Forex Rate:

1 usd = 76.25 inr 1 gbp = 94.16 inr 1 eur = 85.23 inr 1 aed = 20.76 inr 1 sar = 20.32 inr 1 kwd = 247.66 inr
Apr / 202425Thursday

ഇന്ത്യൻ ബൗളർമാർ ഇത്തവണ ഐ.പി.എൽ കളിക്കേണ്ടെന്ന് വിരാട് കോലി; ബാറ്റ്സ്മാന്മാർ കളിക്കുന്നത്‌കൊണ്ട് കുഴപ്പമില്ലെന്നും ഇന്ത്യൻ നായകൻ; കോലി ആവശ്യപ്പെടുന്നത് ബുംറയും ഭുവനേശ്വറും ഉൾപ്പടെയുള്ളവർ മാറി നിൽക്കണമെന്ന്; നടപ്പാക്കാൻ കഴിയില്ലെന്ന എതിർപ്പുമായി ഉപനായകൻ രോഹിത് ശർമ്മ; ബിസിസിഐ അധികൃതരും കോലിയോട് യോജിച്ചില്ല

ഇന്ത്യൻ ബൗളർമാർ ഇത്തവണ ഐ.പി.എൽ കളിക്കേണ്ടെന്ന് വിരാട് കോലി; ബാറ്റ്സ്മാന്മാർ കളിക്കുന്നത്‌കൊണ്ട് കുഴപ്പമില്ലെന്നും ഇന്ത്യൻ നായകൻ; കോലി ആവശ്യപ്പെടുന്നത് ബുംറയും ഭുവനേശ്വറും ഉൾപ്പടെയുള്ളവർ മാറി നിൽക്കണമെന്ന്; നടപ്പാക്കാൻ കഴിയില്ലെന്ന എതിർപ്പുമായി ഉപനായകൻ രോഹിത് ശർമ്മ; ബിസിസിഐ അധികൃതരും കോലിയോട് യോജിച്ചില്ല

സ്പോർട്സ് ഡെസ്‌ക്‌

മുംബൈ: ടീം ഇന്ത്യയുടെ പ്രധാന ഫാസ്റ്റ് ബൗളർമാരോട് ഇത്തവണത്തെ ഐ.പി.എല്ലിൽ നിന്ന് വിട്ടുനിൽക്കാൻ ക്യാപ്റ്റൻ വിരാട് കോലിയുടെ നിർദ്ദേശം. ഐ.പി.എല്ലിന് പിന്നാലെ ക്രിക്കറ്റ് ലോകകപ്പ് വരുന്നതിനാൽ ബൗളർമാർ വിശ്രമമെടുത്ത് പൂർണ കായികക്ഷമത കൈവരിച്ച് കളിക്കാനിറങ്ങണമെന്നാണ് ക്യാപ്റ്റന്റെ നിർദ്ദേശം. ബി.സി.സിഐ വൃത്തങ്ങളെ ഉദ്ധരിച്ച് ഇന്ത്യൻ എക്സ്പ്രസാണ് ഇക്കാര്യം റിപ്പോർട്ട് ചെയ്തിരിക്കുന്നത്.ഇക്കാര്യം സുപ്രീം കോടതി നിയമിച്ച ഭരണസമിതിയെ (സി.ഒ.എ) കോലി അറിയിച്ചിട്ടുമുണ്ട്. ഇന്ത്യയുടെ പ്രധാന ബൗളർമാരായ ജസ്പ്രീത് ബുംറ, ഭുവനേശ്വർ കുമാർ എന്നിവർ ലോകകപ്പിലെ ഇന്ത്യയുടെ നിർണായക സാന്നിധ്യമാണെന്നും അതിനാൽ തന്നെ അവർ ടിട്വന്റി ടൂർണമെന്റിൽ നിന്ന് വിട്ടുനിൽക്കണമെന്നുമാണ് കോലി ആവശ്യപ്പെട്ടിരിക്കുന്നത്. ക്യാപ്റ്റന്റെ നിർദേശത്തിൽ പക്ഷെ തീരുമാനങ്ങളൊന്നും എടുത്തിട്ടില്ല.

മെയ് 30 മുതൽ ജൂലൈ 14 വരെ ഇംഗ്ലണ്ടിലും വെയ്ൽസിലുമായാണ് അടുത്ത വർഷത്തെ ഏകദിന ലോകകപ്പ് നടക്കുന്നത്. ഏപ്രിൽ ആദ്യ ആഴ്ച ആരംഭിക്കുന്ന ഐ.പി.എൽ ടൂർണമെന്റ് മെയ് മൂന്നാമത്തെ ആഴ്ച മാത്രമേ അവസാനിക്കൂ. ഇത്തരത്തിൽ കളിക്കാരെ മാറ്റിനിർത്തുകയാണെങ്കിൽ അവർക്ക് മതിയായ നഷ്ടപരിഹാരം നൽകേണ്ടതായിവരും. ബൗളർമാരെ ഐപിഎല്ലിന്റെ ആദ്യ പകുതിയിലോ അവസാന പകുതിയിലോ മാത്രം കളിപ്പിക്കുന്ന കാര്യവും പരിഗണനയിലുണ്ട്. ഇങ്ങനെ ചെയ്താൽ കളിക്കാർക്ക് ആവശ്യമായ വിശ്രമം ലഭിക്കും.

