Forex Rate:

1 usd = 76.25 inr 1 gbp = 94.16 inr 1 eur = 85.23 inr 1 aed = 20.76 inr 1 sar = 20.32 inr 1 kwd = 247.66 inr
Apr / 202417Wednesday

സാക്ഷാൽ സച്ചിനു പോലും എത്തിപ്പിടിക്കാനാകാത്ത ടെസ്റ്റ് ട്രിപ്പിൾ വെറും മൂന്നാം ടെസ്റ്റിൽ സ്വന്തമാക്കി മലയാളി താരം കരുൺ നായർ; വിരേന്ദർ സെവാഗിനു പിന്നാലെ ഈ നേട്ടത്തിലെത്തുന്ന ആദ്യ ഇന്ത്യൻ താരം; സ്വപ്‌നതുല്യമായ ഇന്നിങ്‌സിലേക്കു ബൗണ്ടറി പായിച്ചു കരുൺ നായർ നടന്നു കയറിയത് ഇതിഹാസ താരങ്ങളുടെ പട്ടികയിലേക്ക്; ചെന്നൈ ടെസ്റ്റിൽ ഇന്ത്യക്കു റെക്കോർഡ് സ്‌കോർ

സാക്ഷാൽ സച്ചിനു പോലും എത്തിപ്പിടിക്കാനാകാത്ത ടെസ്റ്റ് ട്രിപ്പിൾ വെറും മൂന്നാം ടെസ്റ്റിൽ സ്വന്തമാക്കി മലയാളി താരം കരുൺ നായർ; വിരേന്ദർ സെവാഗിനു പിന്നാലെ ഈ നേട്ടത്തിലെത്തുന്ന ആദ്യ ഇന്ത്യൻ താരം; സ്വപ്‌നതുല്യമായ ഇന്നിങ്‌സിലേക്കു ബൗണ്ടറി പായിച്ചു കരുൺ നായർ നടന്നു കയറിയത് ഇതിഹാസ താരങ്ങളുടെ പട്ടികയിലേക്ക്; ചെന്നൈ ടെസ്റ്റിൽ ഇന്ത്യക്കു റെക്കോർഡ് സ്‌കോർ

ചെന്നൈ: മലയാളിതാരം കരുൺ നായർ ലോകത്തിന്റെ നെറുകയിൽ. ഇംഗ്ലണ്ടിനെതിരായ അഞ്ചാം ക്രിക്കറ്റ് ടെസ്റ്റിൽ ട്രിപ്പിൾ സെഞ്ച്വറി നേടിയാണു കരുൺ നായർ ചരിത്രം രചിച്ചത്. ഇന്ത്യൻ കളിക്കാരിൽ വിരേന്ദർ സെവാഗിനു പിന്നാലെ ട്രിപ്പിൾ തികയ്ക്കുന്ന ബാറ്റ്‌സ്മാനെന്ന ഖ്യാതിയും കരുൺ നായർ സ്വന്തമാക്കി.

381 പന്തിലാണ് കരുണിന്റെ ആദ്യ ട്രിപ്പിൾ പിറന്നത്. ആദിൽ റഷീദിനെ കവറിലൂടെ ബൗണ്ടറി പായിച്ചാണു കരുൺ ട്രിപ്പിൾ സെഞ്ച്വറി നേട്ടത്തിൽ എത്തിയത്. 32 ബൗണ്ടറിയും നാലു സിക്‌സും കരുണിന്റെ ബാറ്റിൽ നിന്നു പിറന്നു. മൂന്നാം ടെസ്റ്റു കളിക്കുന്ന കരുണിന്റെ ആദ്യ സെഞ്ച്വറി നേട്ടം കൂടിയാണിത്. ആദ്യ ടെസ്റ്റ് സെഞ്ച്വറി ട്രിപ്പിളിൽ എത്തിക്കുന്ന ലോകത്തെ തന്നെ മൂന്നാമത്തെ കളിക്കാരനെന്ന റെക്കോർഡും കരുണിനു സ്വന്തമായി.

ടെസ്റ്റ് ക്രിക്കറ്റിൽ സെഞ്ച്വറി നേടുന്ന ആദ്യ മലയാളിതാരമെന്ന ബഹുമതിക്കും കരുൺ അർഹനായിരുന്നു. ജന്മം കൊണ്ടു മലയാളിയാണെങ്കിലും കരുൺ രഞ്ജി ട്രോഫിയിൽ കർണാടകത്തിന്റെ താരമാണ്. ഇന്ത്യ എ, ഡൽഹി ഡെയർഡെവിൾസ്, രാജസ്ഥാൻ റോയൽസ്, റോയൽ ചലഞ്ചേഴ്‌സ് ബാംഗ്ലൂർ എന്നീ ടീമുകൾക്കു വേണ്ടിയും മികച്ച പ്രകടനം നടത്തിയിട്ടുള്ള കരുൺ ഇന്ത്യൻ ടീമിൽ സ്ഥാനമുറപ്പിക്കും വിധമുള്ള പ്രകടനമാണു ചെന്നൈ ടെസ്റ്റിൽ നടത്തിയത്. കരുണിന്റെ സ്വപ്‌ന തുല്യമായ നേട്ടത്തിന്റെ മികവിൽ ഇന്ത്യ ഇംഗ്ലണ്ടിനെതിരെ ഒന്നാം ഇന്നിങ്‌സ് ലീഡും സ്വന്തമാക്കി.

