കൊൽക്കത്തയിൽ നാളെ ചരിത്രം പിറക്കും; ഇന്ത്യൻ ക്രിക്കറ്റ് ചരിത്രത്തിലെ ആദ്യ പകൽ-രാത്രി ടെസ്റ്റ് മത്സരത്തിന് വേദിയാകുന്നത് ഈഡൻ ഗാർഡൻസ്;പിങ്ക് പന്തിൽ ആദ്യ പരീക്ഷണത്തിനൊരുങ്ങുന്ന ഇന്ത്യൻ താരങ്ങൾക്ക് ആശങ്കയും; 20 ഓവർ കഴിഞ്ഞാൽ നിറം പച്ചയായി മാറും, സ്വിങ്ങും സ്പിന്നും ലഭിക്കില്ല; റിവേഴ്സ് സ്വിങിന്റെ സാധ്യതകുറവാണെന്നതും വെല്ലുവിളി; മത്സരം കാണാൻ പ്രമുഖരെത്തും
November 21, 2019 | 12:00 PM IST | Permalink

മറുനാടൻ ഡെസ്ക്
കൊൽക്കത്ത: ഇന്ത്യ- ബംഗ്ലാദേശ് രണ്ടാം ക്രിക്കറ്റ് ടെസ്റ്റിന് നാളെ കൊൽക്കത്ത ഈഡൻ ഗാർഡൻസിൽ തുടക്കമാവും. ഇന്ത്യൻ ക്രിക്കറ്റ് ചരിത്രത്തിലെ ആദ്യ പകൽ-രാത്രി ടെസ്റ്റ് മത്സരമാണിത്. പിങ്ക് പന്തുപയോഗിച്ച് കളിക്കുന്ന ടെസ്റ്റിനായി ഇന്ത്യ, ബംഗ്ലാദേശ് ടീമുകൾ പ്രത്യേക പരിശീലനം നടത്തി.പകൽ രാത്രി ടെസ്റ്റ് കളിച്ചിട്ടില്ല എന്ന് മാത്രമല്ല പിങ്ക് പന്തിൽ കളിച്ച് പരിചയമില്ല എന്നതും ഇന്ത്യൻ താരങ്ങൾക്കും വെല്ലുവിളിയാണ്.
ഇൻഡോർ ടെസ്റ്റിൽ ഇന്ത്യ ഇന്നിങ്സ് ജയം നേടിയിരുന്നു. സ്വന്തം നാട്ടിൽ തുടർച്ചയായ പന്ത്രണ്ടാം ടെസ്റ്റ് പരമ്പര വിജയം ലക്ഷ്യമിട്ടാണ് കോലിയും സംഘവും ഇറങ്ങുന്നത്. ഒന്നാം ടെസ്റ്റിനിടെ പരുക്കേറ്റ സെയ്ഫ് ഹസൻ കൊൽക്കത്തയിൽ കളിക്കില്ല.മത്സരത്തിനായി സ്റ്റേഡിയത്തിൽ എല്ലാ സജ്ജീകരണങ്ങളും പൂർത്തിയായി. ബംഗ്ലാദേശ് പ്രധാനമന്ത്രി ഷെയ്ക്ക് ഹസീന ഉൾപ്പെടെയുള്ളവർ ടെസ്റ്റ് മാച്ചിന്റെ ഉദ്ഘാടനത്തിനെത്തും.
ഇന്ത്യൻ ടീമിൽ പൂജാര മാത്രമാണ് പിങ്ക് പന്തിൽ കളിച്ചിട്ടുള്ളത്. ദുലീപ് ട്രോഫിയിലാണ് താരം കളിച്ചത്. പൂജാരയുടെ അനുഭവം ഇങ്ങനെ സന്ധ്യ സമയത്തും രാത്രിയിലും പന്ത് കാണാൻ സാധിക്കില്ല. മാത്രമല്ല സന്ധ്യാസമയത്ത് പന്തിന്റെ നിറം നാരങ്ങാ പച്ചയായി മാറാറുണ്ടെന്നും പൂജാര പറയുന്നു. ഇത് ബാറ്റ്സ്മാന്മാർക്ക് കൂടുതൽ പ്രശ്നങ്ങൾ സൃഷ്ട്ടിക്കും.ബാറ്റ്സ്മാന്മാർക്ക് മാത്രമല്ല ബൗളർമാരിലും പിങ്ക് പന്ത് ആശങ്ക ഉയർത്തുന്നുണ്ട്. ആദ്യ 20 ഓവർ മാത്രമേ സ്വങ് ലഭിക്കൂ. കൂടാതെ രാത്രിയാകുന്നതോടെ മഞ്ഞിന്റെ സാന്നിധ്യം കൂടുകയാണെങ്കിൽ സ്പിന്നർമാർക്ക് പിന്തുണ ലഭിക്കില്ലെന്നും റിവേഴ്സ് സ്വിങിന്റെ സാധ്യതകുറവാണെന്നതും വെല്ലുവിളിയാണ്.
