമ്പര നേടിയാണ് ബംഗ്ലാദേശ് ലോകകപ്പിലെ തോൽവിക്കു പകരം ചോദിച്ചത്. തോൽവിക്കു കാരണം താനാണെങ്കിൽ ക്യാപ്റ്റൻ സ്ഥാനം ഒഴിയാൻ തയ്യാറാണെന്ന് എം എസ് ധോണി മത്സരശേഷം നടത്തിയ വാർത്താസമ്മേളനത്തിൽ പറഞ്ഞു.

ബംഗ്‌ളാദേശുമായുള്ള ഏകദിന പരമ്പര നഷ്ടമായതിന്റെ പൂർണ ഉത്തരവാദിത്വം താൻ ഏറ്റെടുക്കുന്നു. തന്റെ പിന്മാറ്റം ഭാവിയിൽ ഇന്ത്യക്ക് ഗുണം ചെയ്യുമെങ്കിൽ അതിനു തയാറാണ്. ഞാൻ ഇപ്പോഴും ക്രിക്കറ്റ് ആസ്വദിക്കുന്നുണ്ട്. ടീം ഇന്ത്യയുടെ വിജയം മാത്രമാണ് ആഗ്രഹിക്കുന്നത്. അതിനാൽ തന്റെ നായക സ്ഥാനത്തിന് പ്രസക്തിയില്ല. ഇന്ത്യക്ക് ആവശ്യം ഗുണപരമായ മാറ്റമാണെന്നും ധോണി പറഞ്ഞു.

ക്യാപ്റ്റൻ സ്ഥാനം നേടാൻ ഒന്നും ചെയ്തിട്ടില്ലെന്നും അത് ഒരു അധിക ഉത്തരവാദിത്വമാണെന്നും മാദ്ധ്യമപ്രവർത്തകരോട് ധോണി പ്രതികരിച്ചു.

ധോണിയുടെ ഷോൾഡർ പഞ്ചിന് ഇരയായതിലൂടെ വാർത്തകളിൽ നിറഞ്ഞ മുസ്താഫിസുർ റഹ്മാന്റെ പ്രകടനത്തിന്റെ കരുത്തിലാണ് ബംഗ്ലാദേശ് ഇന്ത്യയെ ചുരുട്ടിക്കെട്ടിയത്. ആറു വിക്കറ്റെടുത്ത മുസ്താഫിസുറിന്റെ കരുത്തിൽ മുൻ ലോകചാമ്പ്യന്മാർ 45 ഓവറിൽ 200 റണ്ണിനു പുറത്തായി.

47 ഓവറായി ചുരുക്കിയ മത്സരത്തിൽ ഡക്‌വർത്ത് ലൂയിസ് നിയമപ്രകാരം ബംഗ്ലാദേശിന്റെ വിജയലക്ഷ്യം 200 ആയി നിർണയിച്ചു. 38 ഓവറിൽ നാലുവിക്കറ്റ് നഷ്ടത്തിൽ ബംഗ്ലാദേശ് മത്സരവും പരമ്പരയും സ്വന്തമാക്കി.

നേരത്തെ ടോസ് നേടിയ ഇന്ത്യ ബാറ്റിങ് തെരഞ്ഞെടുക്കുകയായിരുന്നു. എന്നാൽ ഇന്ത്യൻ ക്യാപ്റ്റൻ ധോണിയെ നിരാശനാക്കി ആദ്യ ഓവറിൽ തന്നെ മുസ്താഫിസുർ ആഞ്ഞടിച്ചു. രണ്ടാംപന്തിൽ റണ്ണൊന്നുമെടുക്കാൻ അനുവദിക്കാതെ കഴിഞ്ഞ മത്സരത്തിലെ ടോപ് സ്‌കോറർ രോഹിത് ശർമയെ മുസ്താഫിസുർ പവലിയനിലേക്കു മടക്കി അയച്ചു.

