Forex Rate:

1 usd = 76.25 inr 1 gbp = 94.16 inr 1 eur = 85.23 inr 1 aed = 20.76 inr 1 sar = 20.32 inr 1 kwd = 247.66 inr
Apr / 202420Saturday

മെൽബണിൽ ഓസിസിന്റെ ബോൾട്ടിളക്കി ചഹാൽ; ഇന്ത്യയ്ക്ക് 231 റൺസ് വിജയലക്ഷ്യം; ആതിഥേയരുടെ നട്ടെല്ലൊടിച്ചത് ചഹാലിന്റെ ആറ് വിക്കറ്റ് പ്രകടനം; ഇനി കളിയും പരമ്പരയും ബാറ്റ്‌സ്മാന്മാരുടെ കൈയിൽ; എംസിജിയിൽ ഒരു ഇന്ത്യൻ ബൗളറുടെ മികച്ച പ്രകടനം ഇനി ചഹാലിന്റെ പേരിൽ

മെൽബണിൽ ഓസിസിന്റെ ബോൾട്ടിളക്കി ചഹാൽ; ഇന്ത്യയ്ക്ക് 231 റൺസ് വിജയലക്ഷ്യം; ആതിഥേയരുടെ നട്ടെല്ലൊടിച്ചത് ചഹാലിന്റെ ആറ് വിക്കറ്റ് പ്രകടനം; ഇനി കളിയും പരമ്പരയും ബാറ്റ്‌സ്മാന്മാരുടെ കൈയിൽ; എംസിജിയിൽ ഒരു ഇന്ത്യൻ ബൗളറുടെ മികച്ച പ്രകടനം ഇനി ചഹാലിന്റെ പേരിൽ

മറുനാടൻ ഡെസ്‌ക്‌

മെൽബൺ: ഓസീസിനെതിരായ മൂന്നാമത്തെയും അവസാനത്തെയും ഏകദിനത്തിൽ ഇന്ത്യയ്ക്ക് ജയിക്കാൻ വേണ്ടത് 231 റൺസ്. ടോസ് നേടിയ ഇന്ത്യ ഓസീസിനെ ബാറ്റ് ചെയ്യാൻ അയക്കുകയായിരുന്നു. ക്യാപ്റ്റൻ കോലിയുടെ തീരുമാനം ശരിവയ്ക്കുന്നതായിരുന്നു അച്ചടക്കത്തോടെയുള്ള ബൗളർമാരുടെ പ്രകടനം. യുസ്വേന്ദ്ര ചാഹലിന്റെ ആറ് വിക്കറ്റ് നേട്ടമാണ് ഓസീസിനെ താരതമ്യേന കുറഞ്ഞ സ്‌കോറിന് പുറത്താക്കാൻ സഹായിച്ചത്. 48.4 ഓവറിൽ ഓസ്‌ട്രേലിയ ഓൾ ഔട്ടാവുകയായിരുന്നു. അരങ്ങേറ്റക്കാരൻ വിജയ് ശങ്കറും മോശമാക്കിയില്ല. 6 ഓവറുകൾ എറിഞ്ഞ വിജയിക്ക് വിക്കറ്റൊന്നും ലഭിച്ചില്ലെങ്കിലും ആകെ വിട്ടുകൊടുത്തത് 23 റൺസായിരുന്നു. അജിത് അഗാർക്കറിന് ശേഷം എംസിജിയിൽ ഒരു ഇന്ത്യൻ ബൗളറുടെ മികച്ച പ്രകടനം ഇനി ചഹാലിന്റെ പേരിൽ കുറിക്കപ്പെട്ടു.