അന്താരാഷ്ട്ര ക്രിക്കറ്റിൽ ഏറ്റവും കൂടുതൽ പിങ്ക് പന്തിൽ ടെസ്റ്റ് കളിച്ചിരിക്കുന്നത് ഓസ്ട്രേയലിയയാണ്. അഞ്ച് മത്സരങ്ങൾ കളിച്ചിട്ടുണ്ട്. പാക്കിസ്ഥാൻ, വെസ്റ്റ് ഇൻഡീസ്, ശ്രീലങ്ക, ഇംണ്ട് എന്നിവർ മൂന്ന് ടെസ്റ്റും ന്യൂസിലൻഡ് ദക്ഷിണാഫ്രിക്ക രണ്ട് ടെസ്റ്റും സിംബാബ്വെ ഒരു ടെസ്റ്റും കളിച്ചിട്ടുണ്ട്. എന്നാൽ പിങ്ക് പന്തിനോട് ബിസിസിഐയുടെ എതിർപ്പാണ് ഇന്ത്യയെ പിങ്ക് ടെസ്റ്റിൽ നിന്ന് അകറ്റിയത്്.
സൗരവ് ഗാംഗുലി ബി.സി.സിഐയുടെ തലപ്പത്തെത്തിയതോടെയാണ് രാത്രി പകൽ ടെസ്റ്റ് എന്ന പരീക്ഷണത്തിനൊപ്പം പിങ്ക് പന്ത് കൂടി ഉപയോഗിക്കാൻ തീരുമാനിച്ചത്. ആശങ്കകളും വെല്ലുവിളികളും പലതുമുണ്ടെങ്കിലും സ്വന്തം നാട്ടിൽ തുടർച്ചയായ 12ആം ടെസ്റ്റ് പരമ്പര ലക്ഷ്യമിടുന്ന ഇന്ത്യക്ക് ഇതൊന്നും പ്രശ്നമാകില്ലെന്ന് സുനിൽ ഗവാസ്കർ അടക്കമുള്ളവർ അഭിപ്രായപ്പെട്ടുകഴിഞ്ഞു. വെള്ളിയാഴ്ച്ച ഉച്ചക്ക് ഒരുമണിയോടെയാണ് ഈഡൻഗാർഡനിൽ ഇന്ത്യയുടെ ആദ്യ പകൽ രാത്രി ടെസ്റ്റ് ആരംഭിക്കുക.
എന്തുകൊണ്ട് പിങ്ക്?
ടെസ്റ്റിൽ ഉപയോഗിക്കുന്ന ചുവന്ന പന്തുകൾക്ക് പകരം പകൽ-രാത്രി മത്സരത്തിന് പിങ്കുപയോഗിക്കുന്നതിന് പ്രധാന കാരണം വിസിബിലിറ്റി (കാഴ്ചക്ഷമത)യാണ്. ചുവന്ന പന്തുകളുടെ സീം വെളുത്ത തുന്നലിലാണ്. പിങ്കിന്റേത് കറുത്തതും. സന്ധ്യാനേരത്തും ഫ്ളഡ്ലിറ്റിലും ചുവന്ന പന്തുകൾ ബ്രൗൺ ആയി തോന്നാം. പിച്ചിന്റെ നിറവുമായി ഇതിന് സാമ്യമുള്ളതിനാൽ കാഴ്ച പ്രശ്നമുണ്ടാകും. വെള്ളപ്പന്തും പറ്റില്ല. ഇവ പെട്ടെന്ന് മൃദുവാകും. അതിനാലാണ് ഏകദിന മത്സരങ്ങളിൽ ഇപ്പോൾ രണ്ടു പന്തുകൾ ഉപയോഗിക്കുന്നത്. ടെസ്റ്റിൽ അതു സാധിക്കില്ല. അതാണ് പിങ്കിന് കാരണം.
മഞ്ഞുവീഴ്ച
അഞ്ചുമണിയോടെ പൂർണ ഇരുട്ടാകുകയാണ് കൊൽക്കത്തയിൽ. നാലുമണിക്കുതന്നെ സ്റ്റേഡിയത്തിലെ വിളക്കുകൾ തെളിച്ചു. സന്ധ്യയോടെ മഞ്ഞുവീഴ്ചയും തണുത്ത കാറ്റുമുണ്ട്. പന്ത് മഞ്ഞിൽ നനഞ്ഞുതുടങ്ങുന്നതോടെ റിവേഴ്സ് സ്വിങ്ങിനുള്ള സാധ്യതയില്ലാതാകും. സ്പിന്നർമാർക്ക് ഗ്രിപ്പ് കിട്ടാതെവരും. ഇവയെല്ലാം ബാറ്റിങ് എളുപ്പമാക്കും. മഞ്ഞ് അധികം പണി തരാതിരിക്കാനാണ് മത്സരം എട്ടുമണിക്ക് അവസാനിപ്പിക്കുന്നത്.
