Forex Rate:

1 usd = 76.25 inr 1 gbp = 94.16 inr 1 eur = 85.23 inr 1 aed = 20.76 inr 1 sar = 20.32 inr 1 kwd = 247.66 inr
Apr / 202419Friday

ഈഡൻഗാർഡൻസിൽ താരമായത് രോഹിത്തും കൂട്ടരും; ധോണിയുടെ ചെന്നൈ കരുത്തിനെ മറികടന്ന് രണ്ടാം ഐപിഎൽ കിരീടം; എട്ടാം പതിപ്പിലെ കലാശപോരാട്ടത്തിൽ ജയിച്ചത് 41 റൺസിന്

ഈഡൻഗാർഡൻസിൽ താരമായത് രോഹിത്തും കൂട്ടരും; ധോണിയുടെ ചെന്നൈ കരുത്തിനെ മറികടന്ന് രണ്ടാം ഐപിഎൽ കിരീടം; എട്ടാം പതിപ്പിലെ കലാശപോരാട്ടത്തിൽ ജയിച്ചത് 41 റൺസിന്

കൊൽക്കത്ത: ഐ.പി.എൽ എട്ടാം സീസൺ കിരടം മുബൈ ഇന്ത്യൻസിന്. കുട്ടി ക്രിക്കറ്റിന്റെ രണ്ടാം ഫൈനലിലും ചെന്നൈ സൂപ്പർ കിങ്‌സിനെ കീഴടക്കിയാണ് മുംബൈ കിരീടം നേടിയത്. ചെന്നൈ സൂപ്പർ കിങ്‌സിനെ 41 റൺസിന് തോല്പിച്ചാണ് രോഹിത് ശർമ നയിച്ച മുംബൈ രണ്ടാം കിരീടം സ്വന്തമാക്കിയത്. മുംബൈ ഉയർത്തിയ 203 റൺസ് ലക്ഷ്യം പിന്തുടർന്ന ചെന്നൈയുടെ പോരാട്ടം 161 റൺസിലൊതുങ്ങി.

2013 ൽ കൊൽക്കത്തയിലെ ഈഡൺ ഗാർഡൻസിൽ തന്നെയായിരുന്നു മുംബൈയുടെ ആദ്യ ഐപിഎൽ കിരീടധാരണവും. ടോസ് നഷ്ടപ്പെട്ട് ആദ്യം ബാറ്റിങ്ങിനിറങ്ങിയ മുംബൈ നിശ്ചിത 20 ഓവറിൽ അഞ്ചു വിക്കറ്റ് നഷ്ടത്തിൽ 202 റൺസെടുത്തു. എന്നാൽ ചെന്നൈയ്ക്ക് നിശ്ചിത ഇരുപത് ഓവറിൽ എട്ടു വിക്കറ്റ് നഷ്ടത്തിൽ 161 റൺസ് എടുക്കാനേ കഴിഞ്ഞൂള്ളൂ.

ഓപ്പണർ സിമ്മൺസിന്റെയും (68) നായകൻ രോഹിത് ശർമ്മയുടെയും (50) തകർപ്പൻ ബാറ്റിങ്ങ് മികവിലാണ് മുംബൈ കൂറ്റൻ സ്‌കോർ അടിച്ചെടുത്തത്. അമ്പാട്ടി റായിഡു (36), കീറൻ പൊള്ളാർഡ് (36) എന്നിവരുടെ ബാറ്റിങ്ങും മുംബൈയുടെ സ്‌കോർ ഭദ്രമാക്കി. ചെന്നൈ നിരയിൽ 57 റൺസെടുത്ത ഡ്വയ്ൻ സ്മിത്ത് പോരാടി നോക്കിയെങ്കിലും വിജയം നേടാനായില്ല. മൈക്ക് ഹസ്സി (4), സുരേഷ് റെയ്‌ന (28), ബ്രാവോ (9), നായകൻ ധോണി (18), ഡ്യൂപ്ലെസ്സിസ് (1) എന്നിവർ പെട്ടെന്ന് മടങ്ങിയതോടെ കൂറ്റൻ സ്‌കോർ മറികടക്കാമെന്ന ചെന്നൈയുടെ സ്വപ്നം അവസാനിക്കുകയായിരുന്നു. മുംബൈയ്ക്ക് വേണ്ടി മിച്ചൽ മക്‌ലീനഗൻ മൂന്നും മലിംഗ, ഹർഭജൻ സിങ് എന്നിവർ രണ്ട് വീതം വിക്കറ്റും വീഴ്‌ത്തി.

