Forex Rate:

1 usd = 76.25 inr 1 gbp = 94.16 inr 1 eur = 85.23 inr 1 aed = 20.76 inr 1 sar = 20.32 inr 1 kwd = 247.66 inr
Apr / 202420Saturday

ഹൈദരാബാദിലെ കളിക്കളത്തിൽ നിറഞ്ഞാടി ഇന്ത്യൻ ക്രിക്കറ്റിന്റെ ഭാവി തലമുറ; വിൻഡീസിനെതിരെയുള്ള രണ്ടാം ദിനത്തിൽ ബാറ്റിങ്ങിൽ മിന്നൽ പ്രകടനവുമായി പൃഥ്വി ഷായും ഋഷഭ് പന്തും; വിൻഡീസിന്റെ ഒന്നാം ഇന്നിങ്‌സ് സ്‌കോറായ 311 റൺസിന് 3 റൺസ് മാത്രം അകലെ ആതിഥേയർ; മത്സരചൂടിന് വീര്യം പകർന്നത് രഹാനെയുടെ പ്രതിരോധവും ഋഷഭിന്റെ ചുറുചുറുക്കും

ഹൈദരാബാദിലെ കളിക്കളത്തിൽ നിറഞ്ഞാടി ഇന്ത്യൻ ക്രിക്കറ്റിന്റെ ഭാവി തലമുറ; വിൻഡീസിനെതിരെയുള്ള രണ്ടാം ദിനത്തിൽ ബാറ്റിങ്ങിൽ മിന്നൽ പ്രകടനവുമായി പൃഥ്വി ഷായും ഋഷഭ് പന്തും; വിൻഡീസിന്റെ ഒന്നാം ഇന്നിങ്‌സ് സ്‌കോറായ 311 റൺസിന് 3 റൺസ് മാത്രം അകലെ ആതിഥേയർ; മത്സരചൂടിന് വീര്യം പകർന്നത് രഹാനെയുടെ പ്രതിരോധവും ഋഷഭിന്റെ ചുറുചുറുക്കും

മറുനാടൻ ഡെസ്‌ക്‌

ഹൈദരാബാദ് : രാജ്യത്തിന്റെ ശ്വാസമായ ക്രിക്കറ്റിന്റെ ഭാവി തങ്ങളുടെ കരങ്ങളിൽ സുരക്ഷിതമെന്ന് ഏവരേയും ഓർമ്മിപ്പിക്കുന്ന പ്രകടനമാണ് ഹൈദരാബാദിൽ ഇന്ത്യൻ ചുണക്കുട്ടികൾ കാഴ്‌ച്ച വയ്ച്ചത്. രണ്ടാം ക്രിക്കറ്റ് ടെസ്റ്റിന്റെ രണ്ടാം ദിനം വെസ്റ്റ് ഇൻഡീസിനോടുള്ള മത്സരത്തിനിടെ ക്രീസിൽ വിസ്മയം തീർത്ത് നിറഞ്ഞാടുകയായിരുന്നു ഇന്ത്യൻ പട. കൗമാര താരമായ പൃഥ്വി ഷാ(70)യും ഋഷഭ് പന്തും(85*) ബാറ്റിങ്ങിൽ മിന്നും പ്രകടനം കാഴ്‌ച്ചവച്ചു. ഇന്നലെ മത്സരം നിറുത്തുമ്പോൾ വെസ്റ്റ് ഇൻഡീസിന്റെ ഒന്നാം ഇന്നിങ്‌സ് സ്‌കോറായ 311 റൺസിന് 3 റൺസ് മാത്രം പിന്നിലാണ് ആതിഥേയർ.

ഇന്ന് കളി പുനരാരാംഭിക്കുമ്പോൾ പന്തും രഹാനയും ക്രീസിലിറങ്ങും. നാലാം വിക്കറ്റിൽ ഋഷഭ് പന്ത് ബാറ്റിൽ മിന്നൽ വിസ്മയം കാഴ്‌ച്ച വയ്ച്ചതും മത്സരച്ചൂടിന് മുന്നിൽ തളരാതെ നിന്ന അജിങ്ക്യ രഹാനയുടെ പ്രതിരോധവുമാണ് ഇന്ത്യയ്ക്ക് മികച്ച പ്രകടനം കാഴ്‌ച്ച വയ്ക്കാൻ സഹായിച്ചത്. വൈസ് ക്യാപ്റ്റൻ എന്ന ഉത്തരവാദിത്വത്തിൽ നിന്നുകൊണ്ട് മികച്ച നേതൃത്വം രഹാനെ നൽകിയതും ചുറുചുറുക്ക് ഒട്ടും വിടാതെ ഋഷഭ് പിടിച്ചു നിന്നതും ഇന്ത്യയ്ക്ക് മൈതാനിയിൽ തിളങ്ങുന്നതിന് സഹായകരമായി.

