Forex Rate:

1 usd = 76.25 inr 1 gbp = 94.16 inr 1 eur = 85.23 inr 1 aed = 20.76 inr 1 sar = 20.32 inr 1 kwd = 247.66 inr
Apr / 202420Saturday

ഇന്ത്യയെ അടിമുടി വിറപ്പിച്ച് ഹോങ്കോങ് കീഴടങ്ങി; ഏഷ്യാക്കപ്പിൽ ശിഖർ ധവാന്റെ സെഞ്ച്വറിയുടെ കരുത്തിൽ 25 റൺസിന് കടന്നുകൂടി ഇന്ത്യ; വിജയം ഒരുക്കിയത് ഇടവേളകളിൽ കൃത്യമായ ഇടവേളകളിൽ വിക്കറ്റുകൾ വീഴ്‌ത്തിയ ബൗളർമാർ

ഇന്ത്യയെ അടിമുടി വിറപ്പിച്ച് ഹോങ്കോങ് കീഴടങ്ങി; ഏഷ്യാക്കപ്പിൽ ശിഖർ ധവാന്റെ സെഞ്ച്വറിയുടെ കരുത്തിൽ 25 റൺസിന് കടന്നുകൂടി ഇന്ത്യ; വിജയം ഒരുക്കിയത് ഇടവേളകളിൽ കൃത്യമായ ഇടവേളകളിൽ വിക്കറ്റുകൾ വീഴ്‌ത്തിയ ബൗളർമാർ

മറുനാടൻ ഡെസ്‌ക്‌

ദുബായ്: ക്രിക്കറ്റിലെ ചെറുമീനുകളാണ് ഹോങ്കോങ്. എന്നാൽ, ഈ ചെറുമീനുകൾ ഇന്നലെ വമ്പന്മാരായ ഇന്ത്യയെ വിഴുങ്ങുമോ എന്ന ആശങ്ക ജനിപ്പിച്ച ഘട്ടമായിരുന്നു. ഒടുവിൽ ഏഷ്യാക്കപ്പിൽ ഹോങ്കോങിനോട് ഇന്ത്യ കടന്നുകൂടി. 25 റൺസിനായിരുന്നു ഇന്ത്യൻ വിജയം.സ്‌കോർ: ഇന്ത്യ 50 ഓവറിൽ ഏഴിന് 285. ഹോങ്കോങ്50 ഓവറിൽ എട്ടിന് 259.

ശിഖർ ധവാന്റെ (127) സെഞ്ചുറിക്കരുത്തിലാണ് ഇന്ത്യ ഭേദപ്പെട്ട സ്‌കോറിലേക്കെത്തിയത്. എന്നാൽ ശക്തമായി തിരിച്ചടിച്ച ഹോങ്കോങ് അട്ടിമറിയുടെ അടുത്തെത്തി. ഓപ്പണിങ് വിക്കറ്റിൽ 174 റൺസെടുത്ത നിസാകത് ഖാനും (92) അൻഷുമാൻ റൗത്തുമാണ് (73) ഇന്ത്യയെ വിറപ്പിച്ചത്. എന്നാൽ ഇരുവരും അടുത്തടുത്ത ഓവറുകളിൽ പുറത്തായതോടെ ഹോങ്കോങ് കിതച്ചു. മറ്റൊരു കൂട്ടുകെട്ടിന് അനുവദിക്കാതെ ഇന്ത്യൻ ബോളർമാർ വിക്കറ്റുകൾ വീഴ്‌ത്തിയതോടെ വിജയത്തിന് ആവശ്യം വേണ്ട റൺറേറ്റും കൂടി. കിൻജിത് ഷാ (17), എഹ്‌സാൻ ഖാൻ (22) എന്നിവർ മാത്രമാണ് പിന്നീട് ഭേദപ്പെട്ട് കളിച്ചത്.

നേരത്തെ, ടോസ് നഷ്ടപ്പെട്ടെങ്കിലും ബാറ്റിങിനിറങ്ങിയപ്പോൾ ഇന്ത്യ മുന്നൂറിനപ്പുറമുള്ള ഒരു സ്‌കോർ സ്വപ്നം കണ്ടിരിക്കണം. എന്നാൽ സ്‌കോറിങ് അത്ര അനായാസമായിരുന്നില്ല പിച്ചിൽ. 7.4 ഓവറിൽ ധവാനൊപ്പം 45 റൺസ് ചേർത്ത് ക്യാപ്റ്റൻ രോഹിത് ശർമ (23) മടങ്ങി. യോയോ ടെസ്റ്റിൽ ഫിറ്റ്‌നസ് തെളിയിച്ച് ടീമിലേക്കു മടങ്ങിയെത്തിയ റായുഡു (60)അവസരം കളഞ്ഞില്ല. 70 പന്തിൽ മൂന്നു ഫോറും രണ്ടു സിക്‌സും അടങ്ങുന്നതാണ് റായുഡുവിന്റെ ഇന്നിങ്‌സ്.രണ്ടാം വിക്കറ്റിൽ ധവാനും റായുഡുവും ചേർന്നു നേടിയ 116 റൺസ് കൂട്ടുകെട്ടാണ് ഇന്ത്യൻ ഇന്നിങ്‌സിനു അടിത്തറയായത്.