53 റണ്ണെടുത്ത ശിഖർ ധവാനും 47 റണ്ണെടുത്ത ധോണിയും മാത്രമാണ് ഇന്ത്യൻ നിരയിൽ ഭേദപ്പെട്ട പ്രകടനം കാഴ്ചവച്ചത്. ആദ്യ മത്സരം തോറ്റ ഇന്ത്യയ്ക്ക് പരമ്പര നഷ്ടപ്പെടാതിരിക്കാൻ ഇന്നത്തെ മത്സരം വിജയിക്കേണ്ടത് അനിവാര്യമാണെന്നിരിക്കെയാണ് ബാറ്റിങ് നിര തകർന്നടിഞ്ഞത്.

റൈന 34ഉം വിരാട് കോഹ്ലി 23ഉം റൺസെടുത്തു. രോഹിത്തിനു പുറമെ അമ്പാട്ടി റായിഡുവിനും അക്‌സർ പട്ടേലിനും റണ്ണൊന്നും നേടാനായില്ല.

ബംഗ്ലാദേശിനുവേണ്ടി ഷാക്കിബ് അൽ ഹസൻ അർധ സെഞ്ച്വറി നേടി. ഷാക്കിബ് 51 റണ്ണെടുത്ത് പുറത്താകാതെ നിന്നു. ലിറ്റൺ ദാസ് 36ഉം സൗമ്യ സർക്കാർ 34ഉം മുഷ്ഫിക്കുർ റഹ്മാൻ 31ഉം റണ്ണെടുത്തു. ഇന്ത്യക്കുവേണ്ടി ധവാൽ കുൽക്കർണി, ആർ അശ്വിൻ, അക്‌സർ പട്ടേൽ എന്നിവർ ഓരോ വിക്കറ്റു വീഴ്‌ത്തി.

ആറു വിക്കറ്റു നേട്ടത്തോടെ അരങ്ങേറ്റത്തിലെ ആദ്യ രണ്ട് കളിയിൽ അഞ്ച് വിക്കറ്റെടുക്കുന്ന രണ്ടാമത്തെ താരമെന്ന റെക്കോർഡിന് മുസ്താഫിസുർ റഹ്മാൻ ഉടമയായി. സിംബാബ്‌വെയുടെ ബ്രയൻ വെറ്റോറിയാണ് ആദ്യമായി ഇത്തരം പ്രകടനം നടത്തിയത്. രോഹിത് ശർമ്മ, ധോണി, റൈന, പട്ടേൽ, അശ്വിൻ, ജഡേജ എന്നിവരുടെ വിക്കറ്റാണ് മുസ്താഫിസുർ റഹ്മാൻ വീഴ്‌ത്തിയത്.

ആദ്യ മത്സരത്തിൽ തന്നെ പ്രതിഭ തെളിയിച്ച മുസ്താഫിസുർ ധോണിയുടെ ഷോൾഡർ പഞ്ചിലൂടെയാണ് വാർത്തകളിൽ നിറഞ്ഞത്. എന്നാൽ, ഒറ്റ മത്സരത്തിലെ അത്ഭുതമല്ലെന്നു തെളിയിക്കാൻ തുടർച്ചയായ രണ്ടാം മത്സരത്തിലും മാൻ ഓഫ് ദ മാച്ചായ ഈ യുവതാരത്തിനു കഴിഞ്ഞു.

Stories you may Like

കമന്റ് ബോക്‌സില്‍ വരുന്ന അഭിപ്രായങ്ങള്‍ മറുനാടന്‍ മലയാളിയുടേത് അല്ല. മാന്യമായ ഭാഷയില്‍ വിയോജിക്കാനും തെറ്റുകള്‍ ചൂണ്ടി കാട്ടാനും അനുവദിക്കുമ്പോഴും മറുനാടനെ മനഃപൂര്‍വ്വം അധിക്ഷേപിക്കാന്‍ ശ്രമിക്കുന്നവരെയും അശ്ലീലം ഉപയോഗിക്കുന്നവരെയും മറ്റു മലയാളം ഓണ്‍ലൈന്‍ ലിങ്കുകള്‍ പോസ്റ്റ് ചെയ്യുന്നവരെയും മതവൈരം തീര്‍ക്കുന്നവരെയും മുന്നറിയിപ്പ് ഇല്ലാതെ ബ്ലോക്ക് ചെയ്യുന്നതാണ് - എഡിറ്റര്‍

More News in this category+

MNM Recommends +

Go to TOP