Forex Rate:

1 usd = 76.25 inr 1 gbp = 94.16 inr 1 eur = 85.23 inr 1 aed = 20.76 inr 1 sar = 20.32 inr 1 kwd = 247.66 inr
Apr / 202418Thursday

കരുത്തരായ ഓസ്‌ട്രേലിയയെ തകർത്തത് പുറത്താകാതെ നിന്ന് 82 റൺസെടുത്ത കോലിയുടെ ആത്മവിശ്വാസം തന്നെ; ലോകകപ്പ് സെമിയിലേക്ക് അനായാസം കടന്ന ആ ആറു വിക്കറ്റ് വിജയത്തിന് ഇന്ത്യൻ ക്രിക്കറ്റ് പ്രേമികളുടെ തീർത്താലും തീരാത്ത പ്രണയം

കരുത്തരായ ഓസ്‌ട്രേലിയയെ തകർത്തത് പുറത്താകാതെ നിന്ന് 82 റൺസെടുത്ത കോലിയുടെ ആത്മവിശ്വാസം തന്നെ; ലോകകപ്പ് സെമിയിലേക്ക് അനായാസം കടന്ന ആ ആറു വിക്കറ്റ് വിജയത്തിന് ഇന്ത്യൻ ക്രിക്കറ്റ് പ്രേമികളുടെ തീർത്താലും തീരാത്ത പ്രണയം

മൊഹാലി: സച്ചിൻ തെണ്ടുൽക്കറാണോ വിരാട് കോലിയാണോ മികച്ചത്? ഇന്ത്യൻ ക്രിക്കറ്റിനെ അത്യുന്നതങ്ങളിലെത്തിച്ച സച്ചിനെന്ന ബാറ്റിങ് ഇതിഹാസത്തിന്റെ മുകളിലേക്ക് നടന്നുകയറാൻ കോലിക്ക് കഴിയുമോ? ലോകക്രിക്കറ്റ് ചർച്ച ചെയ്യുന്ന വിഷയമാണ്. സച്ചിനെന്ന ഇതിഹാസ താരത്തോളം ക്ലാസ് ഇല്ലെങ്കിലും ആത്മവിശ്വാസവും പോരാട്ട മികവും കോലിക്ക് തന്നെയാണ് കൂടുതൽ. ട്വന്റി ട്വന്റി ലോകകപ്പിൽ ഇന്ത്യയെ സെമിയിലെത്തിച്ച് കോലി വീണ്ടും ഇക്കാര്യം തെളിയിക്കുകയാണ്. സച്ചിന്റെ റിക്കോർഡുകൾ കോലി തകർക്കുമെന്ന വിലയിരുത്തലുകൾക്കിടെയാണ് പ്രകടന മികവിലൂടെ തന്റെ ക്ലാസ് കോലിയും ക്രിക്കറ്റ് ആരാധകർക്ക് പുതു പ്രതീക്ഷകൾ നൽകുന്നത്.

ചേസിങ്ങിൽ വിരാട് കോലി വീണ്ടും വിശ്വരൂപം പുറത്തെടുത്തപ്പോൾ നിർണായക മത്സരത്തിൽ ഓസ്‌ട്രേലിയയെ തോൽപിച്ച് ഇന്ത്യ ട്വന്റി 20 ലോകകപ്പിന്റെ സെമിയിൽ കടന്നു. ഇന്നലെ മൊഹാലിയിൽ നടന്ന മത്സരത്തിൽ ആറു വിക്കറ്റിനായിരുന്നു ഇന്ത്യൻ ജയം. നിശ്ചിത 20 ഓവറിൽ ആറിന് 160 റൺസ് നേടിയ ഓസീസിനെതിരേ 51 പന്തിൽ ഒമ്പതു ബൗണ്ടറികളും രണ്ടു സിക്‌സറുകളും പായിച്ച് 82 റൺസ് നേടിയ കോഹ്ലിയുടെ മികവിൽ ഇന്ത്യ അഞ്ചു പന്ത് ബാക്കി നിൽക്കെ 161 റൺസ് നേടിലക്ഷ്യം കണ്ടു. ഓസീസിനെതിരായ വിജയത്തിലൂടെ ആവശ്യമുള്ളപ്പോൾ ടീമിനെ വിജയത്തിലെത്തിക്കുന്ന താരമാണ് താനെന്ന് കോലി തെളിയിക്കുകയാണ്.

സച്ചിന്റെ അത്യുജ്ഞല ഇന്നിങ്‌സുകൾ പലപ്പോഴും ഇന്ത്യയെ വിജയത്തിലേക്ക് എത്തിച്ചിട്ടുണ്ട്. എന്നാൽ കോലിയെ പോലെ ടീമിനെ എപ്പോഴും വിജയത്തിലേക്ക് നയിക്കുന്ന പ്രകടനമികവ് സച്ചിന് പുറത്തെടുത്തിരുന്നില്ല. സച്ചിൻ ഫോമിലെത്തിയാലും ടീം പരാജയപ്പെടുമായിരുന്നു. ഇതിനൊപ്പം രാഹുൽ ദ്രാവിഡും സൗരവ് ഗാംഗുലിയും പോലുള്ള താരങ്ങളും സച്ചിന്റെ കാലത്ത് ടീമിന് കരുത്തായിരുന്നു. നിലവിൽ ഇന്ത്യൻ ടീമിൽ കോലി മാത്രമേ ഉള്ളൂ. കോലി കളിച്ചാൽ ജയിക്കാം. ഈ സമർദ്ദത്തേയും അതിജീവിച്ചാണ് കോലിയുടെ തേരോട്ടം. അതുകൊണ്ട് കൂടിയാണ് കോലയിൽ പുതിയ ചരിത്രം ക്രിക്കറ്റ് പ്രേമികൾ കാണുന്നത്. വലിയ വിജയലക്ഷ്യത്തെ പോലും അനായാസം നേരിടുന്ന മനസ്സ് തന്നെയാണ് കോലിയെ ശ്രദ്ധേയനാക്കുന്നത്.

