Forex Rate:

1 usd = 76.25 inr 1 gbp = 94.16 inr 1 eur = 85.23 inr 1 aed = 20.76 inr 1 sar = 20.32 inr 1 kwd = 247.66 inr
Apr / 202416Tuesday

ഇന്ത്യൻ ടീമിൽ സഞ്ജു എത്തില്ലെന്ന് ഉറപ്പാക്കാൻ വീണ്ടും കള്ളക്കളിയുമായി കെ സി എ; ജൂനിയർ താരത്തെ പച്ചത്തെറി വിളിച്ചെന്ന ആരോപണത്തിൽ ക്യാപ്ടൻ സച്ചിൻ ബേബിയ്‌ക്കെതിരെ നടപടിയെടുക്കില്ല; 13 കളിക്കാർക്ക് കാരണം കാണിക്കൽ നോട്ടീസ് നൽകിയത് പ്ലയേഴ്‌സ് അസോസിയേഷൻ എന്ന ആവശ്യം അട്ടിമറിക്കാനുള്ള ഗൂഡ നീക്കം; കളിക്കാരെ ഇല്ലായ്മ ചെയ്യാൻ അസോസിയേഷന്റെ നീങ്ങുന്നത് അഴിമതി മറയ്ക്കാനെന്നും ആരോപണം

ഇന്ത്യൻ ടീമിൽ സഞ്ജു എത്തില്ലെന്ന് ഉറപ്പാക്കാൻ വീണ്ടും കള്ളക്കളിയുമായി കെ സി എ; ജൂനിയർ താരത്തെ പച്ചത്തെറി വിളിച്ചെന്ന ആരോപണത്തിൽ ക്യാപ്ടൻ സച്ചിൻ ബേബിയ്‌ക്കെതിരെ നടപടിയെടുക്കില്ല; 13 കളിക്കാർക്ക് കാരണം കാണിക്കൽ നോട്ടീസ് നൽകിയത് പ്ലയേഴ്‌സ് അസോസിയേഷൻ എന്ന ആവശ്യം അട്ടിമറിക്കാനുള്ള ഗൂഡ നീക്കം; കളിക്കാരെ ഇല്ലായ്മ ചെയ്യാൻ അസോസിയേഷന്റെ നീങ്ങുന്നത് അഴിമതി മറയ്ക്കാനെന്നും ആരോപണം

മറുനാടൻ മലയാളി ബ്യൂറോ

തിരുവനന്തപുരം: സഞ്ജു സാംസണെ ഇന്ത്യൻ ക്യാമ്പിൽ നിന്ന് പുറത്താക്കാൻ കേരളാ ക്രിക്കറ്റ് അസോസിയേഷൻ ബിസിസിഐയ്ക്ക് കത്ത് നൽകും. കേരളത്തിലെ കളിക്കാർക്കിടയിൽ ഭിന്നതയുണ്ടാക്കാൻ ശ്രമിക്കുന്നത് സഞ്ജുവാണെന്ന് കേരളാ ക്രിക്കറ്റ് അസോസിയഷൻ ആരോപണം ഉന്നയിക്കും. അതിനിടെ ജൂനിയർ കളിക്കാരനെ ക്യാപ്ടൻ സച്ചിൻ ബേബി അസഭ്യം പറഞ്ഞതിനെ തുടർന്നാണ് ടീമിൽ പ്രശ്‌നങ്ങളുണ്ടായതെന്നാണ് സൂചന. ജൂനിയർ താരങ്ങളെ നിരന്തരം ക്യാപ്ടൻ അസഭ്യം പറഞ്ഞപ്പോൾ അത് ടീമിൽ പൊട്ടിത്തെറിയുണ്ടായി. ഇത് കേരളാ ക്രിക്കറ്റ് അസോസിയേഷനെ രേഖമൂലം അറിയിക്കാനും ചർച്ചകൾക്കുമാണ് താരങ്ങൾ കത്തെഴുതിയത്. എന്നാൽ ഈ നീക്കത്തെ ഉപയോഗിച്ച് സഞ്ജു വി സാംസണെ ക്രിക്കറ്റിൽ നിന്ന് പുറത്താക്കാനാണ് കെസിഎയുടെ നീക്കം.