ലോകകപ്പിന് തൊട്ടുമുൻപ് പ്രധാന ബൗളർമാർക്ക് പരിക്കേറ്റാൽ അത് ഇന്ത്യയ്ക്ക് കനത്ത തിരിച്ചടിയാകും. കളിക്കാരുടെ അഭിപ്രായം കൂടി കണക്കിലെടുത്തേ ഭരണസമിതി ഇക്കാര്യത്തിൽ അന്തിമ തീരുമാനമെടുക്കൂ. ഇക്കാര്യം നടപ്പിലാക്കുകയാണെങ്കിൽ മുംബൈ ഇന്ത്യൻസിനാണ് അത് തിരിച്ചടിയാകുക. ബുംറയുടെയും ഹാർദിക് പാണ്ഡ്യയുടെയും സേവനം അവർക്കു നഷ്ടമാകും. ബൗളർമാരുടെ കാര്യത്തിൽ നിർദേശമുണ്ടെങ്കിലും ബാറ്റ്സ്മാന്മാരുടെ കാര്യത്തിൽ ഇത്തരത്തിൽ യാതൊരു നിർദേശങ്ങളുമില്ല.

ആ യോഗത്തിൽ സന്നിഹിതനായിരുന്ന പരിമിത ഓവർ മൽസരങ്ങളിൽ ഇന്ത്യൻ ഉപനായകൻ കൂടിയായ രോഹിത് ശർമ കോഹ്‌ലിയുടെ നിർദ്ദേശത്തെ എതിർത്തതായാണ് റിപ്പോർട്ട്. മുംബൈ ഇന്ത്യൻസ് ഐപിഎല്ലിൽ മികച്ച പ്രകടനം നടത്തി മുന്നേറുകയാണെങ്കിൽ താൻ ബുംറയെ എന്തായാലും കളിപ്പിക്കുമെന്നും രോഹിത് കൂട്ടിച്ചേർത്തു.

എന്നാൽ, യോഗത്തിൽ പങ്കെടുത്തവരിൽ അധികം പേരും കോഹ്‌ലിയെ പിന്തുണച്ചില്ലെന്നാണ് റിപ്പോർട്ട്. പ്രമുഖ താരങ്ങളെ കളിപ്പിക്കാതിരിക്കാനുള്ള നിർദ്ദേശം ഐപിഎൽ ഫ്രാഞ്ചൈസികൾ അംഗീകരിക്കാൻ സാധ്യതയില്ലെന്ന് ഇവർ ചൂണ്ടിക്കാട്ടി. ജസ്പ്രീത് ബുമ്ര, ഭുവനേശ്വർ കുമാർ തുടങ്ങിയ താരങ്ങൾക്കു വിശ്രമം അനുവദിക്കണമെന്നാണ് അഭ്യർത്ഥന. ഖലീൽ അഹമ്മദ്, ഉമേഷ് യാദവ്, മുഹമ്മദ് ഷാമി തുടങ്ങിയവാണ് ലോകകപ്പിൽ ഇന്ത്യൻ പേസ് ബോളിങ് യൂണിറ്റിൽ അംഗങ്ങളാകാൻ സാധ്യതയുള്ള മറ്റു താരങ്ങൾ. അതേസമയം ബുമ്ര, ഭുവനേശ്വർ എന്നിവരൊഴികെയുള്ള താരങ്ങൾ അതാത് ഐപിഎൽ ടീമുകളിൽ എല്ലാ മൽസരങ്ങളും കളിക്കാന് സാധ്യതയുള്ളവരല്ല.

കോഹ്‌ലിയുടെ നിർദ്ദേശത്തെക്കുറിച്ച്, യോഗത്തിൽ സന്നിഹിതനായിരുന്ന രോഹിത് ശർമയോട് ഇടക്കാല ഭരണസമിതിയുടെ ചെയർമാനായ വിനോദ് റായി അഭിപ്രായം ആരാഞ്ഞു. എന്നാൽ, കോഹ്‌ലിയുടെ നിർദ്ദേശത്തെ എതിർത്തുകൊണ്ടാണ് ഐപിഎല്ലിൽ മുംബൈ ഇന്ത്യൻസിന്റെ ക്യാപ്റ്റൻ കൂടിയായ രോഹിത് സംസാരിച്ചത്.മുംബൈ ഇന്ത്യൻസ് പ്ലേ ഓഫിലോ ഫൈനലിലോ കടക്കുകയും ബുമ്ര കളിക്കാൻ സജ്ജനുമാണെങ്കിൽ വിശ്രമം അനുവദിക്കാൻ താൻ തയാറല്ല എന്നായിരുന്നു രോഹിതിന്റെ നിലപാട്.

Stories you may Like

കമന്റ് ബോക്‌സില്‍ വരുന്ന അഭിപ്രായങ്ങള്‍ മറുനാടന്‍ മലയാളിയുടേത് അല്ല. മാന്യമായ ഭാഷയില്‍ വിയോജിക്കാനും തെറ്റുകള്‍ ചൂണ്ടി കാട്ടാനും അനുവദിക്കുമ്പോഴും മറുനാടനെ മനഃപൂര്‍വ്വം അധിക്ഷേപിക്കാന്‍ ശ്രമിക്കുന്നവരെയും അശ്ലീലം ഉപയോഗിക്കുന്നവരെയും മറ്റു മലയാളം ഓണ്‍ലൈന്‍ ലിങ്കുകള്‍ പോസ്റ്റ് ചെയ്യുന്നവരെയും മതവൈരം തീര്‍ക്കുന്നവരെയും മുന്നറിയിപ്പ് ഇല്ലാതെ ബ്ലോക്ക് ചെയ്യുന്നതാണ് - എഡിറ്റര്‍

More News in this category+

MNM Recommends +

Go to TOP