Forex Rate:

1 usd = 76.25 inr 1 gbp = 94.16 inr 1 eur = 85.23 inr 1 aed = 20.76 inr 1 sar = 20.32 inr 1 kwd = 247.66 inr
Apr / 202417Wednesday

ആരാധകർക്കു ദീപാവലി സമ്മാനമായി ടീം ഇന്ത്യയുടെ പരമ്പര ജയം; 270 റൺസ് തേടിയിറങ്ങിയ ന്യൂസിലൻഡിനെ ഇന്ത്യ പുറത്താക്കിയത് 79 റൺസിന്; അമിത് മിശ്രയ്ക്ക് 5 വിക്കറ്റ്

ആരാധകർക്കു ദീപാവലി സമ്മാനമായി ടീം ഇന്ത്യയുടെ പരമ്പര ജയം; 270 റൺസ് തേടിയിറങ്ങിയ ന്യൂസിലൻഡിനെ ഇന്ത്യ പുറത്താക്കിയത് 79 റൺസിന്; അമിത് മിശ്രയ്ക്ക് 5 വിക്കറ്റ്

വിശാഖപട്ടണം: ആരാധകർക്കു ദീപാവലി സമ്മാനമായി ടീം ഇന്ത്യ നൽകിയതു തകർപ്പൻ ജയം. ജയിക്കാൻ 270 റൺസ് ലക്ഷ്യമിട്ടിറങ്ങിയ ന്യൂസിലൻഡിനെ ഇന്ത്യ എറിഞ്ഞിട്ടത് വെറും 79 റൺസിന്.

പരമ്പര വിജയികളെ നിർണയിച്ച അഞ്ചാം ഏകദിനത്തിൽ അമിത് മിശ്രയുടെ അഞ്ചു വിക്കറ്റു നേട്ടമാണ് ഇന്ത്യക്കു മിന്നും ജയം സമ്മാനിച്ചത്. ആറോവറിൽ വെറും 18 റൺസ് മാത്രം വഴങ്ങി അഞ്ചുപേരെ പുറത്താക്കിയ അമിത് മിശ്രയുടെ മികവിൽ വെറും 23.1 ഓവറിൽ ന്യൂസിലൻഡ് തലതാഴ്‌ത്തുകയായിരുന്നു. ഇന്ത്യക്കു 190 റൺസിന്റെ ജയം.

27 റൺസെടുത്ത ക്യാപ്റ്റൻ കെയ്ൻ വില്യംസണാണു ന്യുസിലൻഡിന്റെ ടോപ് സ്‌കോറർ. ലാഥവും റോസ് ടെയ്‌ലറും 19 റൺസ് വീതമെടുത്തു. മറ്റാർക്കും രണ്ടക്കം കാണാൻ കഴിഞ്ഞില്ല. അഞ്ചു ന്യൂസിലൻഡ് ബാറ്റ്‌സ്മാന്മാർ പൂജ്യത്തിനു പുറത്തായി.

ഇന്ത്യക്കു വേണ്ടി അക്ഷർ പട്ടേൽ രണ്ടു വിക്കറ്റു വീഴ്‌ത്തി. ഉമേഷ് യാദവ്, ജസ്പ്രീത് ബുംറ, ജയന്ത് യാദവ് എന്നിവർ ഓരോ വിക്കറ്റു നേടി.

നേരത്തെ ഇന്ത്യക്കു വേണ്ടി രോഹിത് ശർമയും ഉപനായകൻ വിരാട് കോഹ്‌ലിയും നേടിയ അർധ സെഞ്ച്വറികളാണ് മികച്ച സ്‌കോർ സമ്മാനിച്ചത്. ടോസ് നേടി ബാറ്റിങ് തെരഞ്ഞെടുത്ത ഇന്ത്യ നിശ്ചിത 50 ഓവറിൽ ആറു വിക്കറ്റിന് 269 റൺസെടുത്തു. രോഹിത് ശർമ 70ഉം വിരാട് കോഹ്‌ലി 65ഉം റൺസിനു പുറത്തായി.

ഓപ്പണർ അജിൻക്യ രഹാനെ -20, ക്യാപ്റ്റൻ എം എസ് ധോണി- 41, കെ എം ജാദവ് -പുറത്താകാതെ 39, അക്ഷർ പട്ടേൽ- 24 എന്നിങ്ങനെയാണു മറ്റു ബാറ്റ്‌സമാന്മാരുടെ സ്‌കോർ. മനീഷ് പാണ്ഡെ പൂജ്യത്തിനു പുറത്തായി.

