Forex Rate:

1 usd = 76.25 inr 1 gbp = 94.16 inr 1 eur = 85.23 inr 1 aed = 20.76 inr 1 sar = 20.32 inr 1 kwd = 247.66 inr
Apr / 202424Wednesday

ഇന്ത്യ വിൻഡീസ് ടീമുകൾ നാളെ തിരുവനന്തപുരത്ത് എത്തും; അവസാന മിനുക്കുപണികളിൽ ഗ്രീൻഫീൽഡ് സ്റ്റേഡിയം; കേരളപ്പിറവിയിൽ കോലിയും കൂട്ടരും റൺമഴയൊഴുക്കുമെന്ന പ്രതീക്ഷയിൽ ആരാധകർ; ക്രിക്കറ്റ് ആവേശത്തിൽ തലസ്ഥാനം

ഇന്ത്യ വിൻഡീസ് ടീമുകൾ നാളെ തിരുവനന്തപുരത്ത് എത്തും; അവസാന മിനുക്കുപണികളിൽ ഗ്രീൻഫീൽഡ് സ്റ്റേഡിയം; കേരളപ്പിറവിയിൽ കോലിയും കൂട്ടരും റൺമഴയൊഴുക്കുമെന്ന പ്രതീക്ഷയിൽ ആരാധകർ; ക്രിക്കറ്റ് ആവേശത്തിൽ തലസ്ഥാനം

ആർ പീയൂഷ്

തിരുവനന്തപുരം: കേരളപ്പിറവി ദിനത്തിലെ ഇന്ത്യ വിൻഡീസ് ഏകദിന മത്സരത്തിനുള്ള അവസാന വട്ട ഒരുക്കങ്ങൾ പുരോഗമിക്കുകയാണ് തിരുവനന്തപുരം ഗ്രീൻഫീൽഡ് ഇന്റർനാഷണൽ സ്റ്റേഡിയത്തിൽ. ഇനി രണ്ട് ദിവസം മാത്രമാണ് മലയാളികൾ കാത്തിരിക്കുന്ന മത്സരത്തിനായി ബാക്കിയുള്ളത്. നാളെ ഉച്ചയ്ക്ക് 12.30ന് ജെറ്റ് എയർവെയ്‌സിന്റെ പ്രത്യേക വിമാനത്തിൽ ഇരു ടീമുകളും തലസ്ഥാന നഗരിയിൽ എത്തും. കോവളം ലീല ഹോട്ടലിലാണ് ടീമുകൾക്ക് താമസസൗകര്യമൊരുക്കിയിരിക്കുന്നത്. മറ്റന്നാൾ രാവിലെയും ഉച്ചയ്ക്കുമായി സ്റ്റേഡിയത്തിലെത്തി ഇരു ടീമുകളും പരിശീലനം നടത്തും.

പരമ്പരയിലുടനീളം ഉള്ളത് പോലെ റണ്ണൊഴുകുന്ന പിച്ച് തന്നെയാണ് തിരുവനന്തപുരത്തും ഒരുക്കിയിരിക്കുന്നത്. ഇന്ത്യൻ ടീമിൽ എല്ലാ സീനിയർ താരങ്ങളും കളിക്കുന്നു എന്നത്‌കൊണ്ട് തന്നെ വലിയ ആവേശത്തിലാണ് ക്രിക്കറ്റ് ആരാധകരും. മൈദാനത്ത് ഇപ്പോൾ അവസാന വട്ട ഒരുക്കങ്ങളാണ് പുരോഗമിക്കുന്നത്. സൗത്ത് സോൺ ചീഫ് ക്യൂരേറ്റർ ശ്രീരാമിന്റെ മേൽനോട്ടത്തിൽ ആണ് പിച്ച് നിർമ്മിച്ചത്. അഞ്ച് പിച്ചുകളിൽ ഒത്ത നടുക്കുള്ള രണ്ടെണ്ണത്തിൽ ഒന്നിലായിരിക്കും മത്സരം നടത്തുക.

