Forex Rate:

1 usd = 76.25 inr 1 gbp = 94.16 inr 1 eur = 85.23 inr 1 aed = 20.76 inr 1 sar = 20.32 inr 1 kwd = 247.66 inr
Apr / 202419Friday

കൊച്ചിയിൽ ഇന്ത്യൻ ദുരന്തം; സാമുവൽസിന്റെ സെഞ്ച്വറിയുടെ ചിറകിൽ വിവാദങ്ങൾ മറന്ന് കരീബിയൻ പട മുന്നേറി; 322 റൺസെന്ന വിജയലക്ഷ്യത്തിന് മുന്നിൽ ധോണിപ്പട തകർന്നടിഞ്ഞു; പരമ്പരയിലെ ആദ്യ ഏകദിനത്തിൽ വിൻഡീസിന് 124 റൺസ് വിജയം

കൊച്ചിയിൽ ഇന്ത്യൻ ദുരന്തം; സാമുവൽസിന്റെ സെഞ്ച്വറിയുടെ ചിറകിൽ വിവാദങ്ങൾ മറന്ന് കരീബിയൻ പട മുന്നേറി; 322 റൺസെന്ന വിജയലക്ഷ്യത്തിന് മുന്നിൽ ധോണിപ്പട തകർന്നടിഞ്ഞു; പരമ്പരയിലെ ആദ്യ ഏകദിനത്തിൽ വിൻഡീസിന് 124 റൺസ് വിജയം

കൊച്ചി: കൊച്ചിയിലെ പിച്ചിനെ അടുത്തറിയാൻ ധോണിക്കായില്ല. ഇന്ത്യൻ ക്യൂറേറ്റർമാരുടെ വാക്ക് കേട്ട് തീരുമാനം എടുത്തപ്പോൾ കൊച്ചിയിൽ ഇന്ത്യ തോറ്റു. ടോസ് നേടിയിട്ടും ബൗൾ ചെയ്ത ഇന്ത്യയെ മാർലൺ സാമുവൽസ് കടന്നാക്രമിച്ചു. ടീമിലേക്കുള്ള മടങ്ങിവരവ് മത്സരത്തിൽ സെഞ്ച്വറി നേടി കരീബിയൻ ഇന്നിങ്ങ്‌സിന് സാമുവൽസ് കരുത്ത് പകർന്നു. കൊച്ചിയിലെ റിക്കോർഡ് സ്‌കോറിനെ മറികടക്കാനുള്ള പോരാട്ട വീര്യം ഇന്ത്യൻ ബാറ്റ്‌സ്മാന്മാർ ഒരു ഘട്ടത്തിലും എടുത്തില്ല. 

പ്രതിഫല തുകയുടെ തർക്കത്തിൽ ഉലഞ്ഞാണ് വിൻഡീസ് ടീം ജവഹർലാൽ നെഹ്‌റു സ്റ്റേഡിയത്തിലെത്തിയത്. പരമ്പരയിലെ ആദ്യ ഏകദിനത്തിൽ ഇതൊന്നും ഒരിക്കലും പ്രതിഫലിച്ചില്ല. പിച്ചിലെത്തിയപ്പോൾ കരീബിയൻ പട എല്ലാം മറന്നു. ടീം സ്പിരിറ്റോടെ കളിച്ചു. കളിയുടെ എല്ലാ മേഖലയിലും മികവ് കാട്ടി. 50 ഓവറിൽ ആറ് വിക്കറ്റിന് 321 റൺസ് നേടിയപ്പോഴെ സന്ദർശകർ കളിയിൽ മുന്നിലെത്തി. പക്ഷേ കരുതിയതിലും മോശമായി ഇന്ത്യ തകർന്നു. 41-ാം ഓവറിൽ 197 റൺസിന് ആതിഥേയർ തകർന്നടിഞ്ഞു. കൊച്ചിയിൽ 124 റൺസിന്റെ മികച്ച വിജയവുമായി ഏകദിന പരമ്പരയിൽ 1-0ന് കരീബിയൻ ടീം മുന്നിലെത്തി. 

