Forex Rate:

1 usd = 76.25 inr 1 gbp = 94.16 inr 1 eur = 85.23 inr 1 aed = 20.76 inr 1 sar = 20.32 inr 1 kwd = 247.66 inr
Apr / 202424Wednesday

കളി കാണാൻ ധൈര്യമായി ടിക്കറ്റ് എടുത്തോളു! കാര്യവട്ടത്ത് തകർത്തടിക്കാൻ കിങ് കോലി എത്തും; ഇന്ത്യ വിൻഡീസ് ഏകദിന പരമ്പരയിലെ ശേഷിക്കുന്ന മത്സരങ്ങൾക്കുള്ള ടീമായി; വിൻഡീസ് കരുത്ത് കാട്ടിയതോടെ ആർക്കും വിശ്രമം നൽകാതെ സിലക്ടർമാർ; ബുംറയും ഭുവനേശ്വറും മടങ്ങിയെത്തി; കാര്യവട്ടത്ത് കളി കാര്യമാകും

കളി കാണാൻ ധൈര്യമായി ടിക്കറ്റ് എടുത്തോളു! കാര്യവട്ടത്ത് തകർത്തടിക്കാൻ കിങ് കോലി എത്തും; ഇന്ത്യ വിൻഡീസ് ഏകദിന പരമ്പരയിലെ ശേഷിക്കുന്ന മത്സരങ്ങൾക്കുള്ള ടീമായി; വിൻഡീസ് കരുത്ത് കാട്ടിയതോടെ ആർക്കും വിശ്രമം നൽകാതെ സിലക്ടർമാർ; ബുംറയും ഭുവനേശ്വറും മടങ്ങിയെത്തി; കാര്യവട്ടത്ത് കളി കാര്യമാകും

സ്പോർട്സ് ഡെസ്‌ക്‌

തിരുവനന്തപുരം: കഴിഞ്ഞ വർഷം ഇന്ത്യയും ന്യൂസിലാൻഡും തമ്മിലുള്ള ട്വന്റി 20 മത്സരത്തിനുള്ള ടിക്കറ്റുകൾ രണ്ട് ദിവസം കൊണ്ടാണ് വിറ്റ് തീർന്നത്. എന്നാൽ കേരളപ്പിറവി ദിനത്തിൽ വീണ്ടും ഒരു അന്താരാഷ്ട്ര മത്സരത്തിൽ ഇന്ത്യയും വിൻഡീസും ഏറ്റുമുട്ടാനൊരുങ്ങുമ്പോൾ ടിക്കറ്റ് വിൽപ്പന മന്ദഗതിയിലാണ്. അതിന് കാരണം വിൻഡീസിനെതിരെയുള്ള മത്സരത്തിൽ തലസ്ഥാനത്ത് നടക്കുന്ന മത്സരം ഉൾപ്പടെയുള്ള അവസാന മൂന്ന് മത്സരങ്ങളുടെ ടീമിനെ പ്രഖ്യാപിച്ചിരുന്നില്ല എന്നത് തന്നെയാണ്. ദുർബലരായ വിൻഡീസ് നിരയെ നേരിടാൻ രണ്ടാം നിര ടീമിനെ ഇന്ത്യ രംഗത്തിറക്കുകയുള്ളു എന്ന സാധ്യതയാണ് ഇതിന് കാരണം.

കേരളപ്പിറവി ദിനത്തിൽ കാര്യവട്ടം സ്പോർട്സ് ഹബ്ബിൽ ഉൾപ്പടെ നടക്കുന്ന അവസാന മൂന്ന് മത്സരങ്ങൾക്കുള്ള ഇന്ത്യൻ ടീമിനെ ഇന്ന് പ്രഖ്യാപിച്ചപ്പോൾ മലയാളി ക്രിക്കറ്റ് ആരാധകർക്ക് പുനർജീവൻ ലഭിച്ച ആവേശത്തിലാണ്. വിരാട് കോലിയും രോഹിത് ശർമ്മയും ധോണിയും ശിഖർ ധവാനുമൊക്കെ ഇത്തവണയും തലസ്ഥാനത്ത് ക്രിക്കറ്റ് വിരുന്നൊരുക്കാൻ എത്തും എന്നാണ് ഇപ്പോൾ ഉറപ്പായിരിക്കുന്നത്. ആദ്യ രണ്ട് മത്സരത്തിലും വിൻഡീസ് ഭേദപ്പെട്ട ബാറ്റിങ് പ്രകടനം കാഴ്ചവെച്ചതോടെ പ്രധാന ബൗളർമാരായ ജസ്പ്രീത് ബുംറ, ഭുവനേശ്വർ കുമാർ എന്നിവരേയും ടീമിലേക് മടക്കി വിളിച്ചിട്ടുണ്ട്.

