Forex Rate:

1 usd = 76.25 inr 1 gbp = 94.16 inr 1 eur = 85.23 inr 1 aed = 20.76 inr 1 sar = 20.32 inr 1 kwd = 247.66 inr
Apr / 202425Thursday

ഐപിഎൽ ഫൈനലിൽ പൂണെയ്ക്ക് കന്നിക്കിരീടം 130 റൺസ് അകലെ; ക്രുനാൽ പാണ്ഡ്യ ഉറച്ചുനിന്നതോടെ നൂറുകടന്ന ആശ്വാസത്തിൽ മുംബൈ; തകർപ്പൻ ബൗളിംഗുമായി സൂപ്പർ ജയന്റ്‌സിന് കിരീടപ്രതീക്ഷ നൽകിയത് ഉനദ്ഘട്

ഐപിഎൽ ഫൈനലിൽ പൂണെയ്ക്ക് കന്നിക്കിരീടം 130 റൺസ് അകലെ; ക്രുനാൽ പാണ്ഡ്യ ഉറച്ചുനിന്നതോടെ നൂറുകടന്ന ആശ്വാസത്തിൽ മുംബൈ; തകർപ്പൻ ബൗളിംഗുമായി സൂപ്പർ ജയന്റ്‌സിന് കിരീടപ്രതീക്ഷ നൽകിയത് ഉനദ്ഘട്

ഹൈദരാബാദ്: ഐപിഎൽ ഫൈനലിൽ വൻ തകർച്ചയിലേക്ക് കൂപ്പുകുത്തിയ മുംബൈ കന്നിക്കിരീടം ലക്ഷ്യമിട്ടിറങ്ങിയ പൂനയ്ക്കുമുന്നിൽ വച്ചത് 130 റൺസിന്റെ വിജയലക്ഷ്യം. ടോസ് നേടി ബാറ്റിങ് തിരഞ്ഞെടുത്ത മുംബൈക്ക് തുടക്കംമുതൽ തകർച്ച നേരിട്ടതോടെ ഒരുഘട്ടത്തിൽ സ്‌കോർ നൂറു കടക്കുമോ എന്നുപോലും ആശങ്കയുയർന്നു.

എന്നാൽ അവസാന ഘട്ടംവരെ പിടിച്ചുനിന്ന ക്രുനാൽ പാണ്ഡ്യയാണ് (38 പന്തിൽ 47) അൽപമെങ്കിലും ഭേദപ്പെട്ട സ്‌കോർ മുംബൈക്ക് സമ്മാനിച്ചത്. പുണെ സൂപ്പർ ജയന്റിന് 130 റൺസ് വിജയലക്ഷ്യം. ടോസ് നേടി ബാറ്റിങ് തിരഞ്ഞെടുത്ത മുംബൈയ്ക്ക് എട്ടു വിക്കറ്റ് നഷ്ടത്തിൽ 129 റൺസെടുക്കാനെ കഴിഞ്ഞുള്ളൂ.

ഇന്നിങ്‌സിന്റെ മൂന്നാം ഓവറിൽ ഓപ്പണർമാരെ മടക്കിയ ജയദേവ് ഉനദ്ഘട് ആണ് മുംബൈയുടെ തകർച്ചയ്ക്കു തുടക്കമിട്ടത്. 11ാം ഓവറിൽ ക്യാപ്റ്റൻ രോഹിത് ശർമ, കീറൻ പൊള്ളാർഡ് എന്നിവരെ മടക്കിയ ആദം സാംപ അവസാനഘട്ടത്തിലും കടുത്ത പ്രഹരം നൽകി മുംബൈയ്ക്ക് തിരിച്ചുവരാനുള്ള അവസരങ്ങളും നിഷേധിച്ചു.

ഒരറ്റത്ത് വിക്കറ്റുകൾ കൊഴിയുമ്പോഴും മറുവശത്ത് ക്ഷമയോടെ കളിച്ച ക്രുനാൽ പാണ്ഡ്യയാണ് ടോപ്‌സ്‌കോറർ. ഒരു ഘട്ടത്തിൽ 100 കടക്കില്ലെന്ന് തോന്നിച്ച മുംബൈയ്ക്ക്, എട്ടാം വിക്കറ്റിൽ മിച്ചൽ ജോൺസൻക്രുനാൽ പാണ്ഡ്യ സഖ്യം കൂട്ടിച്ചേർത്ത 50 റൺസാണ് ഭേദപ്പെട്ട സ്‌കോർ സമ്മാനിച്ചത്. ഇന്നിങ്‌സിന്റെ അവസാന പന്തിൽ പുറത്തായ ക്രുനാലിന് അർധസെഞ്ചുറി നഷ്ടമായി. ജോൺസൻ 13 പന്തിൽ 12 റൺസെടുത്ത് പുറത്താകാതെ നിന്നു. പുണെയ്ക്കായി ഉനദ്ഘട്, സാംപ, ഡാൻ ക്രിസ്റ്റ്യൻ എന്നിവർ രണ്ടുവിക്കറ്റ് വീതം വീഴ്‌ത്തി.