ഇന്ത്യയുടെ പേരുകേട്ട ബാറ്റിങ്ങ് നിരയ്ക്ക് പഴയ പ്രതാപത്തിന്റെ നിഴൽമാത്രമായ കരീബിയൻ ബൗളിങ്ങിനെതിരെ 50 ഓവർ പോലും കൊച്ചിയിലെ പിച്ചിൽ പിടിച്ചു നിൽക്കാനായില്ല. 50 ഓവറിൽ സാമുവൽസിന്റെ മികവൽ വിൻഡീസ് അടിച്ചെടുത്തത് 321 റൺസാണ്. കൊച്ചിയിലെ ഉയർന്ന വ്യക്തിഗത ഏകദിന സ്‌കോറുമായി 126 റൺസെടുത്ത സാമുവൽസ് പുറത്താകാതെ നിന്നു. അർദ്ധ സെഞ്ച്വറി നേടി ഇന്ത്യൻ പ്രതീക്ഷകളുടെ ചുക്കാൻ പിടിച്ച ശിഖാർ ധവാന്റെ വിക്കറ്റെടുത്ത് ഇന്ത്യൻ തോൽവി ഉറപ്പാക്കിയതും സാമുവൽസ് തന്നെ. മൂന്ന് ഓവർ എറിഞ്ഞ് രണ്ട് വിക്കറ്റും നേടി സാമുവൽസ് കൊച്ചിയിലെ താരമായി. ഇതോടെ 5 കളികളടങ്ങിയ ഏകദിന പരമ്പരയിൽ വിൻഡീസ് മുന്നിലെത്തി. 

കൂറ്റൻ സ്‌കോർ മത്സരാവേശം ഉയർത്തുമെന്നാണ് ഇന്ത്യ കളിക്കാൻ ഇറങ്ങിയപ്പോൾ ഏവരും കരുതിയത്. ആദ്യ ഓവറുകളിൽ അജിങ്കെ രഹാനെ മോശമില്ലാതെ തുടങ്ങി. മികച്ച ഷോട്ടുകളും പായിച്ചു. എന്നാൽ സ്‌കോർ 49ൽ വച്ച് രഹാനെ റണ്ണൗട്ടായി. വിരാട് കോലിയും അമ്പാട്ടി രായുഡുവും സുരേഷ് റൈനയും ക്യാപ്ടൻ ധോണിയും പിടിച്ചു നിൽക്കാതെ മടങ്ങി. അർദ്ധ സെഞ്ച്വറി നേടിയ ശിഖർ ധവാനും ആറാമനായി പവലിയനിലേക്ക് മടങ്ങുമ്പോൾ ഇന്ത്യൻ തോൽവി ഉറപ്പിച്ചു. 

വാലറ്റത്തിന്റെ മികവും കൊച്ചിയിൽ ഇന്ത്യയറിഞ്ഞില്ല. കളി നീട്ടികൊണ്ടു പോവുകമാത്രമായി രവീന്ദ്ര ജഡേജയെന്ന ഓൾറൗണ്ടറുടെ നയം. ഇതിനിടെയിൽ ഭുവനേശ്വർ കുമാറും അമിത് മിശ്രയും മോഹിത് ശർമ്മയും വന്ന പോലെ മടങ്ങി. അവസാന ബാറ്റസ്മാൻ മുഹമ്മദ് സാമി രണ്ടക്കം സ്‌കോർ ചെയ്തു. പക്ഷേ ഇന്ത്യയെ ഏകദിന പരമ്പരയിലെ ആദ്യ കളിയിൽ ജയിപ്പിക്കാൻ അതിലുമധികം വേണ്ടിയിരുന്നു. ധവാനും രഹാനെയും റായുഡുവും പിന്നെ സാമിയുമാണ് ഇന്ത്യൻ നിരയിൽ രണ്ടക്കം കടന്നത്. 

68 റൺസെടുത്ത ശിഖർ ധവാനാണ് ഇന്ത്യയുടെ ടോപ് സ്‌കോറർ. രഹാനെ 24ഉം കോലി 2ഉം റായുഡു 13ഉം ധോണി 8ഉം ഭുവനേശ്വർ കുമാർ 2ഉം അമിത് മിശ്ര 5ഉം മോഹിത് ശർമ്മ 8ഉം സാമി 19ഉം റൺസെടുത്തു. റൈന പൂജ്യനായി മടങ്ങി. 33 റൺസോടെ ജഡേജ പുറത്താകാതെ നിന്നു. വിൻഡീസിനായി രവി രാംപോളും സാമുവൽസും രണ്ട് വിക്കറ്റ് വീതവും ജെറോം ടെയ്‌ലർ, ആൻേ്രഡ റസൽ, ഡാരൻ സാമി എന്നിവർ ഓരോ വിക്കറ്റും നേടി. 

