Forex Rate:

1 usd = 76.25 inr 1 gbp = 94.16 inr 1 eur = 85.23 inr 1 aed = 20.76 inr 1 sar = 20.32 inr 1 kwd = 247.66 inr
Apr / 202425Thursday

കേരളപ്പിറവി ദിനത്തിൽ ക്രിക്കറ്റ് പോരാട്ടത്തിന്റെ കാഹളം മുഴക്കി തലസ്ഥാന നഗരി; ഇന്ത്യൻ പടയുമായി നായകൻ കോഹ്ലിയും കരീബിയൻ പോരാളികളുമായി ഹോൾഡറും ടോസ് കോയിന്റെ മുൻപിൽ വരുന്നതും കാത്ത് ആരാധകർ; ഒരു വർഷം മുൻപ് 20 ട്വന്റി മത്സരത്തിൽ കിവികളെ പറപ്പിച്ച നീലപ്പട മൈതാനിയിലിറങ്ങുന്നത് ആത്മവിശ്വാസത്തോടെ; അനന്തപുരിയിലെ അങ്കത്തട്ടിൽ പോരാട്ടം കാണാൻ എത്തിച്ചേരുന്നത് പതിനായിരങ്ങൾ

കേരളപ്പിറവി ദിനത്തിൽ ക്രിക്കറ്റ് പോരാട്ടത്തിന്റെ കാഹളം മുഴക്കി തലസ്ഥാന നഗരി; ഇന്ത്യൻ പടയുമായി നായകൻ കോഹ്ലിയും കരീബിയൻ പോരാളികളുമായി ഹോൾഡറും ടോസ് കോയിന്റെ മുൻപിൽ വരുന്നതും കാത്ത് ആരാധകർ; ഒരു വർഷം മുൻപ് 20 ട്വന്റി മത്സരത്തിൽ കിവികളെ പറപ്പിച്ച നീലപ്പട മൈതാനിയിലിറങ്ങുന്നത് ആത്മവിശ്വാസത്തോടെ; അനന്തപുരിയിലെ അങ്കത്തട്ടിൽ പോരാട്ടം കാണാൻ എത്തിച്ചേരുന്നത് പതിനായിരങ്ങൾ

മറുനാടൻ ഡെസ്‌ക്‌

തിരുവനന്തപുരം: പ്രളയദുരിതത്തിൽ നിന്നും കരുത്തോടെ കരകയറി വന്ന കേരളത്തിന്റെ സിരകളിലേക്ക് ഊർജ്ജം നിറയ്ക്കുന്ന കേരളപ്പിറവി ദിനമാണിന്ന്. കരീബിയൻ പോരാളികളുമായി ഇന്ത്യയുടെ ചുണക്കുട്ടികൾ മത്സരത്തിനിറങ്ങുമ്പോൾ ശ്രീപത്ഭനാഭന്റെ മണ്ണ് ആവേശത്തിരയിളകുന്ന കടലായി മാറുകയാണ്. ഉച്ചയ്ക്ക് 1.30ന് കാര്യവട്ടം സ്പോർട്സ് ഹബിൽ ടോസ് വീഴുന്നത് മുതൽ ക്രിക്കറ്റ് പ്രേമികളുടെ ആവേശത്തിന്റെ നെഞ്ചിടിപ്പ് ഏവരും കേട്ട് തുടങ്ങും.

വിജയലക്ഷ്യം മുന്നിൽ കണ്ട് കളിക്കളത്തിലിറങ്ങുന്ന ഇന്ത്യൻ സംഘവും ആതിഥേയരുടെ മണ്ണിൽ തോൽവി രുചിക്കേണ്ടി വരരുതെന്ന കരീബിയൻ പോരാളികളുടെ വാശിയും ഏറ്റുമുട്ടുന്ന മൂഹൂർത്തതിന് ഇനി ഏതാനും നിമിഷങ്ങൾ മാത്രം. ഗ്രീൻഫീൽഡ് മൈതാനിയിലെ ആദ്യ അന്താരാഷ്ട്ര ഏകദിന മത്സരം കാണാനായി 42,000 ആളുകൾക്കാണ് ഇരിപ്പിടം ഒരുക്കിയിരിക്കുന്നത്‌.