ടോസ് നേടിയ മുംബൈ ക്യാപ്റ്റൻ രോഹിത് ശർമ ബാറ്റിങ് തിരഞ്ഞെടുക്കുകയായിരുന്നു. ഇതുവരെ നടന്ന ഒൻപത് ഐപിഎൽ ഫൈനലുകളിൽ ആറു തവണയും ആദ്യം ബാറ്റു ചെയ്ത ടീമാണ് വിജയിച്ചതെന്ന ചരിത്രത്തെ കൂട്ടുപിടിച്ചായിരുന്നു ഈ തീരുമാനം. പക്ഷേ തുടക്കം മുതലേ പിഴച്ചു. ഉനദ്ഘടെറിഞ്ഞ ആദ്യ ഓവറിൽ മൂന്നു റൺസ് നേടിയ മുംബൈയ്ക്ക്, വാഷിങ്ടൻ സുന്ദർ എറിഞ്ഞ രണ്ടാം ഓവറിൽ നേടാനായത് നാലു റൺസ് മാത്രം.

സമ്മർദ്ദത്തിലായ ഓപ്പണർമാരെ തന്റെ അടുത്ത ഓവറിൽ പുറത്താക്കിയ ഉനദ്ഘട് പുണെയ്ക്ക് സമ്മാനിച്ചത് ആവേശോജ്വല തുടക്കം. മൂന്നാം ഓവറിന്റെ ആദ്യ പന്തിൽ പാർഥിവ് പട്ടേലിനെ ഷാർദുൽ താക്കൂറിന്റെ കൈകളിലെത്തിച്ച ഉനദ്ഘട്, മൂന്നാം പന്തിൽ ലെൻഡ്ൽ സിമ്മൺസിനെ അവിശ്വസനീയമായ ക്യാച്ചിലൂടെ മടക്കി. ഇതോടെ രണ്ടു വിക്കറ്റിന് എട്ടു റൺസ് എന്ന നിലയിലായി മുംബൈ.

ലോക്കി ഫെർഗൂസൺ എറിഞ്ഞ ആറാം ഓവറിൽ നാല് ബൗണ്ടറികൾ കണ്ടെത്തിയ ക്യാപ്റ്റൻ രോഹിത് ശർമ മുംബൈയെ മൽസരത്തിലേക്കു മടക്കിക്കൊണ്ടുവന്നെങ്കിലും, എട്ടാം ഓവറിന്റെ രണ്ടാം പന്തിൽ സ്റ്റീവ് സ്മിത്തിന്റെ നേരിട്ടുള്ള ഏറിൽ അമ്പാട്ടി റായിഡുവും കൂടാരം കയറിയതോടെ മുംബൈ വീണ്ടും തകർന്നു. 15 പന്തിൽ 12 റൺസായിരുന്നു പുറത്താകുമ്പോൾ റായിഡുവിന്റെ സമ്പാദ്യം.

11ാം ഓവറിൽ ഇരട്ടുവിക്കറ്റുമായി ആദം സാംപയും വരവറിയിച്ചതോടെ മുംബൈ പരുങ്ങി. ആദ്യ പന്തിൽ രോഹിത് ശർമയെ (22 പന്തിൽ 24) മടക്കിയ സാംപ, അവസാന ഓവറിൽ പൊള്ളാർഡിനെയും (മൂന്നു പന്തിൽ ഏഴ്) പുറത്താക്കി. 14ാം ഓവറിൽ ഹാർദിക് പാണ്ഡ്യയെ ഡാൻ ക്രിസ്റ്റ്യൻ എൽബിയിൽ കുരുക്കിയതോടെ പുണെ പിടി മുറുക്കി. തൊട്ടടുത്ത ഓവറിൽ റണ്ണൗട്ടിലൂടെ കാൺ ശർമയും (അഞ്ചു പന്തിൽ ഒന്ന്) മടങ്ങി. തുടർന്നായിരുന്നു മുംബൈയെ താങ്ങിനിർത്തിയ ജോൺസൻക്രുനാൽ കൂട്ടുകെട്ടിന്റെ തുടക്കം. 5.5 ഓവർ ക്രീസിൽ നിന്ന ഇരുവരും ഇന്നിങ്‌സിലെ ഏക അർധസെഞ്ചുറി കൂട്ടുകെട്ടും കണ്ടെത്തി.

Stories you may Like

കമന്റ് ബോക്‌സില്‍ വരുന്ന അഭിപ്രായങ്ങള്‍ മറുനാടന്‍ മലയാളിയുടേത് അല്ല. മാന്യമായ ഭാഷയില്‍ വിയോജിക്കാനും തെറ്റുകള്‍ ചൂണ്ടി കാട്ടാനും അനുവദിക്കുമ്പോഴും മറുനാടനെ മനഃപൂര്‍വ്വം അധിക്ഷേപിക്കാന്‍ ശ്രമിക്കുന്നവരെയും അശ്ലീലം ഉപയോഗിക്കുന്നവരെയും മറ്റു മലയാളം ഓണ്‍ലൈന്‍ ലിങ്കുകള്‍ പോസ്റ്റ് ചെയ്യുന്നവരെയും മതവൈരം തീര്‍ക്കുന്നവരെയും മുന്നറിയിപ്പ് ഇല്ലാതെ ബ്ലോക്ക് ചെയ്യുന്നതാണ് - എഡിറ്റര്‍

More News in this category+

MNM Recommends +

Go to TOP