ആദ്യം ബാറ്റ് ചെയ്ത വിൻഡീസ് നിശ്ചിത 50 ഓവറിൽ ആറു വിക്കറ്റ് നഷ്ടത്തിൽ 321 റൺസെടുത്തു. 116 പന്തിൽ 11 ഫോറും നാലു സിക്‌സറുമടക്കം 126 റൺസുമായി സാമുവൽസ് പുറത്താകാതെ നിന്നു. ഇന്ത്യയ്ക്ക് എതിരായ സാമുവൽസിന്റെ രണ്ടാമത്തെ സെഞ്ച്വറിയാണ് ഇത്. കരിയറിലെ ആറാമത്തേതും. ഏറെ നാളായി ടീമിൽ നിന്ന് പുറത്തായിരുന്ന സാമുവൽസിനെ ഇന്ത്യൻ പര്യടനത്തിൽ തിരിച്ചെടുക്കുകയാണ്. ഇന്ത്യയിലെ സാമുവൽസിന്റെ പ്രകടന മികവ് കണക്കിലെടുത്തായിരുന്നു ഇത്. സെലക്ടർമാരുടെ ഈ തീരുമാനം ശരിവയ്ക്കുന്ന പ്രകടനമാണ് സാമുവൽസ് നടത്തിയത്.

വിൻഡീസിന് 31 റൺസെടുക്കുന്നതിനിടെ ഓപ്പണർ ബ്രാവോയെ നഷ്ടമായി. തുടർന്ന് രണ്ടാം വിക്കറ്റിൽ ഒരുമിച്ച ഡ്വയ്ൻ ബ്രാവോയും ഡ്വയ്ൻ സ്മിത്തും ചേർന്ന് വിൻഡീസ് ഇന്നിങ്‌സ് മുന്നോട്ടു കൊണ്ടുപോയി. സ്‌കോർ 98-ൽ നില്‌ക്കെ 46 റൺസെടുത്ത സ്മിത്തിന്റെ വിക്കറ്റ് നഷ്ടമായി. തുടർന്ന് ക്രീസിൽ ഒന്നിച്ച സാമുവൽസും ദിനേഷ് റാംദിനും ചേർന്ന് സ്‌കോർ ഉയർത്തി. 59 പന്തിൽ അഞ്ചു ഫോറുകളും രണ്ടു സിക്‌സറുമടക്കം 61 റൺസെടുത്ത റാംദിൻ സാമുവൽസിന് മികച്ച പിന്തുണ നല്കി. ഇരുവരും ചേർന്ന് നാലാം വിക്കറ്റിൽ 165 റൺസ് കൂട്ടിച്ചേർത്തു. ഇതുതന്നെയാണ് വിൻഡീസ് ഇന്നിങ്‌സിന് കരുത്തായത്. 

ഇന്ത്യയ്ക്കു വേണ്ടി മുഹമ്മദ് ഷാമി നാലും രവീന്ദ്ര ജഡേജ, അമിത് മിശ്ര എന്നിവർ ഓരോ വിക്കറ്റ് വീതവും വീഴ്‌ത്തി.

Stories you may Like

കമന്റ് ബോക്‌സില്‍ വരുന്ന അഭിപ്രായങ്ങള്‍ മറുനാടന്‍ മലയാളിയുടേത് അല്ല. മാന്യമായ ഭാഷയില്‍ വിയോജിക്കാനും തെറ്റുകള്‍ ചൂണ്ടി കാട്ടാനും അനുവദിക്കുമ്പോഴും മറുനാടനെ മനഃപൂര്‍വ്വം അധിക്ഷേപിക്കാന്‍ ശ്രമിക്കുന്നവരെയും അശ്ലീലം ഉപയോഗിക്കുന്നവരെയും മറ്റു മലയാളം ഓണ്‍ലൈന്‍ ലിങ്കുകള്‍ പോസ്റ്റ് ചെയ്യുന്നവരെയും മതവൈരം തീര്‍ക്കുന്നവരെയും മുന്നറിയിപ്പ് ഇല്ലാതെ ബ്ലോക്ക് ചെയ്യുന്നതാണ് - എഡിറ്റര്‍

More News in this category+

MNM Recommends +

Go to TOP