സ്‌കോർ: വെസ്റ്റ് ഇൻഡീസ് ഒന്നാം ഇന്നിങ്‌സ് 311 ഓൾഔട്ട്. ഇന്ത്യ ഒന്നാം ഇന്നിങ്‌സ് നാലിനു 308.

സെഞ്ചുറിക്കു 15 റൺസ് പിന്നിലുള്ള പന്ത് 10 ബൗണ്ടറികളും 2 സിക്‌സറുകളും പറത്തി. 2 വട്ടം പന്തിനെ പുറത്താക്കാനുള്ള സുവർണാവസരം വിൻഡീസ് വിട്ടുകളഞ്ഞു. ഇരുവരും ചേർന്ന് നാലാം വിക്കറ്റിൽ നേടിയ 146 റൺസ് നല്ല സൂചനയാണ്. ഇന്ന് കളമുറപ്പിച്ചു മികച്ച ലീഡ് നേടാനാവും ഇന്ത്യയുടെ ശ്രമമെന്നു കരുതാം. ഓപ്പണർ രാഹുൽ (നാല്), പിന്നാലെ വന്ന പൂജാര (10) എന്നിവർ ഇന്ത്യൻ ഇന്നിങ്‌സിൽ നിരാശപ്പെടുത്തി. ഋഷഭ് പന്തിനു മുൻപ്, കഴിഞ്ഞ കളിയിലെ സെഞ്ചുറിമാൻ പൃഥ്വി ഷായുടെ ആക്രമണവീര്യവും പലവട്ടം ബൗണ്ടറി കടന്നു. 11 ബൗണ്ടറിയും ഒരു സിക്‌സറും ഉൾപ്പെടെ 53 പന്തിലായിരുന്നു ഷായുടെ 70 റൺസ് നേട്ടം.

കവർ ഡ്രൈവുകളും ഓഫ് ഡ്രൈവുകളും പതിനെട്ടായിരത്തോളം കാണികൾക്കു മികച്ച വിരുന്നായി. ഷാനൻ ഗബ്രിയേലിനെ തേഡ് മാനിലൂടെ സിക്‌സറടിച്ചപ്പോഴും ജാസൺ ഹോൾഡറെ മുട്ടുകുത്തിനിന്ന് പോയിന്റിലൂടെ പറത്തിയപ്പോഴും വീരേന്ദർ സേവാഗിനെ ഓർപ്പെടുത്തി ഷാ.
അതേസമയം, സെഞ്ചുറി നേട്ടം ഹോബിയാക്കിയ ക്യാപ്റ്റൻ വിരാട് കോഹ്ലി ഇന്നലെ മങ്ങിയ ഫോമിലായിരുന്നു. അർധസെഞ്ചുറിക്ക് അഞ്ചു റൺസ് മുൻപു കോഹ്ലി പുറത്താകുമ്പോൾ നാലിനു 163ൽ ആയിരുന്നു ഇന്ത്യ. അവിടെനിന്നാണ് പന്തും രഹാനെയും ചേർന്ന് ഇന്ത്യൻ ഇന്നിങ്‌സിനെ പൊക്കിയെടുത്തത്.

ഇന്നലെ രാവിലെ 40 പന്തുകൾക്കകം വിൻഡീസിന്റെ ആദ്യ ഇന്നിങ്‌സ് ഇന്ത്യ പൂട്ടിക്കെട്ടി. 98 റൺസിൽ ബാറ്റിങ് തുടങ്ങിയ റോസ്റ്റൺ ചേസ് സെഞ്ചുറി തികച്ചു, 106ൽ നിൽക്കെ ഉമേഷ് യാദവ് ചേസിനെ പുറത്താക്കി. ഇതടക്കം 6 വിക്കറ്റ് നേടിയ യാദവിന്റേത് കരിയറിലെ മികച്ച പ്രകടനമാണ് (88 റൺസ് വഴങ്ങി 6 വിക്കറ്റ്).ഇന്ത്യയുടെ വിൻഡീസ് പര്യടനത്തിലെ രണ്ടാം മൽസരത്തിൽ റോസ്റ്റൺ ചേസ് സെഞ്ചുറി നേടിയിരുന്നു. വിൻഡീസ് ടീം ഇന്ത്യയിലെത്തിയപ്പോഴും പരമ്പരയിലെ രണ്ടാം ടെസ്റ്റിൽ ചേസ് സെഞ്ചുറി (106) കുറിച്ചു.തുടർച്ചയായ രണ്ടാം ടെസ്റ്റിലും കെ.എൽ.രാഹുൽ (4) നിരാശപ്പെടുത്തി. ഇത്തവണ ഇരയായത് ജാസൺ ഹോൾഡറിന്. ഇക്കഴിഞ്ഞ 9 ഇന്നിങ്‌സുകളിൽ 4 വട്ടം വിക്കറ്റിന് മുന്നിൽ കുരുങ്ങി, 5 തവണ സ്റ്റംപ് തെറിച്ചു.