കഴിഞ്ഞ നവംബറിൽ കാര്യവട്ടത്ത് വച്ച് കിവികളെ വട്ടം കറക്കിയ വിരാടിന്റെയും സംഘത്തിന്റെയും പ്രകടനം തന്നെയാണ് ഇപ്പോൾ സ്‌റ്റേഡിയത്തിലേക്ക് എത്തുന്ന ഓരോ ആളുടേയും മനസിൽ. അന്ന് നേടിയ വിജയം ഇരട്ടി തിളക്കത്തോടെ നേടാൻ ഇന്ത്യൻ സിംഹങ്ങൾക്ക് സാധിക്കുമെന്നാണ് ഏവരുടേയും പ്രതീക്ഷ.

കഴിഞ്ഞ കുറച്ച് മത്സരങ്ങളിൽ ഇടയ്ക്ക് മാത്രം വിജയം നേടിയ കരീബിയൻ പടയ്ക്ക് അനന്തപുരിയലെ പിച്ച് പച്ചക്കൊടി കാട്ടുമോ എന്നും കണ്ടു തന്നെ അറിയണം. 2-1 എന്ന കണക്കിൽ ഇന്ത്യ മുന്നിലാണെങ്കിലും പരാജയം രുചിക്കേണ്ടി വന്നാൽ കരിബിയൻ പടയുമായി പരമ്പര പങ്കിടാനാവും നീലപ്പടയ്ക്ക് വിധി. ദൈവത്തിന്റെ സ്വന്തം നാട്ടിൽ നിന്ന് വിജയക്കൊടി കുത്തി മലയാളക്കരയ്ക്ക് പുത്തൻ ഉണർവ്വ് നൽകണമെന്ന ഉത്തരവാദിത്വവും കോഹ്ലിയുടേയും മറ്റ് താരങ്ങളുടേയും ചുമലിലുണ്ട്.

കലാശപ്പോരിന് കാര്യവട്ടം

ഇന്ത്യാ വെസ്റ്റ് ഇൻഡീസ് കലാശപ്പോരിന് മൈതാനം തയാറാക്കി കാത്തിരിക്കുകയാണ് കാര്യവട്ടം. തലസ്ഥാനനഗരിയിൽ കഴിഞ്ഞ കുറച്ച് ദിവസങ്ങളായി തെളിഞ്ഞ അന്തരീക്ഷമാണ്. എന്നാൽ, ബുധനാഴ്ച ് മഴപെയ്തത് ആരാധകരിൽ ആശങ്ക പടർത്തുന്നുണ്ട്. . എങ്കിലും റൺമഴ പ്രതീക്ഷയിലാണ് എല്ലാവരും. 300 റൺസിൽ കുറഞ്ഞതൊന്നും ഗ്രീൻഫീൽഡിനെ തൃപ്തിപ്പെടുത്തില്ല.

30 വർഷത്തിന് ശേഷമാണ് അനന്തപുരിയിൽ ഏകദിന ക്രിക്കറ്റ് വിരുന്നെത്തുന്നത്. കണക്കുതീർക്കാനുണ്ട് ഇന്ത്യക്ക്. മലയാള മണ്ണിൽ വിൻഡീസിനെ മറികടക്കാൻ ഇന്ത്യക്ക് ഇതുവരെ കഴിഞ്ഞിട്ടില്ല. രണ്ടു തവണയാണ് ഇരു ടീമുകളും കേരളത്തിൽ നേർക്കുനേർ കണ്ടത്. 1988ൽ തിരുവനന്തപുരം യൂനിവേഴ്‌സിറ്റി സ്‌റ്റേഡിയത്തിലും 2014ൽ കലൂർ ജവഹർലാൽ നെഹ്‌റു സ്‌റ്റേഡിയത്തിലും.

രണ്ടു തവണയും ജയം വിൻഡീസിനൊപ്പം നിന്നു. 1988ൽ നായകനായിരുന്ന രവി ശാസ്ത്രിയാണ് ഇന്ന് പരിശീലകൻ. ആദ്യ ദിവസങ്ങളിൽ മന്ദഗതിയിലായിരുന്ന ടിക്കറ്റ് വിൽപന ഊർജിതമായി നടക്കുന്നുണ്ട്. 42,000 പേർക്കിരിക്കാവുന്ന ഗാലറി നിറയുമെന്നുതന്നെയാണ് പ്രതീക്ഷ.