എന്നാൽ ഈ കൂട്ടുകെട്ടിന്റെ ബലത്തിൽ ഇന്ത്യ കൂറ്റൻ സ്‌കോറിലെത്തും എന്നു കരുതിയിരിക്കെ റായുഡു എഹ്‌സാൻ നവാസിന്റെ ബൗൺസർ വിക്കറ്റ് കീപ്പർക്കു തൊട്ടു കൊടുത്ത് മടങ്ങി. ഹോങ്കോങ് സ്ലോ ബോളർമാരുടെ അച്ചടക്കമുള്ള ബോളിങിൽ ഇന്ത്യയുടെ സ്‌കോറിങും അതോടെ സ്ലോ ആയി. കാർത്തികും (33) ധവാനും മറ്റൊരു സെഞ്ചുറി കൂട്ടുകെട്ടിന് വട്ടം കൂട്ടിയെങ്കിലും തുടരെ മൂന്നു വിക്കറ്റുകൾ വീഴ്‌ത്തി ഹോങ്കോങ് ബോളർമാർ ബ്രേക്കിട്ടു. 120 പന്തിലാണ് ധവാൻ 127 റൺസെടുത്തത് 15 ഫോറും രണ്ടു സിക്‌സും. ധവാന്റെ 14ാം ഏകദിന സെഞ്ചുറിയാണിത്.

ധോണിയും ഷാർദൂലും പൂജ്യത്തിനും ഭുവനേശ്വർ ഒൻപതു റൺസിനും പുറത്തായി. കേദാർ ജാദവ് 27 പന്തിൽ 28 റൺസടിച്ചു. അവസാന പത്ത് ഓവറിൽ 48 റൺസ് മാത്രമാണ് ഹോങ്കോങ് ബോളർമാർ വഴങ്ങിയത്. ഇന്നിങ്‌സിലെ ആകെ എക്‌സ്ട്രാസ് അഞ്ചു റൺസ് മാത്രം. എം.എസ്. ധോനി (0), ഭുവനേശ്വർ കുമാർ (9), ശാർദുൽ ഠാകുർ (0) എന്നിവർ തിളങ്ങിയില്ല. കുൽദീപ് യാദവ് (0) കേദാറിനൊപ്പം പുറത്താവാതെ നിന്നു.ആദ്യ മൂന്ന് വിക്കറ്റ് കൂട്ടുകെട്ടുകളാണ് ഇന്ത്യക്ക് അടിത്തറയേകിയത്. ആദ്യ വിക്കറ്റിൽ ധവാനും രോഹിതും 45ഉം രണ്ടാം വിക്കറ്റിൽ ധവാനും റായുഡുവും 116ഉം മൂന്നാം വിക്കറ്റിൽ ധവാനും കാർത്തികും 79ഉം റൺസ് ചേർത്തു.

എന്നാൽ, 41ാം ഓവറിൽ സ്‌കോർ 240ൽ എത്തിയപ്പോൾ ധവാൻ പുറത്തായതോടെ ഇന്ത്യയുടെ സ്‌കോറിങ് റേറ്റ് കുറഞ്ഞു. പിന്നീടുള്ള 56 പന്തുകളിൽ 45 റൺസ് മാത്രമേ ഇന്ത്യക്ക് കൂട്ടിച്ചേർക്കാനായുള്ളൂ. അതിനിടെ ധോണി, കാർത്തിക്, ഭുവനേശ്വർ, ശാർദുൽ എന്നിവരുടെ വിക്കറ്റ് നഷ്ടമാവുകയും ചെയ്തു. ഓൾറൗണ്ടർ ഹാർദിക് പാണ്ഡ്യ ടീമിലില്ലാതിരുന്നതോടെ ആറാം നമ്പറിൽ കേദാറിനുശേഷം ബാറ്റ് ചെയ്യാനറിയുന്നവർ ഇല്ലാത്തതും തിരിച്ചടിയായി. ഹോങ്കോങ്ങിനായി സ്പിന്നർമാരായ കിൻചിറ്റ് ഷാ മൂന്നും ഇഹ്‌സാൻ ഖാൻ രണ്ടും വിക്കറ്റ് വീഴ്‌ത്തിയപ്പോൾ മീഡിയം പേസർമാരായ ഇഹ്‌സാൻ നവാസും ഐസാസ് ഖാനും ഓരോ വിക്കറ്റെടുത്തു.

 

Stories you may Like

കമന്റ് ബോക്‌സില്‍ വരുന്ന അഭിപ്രായങ്ങള്‍ മറുനാടന്‍ മലയാളിയുടേത് അല്ല. മാന്യമായ ഭാഷയില്‍ വിയോജിക്കാനും തെറ്റുകള്‍ ചൂണ്ടി കാട്ടാനും അനുവദിക്കുമ്പോഴും മറുനാടനെ മനഃപൂര്‍വ്വം അധിക്ഷേപിക്കാന്‍ ശ്രമിക്കുന്നവരെയും അശ്ലീലം ഉപയോഗിക്കുന്നവരെയും മറ്റു മലയാളം ഓണ്‍ലൈന്‍ ലിങ്കുകള്‍ പോസ്റ്റ് ചെയ്യുന്നവരെയും മതവൈരം തീര്‍ക്കുന്നവരെയും മുന്നറിയിപ്പ് ഇല്ലാതെ ബ്ലോക്ക് ചെയ്യുന്നതാണ് - എഡിറ്റര്‍

More News in this category+

MNM Recommends +

Go to TOP