Forex Rate:

1 usd = 76.25 inr 1 gbp = 94.16 inr 1 eur = 85.23 inr 1 aed = 20.76 inr 1 sar = 20.32 inr 1 kwd = 247.66 inr
Apr / 202419Friday

മെൽബണിലും സൂപ്പർ സൺഡേ ഒരുക്കി ധോണിപ്പട; ഓൾ റൗണ്ട് മികവിൽ തുടർച്ചയായ രണ്ടാം ജയം; ഇന്ത്യയ്ക്ക് മുന്നിൽ ലോകകപ്പിൽ ആദ്യമായി ദക്ഷിണാഫ്രിക്ക വീണു; അതും 130 റൺസിന്; കന്നി ലോകകപ്പ് സെഞ്ച്വറി നേടിയ ശിഖർ ധവാൻ മാൻ ഓഫ് ദി മാച്ച്; അശ്വിന് മൂന്ന് വിക്കറ്റ്

മെൽബൺ: പാക്കിസ്ഥാനെതിരെ ലോകകപ്പിൽ ജയപരമ്പര തുടർന്ന ഇന്ത്യ മെൽബണിൽ മറ്റൊരു ചരിത്രവുമെഴുതി. ലോകകപ്പിലെ ആദ്യ മത്സരത്തിൽ പാരമ്പര്യ എതിരാളികളെ തകർത്തതിന്റെ ആത്മവിശ്വാശം ധോണിപ്പടയ്ക്ക് കരുത്തായി. ശക്തരായ ദക്ഷണാഫ്രിക്കയ്ക്ക് എതിരേയും ഇന്ത്യ ഉജ്ജ്വലമായി ജയിച്ചു കയറി. ഇതോടെ ലോകകപ്പ് ക്രിക്കറ്റിൽ ഇന്ത്യയ്ക്ക് എതിരായ ദക്ഷിണാഫ്രിക്കയുടെ അപരാജിത കുതിപ്പിനും അവസാനമായി. ഗ്രൂപ്പിലെ ഏറ്റവും ശക്തരായ ടീമിനെയാണ് ലോക ചാമ്പ്യന്മാരായ ഇന്ത്യ 130റൺസിന് തകർത്തത്. ഇതോടെ ഗ്രൂപ്പിൽ ഒന്നാമതായി ഇന്ത്യ ക്വാർട്ടറിലെത്തുമെന്ന പ്രതീക്ഷയും സജീവമായി.

ഓൾറൗണ്ട് മികവിൽ വിമർശകർക്ക് മറുപടി പറയുന്ന തരത്തിലായിരുന്നു ദക്ഷിണാഫ്രിക്കയ്ക്ക് എതിരെ ഇന്ത്യയുടെ ബാറ്റിങ്ങും ബൗളിങ്ങും ഫീൽഡിങ്ങും. പാക്കിസ്ഥാന് പിന്നാലെ ദക്ഷിണാഫ്രിക്കയേയും തകർത്താതോടെ ടൂർണ്ണമെന്റിലെ ഏറ്റവും സാധ്യതയുള്ള ടീമായി ഇന്ത്യ മാറി. ലോകപ്പിന് തൊട്ടുമുമ്പുള്ള മോശം പ്രകടനങ്ങളുടെ ഓർമ്മകൾ ധോണിയേയും ടീമിനേയും ഇനി പിന്തുടരുകയുമില്ല. ഇന്ത്യൻ ക്രിക്കറ്റ് ഇതിഹാസം സച്ചൻ തെണ്ടുൽക്കറെ ഗാലറിയിലിരുത്തിയായിരുന്നു ഇന്ത്യയുടെ അവശ്വസിനീയ പ്രകടനം. ഗാലറിയിലെ സച്ചിന്റെ സാന്നിധ്യം ടീം ഇന്ത്യയെ പ്രചോദിപ്പിച്ചു എന്നതാണ് മറ്റൊരു വസ്തുത. അല്ലെങ്കിൽ ശക്തരായ ദക്ഷിണാഫ്രിക്കൻ ബാറ്റിങ്ങിനെ എറിഞ്ഞുടയ്ക്കാൻ ഇന്ത്യൻ ബൗളിങ്ങിന് കഴിയുമായിരുന്നില്ല.