വിജയിച്ചാൽ മാത്രമേ സെമിയിലെത്തൂ എന്ന അവസ്ഥയിൽനിന്ന് ഏതാണ്ട് ഒറ്റയ്ക്കു തന്നെ കോലി ഇന്ത്യയെ തോളിലേറ്റുകയായിരുന്നു. ഓസ്‌ട്രേയിലയ്‌ക്കെതിരെ ആറുവിക്കറ്റിനാണ് ഇന്ത്യൻ ജയം. ആദ്യം യുവ്‌രാജിനെയും പിന്നീട് നായകൻ മഹേന്ദ്രസിങ് ധോണിയെയും കൂട്ടുപിടിച്ച് വിരാട് കോലി നടത്തിയ പോരാട്ടം ആരാധകരെ ആവേശത്തിലാഴ്‌ത്തി. 51 പന്തിൽ ഒമ്പതു ബൗണ്ടറിയും രണ്ടു സിക്‌സും നേടിയ കോലി 82 റൺസുമായി പുറത്താകാതെനിന്നു. അവസാനത്തെ 25 പന്തിൽനിന്ന് ധോണി- കോഹ്‌ലി കൂട്ട് 59 റൺസ് സ്വന്തമാക്കിയപ്പോൾ 45 റൺസും കോഹ്‌ലിയുടെ ബാറ്റിൽനിന്നായിരുന്നു. മികച്ച സ്‌ട്രോക് പ്ലേയിലൂടെ മുന്നേറിയ കോലിതന്നെയാണ് മാൻ ഓഫ് ദ മാച്ചും. തോൽവിയോടെ ഓസീസ് ലോകകപ്പിൽ നിന്നു പുറത്തായി. സെമിയിൽ ഇന്ത്യ വിൻഡീസിനെയാണ് നേരിടുക. ന്യൂസീലൻഡും ഇംഗ്ലണ്ടും തമ്മിലാണ് സെമി പോരാട്ടം.

കൃത്യമായ ഇടവേളകളിൽ ഇന്ത്യൻ ബാറ്റ്‌സ്മാന്മാരെ കൂടാരം കയറ്റിയ ഓസീസ് മൽസരം ജയിക്കുമെന്ന നിലയിലായിരുന്നു. പക്ഷേ, യുവരാജ് സിങ്ങും കോലിയും കൃത്യമായി ബാറ്റു ചെയ്യുകയും പിന്നീട് ക്രീസിലെത്തിയ ധോണി കോലിക്ക് മികച്ച പിന്തുണ നൽകിയതോടെ മൽസരം ഇന്ത്യ തിരിച്ചു പിടിച്ചു. യുവരാജ് സിങ്ങ് 21 റൺസെടുത്തു.മൽസരത്തിനിടെ കാലിന് പരുക്ക് പറ്റിയതിനെ തുടർന്ന് യുവരാജ് ശാരീരിക ബുദ്ധിമുട്ട് അനുഭവിച്ചിരുന്നു. 12 റൺസെടുത്ത രോഹിത് ശർമയെയും 10 റൺസെടുത്ത റെയ്‌നയെയും വാട്‌സൺ ആണ് പുറത്താക്കിയത്. 13 റൺസെടുത്ത ശിഖർ ധവാനാണ് ആദ്യം പുറത്തായത്. ഓസീസിനായി വാട്‌സൺ നാലോവറിൽ 23 റൺസ് വിട്ടുനൽകി രണ്ടു വിക്കറ്റ് വീഴ്‌ത്തി.

നേരത്തേ, ടോസ് നേടിയ ഓസ്‌ട്രേലിയ ഇന്ത്യയ്‌ക്കെതിരെ ബാറ്റിങ് തിരഞ്ഞെടുക്കുകയായിരുന്നു. നിശ്ചിത ഇരുപത് ഓവറിൽ ആറു വിക്കറ്റ് നഷ്ടത്തിൽ ഓസീസ് 160 റൺസാണ് നേടിയത്. ഇന്ത്യയ്ക്കായി ഹാർദിക് പാണ്ഡ്യ രണ്ടു വിക്കറ്റ് വീഴ്‌ത്തി. 43 റൺസെടുത്ത ഫിഞ്ചും 31 റൺസെടുത്ത മാക്‌സ്‌വെല്ലുമാണ് ഓസീസ് നിരയിൽ തിളങ്ങിയത്.

Stories you may Like

കമന്റ് ബോക്‌സില്‍ വരുന്ന അഭിപ്രായങ്ങള്‍ മറുനാടന്‍ മലയാളിയുടേത് അല്ല. മാന്യമായ ഭാഷയില്‍ വിയോജിക്കാനും തെറ്റുകള്‍ ചൂണ്ടി കാട്ടാനും അനുവദിക്കുമ്പോഴും മറുനാടനെ മനഃപൂര്‍വ്വം അധിക്ഷേപിക്കാന്‍ ശ്രമിക്കുന്നവരെയും അശ്ലീലം ഉപയോഗിക്കുന്നവരെയും മറ്റു മലയാളം ഓണ്‍ലൈന്‍ ലിങ്കുകള്‍ പോസ്റ്റ് ചെയ്യുന്നവരെയും മതവൈരം തീര്‍ക്കുന്നവരെയും മുന്നറിയിപ്പ് ഇല്ലാതെ ബ്ലോക്ക് ചെയ്യുന്നതാണ് - എഡിറ്റര്‍

More News in this category+

MNM Recommends +

Go to TOP