Forex Rate:

1 usd = 76.25 inr 1 gbp = 94.16 inr 1 eur = 85.23 inr 1 aed = 20.76 inr 1 sar = 20.32 inr 1 kwd = 247.66 inr
Apr / 202418Thursday

ബർമിങ്ങാം ടെസ്റ്റിൽ ഇംഗ്ലണ്ടിന് 13 റൺസിന്റെ ഒന്നാം ഇന്നിങ്‌സ് ലീഡ്; കൂട്ട തകർച്ചയിൽ നിന്ന് ഇന്ത്യയെ രക്ഷിച്ചത് നായകൻ കോലിയുടെ മിന്നും സെഞ്ച്വറി; ഇംഗ്ലണ്ടിന് മികച്ച ലീഡ് നഷ്ടമാക്കിയത് ഇന്ത്യൻ നായകന്റെ ഒറ്റയാൻ പോരാട്ടം; രണ്ടാം ഇന്നിങ്‌സിൽ അലിസ്‌റ്റെയർ കുക്ക് പുറത്ത്

ബർമിങ്ങാം ടെസ്റ്റിൽ ഇംഗ്ലണ്ടിന് 13 റൺസിന്റെ ഒന്നാം ഇന്നിങ്‌സ് ലീഡ്; കൂട്ട തകർച്ചയിൽ നിന്ന് ഇന്ത്യയെ രക്ഷിച്ചത് നായകൻ കോലിയുടെ മിന്നും സെഞ്ച്വറി; ഇംഗ്ലണ്ടിന് മികച്ച ലീഡ് നഷ്ടമാക്കിയത് ഇന്ത്യൻ നായകന്റെ ഒറ്റയാൻ പോരാട്ടം; രണ്ടാം ഇന്നിങ്‌സിൽ അലിസ്‌റ്റെയർ കുക്ക് പുറത്ത്

സ്പോർട്സ് ഡെസ്‌ക്‌

ബർമിങ്ങാം: ഇന്ത്യക്കെതിരായ ഒന്നാം ക്രിക്കറ്റ് ടെസ്റ്റിൽ ഇംഗ്ലണ്ടിന് 13 റൺസിന്റെ ഒന്നാമിന്നിങ്‌സ് ലീഡ്. ഇംഗ്ലീഷ് സ്‌കോറായ 287 റൺസ് പിന്തുടർന്ന ഇന്ത്യയുടെ ഒന്നാം ഇന്നിങ്‌സ് 274 റൺസിൽ അവസാനിച്ചു. ഒരു ഘട്ടത്തിൽ 146ന് ആറ് എന്ന നിലയിലും പിന്നീട് 8ന് 182 എന്ന നിലയിലും നിന്ന ഇന്ത്യ 100 റൺസിന് മുകളിൽ ലീഡ് വവങ്ങും എന്ന് തോന്നിയെങ്കിലും നായകൻ വിരാട് കോലി ഒറ്റയാൻ പോരാട്ടത്തിൽ നേടിയ സെഞ്ച്വറി (149) ആണ് ഇന്ത്യയെ മത്സരത്തിലേക്ക് തിരിച്ച് കൊണ്ട് വന്നത്. രണ്ടാം ദിവസം കളി അവസാനിക്കുമ്പോൾ ഇംഗ്ലണ്ട് ഒരു വിക്കറ്റ് നഷ്ടത്തിൽ 9 റൺസ് എന്ന നിലയിലാണ്. മൊത്തം 22 റൺസിന്റെ ലീഡായി. രണ്ടാം ഇന്നിങ്‌സിൽ ആദ്യ ഇന്നിങ്‌സിന് സമാനമായി കുക്കിനെ അശ്വിൻ ക്ലീൻ ബാൾഡ് ആക്കുകയായിരുന്നു

172 പന്തിലാണ് കോലി സെഞ്ചുറി തികച്ചത്. ടെസ്റ്റ് ക്രിക്കറ്റിലെ കോലിയുടെ 22-ാം സെഞ്ചുറിയാണിത്. ഒരറ്റത്ത് വിക്കറ്റുകൾ വീഴുമ്പോഴും ക്രീസിൽ ഉറച്ചുനിന്ന കോലിയുടെ മികവിനെ നിറഞ്ഞ കയ്യടിയോടെയാണ് കാണികൾ സ്വീകരിച്ചത്. ഒടുവിൽ ആദിൽ റഷീദിന്റെ പന്തിൽ സ്റ്റുവർട് ബ്രോഡിന് ക്യാച്ച് നൽകിയാണ് കോലി പുറത്തായത്.നാലു വിക്കറ്റ് വീഴ്‌ത്തിയ സാം കുറനാണ് ഇന്ത്യയുടെ മുൻനിരയെ തകർത്തത്. ബെൻ സ്റ്റോക്സ്, ജെയിംസ് ആൻഡേഴ്സൺ എന്നിവർ രണ്ടു വിക്കറ്റ് വീതവും വീഴ്‌ത്തി.