ഇതോടെ രണ്ടുവട്ടം ചാമ്പ്യന്മാരായ ചെന്നൈ, കൊൽക്കത്ത നൈറ്റ്‌റൈഡേഴ്‌സ് ടീമുകൾക്ക് ഒപ്പമെത്താൻ മുംബൈയ്ക്കായി. ആറുവട്ടം ഐ.പി.എല്ലിന്റെ ഫൈനലിലെത്തിയിട്ടും മഹേന്ദ്രസിങ് ധോനിയുടെ സംഘത്തിന് രണ്ട് തവണ മാത്രമേ ജയിക്കാനായുള്ളൂ. അർശശതകം (50) നേടി മുംബൈയുടെ വിജയത്തിൽനിർണായക പങ്കുവഹിച്ച മുബൈയുടെ നായകൻ രോഹിത് ശർമയാണ് കളിയിലെ കേമൻ.

പ്ലേ ഓഫ് റൗണ്ടിൽ ക്വാളിഫയർ1 പോരാട്ടത്തിന്റെ ആവർത്തനമായിരുന്നു ഫൈനൽ. അന്ന് മുംബൈയ്ക്കു മുന്നിൽ മുട്ടുമടക്കിയ ചെന്നൈ ഫൈനലിലും പ്രകടനം മെച്ചപ്പെടുത്താനാവാതെ തോറ്റു. ഒരിക്കൽ പോലും ചെന്നൈയ്ക്ക് മേധാവിത്തം അനുവദിക്കാതിരുന്ന മുംബൈയുടെ കിരീടവിജയം ഏകപക്ഷീയമായിരുന്നു. ടൂർണമെന്റിന്റെ തുടക്കത്തിൽ ആദ്യ നാലു കളികളും തോറ്റ മുംബൈ പിന്നീട് വിജയക്കുതിപ്പുമായി മുന്നേറുകയായിരുന്നു.

ടെസ്റ്റ് അരങ്ങേറ്റത്തിൽ സെഞ്ചുറിയും ഏകദിനത്തിൽ ഡബിൾ സെഞ്ചുറിയും നേടിയ കൊൽക്കത്തയിലെ ഈഡനിൽ മുംബൈയ്ക്ക് രണ്ടാം ഐപിഎൽ കിരീടം നേടിക്കൊടുത്ത് മുംബൈ നായകൻ രോഹിത് ശർമ ഈഡൻ തന്റെ ഭാഗ്യഗ്രൗണ്ടാണെന്ന് ഒരിക്കൽകൂടി തെളിയിച്ചു. മൂന്ന് ഐപിഎൽ കിരീടങ്ങളെന്ന ചരിത്രനേട്ടമാണ് ചെന്നൈ സൂപ്പർ കിങ്‌സിന് കൈയകലത്തിൽ നഷ്ടമായത്. കീരിടനേട്ടത്തോടെ കൊൽക്കത്തയ്ക്കും ചെന്നൈയ്ക്കുമൊപ്പം രണ്ട് ഐപിഎൽ കിരീടങ്ങളെന്ന നേട്ടം മുംബൈയ്ക്ക് സ്വന്തമായി.

 

Stories you may Like

കമന്റ് ബോക്‌സില്‍ വരുന്ന അഭിപ്രായങ്ങള്‍ മറുനാടന്‍ മലയാളിയുടേത് അല്ല. മാന്യമായ ഭാഷയില്‍ വിയോജിക്കാനും തെറ്റുകള്‍ ചൂണ്ടി കാട്ടാനും അനുവദിക്കുമ്പോഴും മറുനാടനെ മനഃപൂര്‍വ്വം അധിക്ഷേപിക്കാന്‍ ശ്രമിക്കുന്നവരെയും അശ്ലീലം ഉപയോഗിക്കുന്നവരെയും മറ്റു മലയാളം ഓണ്‍ലൈന്‍ ലിങ്കുകള്‍ പോസ്റ്റ് ചെയ്യുന്നവരെയും മതവൈരം തീര്‍ക്കുന്നവരെയും മുന്നറിയിപ്പ് ഇല്ലാതെ ബ്ലോക്ക് ചെയ്യുന്നതാണ് - എഡിറ്റര്‍

More News in this category+

MNM Recommends +

Go to TOP