ഓവൽ ക്രിക്കറ്റ് ടെസ്റ്റിൽ ഇന്ത്യക്ക് 118 റൺസിന്റെ തോൽവി; കന്നി ടെസ്റ്റ് സെഞ്ചുറി നേടിയ യുവതാരം ഋഷഭ് പന്തിന്റെയും ഓപ്പണർ ലോകേഷ് രാഹുലിന്റെയും തകർപ്പൻ പ്രകടനം പാഴായി; കുക്കിന് വിജയത്തോടെ വിട; പരമ്പര 4-1 ന് ഇംഗ്ലണ്ടിന്
September 11, 2018 | 10:36 PM IST | Permalink

സ്പോർസ് ലേഖകൻ
ഓവൽ: ഓവൽ ക്രിക്കറ്റ് ടെസ്റ്റിൽ ഇംഗ്ലണ്ടിനോട് ഇന്ത്യയ്ക്ക് കനത്ത താൽവി. ഇതിഹാസ താരം അലസ്റ്റയർ കുക്കിന്റെ വിരമിക്കൽ ടെസ്റ്റിൽ 118 റൺസിനാണ് ഇംഗ്ലണ്ട് ഇന്ത്യയെ വീഴ്ത്തിയത്. രണ്ടു വർഷത്തോളം നീണ്ട ഇടവേളയ്ക്കു ശേഷം സെഞ്ചുറി കണ്ടെത്തിയ ഓപ്പണർ ലോകേഷ് രാഹുലിന്റെയും, റെക്കോർഡ് ബുക്കുകളിൽ ഇടംപിടിച്ച പ്രകടനത്തോടെ കന്നി ടെസ്റ്റ് സെഞ്ചുറി നേടിയ യുവതാരം ഋഷഭ് പന്തിന്റെയും പ്രകടനങ്ങൾ നിറം ചാർത്തിയ ഇന്നിങ്സിനൊടുവിലാണ് ഓവലിൽ ഇന്ത്യ തോൽവി സമ്മതിച്ചത്. ഇതോടെ അഞ്ചു മൽസരങ്ങളടങ്ങിയ പരമ്പര ഇന്ത്യ 4-1ന് ഇംഗ്ലണ്ടിന് അടിയറവു വച്ചു.
ആറാം വിക്കറ്റിൽ ഋഷഭ് പന്തിനൊപ്പം ഇരട്ട സെഞ്ചുറി കൂട്ടുകെട്ടും (204) അജിങ്ക്യ രഹാനെയ്ക്കൊപ്പം നാലാം വിക്കറ്റിൽ സെഞ്ചുറി കൂട്ടുകെട്ടും (118) തീർത്ത ലോകേഷ് രാഹുലിന്റെ പോരാട്ടമാണ് ഓവൽ ടെസ്റ്റിന്റെ അവസാന ദിനം ഇന്ത്യൻ പ്രതീക്ഷകൾക്ക് നിറം പകർന്നത്. 118 പന്തിൽ 16 ബൗണ്ടറിയും ഒരു സിക്സും സഹിതം രാഹുൽ ടെസ്റ്റിലെ അഞ്ചാം സെഞ്ചുറിയും പൂർത്തിയാക്കിയത്. ഈ പരമ്പരയിൽ ഇതാദ്യമായാണ് രാഹുൽ 50ന് മുകളിൽ റൺസ് സ്കോർ ചെയ്യുന്നത്. ഉച്ചഭക്ഷണത്തിനു പിരിയുമ്പോൾ 45 ഓവറിൽ അഞ്ച് വിക്കറ്റ് നഷ്ടത്തിൽ 167 റൺസ് എന്ന നിലയിലായിരുന്നു ഇന്ത്യ.