ഇന്ത്യ ഉയർത്തിയ 308 റൺസ് മെൽബണിലെ ബാറ്റിങ്ങ് സാഹചര്യങ്ങളിൽ അത്ര ഉയർന്നതായിരുന്നില്ല. മെൽബണിൽ ആരും മുന്നൂറ് റൺസ് ചെയ്‌സ് ചെയ്തു ജയിച്ചിട്ടില്ല. എന്നാലും ഡീവില്ലീസും അംലയും ഡുമിനിയും അടങ്ങുന്ന കരുത്തരായ ബാറ്റിങ്ങിന് ഇന്ത്യൻ സ്‌കോർ വലിയ വെല്ലുവിളിയല്ലെന്ന് നിരീക്ഷണങ്ങളെത്തി. പ്രത്യേകിച്ച് ഉമേഷ് യാദവും മോഹിത് ശർമ്മയും മുഹമ്മദ് ഷാമിയും അടങ്ങുന്ന ഇന്ത്യൻ ഫാസ്റ്റ് ബൗളിങ്ങിലെ പരിചയ കുറവ് കണക്കിലുടുക്കുമ്പോൾ ഇന്ത്യൻ സ്‌കോർ അത്രവലുതായിരുന്നില്ല. ആർ അശ്വിന്റെ സ്പിന്നിൽ ജയിച്ചു കയറാമെന്ന പ്രതീക്ഷയിൽ ഇറങ്ങിയ ഇന്ത്യയെ പേസർമാരും കൈവിട്ടില്ല. ഇതോടെ ലോകകപ്പിലെ ഏറ്റവും വലിയ തോൽവിയിലേക്ക് ദക്ഷിണാഫ്രിക്ക കൂപ്പുകുത്തി.

307 റൺസിന്‌റെ വിജയലക്ഷ്യത്തെ പിന്തുടർന്ന ദക്ഷിണാഫ്രിക്ക 177 റൺസിന് പുറത്തായി. ആർ അശ്വിന് മൂന്ന് വിക്കറ്റുമായി ഇന്ത്യൻ ബൗളിങ്ങിൽ കരുത്ത് കാട്ടി. മോഹിത്ത് ശർമ്മയും മുഹമ്മദ് ഷാമിയും രണ്ട് വിക്കറ്റ് നേടി. രവീന്ദ്ര ജഡേജ ഒരു വിക്കറ്റെടുത്തു. ഡീവില്ലീസിന്റേയും ഡേവിഡ് മില്ലറുടേയും റണ്ണൗട്ടുകളും കരുത്തായി. അങ്ങനെ ബാറ്റിങ്ങിലും ബൗളിങ്ങിനുമൊപ്പം ഫീൽഡിങ്ങിലും ദക്ഷിണാഫ്രിക്കയെ ഇന്ത്യ മെൽബണിൽ തോൽപ്പിച്ചു. ലോകോത്തര നിലവാരമുള്ള ഫീൽഡിങ്ങായിരുന്നു ഇന്ത്യ പുറത്തെടുത്തത്. അതും ഫീൽഡിങ്ങിൽ കരുത്തരായ ദക്ഷിണാഫ്രിക്കയ്ക്ക് എതിരെ.

ഫാഫ് ഡുപ്ലെസിസ് (55), ഡിവില്ലിയേഴ്‌സ് (30), ഹാഷിം അംല (22), ഡേവിഡ് മില്ലർ (22), പാർണൽ എന്നിവർക്ക് മാത്രമാണ് അൽപമെങ്കിലും പിടിച്ചുനിൽക്കാനായത്. മറുപടി ബാറ്റിങ് തുടങ്ങിയ ദക്ഷിണാഫ്രിക്കയെ തുടക്കം മുതൽ ഇന്ത്യൻ ബോളർമാർ പിടിച്ചുകെട്ടുകയായിരുന്നു. 55 റൺസെടുത്ത ഡ്യുപ്ലെസിസനു മാത്രമാണ് അൽപമെങ്കിലും പിടിച്ചു നിൽകാനായത്. അവരുടെ വൻ പ്രതീക്ഷയായിരുന്ന ക്യാപ്റ്റൻ ഡിവില്ലിയേഴ്‌സ് 30 റൺസുമായി മടങ്ങി. മോഹിത് ശർമയ്‌ക്കെതിരെ തുടർച്ചയായി രണ്ടു ബൗണ്ടറികൾ പായിച്ച് ആത്മവിശ്വാസം നേടിയ ഡിവില്ലിയേഴ്‌സ് പിന്നീട് കളി തിരിച്ചു പിടിക്കുമെന്ന് തോന്നിച്ച ഘട്ടത്തിലാണ് റണ്ണൗട്ടായത്. ഡേവിഡ് മില്ലറും(22) റണ്ണൗട്ടാവുകയായിരുന്നു. ഇതോടെ എല്ലാ സാധ്യതകളും അടഞ്ഞു.

