Forex Rate:

1 usd = 76.25 inr 1 gbp = 94.16 inr 1 eur = 85.23 inr 1 aed = 20.76 inr 1 sar = 20.32 inr 1 kwd = 247.66 inr
Apr / 202420Saturday

ഐപിഎൽ വാതുവെയ്‌പ്പ്: ചെന്നൈ സൂപ്പർ കിങ്‌സിന്റെ അംഗീകാരം റദ്ദാക്കണമെന്ന് സുപ്രീം കോടതി; കൂടുതൽ അന്വേഷണം ആവശ്യമില്ലെന്നും കോടതി; ധോണിയും സംശയ നിഴലിൽ

ഐപിഎൽ വാതുവെയ്‌പ്പ്: ചെന്നൈ സൂപ്പർ കിങ്‌സിന്റെ അംഗീകാരം റദ്ദാക്കണമെന്ന് സുപ്രീം കോടതി; കൂടുതൽ അന്വേഷണം ആവശ്യമില്ലെന്നും കോടതി; ധോണിയും സംശയ നിഴലിൽ

ന്യൂഡൽഹി: ഐപിഎല്ലിൽ നിന്നും മഹേന്ദ്ര സിങ് ധോണിയും കൂട്ടരും പുറത്തായേക്കും. ധോണി ക്യാപ്ടനായ ചെന്നൈ സൂപ്പർ കിങ്‌സ് ടീമിന്റെ അംഗീകാരം റദ്ദാക്കണമെന്ന് സുപ്രീംകോടതി ഉത്തരവിട്ടതാണ് ധോണിക്കും കൂട്ടർക്കും തിരിച്ചടിയായത്. ഇക്കാര്യത്തിൽ കൂടുതൽ അന്വേഷണം ആവശ്യമില്ലെന്നും കോടതി വ്യക്തമാക്കി. എൻ ശ്രീനിവാസന്റെ ഉടമസ്ഥതയിലുള്ള ചെന്നൈ സൂപ്പർ കിങ്‌സി വാതുവെയ്‌പ്പിൽ പങ്കാളികളായിട്ടുണ്ടെന്ന് നേരത്തെ അന്വേഷണത്തിൽ വ്യക്തമായിരുന്നു.

വാതുവെപ്പു കേസിൽ സുപ്രീം കോടതിയിൽ വാദം തുടരവെ മുകുൾ മുദ്ഗൽ കമ്മിറ്റി റിപ്പോർട്ടിന്റെ അടിസ്ഥാനത്തിലാണ് കോടതി ചെന്നൈയുടെ അംഗീകാരം റദ്ദാക്കണമെന്ന് ആവശ്യപ്പെട്ടത്. അംഗീകാരം റദ്ദാക്കാനാവശ്യമായ തെളിവുകൾ മുദ്ഗൽ കമ്മിറ്റി റിപ്പോർട്ടിലുണ്ടെന്നും സുപ്രീംകോടതി നിരീക്ഷിച്ചു.ഇതിന്റെ അടിസ്ഥാനത്തിൽ നടപടിയെടുക്കണമെന്ന് ആവശ്യപ്പെട്ട കോടതി ബോർഡ് അധ്യക്ഷ തെരഞ്ഞെടുപ്പ് ഉടൻ നടത്താൻ ബി.സി.സി.ഐയോട് നിർദ്ദേശിച്ചു. ചെന്നൈ സൂപ്പർ കിങ്‌സ്, രാജസ്ഥാൻ റോയൽസ് ടീമുകളുടെ അംഗീകാരം റദ്ദാക്കണം എന്നാവശ്യപ്പെട്ടുള്ള ഹർജി പരിഗണിക്കുകയായിരുന്നു കോടതി. ആരാണ് ചെന്നൈ ടീമിന് നേതൃത്വം നൽകുന്നതെന്ന് സുപ്രീംകോടതി ചോദിച്ചു.