ഉച്ചഭക്ഷണത്തിനു ശേഷം തിരിച്ചെത്തി അധികം വൈകാതെ പന്തും കന്നി സെഞ്ചുറി പൂർത്തിയാക്കി. 117 പന്തിൽ 14 ബൗണ്ടറിയും മൂന്നു സിക്സും സഹിതമാണ് പന്തിന്റെ കന്നി ടെസ്റ്റ് സെഞ്ചുറി. സിക്സ് നേടിക്കൊണ്ട് ടെസ്റ്റ് കരിയറിന് തുടക്കമിട്ട പന്ത്, ഓവലിൽ ആദിൽ റഷീദിനെതിരെ സിക്സ് നേടിയാണ് കന്നി ടെസ്റ്റ് സെഞ്ചുറിയും പൂർത്തിയാക്കിയത്. നേരത്തെ, നാലാം വിക്കറ്റിൽ രാഹുൽരഹാനെ സഖ്യം സെഞ്ചുറി കൂട്ടുകെട്ടു തീർത്തെങ്കിലും, തൊട്ടുപിന്നാലെ ഒരു റണ്ണിനിടെ രണ്ടു വിക്കറ്റ് നഷ്ടമായത് തിരിച്ചടിയായി. രഹാനെ (37), അരങ്ങേറ്റ താരം ഹനുമ വിഹാരി (പൂജ്യം) എന്നിവരാണ് പുറത്തായത്. ഇന്ത്യൻ സ്കോർ 120ൽ നിൽക്കെ രഹാനെയെ മോയിൻ അലിയും 121ൽ നിൽക്കെ വിഹാരിയെ സ്റ്റോക്സും പുറത്താക്കി.
നീണ്ട കാലത്തെ കാത്തിരിപ്പിനു ശേഷമാണ് ലോകേഷ് രാഹുൽ ടെസ്റ്റിൽ സെഞ്ചുറി പൂർത്തിയാക്കുന്നത്. ഇംഗ്ലണ്ടിനെതിരായ പരമ്പരയിൽ അർധസെഞ്ചുറി നേടുന്നതും ആദ്യം. 2016ൽ ചെന്നൈയിൽ ഇംഗ്ലണ്ടിനെതിരെ തന്നെ 199 റൺസ് നേടിയാണ് രാഹുൽ ഇതിനു മുൻപ് സെഞ്ചുറി തൊട്ടത്. അവിടുന്നിങ്ങോട്ട് 20 മാസവും 28 ഇന്നിങ്സുകളും നീണ്ട കാത്തിരിപ്പിനൊടുവിൽ ഇതാ അഞ്ചാം ടെസ്റ്റ് സെഞ്ചുറി. രാഹുലിന്റെ അഞ്ചു സെഞ്ചുറികളും അഞ്ച് വ്യത്യസ്ത രാജ്യങ്ങളിലാണെന്ന കൗതുകവുമുണ്ട്.
സുനിൽ ഗാവസ്കറിനു ശേഷം ഇംഗ്ലണ്ട് മണ്ണിൽ സെഞ്ചുറി നേടുന്ന ആദ്യ ഇന്ത്യൻ ഓപ്പണറും രാഹുലാണ്. ഗാവസ്കർ, ശിഖർ ധവാൻ എന്നിവർക്കുശേഷം ഇന്ത്യയ്ക്ക് പുറത്ത് നാലാം ഇന്നിങ്സിൽ സെഞ്ചുറി നേടുന്ന ഇന്ത്യൻ ഓപ്പണറുമായി രാഹുൽ. 2015നുശേഷം ഏഷ്യയ്ക്കു പുറത്ത് ടെസ്റ്റിൽ സെഞ്ചുറി നേടിയിട്ടുള്ള ഒരേയൊരു ഇന്ത്യൻ താരവും രാഹുലാണ്. ഏഷ്യയ്ക്കു പുറത്ത് 16 ഇന്നിങ്സുകളിൽനിന്ന് രാഹുലിന്റെ മൂന്നാം സെഞ്ചുറിയാണിത്. ഇക്കാലയളവിൽ ഇന്ത്യയ്ക്കായി