ടി ട്വന്റിയിൽ നിന്നും വ്യത്യസ്തമായി കളിക്കാരുടെ ഡ്രെസ്സിങ് റൂം മാത്രമാണ് അഴിച്ച്പണി വേണ്ടി വന്നത് എന്ന് കെസിഎ മുൻ സെക്രട്ടറിയും ബിസിസിഐ പ്രതിനിധിയുമായ ജയേഷ് ജോർജ് മറുനാടനോട് പറഞ്ഞു. മഴ പെയ്യില്ലെന്നും മത്സരം നടത്താൻ കഴിയും എന്നാണ് കാലവസ്ഥ പരിശോധിച്ചപ്പോൾ മനസ്സിലായത് എന്നും അദ്ദേഹം പറഞ്ഞു. ഭക്ഷണ വിതരണത്തിനായി കുടംബശ്രീയെയും ജയിൽ വകുപ്പിന്റെ ഭക്ഷണവുമാണ് സ്റ്റേഡിയത്തിൽ എത്തിക്കുക.

മത്സരം ഗ്രീൻ പ്രോട്ടോക്കോൾ പ്രകാരം നടത്താൻ ആണ് ഉദ്ദേശിക്കുന്നതെന്ന് മേയർ വികെ പ്രശാന്തും പറഞ്ഞു. കുടിവെള്ളം വിതരണം ചെയ്യുന്ന കമ്പനി തന്നെ അതിന്റെ റീസൈക്കിളിങ്ങിനായി ശേഖരിക്കുമെന്നും മേയർ അറിയിച്ചു. ഗോ ഗ്രീൻ ഇനിഷിയേറ്റിവ് പാലിക്കാൻ കാണികൾ പരമാവധി ശ്രദ്ധിക്കണമെന്നും അദ്ദേഹം അഭിപ്രായപ്പെട്ടു. മഴ പെയ്യാൻ സാധ്യത ഉള്ളതിനാൽ തന്നെ കവറുകളും മറ്റും എത്തിച്ചിട്ടുണ്ട്. മികച്ച ഡ്രെയിനേജ് സിസ്റ്റം ഉള്ളത്‌കൊണ്ട് തന്നെ ചെറിയ മഴ പെയ്താലും അത് മത്സരത്തെ ബാധിക്കില്ലെന്ന പ്രതീക്ഷയിലാണ് കെസിഎ.

മറ്റ് വേദികളെ അപേക്ഷിച്ച് ഇന്ത്യ വിൻഡീസ് പരമ്പരയിലെ ടിക്കറ്റ് വിൽപ്പനയിലും വളരെ മുന്നിലാണ് കേരളം. ഇതിനോടകം മൂന്ന് കോടിയിൽപ്പരം രൂപയുടെ ടിക്കറ്റ് വിറ്റുക്കഴിഞ്ഞു. വിദ്യാർത്ഥികൾക്കായി 500 രൂപയുടെ 2000 ടിക്കറ്റുകൾ കൂടി മാറ്റിവെച്ചിട്ടുണ്ട്.

ഓൺലൈനിൽ ടിക്കറ്റ് എടുക്കാനുള്ള മാർഗ്ഗങ്ങൾ
1. പേടിഎമ്മിലോ insider.in ലോ ലോഗിൻ ചെയ്യുക,
2. ക്രിക്കറ്റിന് കീഴെയുള്ള ഇന്ത്യ- വെസ്റ്റിൻഡീസ് ,തിരുവനന്തപുരം മാച്ച് ബാനറിൽ ക്ലിക്ക് ചെയ്യുക.
3.ബുക്ക് ടിക്കറ്റ്സ് ക്ലിക്ക് ചെയ്യുക
4. സ്റ്റാൻഡ്, സീറ്റ് എന്നിവ സെലക്ട് ചെയ്യ്തതിന് ശേഷം ബുക്കിങ്ങ് തുടരുക.
5. പേര് , മൊബൈൽ നമ്പർ, ഇമെയിൽ ഐഡി എന്നിവ ചേർത്തതിന് ശേഷം പേമെന്റിലേക്ക് നടത്തുക.
6. രജിസ്റ്റർഡ് മൊബൈലിലേക്കും ഇമെയിലിലേക്കും ബുക്ക് ചെയ്യ്തതിനുള്ള സ്ഥിരീകരണം എസ്എംഎസായും ഇമെയിലായും ലഭിക്കും.
7. ടിക്കറ്റ് ബുക്ക് ചെയ്യ്ത ആളുടെ സാന്നിദ്ധ്യം സ്റ്റേഡിയത്തിൽ പ്രവേശിക്കാൻ ആവശ്യമില്ല. ബുക്ക് ചെയ്യ്ത ആളുടെ ഏതെങ്കിലും തിരിച്ചറിയൽ രേഖയുടെ കോപ്പി മതി സ്റ്റേഡിയത്തിൽ പ്രവേശിക്കാൻ.
8. ടിക്കറ്റ് ബുക്ക് ചെയ്യാൻ ആപ്പ് ഡൗൺലോഡ് ചെയ്യണമെന്നില്ല. പേടിഎമ്മിന്റെയോ, ഇൻസൈഡറിന്റെയോ സൈറ്റ് വഴി ബുക്ക് ചെയ്യാവുന്നതാണ്.
9. കെസിഎ വെബസൈറ്റ് www.keralacricketassociation.com ൽ ഓൺലൈൻ ടിക്കറ്റ് ലഭിക്കുന്ന സൈറ്റുകളുടെ ലിങ്ക് ലഭ്യമാണ്.
10. രാവിലെ 10.30 മുതൽ സ്റ്റേഡിയത്തിൽ പ്രവേശനം ആനുവദിക്കും.
11. ടിക്കറ്റിന്റെ കോപ്പി, മൊബൈലിലുള്ള ടിക്കറ്റ് എന്നിവ കാണിച്ച് സ്റ്റേഡിയത്തിനകത്ത് പ്രവേശിക്കാം.