കോഴക്കേസ് അന്വേഷിച്ച മുദ്ഗൽ കമ്മിറ്റി ചെന്നൈ സൂപ്പർ കിങ്‌സ് ഉടമ ഗുരുനാഥ് മെയ്യപ്പന്റെ പങ്ക് വ്യക്തമാക്കുന്ന തെളിവുകൾ കണ്‌ടെത്തിയിരുന്നു. ക്രമക്കേട് കണ്‌ടെത്തിയ സാഹചര്യത്തിൽ ചെന്നൈയ്ക്ക് ഐപിഎല്ലിൽ തുടരാൻ കഴിയില്ല. മെയ്യപ്പൻ ഉടമയല്ല ഒരു ക്രിക്കറ്റ് പ്രേമി മാത്രമാണെന്ന മുൻ ബിസിസിഐ അധ്യക്ഷൻ എൻ.ശ്രീനിവാസന്റെ വാദം അംഗീകരിക്കാൻ കഴിയില്ലെന്നും മെയ്യപ്പനാണ് ടീമിനെ നിയന്ത്രിച്ചിരുന്നതെന്നും കോടതി നിരീക്ഷിച്ചു. കോഴക്കേസ് അന്വേഷണം നേരിടുന്നവരെ തെരഞ്ഞെടുപ്പിൽ നിന്നും വിലക്കാൻ ബിസിസിഐ തയാറാകണമെന്നും കോടതി നിരീക്ഷിച്ചു.

ചെന്നൈ സൂപ്പർകിങ്‌സ് ടീമിന്റെ ഓഹരിഘടന സംബന്ധിച്ച വിവരങ്ങൾ വിശദമായി ഹാജരാക്കാനും കോടതി നിർദ്ദേശിച്ചു. ടീമിന്റെ ഉടമയും അന്തരാഷ്ട്ര ക്രിക്കറ്റ് കൗൺസിൽ ചെയർമാനുമായ എൻ.ശ്രീനിവാസന്റെ ഇന്ത്യ സിമന്റിസിന് ടീമിൽ എത്ര പങ്കാളിത്തം ഉണ്ടെന്നും വ്യക്തമാക്കണം. ശ്രീനിവാസന് മാത്രമല്ല, കുടുംബാംഗങ്ങൾക്കോ മറ്റോ ഓഹരി പങ്കാളിത്തമോ ഉണ്ടെങ്കിൽ അതും വ്യക്തമാക്കേണ്ടി വരും. വിശദവിവരങ്ങൾ സത്യവാങ്മൂലമായി കോടതിയെ അറിയിക്കണം. ടീമിന്റെ യഥാർത്ഥ ഉടമസ്ഥർ ആരാണെന്ന് അറിയാൻ ഇതിലൂടെ കഴിയുമെന്ന് ജസ്റ്റീസുമാരായ ടി.എസ്.ഠാക്കൂർ, എഫ്.എം.ഖലീഫുള്ള എന്നിവരടങ്ങിയ ഡിവിഷൻ ബെഞ്ച് പറഞ്ഞു.

ഇന്ത്യൻ ക്യാപ്റ്റൻ മഹേന്ദ്ര സിങ് ധോണിക്കെതിരെയും കോടതി പരാമർശം ഉണ്ടായി. ഇന്ത്യാ സിമന്റ്‌സിൽ ധോണി പ്രധാന സ്ഥാനമാണ് വഹിക്കുന്നത്. ഇത് ഗൗരവമേറിയ വിഷയമാണ്. നിരവധി ആരോപണങ്ങൾ ചെന്നൈ ടീമിനെതിരെ ഉയർന്നിട്ടുണ്ട്. ശ്രീനിവാസനാണ് ഇന്ത്യാ സിമന്റ്‌സിന്റെ മാനേജിങ് ഡയറക്ടർ. ചെന്നൈ ടീം ക്യാപ്റ്റൻ എം.എസ്. ധോണി കമ്പനി വൈസ് പ്രസിഡന്റുമാണ്. ഇന്ത്യാ സിമന്റസ് 400 കോടി രൂപ ചെന്നൈ ടീമിന് വേണ്ടി മുടക്കിയിരിക്കുന്നു. ഇത്രയധികം പണം മുടക്കാൻ ഡയറക്ടർ ബോർഡിലെ ആരാണ് അവർക്ക് നിർദ്ദേശം നൽകിയത്. ബിസിസിഐ അധ്യക്ഷനായിരിക്കെ ശ്രീനിവാസൻ ഐപിഎൽ ടീം സ്വന്തമാക്കിയത് ശരിയാണോ എന്നും കോടതി ആരാഞ്ഞു.