സ്‌കോർ ബോർഡിൽ തെളിഞ്ഞത്

വെസ്റ്റ് ഇൻഡീസ് ഒന്നാം ഇന്നിങ്‌സ് - ബ്രാത്വൈറ്റ് എൽബിഡബ്ല്യു കുൽദീപ് - 14, പവൽ സി ജഡേജ ബി അശ്വിൻ -22, ഹോപ് എൽബിഡബ്ല്യു ഉമേഷ് യാദവ് - 36, ഷിമ്രോൻ ഹെറ്റ്‌മെയർ എൽബിഡബ്ല്യു കുൽദീപ് - 12, ആംബ്രിസ് സി ജഡേജ ബി കുൽദീപ് -18, ചേസ് ബി ഉമേഷ് യാദവ് -106, ഡൗറിച്ച് എൽബിഡബ്ല്യു ഉമേഷ് യാദവ് -30, ഹോൾഡർ സി പന്ത് ബി ഉമേഷ് യാദവ് -52, ബിഷു ബി ഉമേഷ് യാദവ് -2, വാരികൻ നോട്ടൗട്ട് -8, ഗബ്രിയേൽ സി പന്ത് ബി ഉമേഷ് യാദവ് - പൂജ്യം, എക്‌സ്ട്രാസ് -11. ആകെ 101. 4 ഓവറിൽ 311ന് ഓൾഔട്ട്.

വിക്കറ്റ് വീഴ്ച: 1-32 , 2-52 , 3-86 , 4-92 , 5-113 , 6-182 , 7-286 , 8-296 , 9-311 , 10-311

ബോളിങ്: ഉമേഷ് യാദവ്: 26.4- 3 -88 -6 , ഷാർദൂൽ ഠാക്കൂർ: 1.4- 0- 9-0, അശ്വിൻ: 24.2 -7 -49 -1, കുൽദീപ് യാദവ്: 29- 2- 85 -3, ജഡേജ: 20- 2- 69 -0

ഇന്ത്യ ഒന്നാം ഇന്നിങ്‌സ് - രാഹുൽ ബി ഹോൾഡർ - 4, പൃഥ്വി ഷാ സി ഹെറ്റ്‌മെയർ ബി വാരികൻ -70, പൂജാര സി (സബ്) ബി ഗബ്രിയേൽ -10, കോഹ്ലി എൽബിഡബ്യൂ ഹോൾഡർ -45, രഹാനെ നോട്ടൗട്ട് -75, പന്ത് നോട്ടൗട്ട് -85. എക്‌സ്ട്രാസ് - 19, ആകെ 81 ഓവറിൽ നാലിനു 308.

വിക്കറ്റ് വീഴ്ച: 1-61, 2-98 , 3-102, 4-162

ബോളിങ്: ഗബ്രിയേൽ: 13 -1 -73- 1, ഹോൾഡർ: 14-2-45-2, വാരികൻ: 24-4-76-1, ചേസ്: 9-1-22-0, ബിഷു: 19- 4 -72 -0, ബ്രാത്വൈറ്റ്: 2-0-6-0.

 

Stories you may Like

കമന്റ് ബോക്‌സില്‍ വരുന്ന അഭിപ്രായങ്ങള്‍ മറുനാടന്‍ മലയാളിയുടേത് അല്ല. മാന്യമായ ഭാഷയില്‍ വിയോജിക്കാനും തെറ്റുകള്‍ ചൂണ്ടി കാട്ടാനും അനുവദിക്കുമ്പോഴും മറുനാടനെ മനഃപൂര്‍വ്വം അധിക്ഷേപിക്കാന്‍ ശ്രമിക്കുന്നവരെയും അശ്ലീലം ഉപയോഗിക്കുന്നവരെയും മറ്റു മലയാളം ഓണ്‍ലൈന്‍ ലിങ്കുകള്‍ പോസ്റ്റ് ചെയ്യുന്നവരെയും മതവൈരം തീര്‍ക്കുന്നവരെയും മുന്നറിയിപ്പ് ഇല്ലാതെ ബ്ലോക്ക് ചെയ്യുന്നതാണ് - എഡിറ്റര്‍

More News in this category+

MNM Recommends +

Go to TOP