ടിക്കറ്റുകൾ അക്ഷയ ഇ-കേന്ദ്രങ്ങൾ വഴിയും ലഭ്യമാക്കും. ഇതിനായി സംസ്ഥാന ഐടി മിഷനുമായി കേരള ക്രിക്കറ്റ് അസോസിയേഷൻ ധാരണയിലെത്തി. പേടിഎം, ഇൻസൈഡർ എന്നീ ഓൺലൈൻ സൈറ്റുകൾ വഴി ടിക്കറ്റ് ബുക്ക് ചെയ്യുന്നതിന് പുറമെയാണ് സംസ്ഥാന ഐ.ടി മിഷന് കീഴിലുള്ള അക്ഷയ കേന്ദ്രങ്ങൾ വഴിയും ടിക്കറ്റ് വിൽപ്പന നടത്തുന്നത്.

സംസ്ഥാനത്തുടനീളമുള്ള 2700 അക്ഷയ കേന്ദ്രങ്ങൾ വഴി ഇക്കഴിഞ്ഞ ശനിയാഴ്‌ച്ച മുതൽ ഏകദിന മത്സരത്തിനുള്ള ടിക്കറ്റ് എടുക്കാവുന്നതാണ്. തിരുവനന്തപുരം ജില്ലയിലെ 234 അക്ഷയ കേന്ദ്രങ്ങളിലും ഈ സംവിധാനം ലഭ്യമാണ്. 1000, 2000, 3000 എന്നിങ്ങനെയാണ് മത്സരത്തിനുള്ള ടിക്കറ്റ് നിരക്ക്. അക്ഷയ കേന്ദ്രങ്ങളിൽ പണം നൽകിയാൽ ഏകദിനത്തിന്റെ ടിക്കറ്റ് ഓൺലൈനായി ബുക്ക് ചെയ്യ്ത് നൽകും. ഇതിനായി ടിക്കറ്റ് നിരക്കിന് പുറമെ ഇമെയിൽ ഐഡിയും മൊബൈൽ നമ്പറും നൽകിയാൽ മതി.

 

Stories you may Like

കമന്റ് ബോക്‌സില്‍ വരുന്ന അഭിപ്രായങ്ങള്‍ മറുനാടന്‍ മലയാളിയുടേത് അല്ല. മാന്യമായ ഭാഷയില്‍ വിയോജിക്കാനും തെറ്റുകള്‍ ചൂണ്ടി കാട്ടാനും അനുവദിക്കുമ്പോഴും മറുനാടനെ മനഃപൂര്‍വ്വം അധിക്ഷേപിക്കാന്‍ ശ്രമിക്കുന്നവരെയും അശ്ലീലം ഉപയോഗിക്കുന്നവരെയും മറ്റു മലയാളം ഓണ്‍ലൈന്‍ ലിങ്കുകള്‍ പോസ്റ്റ് ചെയ്യുന്നവരെയും മതവൈരം തീര്‍ക്കുന്നവരെയും മുന്നറിയിപ്പ് ഇല്ലാതെ ബ്ലോക്ക് ചെയ്യുന്നതാണ് - എഡിറ്റര്‍

More News in this category+

MNM Recommends +

Go to TOP