ശ്രീലങ്കയിലെ കേരളാ ക്രിക്കറ്റ് ടീമിന്റെ പര്യടനത്തിനിടെയാണ് ജൂനിയർ താരങ്ങളോട് ക്യാപ്ടൻ സച്ചിൻ ബേബി അപമര്യാധയായി പെരുമാറിയത്. ജാതി വിളിച്ചു പോലും അധിക്ഷേപിച്ചതായി പരാതിയുണ്ട്. ഇതാണ് സീനിയർ താരങ്ങൾക്ക് മുമ്പിൽ പരാതിയായി എത്തിയത്. ഇതോടെയാണ് കാര്യങ്ങൾ കെസിഎയെ അറിയിക്കാൻ കത്ത് എഴുതൽ നടത്തിയത്. എന്നാൽ ഈ കത്ത് ഒരു അവസരത്തിൽ ചോർന്നു. ഇതിന് പിന്നിൽ കളിക്കാരാണെന്ന് ആരോപിച്ചാണ് കെസിഎ സഞ്ജുവിനെ വെട്ടി നിരത്താൻ ഒരുങ്ങുന്നത്. ശ്രീലങ്കയിൽ വച്ചെഴുതിയ കത്ത് ദിവസങ്ങൾക്ക് ശേഷമാണ് പുറത്തായത്. അതും സച്ചിൻ ബേബി കർണ്ണാടകയിലെ ടൂർണ്ണമെന്റിൽ സെഞ്ച്വറി നേടിയ ശേഷവും. സച്ചിൻ ബേബിയെ രക്ഷിക്കാനും പീഡനത്തിന് ഇരയായ താരങ്ങളെ ബലിയാടാക്കാനുമാണ് കേരളാ ക്രിക്കറ്റ് അസോസിയേഷനിൽ ശ്രമം നടക്കുന്നത്.

ക്യാപ്റ്റൻ സ്ഥാനത്ത് മറ്റൊരാൾ വരണമെന്നും ഇക്കാര്യത്തിൽ മാനേജ്മെന്റ് ഉടൻ തീരുമാനം എടുക്കണമെന്നമായിരുന്നു കത്തിലൂടെ താരങ്ങൾ ആവശ്യപ്പെട്ടത്. കൂട്ടയായ ചർച്ചയ്ക്ക് അതീവ രഹസ്യമായി നൽകിയ കത്ത് ചോർന്നു. ഇതോടെയാണ് വിവാദം ശക്തമാകുന്നത്. സഞ്ജുവിനെ ലക്ഷ്യമിട്ട് നടന്ന ഗൂഢാലോചനയുടെ ഫലമായിരുന്നു കത്ത് ചോർച്ച. കേരളാ ക്രിക്കറ്റിലെ അഴിമതി ആരോപണങ്ങൾ വഴി തിരിച്ചു വിടാനുള്ള തന്ത്രപരമായ നീക്കം കൂടിയായിരുന്നു ഇത്. പ്ലയേഴ്‌സ് അസോസിയേഷൻ എന്ന ആവശ്യം കേരളത്തിലെ താരങ്ങൾ മുന്നോട്ട് വച്ചിരുന്നു. ഇതിനെ പൊളിക്കാനും കളിക്കാരുടെ കത്ത് പുറത്തുവിട്ടവർക്ക് കഴിഞ്ഞു. അസോസിയേഷൻ ഉണ്ടായാൽ കേരളാ ക്രിക്കറ്റിൽ കൂടുതൽ അച്ചടക്ക ലംഘനമുണ്ടാകുമെന്നാണ് അസോസിയേഷൻ തലപ്പത്തുള്ളവരുടെ പുതിയ ന്യായം.

ശ്രീലങ്കൻ പര്യടനത്തിലെ കേരളാ ടീമിൽ 16പേരാണുണ്ടായിരുന്നത്. ഇതിൽ പതിനഞ്ച് കളിക്കാരുടെ പേര് കത്തിലുണ്ട്. രണ്ട് പേർ പക്ഷേ ഒപ്പിട്ടില്ല. ഇവർ കേരളാ ക്രിക്കറ്റ് അസോസിയേഷൻ സെക്രട്ടറി ശ്രീജിത്തിന്റെ വിശ്വസ്തരാണ്. ശ്രീജിത്ത് സമ്മതിക്കാത്തതു കൊണ്ട് മാത്രമാണ് ഇവർ ഒപ്പിടാത്തതെന്നാണ് സൂചന. അതുകൊണ്ട് തന്നെ കത്തിടൽ വിഷയം കളിക്കാർ ഒപ്പിടും മുമ്പ് തന്നെ ശ്രീജിത്ത് അറിഞ്ഞിരുന്നുവെന്നും വ്യക്തമാണ്. എന്നാൽ കളിക്കാരുടെ പ്രശ്‌നത്തിൽ ഇടപെടാതെ മൗനം പാലിക്കുകയും ടീമിലെ കലാപാന്തരീക്ഷം വളർത്തുകയുമാണ് ശ്രീജിത്ത് ചെയ്തതെന്നും ആരോപണമുണ്ട്. സഞ്ജുവിനെ കേരളാ ടീമിൽ നിന്ന് പുറത്താക്കുകയും ദേശീയ തലത്തിലെ സാധ്യതകൾ ഇല്ലാതാക്കുകയുമാണ് ലക്ഷ്യം. ഇതിന് പിന്നിൽ കെസിഎയുടെ മുൻ സെക്രട്ടറി ജയേഷ് ജോർജാണെന്നും ആരോപണമുണ്ട്.