പരമ്പരയിലെ ആദ്യ രണ്ട് മത്സരത്തിലെ ഇന്ത്യയുടെ പ്രകടനം നോക്കിയ ശേഷം ആവശ്യമെങ്കിൽ മാത്രം പ്രമുഖ താരങ്ങളെ ടീമിലുൾപ്പെടുത്തിയാൽ മതിയെന്നും ഇല്ലെങ്കിൽ അവർക്ക് വിശ്രമം അനുവദിക്കാം എന്നുമായിരുന്നു തീരുമാനം. എന്നാൽ മുൻനിര ബാറ്റ്‌സ്മാന്മാരായ വിരാടും രോഹിതും അമ്പട്ടി റായുഡുവുമൊക്കെ തിളങ്ങിയെങ്കിലും ബൗളിങ് നിര തീർത്തും നിറം മങ്ങി. സ്പിന്നർമാരായ ചഹാലും കുൽദീപും നിറം മങ്ങി. ഉമേഷ യാദവിനും ഷാമിക്കും കാര്യമായി ഒന്നും ചെയ്യാൻ കഴിഞ്ഞുമില്ല. ഈ സാഹചര്യത്തിലാണ് കൂടുതൽ പരീക്ഷണങ്ങൾക്ക് മുതിരേണ്ടതില്ലെന്ന തീരുമാനത്തിൽ ഇന്ത്യൻ സിലക്ടർമാർ എത്തിയത്. നേരത്തെ വിൻഡീസ് ടീം പ്രമുഖർക്ക് വിശ്രമം അനുവദിച്ചതും ടിക്കറ്റ് വിൽപ്പന മന്ദഗതിയിലായതിന് കാരണമായിരുന്നു.

പരിക്കേറ്റ ഷാർദുൽ താക്കൂർ മുഹമ്മദ് ഷമി എന്നിവർ ടീമിൽ നിന്ന് പുറത്തായി. പ്രമുഖരെല്ലാം എത്തുന്നതോടെ മത്സരം കാണാൻ കൂടുതൽ കാണികൾ എത്തും എന്നാണ് പ്രതീക്ഷിക്കുന്നത്. ഇതിന് പിന്നാലെ ഇത്തവണ മുഴുവൻ ടിക്കറ്റുകളും ഓൺലൈനായി വിറ്റതും ആശയക്കുഴപ്പത്തിന് ഇടയാക്കി. ടിക്കറ്റ് എടുക്കുന്നയാൾ സ്റ്റേഡിയത്തിലെത്തി ഐഡി പ്രൂഫ് കാണിച്ചാൽ മാത്രമെ അകത്തേക്ക് പ്രവേശിപ്പിക്കുള്ളു എന്ന വാർത്തകളും പരന്നു. എന്നാൽ പേടിഎം ആപ്പ് വഴി ആരുടെ പേരിലാണോ ടിക്കറ്റ് എടുത്തത് അവർ വരണമെന്ന് നിർബന്ധമില്ലെന്നും അവരുടെ ഒരു ഫോട്ടോ പതിച്ച തിരിച്ചറിയൽ കാർഡിന്റെ പകർപ്പ് മാത്രം മതിയെന്നും കെസിഎ പറഞ്ഞു.

ആദ്യ രണ്ട് ഏകദിനങ്ങളിലെ മോശപ്പെട്ട പ്രകടനമാണ് ഷമിക്ക് വിനയായത്. നീണ്ട ഇടവേളയ്ക്കുശേഷം ഏകദിന ടീമിൽ തിരിച്ചെത്തിയ ഷമിക്ക് പക്ഷേ, ആദ്യ രണ്ട് മത്സരങ്ങളിൽ മികച്ച പ്രകടനം പുറത്തെടുക്കാനായില്ല. രണ്ട് കളികളിലുമായി മൂന്ന് വിക്കറ്റെടുത്ത ഷമി 140 റൺസാണ് വിട്ടുകൊടുത്തത്.അഞ്ച് ഏകദിനങ്ങളുള്ള പരമ്പരയിലെ ആദ്യ മത്സരത്തിൽ ഇന്ത്യ വിജയിച്ചപ്പോൾ വിശാഖപട്ടണത്ത് നടന്ന രണ്ടാം ഏകദിനം ടൈയിൽ കലാശിച്ചു.ഒക്ടോബർ 27ന് പുണെയിലാണ് മൂന്നാം ഏകദിനം. നാലാം ഏകദിനം 29ന് മുംബൈയിലും അവസാന ഏകദിനം നവംബർ ഒന്നിന് തിരുവനന്തപുരത്തും നടക്കും.