കോടതി നിരീക്ഷണം ചെന്നൈ സൂപ്പർ കിങ്‌സ് ഉടമയും മുൻ ബിസിസിഐ അധ്യക്ഷനുമായ ശ്രീനിവാസന് കനത്ത തിരിച്ചടിയാവും. ബിസിസിഐ അധ്യക്ഷ സ്ഥാനത്ത് വീണ്ടുമെത്താൻ തയ്യാറെടുക്കുന്നതിനിടെയാണ് ശ്രീനിവാസനും ചെന്നൈയ്ക്കും എതിരായ കോടതി പരാമർശം. ശ്രീനിവാസന്റെ മരുമകൻ ഗുരുനാഥ് മെയ്യപ്പൻ ഒത്തുകളിച്ചതായി തെളിഞ്ഞിട്ടില്ലെങ്കിലും പൂർണമായി കുറ്റവിമുക്തനാക്കിയിട്ടില്ല. എന്നാൽ മെയ്യപ്പനും ചില താരങ്ങളും വാതുവെയ്പ് നടത്തുന്ന കാര്യം അറിയാമായിരുന്നുവെങ്കിലും ഇക്കാര്യം ശ്രീനിവാസൻ മറച്ചുവച്ചതായും മുദ്ഗൽ കമ്മിറ്റി കണ്ടെത്തിയിട്ടുണ്ട്.

ചെന്നൈയ്ക്ക് ഒപ്പം രാജസ്ഥാൻ റോയൽസിന്റെ ഐപിഎൽ പങ്കാളിത്തവും പരുങ്ങലിലാണ്. രാജസ്ഥാന്റെ സഹഉടമ രാജ് കുന്ദ്രയ്ക്കും ഐപിഎൽ കോഴയിൽ പങ്കുണ്‌ടെന്ന് മുദ്ഗൽ കമ്മിറ്റി കണ്‌ടെത്തിയിരുന്നു. മുദ്ഗൽ കമ്മിറ്റി റിപ്പോർട്ടിലെ കളിക്കാരുടെ പേര് വെളിപ്പെടുത്തണമെന്ന ക്രിക്കറ്റ് അസോസിയേഷൻ ഓഫ് ബിഹാറിന്റെ ആവശ്യം കഴിഞ്ഞ ദിവസം കോടതി തള്ളിയിരുന്നു. വാദം പൂർത്തിയായ ശേഷം ഇത് പരിഗണിക്കാമെന്ന് കോടതി അറിയിച്ചിട്ടുണ്ട്.

Stories you may Like

കമന്റ് ബോക്‌സില്‍ വരുന്ന അഭിപ്രായങ്ങള്‍ മറുനാടന്‍ മലയാളിയുടേത് അല്ല. മാന്യമായ ഭാഷയില്‍ വിയോജിക്കാനും തെറ്റുകള്‍ ചൂണ്ടി കാട്ടാനും അനുവദിക്കുമ്പോഴും മറുനാടനെ മനഃപൂര്‍വ്വം അധിക്ഷേപിക്കാന്‍ ശ്രമിക്കുന്നവരെയും അശ്ലീലം ഉപയോഗിക്കുന്നവരെയും മറ്റു മലയാളം ഓണ്‍ലൈന്‍ ലിങ്കുകള്‍ പോസ്റ്റ് ചെയ്യുന്നവരെയും മതവൈരം തീര്‍ക്കുന്നവരെയും മുന്നറിയിപ്പ് ഇല്ലാതെ ബ്ലോക്ക് ചെയ്യുന്നതാണ് - എഡിറ്റര്‍

More News in this category+

MNM Recommends +

Go to TOP