ആത്മവിശ്വാസത്തിൽ നീലപ്പട, കേരളത്തിൽ തോൽക്കാത്ത ചരിത്രം മുറുകേ പിടിച്ച് വിൻഡീസ്

മഹേന്ദ്ര സിങ് ധോണിക്ക് 10,000 റൺസ് തികയ്ക്കാൻ വെറും ഒരു റൺസ് മാത്രമാണ് ബാക്കിയുള്ളത്. 5000 എത്താനായി 71 റൺസ് എന്ന ലക്ഷ്യവുമായി ധവാനും 18 റൺസ് കൂടി നേടി 2000 തികയ്ക്കാൻ രവീന്ദ്ര ജഡേജയും പിന്നാലെയുണ്ട്. വെറും രണ്ട് വിക്കറ്റ് കൂടിയെടുത്താൽ 100 എന്ന മാത്രിക സംഖ്യയലേക്ക് ഭുവനേശ്വറിന്റെ വിക്കറ്റ് വേട്ടയുടെ കണക്കും എത്തും. ഇതിനെല്ലാം പുറമെ ദിവസവും റെക്കോർഡുകൾ തിരുത്തിയെഴുതുന്ന നായകനാണ് ഇന്ത്യയുടെ ആത്മവിശ്വാസം. നാലു മത്സരങ്ങളിലും ഇന്ത്യക്ക് സെഞ്ച്വറി നേടാൻ സാധിച്ചിരുന്നു. ഇന്ന് ആരുടെ ഊഴമാണെന്ന് കാത്തിരിക്കുന്നുണ്ട് കാര്യവട്ടം.

മധ്യനിരയുടെ സ്ഥിരതയില്ലായ്മയൊഴിച്ചാൽ ഇന്ത്യൻ ക്യാമ്പിൽ എല്ലാം ഭദ്രമാണ്. മുൻനിര നൽകുന്ന മുൻതൂക്കം മുതലെടുക്കാൻ ധോണിയുടെ മധ്യനിരക്ക് കഴിയുന്നില്ല. േകദാറിനെയും പന്തിനെയും ജദേജയെയും മാറിമാറി പരീക്ഷിച്ചെങ്കിലും രക്ഷയില്ല. ഖലീൽ അഹ്മദ് ഫോമിലെത്തിയതോടെ പേസർമാർ ഉണർവിലാണ്. ഇടങ്കൈയൻ പേസറെ തേടിക്കൊണ്ടിരുന്ന ഇന്ത്യക്ക്‌ ലോക കപ്പിലേക്കുള്ള കരുതലാവുേമാ ഖലീൽ എന്ന് കണ്ടറിയണം.

കേരളത്തിൽ ഇതുവരെ വിൻഡീസ് തോറ്റിട്ടില്ല. ഈ ചരിത്രം മാത്രമാണ് വിൻഡീസിന് കൈമുതലായിട്ടുള്ളത്. 21കാരൻ ഷിംേറാൺ ഹെയ്റ്റ്‌മെയറിലാണ് ടീമിന്റെ പ്രതീക്ഷ. എല്ലാ മത്സരങ്ങളിലും 100ന് മുകളിൽ സ്‌ട്രൈക്ക് റേറ്റുള്ള ഹെയ്റ്റ്‌മെയർ ഒറ്റക്ക് കളി ജയിപ്പിക്കാൻ കെൽപുള്ള താരമാണ്. ഓപണർ റോവ്മാൻ പവൽ നാലു മത്സരങ്ങളിൽ അടിച്ചെടുത്തത് 45 റൺസ് മാത്രമാണെന്നും ഓർക്കണം.

Stories you may Like

കമന്റ് ബോക്‌സില്‍ വരുന്ന അഭിപ്രായങ്ങള്‍ മറുനാടന്‍ മലയാളിയുടേത് അല്ല. മാന്യമായ ഭാഷയില്‍ വിയോജിക്കാനും തെറ്റുകള്‍ ചൂണ്ടി കാട്ടാനും അനുവദിക്കുമ്പോഴും മറുനാടനെ മനഃപൂര്‍വ്വം അധിക്ഷേപിക്കാന്‍ ശ്രമിക്കുന്നവരെയും അശ്ലീലം ഉപയോഗിക്കുന്നവരെയും മറ്റു മലയാളം ഓണ്‍ലൈന്‍ ലിങ്കുകള്‍ പോസ്റ്റ് ചെയ്യുന്നവരെയും മതവൈരം തീര്‍ക്കുന്നവരെയും മുന്നറിയിപ്പ് ഇല്ലാതെ ബ്ലോക്ക് ചെയ്യുന്നതാണ് - എഡിറ്റര്‍

More News in this category+

MNM Recommends +

Go to TOP