നേരത്തെ ഓപ്പണർ ശിഖർ ധവാന്റെ സെഞ്ച്വറിയുടെ കരുത്തിൽ ഇന്ത്യ ഏഴിന് 307 റണ്ണെടുത്തു. ധവാന്റെ ആദ്യ ലോകകപ്പ് സെഞ്ച്വറിയാണിത്. ധവാൻ 146 പന്തിൽ 137 റണ്ണെടുത്തു. രണ്ടു സിക്‌സും 16 ഫോറും ധവാന്റെ ഇന്നിങ്‌സിൽ ഉൾപ്പെടുന്നു. 122 പന്തിലാണ് ധവാൻ സെഞ്ച്വറി തികച്ചത്. പാക്കിസ്ഥാനെതിരെ ധവാൻ അർധ സെഞ്ച്വറി നേടിയിരുന്നു. 60 പന്തിൽ മൂന്നു സിക്‌സും ഏഴു ഫോറുമുൾപ്പെടെ 79 റണ്ണെടുത്ത അജിൻക്യ രഹാനെയും 60 പന്തിൽ 46 റണ്ണെടുത്ത ഉപനായകൻ വിരാട് കോഹ്‌ലിയും ധവാനു മികച്ച പിന്തുണയേകി. ടാസ് നേടിയ ഇന്ത്യൻ ക്യാപ്റ്റൻ എം എസ് ധോണി ബാറ്റിങ് തെരഞ്ഞെടുക്കുകയായിരുന്നു.

പാക്കിസ്ഥാനെതിരെ കളിച്ച അതേ ടീമിനെ തന്നെയാണ് ഇന്ത്യ ഇന്നും കളത്തിൽ ഇറക്കിയത്. മൂന്നാം ഓവറിൽ റണ്ണൊന്നും എടുക്കാനാകാതെ രോഹിത് ശർമ റണ്ണൗട്ടായതോടെ ഇന്ത്യ തകർച്ചയിലേക്കു പോകുമെന്ന് ആരാധകർ കരുതി. എങ്കിലും രണ്ടാം വിക്കറ്റിൽ കോഹ്‌ലി കൂട്ടായി എത്തിയതോടെ സ്‌കോറുയരാൻ തുടങ്ങി. പതിയെ തുടങ്ങിയ ഇരുവരും സ്‌കോറിങ്ങിനു വേഗം കൂട്ടുന്നതിനിടെ അർധ സെഞ്ച്വറിക്ക് നാലുറണ്ണകലെ കോഹ്‌ലി പുറത്തായി. ഇമ്രാൻ താഹിറിന്റെ പന്തിൽ ഡുപ്ലെസിസ് പിടിച്ചാണ് കോഹ്‌ലി പുറത്തായത്. പിന്നീട് അജിൻക്യ രഹാനെ എത്തിയതോടെ സ്‌കോറുയർന്നു.

എന്നാൽ, അവസാന ഓവറുകളിൽ വിക്കറ്റുകൾ കൂട്ടത്തോടെ കൊഴിഞ്ഞത് ഇന്ത്യക്കു തിരിച്ചടിയായി. റെയ്‌ന ആറും ധോണി 18ഉം ജഡേജ രണ്ടും റണ്ണെടുത്തു പുറത്തായി. അശ്വിൻ അഞ്ചു റണ്ണോടെയും ഷാമി നാലു റണ്ണോടെയും പുറത്താകാതെ നിന്നു. ദക്ഷിണാഫ്രിക്കയ്ക്കായി മോണി മോർക്കൽ രണ്ടുവിക്കറ്റ് വീഴ്‌ത്തി. സ്റ്റെയ്ൻ, താഹിർ, പാർനൽ എന്നിവർ ഓരോ വിക്കറ്റു വീതം വീഴ്‌ത്തി.

Stories you may Like

കമന്റ് ബോക്‌സില്‍ വരുന്ന അഭിപ്രായങ്ങള്‍ മറുനാടന്‍ മലയാളിയുടേത് അല്ല. മാന്യമായ ഭാഷയില്‍ വിയോജിക്കാനും തെറ്റുകള്‍ ചൂണ്ടി കാട്ടാനും അനുവദിക്കുമ്പോഴും മറുനാടനെ മനഃപൂര്‍വ്വം അധിക്ഷേപിക്കാന്‍ ശ്രമിക്കുന്നവരെയും അശ്ലീലം ഉപയോഗിക്കുന്നവരെയും മറ്റു മലയാളം ഓണ്‍ലൈന്‍ ലിങ്കുകള്‍ പോസ്റ്റ് ചെയ്യുന്നവരെയും മതവൈരം തീര്‍ക്കുന്നവരെയും മുന്നറിയിപ്പ് ഇല്ലാതെ ബ്ലോക്ക് ചെയ്യുന്നതാണ് - എഡിറ്റര്‍

More News in this category+

MNM Recommends +

Go to TOP