ഈ മാസം 11ന് കളിക്കാരെ കെസിഎ ഓഫീസിലേക്ക് വിളിച്ചു വരുത്തിയിരുന്നു. എല്ലാവരിൽ നിന്നും വിശദീകരണവും തേടി. അന്ന് ക്യാപ്ടൻ സച്ചിൻ ബേബിക്കെതിരെ എല്ലാ പരാതിയും കളിക്കാർ മുന്നോട്ട് വയ്ക്കുകയും ചെയ്തു. ഈ പരാതികളിൽ സച്ചിൻ ബേബിയിൽ നിന്ന് കെസിഎ വിശദീകരണം ചോദിക്കുന്നില്ല. അന്ന് ചർച്ചകളിൽ കെ സി എയുടെ ഭാരവാഹികൾക്കൊപ്പം ജയേഷ് ജോർജും കളിക്കാരെ ചോദ്യം ചെയ്യാൻ കെ സി എ ആസ്ഥാനത്തുണ്ടായിരുന്നു. പല താരങ്ങളേയും ഭീഷണിപ്പെടുത്തി സഞ്ജുവിനെതിരെ പരാതി എഴുതി വാങ്ങിയെന്നും സൂചനയുണ്ട്. കേരളാ ക്രിക്കറ്റിൽ ഇനി സഞ്ജു വേണ്ടെന്നാണ് കെസിഎ ഭാരവാഹികളുടെ തീരുമാനമെന്നാണ് ലഭിക്കുന്ന സൂചന.

കേരള ക്രിക്കറ്റ് ടീം ക്യാപ്റ്റൻ സച്ചിൻ ബേബിക്കെതിരായ സഹതാരങ്ങളുടെ പരാതിയിൽ കഴമ്പില്ലെന്ന് കേരള ക്രിക്കറ്റ് അസോസിയേഷൻ എങ്ങനെയാണ് തീരുമാനം എടുത്തതെന്ന് ഇനിയും വ്യക്തമല്ല. പരാതിയിൽ കഴമ്പില്ലെന്ന് കണ്ടെത്തിയതിനെ തുടർന്നാണ് സഞ്ജു സാംസൺ ഉൾപ്പെടെ പരാതി നൽകിയ താരങ്ങൾക്ക് കെ.സി.എ കാരണം കാണിക്കൽ നോട്ടീസ് നൽകിയെന്നാണ് വിശദീകരണം. സഞ്ജു അടക്കം 13 താരങ്ങൾക്കാണ് കാരണം കാണിക്കൽ നോട്ടീസ് നൽകിയത്. സഞ്ജു സാംസൺ, അക്ഷയ് കെ.സി, സൽമാൻ നിസാർ, അസറുദീൻ എന്നീ നാല് താരങ്ങൾക്ക് പ്രത്യേകം നോട്ടീസ് നൽകിയിട്ടുണ്ട്. കർണാടകയിൽ നടന്ന ടൂർണമെന്റിനിടെ ടീം മാനേജ്മെന്റിന്റെ അനുമതിയില്ലാതെ താരങ്ങൾ താമസിച്ചിരുന്ന ഹോട്ടലിൽ നിന്ന് രണ്ട് ദിവസം പുറത്ത് പോയിരുന്നു. ഇതിനാലാണ് പ്രത്യേകം കാരണം കാണിക്കൽ നോട്ടീസ് നൽകിയതെന്ന് പറയുന്നു.

