സതാംപ്ടണിൽ വിജയലക്ഷ്യം പിന്തുടരുന്ന ഇന്ത്യക്ക് ബാറ്റിങ് തകർച്ച; 22 റൺസിനുള്ളിൽ നഷ്ടമായത് മൂന്ന് വിക്കറ്റ്; മത്സരം ആവേശകരമായ അന്ത്യത്തിലേക്ക്; ഇന്ത്യൻ പ്രതീക്ഷകൾ മുഴുവൻ വീണ്ടും വിരാട് കോലിയിൽ; ഉച്ച ഭക്ഷണത്തിന് പിരിയുമ്പോൾ ഇന്ത്യ 3ന് 46 എന്ന നിലയിൽ
September 02, 2018 | 05:55 PM IST | Permalink

സ്പോർട്സ് ഡെസ്ക്
സതാംപ്ടൺ: ഇംഗ്ലണ്ടിനെതിരായ നാലാം ടെസ്റ്റിൽ വിജയലക്ഷ്യം പിന്തുടരുന്ന ഇന്ത്യക്ക് ബാറ്റിങ് തകർച്ച. ഇംഗ്ലണ്ടിതെിരെ 245 റൺസ് വിജലക്ഷ്യവുമായിറങ്ങിയ ഇന്ത്യക്ക് 22 റൺസ് എടുക്കുന്നതിനിടയിൽ 3 വിക്കറ്റുകൾ നഷ്ടമായി. ഓപ്പണർമാരായ ശിഖർ ധവാനും കെഎൽ രാഹുലും ചേതേശ്വർ പൂജാരയുമാണ് പുറത്തായത്. നാലാം ദിവസം ഉച്ചഭക്ഷണത്തിന് പിരിയുമ്പോൾ 46 റൺസിന് 3 വിക്കറ്റ് എന്ന നിലയിലാണ് ഇന്ത്യ. വിരാട് കോഹ്ലിയും അജിങ്ക്യ റഹാനയുമാണ് ക്രീസിൽ. ഇംഗ്ലണ്ടിന് വേണ്ടി ആൻഡേഴ്സൺ രണ്ടും ബ്രോഡ് ഒരു വിക്കറ്റും വീഴ്ത്തി.
260ന് എട്ട് എന്ന നിലയിൽ നാലാം ദിനം കളി ആരംഭിച്ച ഇംഗ്ലണ്ടിന് 11 റൺസ് കൂടി കൂട്ടിച്ചേർക്കാനെ കഴിഞ്ഞുള്ളു. ഇന്ത്യക്ക് വേണ്ടി മുഹമ്മദ് ഷമി നാല് വിക്കറ്റ് വീഴ്ത്തി.സ്റ്റുവർട്ട് ബ്രോഡിനെ പന്തിന്റെ കൈകളിലെത്തിച്ചാണ് ഷമി ഇന്ന് നാലാം വിക്കറ്റ് തികച്ചത്. 46 റൺസ് നേടിയ സാം ക്യൂറൻ റണ്ണൗട്ടായതോടെ ഇംഗ്ലണ്ടിന്റെ രണ്ടാം ഇന്നിങ്സ് 271 റൺസിൽ അവസാനിച്ചു. 69 റൺസ് നേടിയ ജോസ് ബട്ലറാണ് ടോപ് സ്കോറർ. നായകൻ ജോ റൂട്ട് 48 ൺസും ക്യൂറൻ 46 റൺസും നേടിയതാണ് ആഥിധേയർക്ക് പൊരുതാവുന്ന ലീഡ് സമ്മാനിച്ചിരിക്കുന്നത്.
4 വിക്കറ്റ് വീഴ്ത്തിയ ഷമിക്ക് പുറമെ ഇഷാൻത് ശർമ രണ്ടും ജസ്പ്രീത് ബുമ്ര, ആർ. അശ്വിൻ എന്നിവർ ഓരോ വിക്കറ്റും വീഴ്ത്തി.വിക്കറ്റ് നഷ്ടം കൂടാതെ ആറു റൺസെന്ന നിലയിൽ ബാറ്റിങ് പുനഃരാരംഭിച്ച ഇംഗ്ലണ്ടിന് സ്കോർ 24ൽ എത്തിയപ്പോൾ ആദ്യ വിക്കറ്റ് നഷ്ടമായി. 39 പന്തിൽ ഒരു ബൗണ്ടറി സഹിതം 12 റൺസെടുത്ത കുക്കിനെ ജസപ്രീത് ബുമ്ര സ്ലിപ്പിൽ രാഹുലിന്റെ കൈകളിലെത്തിച്ചു. മൂന്നാമനായി ക്രീസിലെത്തിയത് മോയിൻ അലി. രണ്ടു ബൗണ്ടറികൾ നേടി അലി വരവറിയിച്ചെങ്കിലും സ്കോർ 33ൽ നിൽക്കെ ഇഷാന്തിന്റെ പന്തിൽ പുറത്തായി. ഇക്കുറിയും ക്യാച്ച് സ്ലിപ്പിൽ രാഹുലിന്. 15 പന്തിൽ രണ്ടു ബൗണ്ടറികളോടെ നേടിയ ഒൻപതു റൺസായിരുന്നു സമ്പാദ്യം.
മൂന്നാം വിക്കറ്റിൽ ക്യാപ്റ്റൻ ജോ റൂട്ടും കീറ്റൻ ജെന്നിങ്സും ഒരുമിച്ചതോടെ ഇംഗ്ലണ്ട് തകർച്ചയിൽനിന്ന് കരകയറി. മൂന്നാം വിക്കറ്റിൽ അർധസെഞ്ചുറി കൂട്ടുകെട്ട് തീർത്ത ഇരുവരും ഇംഗ്ലണ്ടിനെ കൈപിടിച്ചുയർത്തിയെങ്കിലും സ്കോർ 92ൽ നിൽക്കെ ജെന്നിങ്സ് പുറത്തായി. മുഹമ്മദ് ഷമിയുടെ പന്തിൽ എൽബിയിൽ കുരുങ്ങി പുറത്താകുമ്പോൾ 87 പന്തിൽ ആറു ബൗണ്ടറികളോടെ 36 റൺസായിരുന്നു ജെന്നിങ്സിന്റെ സമ്പാദ്യം.