ഓപ്പൺ ചെയ്തിട്ടുള്ള മറ്റു താരങ്ങൾ ചേർന്ന് 28 ഇന്നിങ്സ് പൂർത്തിയാക്കിയെങ്കിലും ഒരു സെഞ്ചുറി പോലും സ്വന്തമാക്കാനായില്ല. നേരത്തെ, ഈ പരമ്പരയിലാകെ 14 ക്യാച്ച് സ്വന്തമാക്കിയ രാഹുൽ ഒരു പരമ്പരയിൽ കൂടുതൽ ക്യാച്ചുകൾ നേടുന്ന ഇന്ത്യൻ താരമെന്ന റെക്കോർഡ് സ്വന്തമാക്കിയിരുന്നു. സാക്ഷാൽ രാഹുൽ ദ്രാവിഡിന്റെ റെക്കോർഡാണ് രാഹുലിനു മുന്നിൽ തകർന്നത്
നേരത്തെ, കരിയറിലെ അവസാന ടെസ്റ്റ് ഇന്നിങ്സിൽ ഉജ്വല സെഞ്ചുറി നേടിയ അലസ്റ്റയർ കുക്കിന്റെയും, ഒരു വർഷത്തെ ഇടവേളയ്ക്കു ശേഷം ടെസ്റ്റിൽ സെഞ്ചുറി സ്വന്തമാക്കിയ ക്യാപ്റ്റൻ ജോ റൂട്ടിന്റെയും പ്രകടനം നിറം ചാർത്തിയ ഇന്നിങ്സിനൊടുവിലാണ് ഇംഗ്ലണ്ട് ഇന്ത്യയ്ക്കു മുന്നിൽ 464 റൺസിന്റെ കൂറ്റൻ വിജയലക്ഷ്യമുയർത്തിയത്. വിരമിക്കൽ മൽസരത്തിൽ ടെസ്റ്റിലെ 33ാം സെഞ്ചുറി നേടിയ കുക്കിന്റെയും 14ാം െടസ്റ്റ് സെഞ്ചുറി പൂർത്തിയാക്കിയ റൂട്ടിന്റെയും മികവിൽ ഇംഗ്ലണ്ട് രണ്ടാം ഇന്നിങ്സിൽ എട്ടു വിക്കറ്റ് നഷ്ടത്തിൽ 423 റൺസെടുത്ത് ഇന്നിങ്സ് ഡിക്ലയർ ചെയ്തു. മൂന്നാം വിക്കറ്റിൽ 259 റൺസ് കൂട്ടിച്ചേർത്ത കുക്കിനെയും റൂട്ടിനെയും അരങ്ങേറ്റ ടെസ്റ്റ് കളിക്കുന്ന ഹനുമ വിഹാരി അടുത്തടുത്ത പന്തുകളിൽ പുറത്താക്കി.
ഇന്ത്യക്കായി വിഹാരി, ജഡേജ എന്നിവർ മൂന്നും മുഹമ്മദ് ഷമി രണ്ടും വിക്കറ്റ് വീഴ്ത്തി. പരുക്കു മൂലം നാലാം ദിനം ഇഷാന്ത് ശർമയ്ക്ക് ബോൾ ചെയ്യാനാകാതെ പോയത് ഇന്ത്യയ്ക്ക് തിരിച്ചടിയായി. ഒരു ദിവസത്തെ കളി ബാക്കിനിൽക്കെ ഇന്ത്യയ്ക്കു മുന്നിൽ 464 റൺസിന്റെ കൂറ്റൻ വിജയലക്ഷ്യം തീർത്താണ് ഇംഗ്ലണ്ട് ക്യാപ്റ്റൻ ഇന്നിങ്സ് ഡിക്ലയർ ചെയ്തത്. ഒന്നേകാൽ നൂറ്റാണ്ടു മുൻപ് (1902 ഓഗസ്റ്റ്) ഇംഗ്ലണ്ട് ഓസ്ട്രേലിയയ്ക്കെതിരെ പിന്തുടർന്നു ജയിച്ച 263 റൺസാണ് ഓവലിലെ ഏറ്റവും ഉയർന്ന റൺ ചേസ്.