കോഹ്‌ലിക്കൊപ്പം ചേർന്ന രോഹിത് കത്തിപ്പടർന്നതോടെയാണ് ഇന്ത്യൻ ഇന്നിങ്‌സിന് ജീവൻവച്ചത്. എന്നാൽ അർധ സെഞ്ചുറി പിന്നിട്ട രോഹിത് ബോൾട്ടിന്റെ പന്തിൽ നീഷാമിനു പിടികൊടുത്തു മടങ്ങി. നാലാം നമ്പറിൽ ക്യാപ്റ്റൻ ധോണിയെത്തി. നായകനും ഉപനായകനും ചേർന്നതോടെ മൂന്നാം ഏകദിനത്തിലേതുപോലെ വലിയ സ്‌കോർ പ്രതീക്ഷിച്ചെങ്കിലും ധോണി 41നു പുറത്തായി.

കേദാർ ജാദവും കോഹ്‌ലിയും ഇന്നിങ്‌സ് കരുപ്പിടിപ്പിക്കാൻ ശ്രമിച്ചെങ്കിലും കൂറ്റനടികൾ പ്രതീക്ഷിച്ചവരെ നിരാശരാക്കി കോഹ്‌ലി സോധിയുടെ പന്തിൽ പുറത്തായി. ജാദവും അക്‌സർ പട്ടേലും (24) ചേർന്ന് അവസാന ഓവറുകളിൽ നടത്തിയ ആക്രമണമാണു സ്‌കോർ 250 കടത്തിയത്. ബോൾട്ടും സോധിയും രണ്ടു വീതം വിക്കറ്റ് വീഴ്‌ത്തിയപ്പോൾ നീഷാമും സാറ്റ്‌നറും ഓരോ വിക്കറ്റെടുത്തു.

അഞ്ച് മത്സരങ്ങളുടെ പരമ്പരയിൽ രണ്ടു വീതം മത്സരങ്ങൾ ജയിച്ച ഇരു ടീമുകൾക്കും നിർണായകമായിരുന്നു അവസാന ഏകദിനം. ഇന്നത്തെ ജയത്തോടെ 3-2ന് ഇന്ത്യ പരമ്പര സ്വന്തമാക്കി.

ഇന്ത്യൻ ടീം കളത്തിൽ ഇറങ്ങിയതു ജേഴ്‌സിയിൽ അമ്മമാരുടെ പേരെഴുതി

ന്യൂസിലൻഡിനെതിരായ അവസാന ഏകദിനത്തിൽ അമ്മമാർക്ക് ആദരം അർപ്പിച്ചാണ് ഇന്ത്യൻ ക്രിക്കറ്റ് ടീം കളത്തിൽ ഇറങ്ങിയത്. സ്വന്തം അമ്മമാരുടെ പേരുകൾ എഴുതിയ ജഴ്‌സി അണിഞ്ഞാണ് ടീമംഗങ്ങൾ മത്സരത്തിനായി എത്തിയത്.

സാധാരണ ഗതിയിൽ അച്ഛന്മാർക്കാണ് കൂടുതൽ പ്രാധാന്യം ലഭിക്കാറുള്ളത്. എന്നാൽ, അമ്മയ്ക്ക് മക്കളുമായുള്ളത് വൈകാരികമായ അടുപ്പമാണെന്നും അതിനാൽ അച്ഛനെ പോലെ തന്നെ ശ്രദ്ധ അമ്മയ്ക്കും കിട്ടണമെന്ന് തോന്നിയതിനാലാണ് ഇത്തരമൊരു രീതി അവലംബിച്ചതെന്ന് ഇന്ത്യൻ ക്യാപ്റ്റൻ എം.എസ്.ധോണി പറഞ്ഞു. അമ്മയുടെ സംഭാവന രാജ്യം കാക്കുന്ന സൈനികരുടേതിന് തുല്യമാണെന്നും ധോണി പറഞ്ഞു.

Stories you may Like

കമന്റ് ബോക്‌സില്‍ വരുന്ന അഭിപ്രായങ്ങള്‍ മറുനാടന്‍ മലയാളിയുടേത് അല്ല. മാന്യമായ ഭാഷയില്‍ വിയോജിക്കാനും തെറ്റുകള്‍ ചൂണ്ടി കാട്ടാനും അനുവദിക്കുമ്പോഴും മറുനാടനെ മനഃപൂര്‍വ്വം അധിക്ഷേപിക്കാന്‍ ശ്രമിക്കുന്നവരെയും അശ്ലീലം ഉപയോഗിക്കുന്നവരെയും മറ്റു മലയാളം ഓണ്‍ലൈന്‍ ലിങ്കുകള്‍ പോസ്റ്റ് ചെയ്യുന്നവരെയും മതവൈരം തീര്‍ക്കുന്നവരെയും മുന്നറിയിപ്പ് ഇല്ലാതെ ബ്ലോക്ക് ചെയ്യുന്നതാണ് - എഡിറ്റര്‍

More News in this category+

MNM Recommends +

Go to TOP