കേരളാ ക്രിക്കറ്റ് താരം വി.എ. ജഗദീഷ് ഫസ്റ്റ് ക്ലാസ് ക്രിക്കറ്റിൽ നിന്ന് വിരമിച്ചു; പ്രഖ്യാപനം കേരളം രഞ്ജി ട്രോഫിയിൽ നിന്ന് പുറത്തായതിന് പിന്നാലെ
January 25, 2019 | 04:05 PM IST | Permalink

മറുനാടൻ ഡെസ്‌ക്
വയനാട്: കേരളാ ക്രിക്കറ്റ് താരം വി.എ. ജഗദീഷ് ഫസ്റ്റ് ക്ലാസ് ക്രിക്കറ്റിൽ നിന്ന് വിരമിച്ചു. രഞ്ജി ട്രോഫി സെമിയിൽ കേരളം വിദർഭയോടു തോറ്റതിന് പിന്നാലെയാണ് വിരമിക്കൽ പ്രഖ്യാപനം.പതിനാല് വർഷത്തോളം കേരളാ ടീമിന്റെ സാന്നിധ്യമായിരുന്നു 35 വയസുകാരനായ ജഗദീഷ്. ഫസ്റ്റ് ക്ലാസ് ക്രിക്കറ്റിൽ 72 മത്സരങ്ങളിൽ നിന്ന് 33.79 ശരാശശരിയിൽ 3548 ജഗദീഷ് നേടിയിട്ടുണ്ട്. എട്ടു സെഞ്ച്വറികളും ഇതിലുൾപ്പെടുന്നു. 62 ലിസ്റ്റ് എ മത്സരങ്ങളിൽ നിന്ന് 2150 റൺസും താരം നേടി.
രഞ്ജി ട്രോഫി കിരീടമെന്ന സ്വപ്നം ബാക്കിയാക്കിയാണ് ജഗദീഷ് പടിയിറങ്ങുന്നത്. വിദർഭയ്‌ക്കെതിരായ സെമിയിൽ ജഗദീഷിന് ടീമിൽ ഇടംനേടാൻ സാധിച്ചിരുന്നില്ല.പാലക്കാട് നടന്ന മൽസരത്തിൽ ഹിമാചൽപ്രദേശിനെതിരെ കളിച്ചാണ് ഫസ്റ്റ് ക്ലാസ് ക്രിക്കറ്റിൽ ജഗദീഷ് അരങ്ങേറ്റം കുറിച്ചത്. ഈ സീസണിൽ ഏഴ് മൽസരങ്ങളിൽ നിന്നായി 27.62 ശരാശരിയിൽ 221 റൺസടിച്ചിട്ടുണ്ട്. 113 റൺസാണ് സീസണിലെ ഏറ്റവും ഉയർന്ന സ്‌കോർ.
2016-17 സീസണിൽ രഞ്ജിയിൽ കളിച്ച ശേഷം ഈ സീസണിലാണ് ജഗദീഷ് ടീമിലേക്ക് തിരിച്ചെത്തുന്നത്. വിജയ് ഹസാര ട്രോഫിയിലെ മികച്ച പ്രകടനം ജഗദീഷിന് വീണ്ടും ടീമിലേക്കുള്ള വഴി തുറക്കുകയായിരുന്നു. ചരിത്രത്തിലാദ്യമായി രഞ്ജി ട്രോഫി ചാമ്പ്യൻഷിപ്പിന്റെ ഫൈനലിലെത്തിയ ടീമിനൊപ്പം ചേരാൻ കഴിഞ്ഞതിൽ അഭിമാനമുണ്ടെന്ന് ജഗദീഷ് വിരമിക്കൽ പ്രഖ്യാപിച്ചതിന് ശേഷം പറഞ്ഞു.