ആദ്യ ഇന്നിങ്സിൽ ഇംഗ്ലണ്ട് 287 റൺസിന് എല്ലാവരും പുറത്തായിരുന്നു. മറുപടി ബാറ്റിങ്ങിനിറങ്ങിയ ഇന്ത്യൻ ഓപ്പണർമാർ കരുതലോടെയാണ് തുടങ്ങിയത്. വിക്കറ്റ് നഷ്ടപ്പെടാതെ 50 റൺസ് പൂർത്തിയാക്കിയ ഇന്ത്യയ്ക്ക് തുടർന്ന് ഒൻപതു റൺസ് കൂട്ടിച്ചേർക്കുന്നതിനിടെ മുരളി വിജയിയേയും (20) ധവാനേയും (26) രാഹുലിനെയും (4) നഷ്ടമായി.

ഇരുപതുകാരനായ കുറാനാണ് ഇവരെ പുറത്താക്കിയത്. പിന്നാലെ ഉച്ചഭക്ഷണത്തിനു ശേഷം ഇന്ത്യയ്ക്ക് രഹാനെ (15), ദിനേഷ് കാർത്തിക്ക് (0), ഹാർദിക് പാണ്ഡ്യ (22) എന്നിവരുടെ വിക്കറ്റുകളും നഷ്ടമായി. രഹാനെ, കാർത്തിക്ക് എന്നിവരെ വീഴ്‌ത്തിയത് ബെൻ സ്റ്റോക്സായിരുന്നു. പാണ്ഡ്യയെ സാം കുറാനും പുറത്താക്കി. ആറാം വിക്കറ്റിൽ കോലിക്കൊപ്പം 48 റൺസ് കൂട്ടിച്ചേർത്ത ശേഷമാണ് പാണ്ഡ്യ മടങ്ങിയത്. ഇഷാന്തിനെ ആദിൽ റഷീദ് വിക്കറ്റിനു മുന്നിൽ കുടുക്കി.

നേരത്തെ ഇംഗ്ലണ്ടിന്റെ ആദ്യ ഇന്നിങ്‌സ് 287 റൺസിൽ അവസാനിച്ചു. ഒമ്പതു വിക്കറ്റിന് 285 റൺസെന്ന നിലയിൽ രണ്ടാം ദിനം ബാറ്റിങിനിറങ്ങിയ ഇംഗ്ലണ്ടിന് രണ്ടു റൺസ് കൂടി മാത്രമാണ് സ്‌കോറിലേക്ക് കൂട്ടിച്ചേർക്കാനായത്. രണ്ടാം ദിനത്തിലെ രണ്ടാം ഓവറിൽ തന്നെ ഇംഗ്ലണ്ട് കൂടാരത്തിൽ തിരിച്ചെത്തി. മുഹമ്മദ് ഷമിക്കാണ് അവസാന വിക്കറ്റ്. സാം ക്യുറാനെ (24) ഷമി വിക്കറ്റ് കീപ്പർ ദിനേഷ് കാർത്തികിന്റെ കൈകളിൽ എത്തിക്കുകയായിരുന്നു. രണ്ടു റൺസോടെ ജെയിംസ് ആൻഡേഴ്‌സൻ പുറത്താവാതെ നിന്നു. ജോ റൂട്ട് (80) ബെയ്സ്റ്റോ (70) റൺസ് വീതം നേടിയതാണ് ഇംഗ്ലണ്ടിന് തുണയായത്.

Stories you may Like

കമന്റ് ബോക്‌സില്‍ വരുന്ന അഭിപ്രായങ്ങള്‍ മറുനാടന്‍ മലയാളിയുടേത് അല്ല. മാന്യമായ ഭാഷയില്‍ വിയോജിക്കാനും തെറ്റുകള്‍ ചൂണ്ടി കാട്ടാനും അനുവദിക്കുമ്പോഴും മറുനാടനെ മനഃപൂര്‍വ്വം അധിക്ഷേപിക്കാന്‍ ശ്രമിക്കുന്നവരെയും അശ്ലീലം ഉപയോഗിക്കുന്നവരെയും മറ്റു മലയാളം ഓണ്‍ലൈന്‍ ലിങ്കുകള്‍ പോസ്റ്റ് ചെയ്യുന്നവരെയും മതവൈരം തീര്‍ക്കുന്നവരെയും മുന്നറിയിപ്പ് ഇല്ലാതെ ബ്ലോക്ക് ചെയ്യുന്നതാണ് - എഡിറ്റര്‍

More News in this category+

MNM Recommends +

Go to TOP