എന്നാൽ സഞ്ജുവിനെ ലക്ഷ്യമിട്ടാണ് നീക്കം. രണ്ട് സീസൺ മുമ്പ് സഞ്ജുവിനെതിരെ സമാനമായ ആരോപണം ഉയർന്നിരുന്നു. അതിന് ശേഷം വേണ്ടത്ര കരുതൽ സഞ്ജു എടുക്കുകയും ചെയ്തു. പഴയ താക്കീത് സഞ്ജു കാര്യമായെടുത്തില്ലെന്നും അതുകൊണ്ട് തന്നെ കടുത്ത നടപടിയെടുക്കാനുള്ള വകയുണ്ടാക്കാനുമാണ് സഞ്ജുവിനെതിരെ ഇത്തരത്തിൽ ഒരു നോട്ടീസ് കൂടി നൽകിയത്. കഴിഞ്ഞ മാസം 26നാണ് സച്ചിൻ ബേബിക്കെതിരെ സഹതാരങ്ങൾ അസോസിയേഷന് പരാതി നൽകിയത്. സച്ചിൻ ബേബിയെ ക്യാപ്റ്റൻ സ്ഥാനത്ത് നിന്ന് മാറ്റണമെന്നായിരുന്നു കത്തിലെ ആവശ്യം. സഞ്ജു സാംസൺ അടക്കം 15 താരങ്ങളാണ് കെ.സി.എയ്ക്ക് കത്ത് നൽകിയത്.

നായകനെന്ന നിലയിൽ സച്ചിന്റെ പെരുമാറ്റം ശരിയല്ലെന്നായിരുന്നു താരങ്ങളുടെ ആക്ഷേപം. വളരെ ഗൗരവമായി കാണേണ്ട വിഷയമാണിതെന്നും ടീമിലെ കളിക്കാരുടെയെല്ലാം താൽപ്പര്യം മുൻനിർത്തിയാണ് കത്തെന്നും ടീമംഗങ്ങൾ വ്യക്തമാക്കിയിരുന്നു. സച്ചിൻ ബേബി സ്വാർത്ഥനാണെന്ന് ടീമംഗങ്ങൾ പറഞ്ഞു. കളി ജയിക്കുമ്പോൾ അത് സ്വന്തം ക്രെഡിറ്റിലേക്ക് മാറ്റുകയും തോൽക്കുമ്പോൾ സഹതാരങ്ങളുടെ മേൽ കുറ്റം ചുമത്തുകയാണെന്നും താരങ്ങൾ ആരോപിച്ചു. സച്ചിന്റെ പെരുമാറ്റം കാരണം കളിയിൽ ശ്രദ്ധിക്കാൻ കഴിയുന്നില്ലെന്നും സഹതാരങ്ങളെക്കുറിച്ച് മറ്റ് താരങ്ങളോട് കുറ്റം പറയുന്ന ക്യാപ്റ്റനാണ് സച്ചിൻ. ക്യാപ്റ്റന്റെ പെരുമാറ്റം കാരണമാണ് താരങ്ങൾ മറ്റ് സംസ്ഥാനങ്ങൾക്ക് വേണ്ടി കളിക്കാൻ പോകുന്നതെന്നും താരങ്ങളുടെ കത്തിൽ പറയുന്നു.

കെ.സി.എ സെക്രട്ടറിക്ക് നൽകിയ കത്തിൽ അഭിഷേക് മോഹൻ, കെ.സി അക്ഷയ്, കെ.എം ആസിഫ്, ഫാബിദ് ഫാറൂഖ്, വി.എ ജഗദീഷ്, മുഹമ്മദ് അസറുദീൻ, എംഡി നിധീഷ്, വി.ജി റൈഫി, രോഹൻ പ്രേം, സന്ദീപ് വാര്യർ, സഞ്ജു സാംസൺ, സൽമാൻ നിസാർ, സിജോമോൻ എന്നിവരാണ് ഒപ്പിട്ടിരിക്കുന്നത്. അതേസമയം കത്തിൽ പേരുണ്ടെങ്കിലും പി. രാഹുലും വിഷ്ണു വിനോദും ഒപ്പിട്ടിട്ടിരുന്നില്ല.

Stories you may Like

കമന്റ് ബോക്‌സില്‍ വരുന്ന അഭിപ്രായങ്ങള്‍ മറുനാടന്‍ മലയാളിയുടേത് അല്ല. മാന്യമായ ഭാഷയില്‍ വിയോജിക്കാനും തെറ്റുകള്‍ ചൂണ്ടി കാട്ടാനും അനുവദിക്കുമ്പോഴും മറുനാടനെ മനഃപൂര്‍വ്വം അധിക്ഷേപിക്കാന്‍ ശ്രമിക്കുന്നവരെയും അശ്ലീലം ഉപയോഗിക്കുന്നവരെയും മറ്റു മലയാളം ഓണ്‍ലൈന്‍ ലിങ്കുകള്‍ പോസ്റ്റ് ചെയ്യുന്നവരെയും മതവൈരം തീര്‍ക്കുന്നവരെയും മുന്നറിയിപ്പ് ഇല്ലാതെ ബ്ലോക്ക് ചെയ്യുന്നതാണ് - എഡിറ്റര്‍

More News in this category+

MNM Recommends +

Go to TOP