ഇന്ത്യയ്ക്ക് വേണ്ടി മികച്ച തുടക്കമാണ് പേസർ ഭുവനേശ്വർ കുമാർ നൽകിയത്. മൂന്നാം ഓവറിൽ ഓസീസ് ഓപ്പണർ കാരിയെ മടക്കിയ ഭുവി ഒൻപതാം ഓവറിൽ ക്യാപ്റ്റൻ ഫിഞ്ചിനെയും കൂടാരം കയറ്റി. കാരി അഞ്ചും ഫിഞ്ച് 14 ഉം റൺസെടുത്താണ് മടങ്ങിയത്. ഭുവിയുടെ മനോഹരമായ ഇൻസ്വിങ്ങറിൽ ഫിഞ്ച് വിക്കറ്റിന് മുന്നിൽ കുടുങ്ങി. ഏകദിനത്തിൽ മൂന്ന് തവണയും ഫിഞ്ച് ഭുവിക്ക് മുന്നിൽ കീഴടങ്ങുകയായിരുന്നു. എന്നാൽ പിന്നീട് ഒത്തുച്ചേർന്ന മാർഷ്- ഖവാജ സഖ്യം ഓസീസിനെ തകർച്ചയിൽ നിന്ന കരകയറ്റി. ഇരുവരും 73 റൺസ് കൂട്ടിച്ചേർത്തു. എന്നാൽ ഇരുവരേയും ഒരു ഓവറിൽ പുറത്താക്കി ചാഹൽ ഇന്ത്യയെ മത്സരത്തിലേക്ക് തിരികെയെത്തിച്ചു. മാർഷിനെ ധോണി സ്റ്റംപ് ചെയ്ത് പുറത്താക്കിയപ്പോൾ ഖവാജയെ ചാഹൽ സ്വന്തം പന്തിൽ ക്യാച്ചെടുത്തു.

ഒരറ്റത്ത് പിടിച്ചുനിന്ന പീറ്റർ ഹാന്റ്‌സ്‌കോമ്പ് അർദ്ധസെഞ്ച്വറി നേടി. ഇതിനിടെ പത്ത് റൺസ് നേടിയ മാർകസ് സ്റ്റോയിനിസിനെ ചാഹൽ തന്നെ രോഹിത് ശർമ്മയുടെ കൈയിലെത്തിച്ചിരുന്നു. ഗ്ലെൻ മാക്‌സ്വെല്ലിനെ ഷമിയുടെ പന്തിൽ ഭുവിയാണ് പിടികൂടിയത്. മാക്‌സ്വെൽ 26 റൺസെടുത്തു. ഹാന്റ്‌സ്‌കോമ്പിനെ വിക്കറ്റിന് മുന്നിൽ കുരുക്കിയ ചാഹൽ തന്റെ നാലാം വിക്കറ്റും നേടി. 58 റൺസായിരുന്നു ഹാന്റ്‌സ്‌കോമ്പിന്റെ സമ്പാദ്യം.

പിന്നാലെ റിച്ചാർഡ്സണെ (16) കേദാർ ജാദവിന്റെയും ആദം സാമ്പ(എട്ട്)യെ വിജയ് ശങ്കറിന്റെയും കൈകളിലെത്തിച്ച് ചാഹൽ ഇന്ത്യൻ ബോളിങിന്റെ കരുത്ത് കാട്ടി. സ്റ്റാൻലേകിനെ ക്ലീൻ ബൗൾഡ് ചെയ്ത് ഷമിയാണ് ഓസീസ് ഇന്നിങ്‌സ് അവസാനിപ്പിച്ചത്. പത്തോവറിൽ 42 റൺസ് വഴങ്ങിയാണ് ചാഹൽ ആറ് വിക്കറ്റുകൾ വീഴ്‌ത്തിയത്. ഷമിയും ഭുവനേശ്വർ കുമാറും രണ്ട് വിക്കറ്റുകൾ വീതം വീഴ്‌ത്തി.

Stories you may Like

കമന്റ് ബോക്‌സില്‍ വരുന്ന അഭിപ്രായങ്ങള്‍ മറുനാടന്‍ മലയാളിയുടേത് അല്ല. മാന്യമായ ഭാഷയില്‍ വിയോജിക്കാനും തെറ്റുകള്‍ ചൂണ്ടി കാട്ടാനും അനുവദിക്കുമ്പോഴും മറുനാടനെ മനഃപൂര്‍വ്വം അധിക്ഷേപിക്കാന്‍ ശ്രമിക്കുന്നവരെയും അശ്ലീലം ഉപയോഗിക്കുന്നവരെയും മറ്റു മലയാളം ഓണ്‍ലൈന്‍ ലിങ്കുകള്‍ പോസ്റ്റ് ചെയ്യുന്നവരെയും മതവൈരം തീര്‍ക്കുന്നവരെയും മുന്നറിയിപ്പ് ഇല്ലാതെ ബ്ലോക്ക് ചെയ്യുന്നതാണ് - എഡിറ്റര്‍

More News in this category+

MNM Recommends +

Go to TOP