185 പന്തിൽ നിന്നാണ് കരുൺ സെഞ്ചുറിയിലെത്തിയത്. ആദ്യ സെഞ്ച്വറി തന്നെ ഇരട്ടസെഞ്ച്വറി നേട്ടത്തിലെത്തിച്ചത് നേരിട്ട 306-ാം പന്തിലാണ്. ജെന്നിങ്‌സിനെ ബൗണ്ടറി പായിച്ചാണു ഇരട്ടസെഞ്ച്വറി നേട്ടത്തിൽ കരുൺ എത്തിയത്. 381-ാം പന്തിൽ ബൗണ്ടറിയിലൂടെ തന്നെ ട്രിപ്പിളും നേടി.

ഇംഗ്‌ളണ്ട് ഉയർത്തിയ 477 റൺസ് പിന്തുടർന്ന ഇന്ത്യ, കരുണിന്റെ ട്രിപ്പിളിനു പിന്നാലെ, ഏഴിന് 759 എന്ന നിലയിൽ ഇന്നിങ്‌സ് ഡിക്ലയർ ചെയ്തു. ഒന്നാമിന്നിങ്ങ്‌സിൽ ഇന്ത്യക്ക് 282 റൺസ് ലീഡു ലഭിക്കുകയും ചെയ്തു. മൂന്നാം ദിനം കളി നിർത്തുമ്പോൾ ഇന്ത്യ ഒന്നാം ഇന്നിങ്‌സിൽ നാലു വിക്കറ്റ് നഷ്ടത്തിൽ 391 എന്ന നിലയിലായിരുന്നു. 199 റൺസ് നേടിയ ലോകേഷ് രാഹുലിന്റെ മികവിലാണ് ഇന്ത്യ മികച്ച സ്‌കോറിലേക്ക് എത്തിയത്. ഇന്ത്യയുടെ ഏറ്റവും ഉയർന്ന ടെസ്റ്റ് സ്‌കോർ കൂടിയാണിത്.

നേരത്തെ, ഇതിഹാസതാരം വിരേന്ദർ സെവാഗ് രണ്ടു തവണ ട്രിപ്പിൾ സെഞ്ച്വറി നേട്ടത്തിൽ എത്തിയിരുന്നു. മുൾട്ടാനിൽ പാക്കിസ്ഥാനെതിരെ 2004ലായിരുന്നു സെവാഗിന്റെ ആദ്യ ടെസ്റ്റ് ട്രിപ്പിൾ സെഞ്ച്വറി. ഇന്ത്യൻ താരത്തിന്റെ ആദ്യ ട്രിപ്പിളും ഇതായിരുന്നു. 304 റൺസാണ് അന്നു സെവാഗ് നേടിയത്. 2008ൽ ദക്ഷിണാഫ്രിക്കയ്ക്ക് എതിരെയായിരുന്നു സെവാഗിന്റെ രണ്ടാം ട്രിപ്പിൾ. ഇതു പിറന്നതും ചെന്നൈ എം എ ചിദംബരം സ്റ്റേഡിയത്തിലായിരുന്നു. 319 റൺസാണ് അന്ന് ദക്ഷിണാഫ്രിക്കയ്‌ക്കെതിരെ സെവാഗ് അടിച്ചുകൂട്ടിയത്.

ചെന്നൈയിൽ ഇംഗ്ലണ്ടിനെതിരായ ട്രിപ്പിൾ സെഞ്ച്വറി നേട്ടത്തിലൂടെ കരുൺ നായർ ഇതിഹാസതാരങ്ങൾക്കൊപ്പം ഇടം പിടിച്ചിരിക്കുകയാണ്. ഡൊണാൾഡ് ബ്രാഡ്മാൻ, ബ്രയൻ ലാറ, മാത്യു ഹെയ്ഡൻ, മഹേല ജയവർധന, ഗാരി സോബേഴ്‌സ്, ലെൻ ഹട്ടൻ, സനത് ജയസൂര്യ, ഹനീഫ് മുഹമ്മദ്, വാലി ഹാമൻഡ്, മാർക്ക് ടെയ്‌ലർ, ഗ്രഹാം ഗൂച്ച്, ഇൻസമാം ഉൾ ഹഖ്, ആൻഡി സാന്തം, ക്രിസ് ഗെയ്ൽ, ബോബ് സിംപ്‌സൺ, ജോൺ എഡ്രിച്ച്, ബോബ് കൗപ്പർ, ലോറൻസ് റോവ് എന്നിവരാണ് ഇതിനു മുമ്പ് ടെസ്റ്റ് ട്രിപ്പിൾ നേടിയ താരങ്ങൾ.

Stories you may Like

കമന്റ് ബോക്‌സില്‍ വരുന്ന അഭിപ്രായങ്ങള്‍ മറുനാടന്‍ മലയാളിയുടേത് അല്ല. മാന്യമായ ഭാഷയില്‍ വിയോജിക്കാനും തെറ്റുകള്‍ ചൂണ്ടി കാട്ടാനും അനുവദിക്കുമ്പോഴും മറുനാടനെ മനഃപൂര്‍വ്വം അധിക്ഷേപിക്കാന്‍ ശ്രമിക്കുന്നവരെയും അശ്ലീലം ഉപയോഗിക്കുന്നവരെയും മറ്റു മലയാളം ഓണ്‍ലൈന്‍ ലിങ്കുകള്‍ പോസ്റ്റ് ചെയ്യുന്നവരെയും മതവൈരം തീര്‍ക്കുന്നവരെയും മുന്നറിയിപ്പ് ഇല്ലാതെ ബ്ലോക്ക് ചെയ്യുന്നതാണ് - എഡിറ്റര്‍

More News in this category+

MNM Recommends +

Go to TOP