അവസാന മൂന്ന് മത്സരങ്ങൾക്കുള്ള ടീം ഇങ്ങനെ

വിരാട് കോലി, രോഹിത് ശർമ, ശിഖർ ധവാൻ, അമ്പാട്ടി റായുഡു, മനീഷ് പാണ്ഡെ, എം.എസ്. ധോണി, ഋഷഭ് പന്ത്, രവീന്ദ്ര ജഡേജ, യുസ്വേന്ദ്ര ചാഹൽ, കുൽദീപ് യാദവ്, ജസ്പ്രീത് ബുമ്ര, ഭുവനേശ്വർ കുമാർ, ഖലീൽ അഹമ്മദ്, കെ.എൽ. രാഹുൽ.

ഓൺലൈനിൽ ടിക്കറ്റ് എടുക്കാനുള്ള മാർഗ്ഗങ്ങൾ

1. പേടിഎമ്മിലോ insider.in ലോ ലോഗിൻ ചെയ്യുക
2. ക്രിക്കറ്റിന് കീഴെയുള്ള ഇന്ത്യ- വെസ്റ്റിൻഡീസ് ,തിരുവനന്തപുരം മാച്ച് ബാനറിൽ ക്ലിക്ക് ചെയ്യുക.
3.ബുക്ക് ടിക്കറ്റ്സ് ക്ലിക്ക് ചെയ്യുക
4. സ്റ്റാൻഡ്, സീറ്റ് എന്നിവ സെലക്ട് ചെയ്യ്തതിന് ശേഷം ബുക്കിങ്ങ് തുടരുക.
5. പേര് , മൊബൈൽ നമ്പർ, ഇമെയിൽ ഐഡി എന്നിവ ചേർത്തതിന് ശേഷം പേമെന്റിലേക്ക് കടക്കുക.
6. രജിസ്റ്റർഡ് മൊബൈലിലേക്കും ഇമെയിലിലേക്കും ബുക്ക് ചെയ്യ്തതിനുള്ള സ്ഥിരീകരണം എസ്എംഎസായും ഇമെയിലായും ലഭിക്കും.
7. ടിക്കറ്റ് ബുക്ക് ചെയ്യ്ത ആളുടെ സാന്നിദ്ധ്യം സ്റ്റേഡിയത്തിൽ പ്രവേശിക്കാൻ ആവശ്യമില്ല. ബുക്ക് ചെയ്യ്ത ആളുടെ ഏതെങ്കിലും തിരിച്ചറിയൽ രേഖയുടെ കോപ്പി മതി സ്റ്റേഡിയത്തിൽ പ്രവേശിക്കാൻ.
8. ടിക്കറ്റ് ബുക്ക് ചെയ്യാൻ ആപ്പ് ഡൗൺലോഡ് ചെയ്യണമെന്നില്ല. പേടിഎമ്മിന്റെയോ, ഇൻസൈഡറിന്റെയോ സൈറ്റ് വഴി ബുക്ക് ചെയ്യാവുന്നതാണ്.
9. കെസിഎ വെബ്‌സൈറ്റ് www.keralacricketassociation.com ൽ ഓൺലൈൻ ടിക്കറ്റ് ലഭിക്കുന്ന സൈറ്റുകളുടെ ലിങ്ക് ലഭ്യമാണ്.
10. രാവിലെ 10.30 മുതൽ സ്റ്റേഡിയത്തിൽ പ്രവേശനം ആനുവദിക്കും.
11. ടിക്കറ്റിന്റെ കോപ്പി, മൊബൈലിലുള്ള ടിക്കറ്റ് എന്നിവ കാണിച്ച് സ്റ്റേഡിയത്തിനകത്ത് പ്രവേശിക്കാം.

Stories you may Like

കമന്റ് ബോക്‌സില്‍ വരുന്ന അഭിപ്രായങ്ങള്‍ മറുനാടന്‍ മലയാളിയുടേത് അല്ല. മാന്യമായ ഭാഷയില്‍ വിയോജിക്കാനും തെറ്റുകള്‍ ചൂണ്ടി കാട്ടാനും അനുവദിക്കുമ്പോഴും മറുനാടനെ മനഃപൂര്‍വ്വം അധിക്ഷേപിക്കാന്‍ ശ്രമിക്കുന്നവരെയും അശ്ലീലം ഉപയോഗിക്കുന്നവരെയും മറ്റു മലയാളം ഓണ്‍ലൈന്‍ ലിങ്കുകള്‍ പോസ്റ്റ് ചെയ്യുന്നവരെയും മതവൈരം തീര്‍ക്കുന്നവരെയും മുന്നറിയിപ്പ് ഇല്ലാതെ ബ്ലോക്ക് ചെയ്യുന്നതാണ് - എഡിറ്റര്‍

More News in this category+

MNM Recommends +

Go to TOP